TopTop
Begin typing your search above and press return to search.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം, മസൂദ് അസ്ഹര്‍ വിഷയത്തില്‍ സഹായിക്കാം; ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദവുമായി യുഎസ്

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം, മസൂദ് അസ്ഹര്‍ വിഷയത്തില്‍ സഹായിക്കാം; ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദവുമായി യുഎസ്

ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചാൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് കൂടുതൽ സഹായ വാഗ്ദാനങ്ങളുമായി അമേരിക്ക. പുൽവാമ ആക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ നിരന്തര ആവശ്യങ്ങളിൽ ഒന്നായ ജെയ്ഷ്-ഇ-മുഹമ്മദ്‌ ഭീകരന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഉൾപ്പെടെ ഇടപെടാമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വാഗ്ദാനം എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാനില്‍ ഇന്ത്യൻ സഹകരണത്തോടെ നടത്തുന്ന ചബഹാര്‍ തുറമുഖ നിർമാണത്തിൽ ഇടപെടില്ലെന്നും വൈറ്റ് ഹൗസ് വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാൻ സർക്കാറിന്റെ ആപത്കരമായ നിലപാടുകളെ പ്രതിരോധിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നും വൈറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന ഉപരോധങ്ങളിൽ തുടർച്ചയായി ഇളവ് നൽകാൻ കഴിയില്ല. ഇറക്കുമതി തുടർന്നാൽ ഉപരോധം ശക്തമാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യക്ക് പുറമേ ചൈന, ജപ്പാൻ, സൗത്ത് കൊറിയ, തുർക്കി ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്കാണ് കഴിഞ്ഞ നവംബറില്‍ അമേരിക്ക ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കിയത്. മേയ് മാസം വരെ ആയിരുന്നു അനുമതി. അതിനിടയില്‍ ഇറക്കുമതി കുറച്ച് കൊണ്ടുവരണമെന്നും അനുവദിച്ച സമയം കഴിയുമ്പോള്‍ എണ്ണ ഇറക്കുമതിക്കുള്ള മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അമേരിക്ക നിര്‍ദേശം നല്‍കിയിരുന്നു.

മെയ് രണ്ടിന് ഈ ഇളവ് പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എണ്ണ കയറ്റുമതി തടയുന്നതിലൂടെ ഇറാന്റെ പ്രധാന വരുമാനമാർഗ്ഗം തടയുക എന്നതാണ് ട്രംപ് ലക്ഷ്യമാക്കുന്നത്. അതേസമയം, യുഎസ് നടത്തുന്ന ഉപരോധ ഭീഷണി നിയമ വിരുദ്ധമാണെന്നാണ് ഇറാന്റെ നിലപാട്. യാതൊരു തരത്തിലുള്ള മുല്യങ്ങളോ വിശ്വാസ്യതയോ ഇല്ലാത്ത നീക്കമാണ് യുഎസ് നടത്തുന്നതെന്നും ഇറാൻ അധികൃതർ വ്യക്തമാക്കുന്നു.

ഒബാമ ഭരണകൂടം ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് തുടങ്ങിവച്ച ചര്‍ച്ചകളില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വാങ്ങുകയും ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മുഴുവനായി നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ക്ക് അമേരിക്ക ആറുമാസത്തെ സമയം അനുവദിച്ചു. പിന്നീടാണ് ഇന്ത്യ അടക്കമുള്ള എട്ടു രാജ്യങ്ങള്‍ക്ക് ഇത് അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ഇതനുസരിച്ച് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ 2017-18-ല്‍ 22.6 മില്ല്യന്‍ ടണ്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് ഈ വര്‍ഷം 15 മില്യണ്‍ ടണ്ണായി കുറയ്ക്കുകയും ചെയ്തിരുന്നു.

ഇറാന്‍ എണ്ണ വിറ്റുകിട്ടുന്ന പണം കൊണ്ട് ഹിസ്‌ബൊള്ള, ഹമാസ് എന്നീ 'ഭീകര' സംഘടനകളെ സഹായിക്കുകയാണ് എന്നും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുമാണ് ട്രംപിന്റെ ആരോപണം.

മെയ് രണ്ട് മുതല്‍ ഒരു രാജ്യത്തെയും ഇറാന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്ന യുഎസ് നിലപാടിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ബാരലിന് 74.16 ഡോളറെന്ന ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ നിരക്ക്. അതോടൊപ്പം തന്നെ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യന്‍ വിപണിയില്‍ വിലക്കയറ്റം അടക്കമുള്ളവയ്ക്ക് കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.

എന്നാല്‍, മെയ് മുതല്‍ ഇറാന്‍ എണ്ണ ലഭ്യതയില്‍ കുറവുണ്ടായാലും രാജ്യത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇറാന്‍ ക്രൂഡിന് പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന അളവ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമം. ചൈന കഴിഞ്ഞാന്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ സൗദി അറേബ്യയില്‍ നിന്നും ഇറാക്കില്‍ നിന്നും 18 ശതമാനവും ഇറാനില്‍ നിന്ന് 13 ശതമാനവുമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ എണ്ണ ഉപഭോഗത്തില്‍ മൂന്നാമത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.

അതിനിടെ, ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന് സൂചനകള്‍ നൽകി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍ രംഗത്തെത്തി. ഇതുമൂലം ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. അതേസമയം, യുഎസ് ഉയര്‍ത്തുന്ന ഉപരോധ ഭീഷണി ഇന്ത്യ തള്ളണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും മോദി സർക്കാരിനോട് ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രിയുടെ പ്രതികരണത്തിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചപ്പോള്‍ അമേരിക്കയുടെ ഏകപക്ഷീയമായ ഇത്തരം ഉപരോധങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിക്കൊടുക്കരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.


Next Story

Related Stories