ഇന്ന് 11 മണിക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കെ, ഉച്ചയ്ക്ക് 1.30നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന് ഗവര്‍ണര്‍ വാജുഭായ് വാല നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ഇത് അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ തന്നെ കഴിയുകയായിരുന്നു.
വിമത എംഎല്‍എമാരെ കടന്നാക്രമിച്ചാണ് ഇന്നലെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നിയമസഭയില്‍ സംസാരിച്ചത്. രാജി വച്ച വിമതരില്‍ രാമലിംഗ റെഡ്ഡി മാത്രമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ബാക്കി 15 വിമത എംഎല്‍എമാരും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
15 പേരെ മാറ്റിനിര്‍ത്തിയാല്‍ സഭയുടെ അംഗബലം വച്ച് നോക്കുമ്പോള്‍ 104 സിറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് നിലവില്‍ 107 പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് രാമലിംഗ റെഡ്ഡി അടക്കം 101 പേരുടെ പിന്തുണ. വിശ്വാസ വോട്ട് നടന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുന്നു. അതേസമയം എംഎല്‍എമാരുടെ രാജി, അയോഗ്യത വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ രാജി വച്ച എംഎല്‍എമാരെ വിപ്പ് ലംഘിച്ചതിന്റെ പേരില്‍ സ്പീക്കര്‍ അയോഗ്യരാക്കുമോ എന്ന ചോദ്യമുണ്ട്.