UPDATES

ട്രെന്‍ഡിങ്ങ്

കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ബിജെപി ഓഫീസിലേയ്ക്ക് കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞു; ബംഗാളില്‍ സംഘര്‍ഷം രൂക്ഷം

ഇനിയും തടഞ്ഞാല്‍ നടുറോഡില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് പ്രതിഷേധിക്കും എന്ന് ബിജെപിയുടെ ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജി ഭീഷണി മുഴക്കി.

പശ്ചിമ ബംഗാളിലെ ബാസിര്‍ഹാത്തില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ബിജെപി ഓഫീസിലേയ്ക്ക് കൊണ്ടുപോകാനുള്ള നേതാക്കളുടെ ശ്രമം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നത് തടയാത്ത പൊലീസ് ഇപ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ തടയുകയാണ് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട് എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കാം എന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും രാഹുല്‍ സിന്‍ഹ എഎന്‍ഐയോട് പറഞ്ഞു. ന്യൂഡല്‍ഹിയിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യും. പൊലീസ് മൂന്ന് സ്ഥലങ്ങളില്‍ തടഞ്ഞതായാണ് ബിജെപിയുടെ പരാതി. ഇനിയും തടഞ്ഞാല്‍ നടുറോഡില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് പ്രതിഷേധിക്കും എന്ന് ബിജെപിയുടെ ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജി ഭീഷണി മുഴക്കി.

സന്ദേശ്ഖാലിയില്‍ നാല് ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വെടി വച്ച് കൊന്നതായി മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. തൃണമൂല്‍ – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഒരു കെട്ടിടത്തില്‍ നിന്ന് ബിജെപി ചിഹ്നമായ താമര തൃണമൂല്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തതായുള്ള ആരോപണത്തെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബിജെപി നേതാക്കളും ബാസിര്‍ഹത്തില്‍ കൊല്ലപ്പെട്ടു. ഖയ്യൂം മൊല്ല എന്ന തൃണമൂല്‍ പ്രവര്‍ത്തകനെ വെടി വച്ച് കൊല്ലുകയായിരുന്നു. പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍ എന്നീ ബിജെപി നേതാക്കളാണ് കൊല്ലപ്പെട്ടത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ന്യൂഡല്‍ഹിയില്‍ ബിജെപി നേതാവ് മുകുള്‍ റോയിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഇത്. തൃണമൂല്‍ പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്ഖ് ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നാണ് മുകുള്‍ റോയ് ആരോപിച്ചത്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് മന്ത്രിയും തൃണമൂല്‍ ജില്ല പ്രസിഡന്റുമായ ജ്യോതി പ്രിയ മല്ലിക് ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, അല്ലാതെ ബിജെപിയുടെ ആഭ്യന്തര മന്ത്രിയല്ല എന്ന് അമിത് ഷായ്ക്ക് ഓര്‍മ്മ വേണമെന്നും തൃണമൂല്‍ മന്ത്രി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം മുമ്പ് നിര്‍ത്തിവച്ചിരുന്നു. ബിജെപിയുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പറഞ്ഞ് കഴിഞ്ഞ ദിവസം മമത സര്‍ക്കാര്‍ ഇവയ്ക്കുള്ള അനുമതി നിഷേധിച്ചിരുന്നു.

ALSO READ: പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍