രാഹുല്‍ ഗാന്ധി രാജി വച്ച ഒഴിവില്‍ ആര് കോണ്‍ഗ്രസ് പ്രസിഡന്റ് ആകുമെന്ന കാര്യത്തില്‍ ഒരു മാസത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിന് നാളെ വിരാമമായേക്കും. പുതിയ പാര്‍ട്ടി അധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നാളെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചത്. എകെ ആന്റണി, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിനാണ് മുന്‍ഗണന എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നാളെ ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മേയ് 25ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകസമിതി ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം രാജി തീരുമാനത്തില്‍ ഉറച്ചുനിന്ന രാഹുല്‍ കഴിഞ്ഞ മാസം രാജിക്കത്ത് ഔദ്യോഗികമായി പുറത്തുവിട്ടു. ഇതിന് ശേഷവും പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ശശി തരൂര്‍ അടക്കമുള്ളവര്‍ പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ കോണ്‍ഗ്രസിനെ നാഥനില്ലാ കളരിയാക്കിയതായി അഭിപ്രായപ്പെട്ടിരുന്നു.
നെഹ്രു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകട്ടെ എന്ന രാഹുലിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടാണ് 59കാരനായ മുകുള്‍ വാസ്നികിന്റെ പേര് പരിഗണിക്കുന്നത്. അതേസമയം സംഘടനാതിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ താല്‍ക്കാലികമായിട്ടായിരിക്കും മുകുള്‍ വാസ്നികിന്റെ നിയമനം എന്നാണ് സൂചന. പാര്‍ട്ടിയുടെ താഴേതട്ടില്‍ മുതല്‍ പ്രവര്‍ത്തകസമിതി വരേയും ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക പ്രസിഡന്റാകുന്നതിനെ രാഹുല്‍ എതിര്‍ക്കുകയും ചെയ്തു.
ചെറുപ്പക്കാര്‍ പ്രസിഡന്റ് പദവിയില്‍ വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും ശശി തരൂരും അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. സച്ചിന് പൈലറ്റോ ജ്യോതിരാദിത്യ സിന്ധ്യയോ പ്രസിഡന്റ്ായേക്കും എന്ന അഭ്യൂഹവും ശക്തമായി. അതേസമയം ജ്യോതിരാദിത്യയെ ഇനി പരിഗണിക്കാനുള്ള സാധ്യത വിരളമാണ്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും കപില്‍ സിബലുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും ശക്തമായി എതിര്‍ത്തപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ അനുകൂലിച്ചത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കാശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ സോണിയ ഗാന്ധി തത്സമയം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നരസിംഹ റാവു, മന്മോഹന് സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു മുകുള്‍ വാസ്നിക്.