UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഖ്യ സര്‍ക്കാരിനെ രക്ഷിക്കാന്‍ കുമാരസ്വാമി രാജി വച്ചേക്കും, മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്

മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും മല്ലികാര്‍ജ്ജുന ഖാര്‍ഗെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സഖ്യ സര്‍ക്കാര്‍ വീഴുന്നത് ഒഴിവാക്കാനായി അവസാനവട്ട ശ്രമങ്ങളുമായി ഇരു പാര്‍ട്ടികളും. ജെഡിഎസ് നേതാവായ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് നല്‍കിയേക്കുമെന്ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും മല്ലികാര്‍ജ്ജുന ഖാര്‍ഗെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡയാണ് കുമാരസ്വാമി രാജി വയ്ക്കുകയെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ദേവഗൗഡ ഇക്കാര്യം സോണിയ ഗാന്ധിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധി ഇക്കാര്യം എഐസിസി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യം ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാനാണ്. ദലിത് നേതാവായ ഖാര്‍ഗെ കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായിരുന്നു. എന്നാല്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കിയാല്‍ ഇപ്പോള്‍ ഇടഞ്ഞുനില്‍ക്കുന്ന ഹൈദരാബാദ് കര്‍ണാടക മേഖലയിലെ നേതാക്കള്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കരുതുന്നവരുണ്ട്. പലരും കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യപ്പെടുന്നില്ല. പ്രതാപ് ഗൗഡ സിംഗ് മാത്രമാണ് ഇതുവരെ ബിജെപിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് യുഎസില്‍ നിന്ന് തിരിച്ചെത്തുന്നതോടെ വൈകുന്നേരം ജെഡിഎസ് യോഗം ബംഗളൂരുവില്‍ ചേരുന്നുണ്ട്. കോണ്‍ഗ്രസ് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇന്ന് രാത്രി ബംഗളൂരുവില്‍ ദേവഗൗഡയുമായും കുമാരസ്വാമിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തും.

ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് 2018 ജൂണില്‍ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിക്കൊണ്ട് സഖ്യ സര്‍ക്കാരിന് കോണ്‍ഗ്രസ് തയ്യാറായത്. സിദ്ധരാമയ്യ അനുകൂലികള്‍ കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും ഓരോ സീറ്റ് വീതം മാത്രമാണ് നേടാനായത്. രാജി വച്ച പല കോണ്‍ഗ്രസ് എംഎല്‍എമാരും കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അസംതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡികെ ശിവകുമാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും 14 എംഎല്‍എമാരാണ് രാജി വച്ചത്. 11 പേര്‍ മുംബൈയിലെ ഹോട്ടലിലാണ് ഇപ്പോള്‍. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ ബിജെപി ശക്തമാക്കിയിരിക്കുന്നതിന് ഇടയിലാണ് പ്രതിസന്ധി ഉടലെടുത്തത്.

ആനന്ദ് സിംഗ്, രമേഷ് ജെര്‍ക്കിഹോളി എന്നീ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പിന്നാലെ ബാക്കിയുള്ളവരും സ്പീക്കര്‍ക്ക് രാജി നല്‍കുകയായിരുന്നു. ഇവര്‍ ഗവര്‍ണറെ കണ്ട് തീരുമാനം അറിയിക്കുകയും ചെയ്തു. അതേസമയം സ്പീക്കര്‍ രമേഷ് കുമാര്‍ ഇതുവരെയും ഇവരുടെ രാജി അംഗീകരിച്ചിട്ടില്ല. 14 പേരുടേയും രാജി അംഗീകരിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ വീഴും. ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറല്ല എന്നാണ് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ പറയുന്നത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കേന്ദ്ര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍