UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; വഗേല പാര്‍ട്ടി വിട്ടു; ബിജെപിയിലേക്ക് മടങ്ങിയേക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള 11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ടു. സംസ്ഥാന പ്രതിപക്ഷ നേതാവ് പദവിയും അദ്ദേഹം രാജിവച്ചിട്ടുണ്ട്. ബി.ജെ.പി അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും വഗേല സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസും ബി.ജെ.പിയുമായി വിലപേശല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം അനുയായികള്‍ക്കൊപ്പം ബിജെപിയില്‍ ചേരാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന അസംതൃപ്തിയാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവുമാണെങ്കിലും സംസ്ഥാന നേതൃത്വം തന്നെ നിരന്തരം തഴയുന്നു എന്നായിരുന്നു വഗേലയുടെ പരാതി. ഭരത് സിംഗ് സോളങ്കിക്ക് പകരം തന്നെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചതോടെയാണ് 20 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറാവുന്നത്.

സംസ്ഥാനത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഗേല കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ കണ്ടെങ്കിലും അനുകൂല തീരുമാനമല്ല ഉണ്ടായത് എന്നാണ് സൂചന. ഇതിനു പിന്നാലെയാണ് തന്റെ 77-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഗാന്ധിനഗറില്‍ വിളിച്ച യോഗത്തില്‍ വച്ച് വഗേല താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്.

നാലു മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. അതിനിടെയാണ് വഗേലയുടെ പുറത്തു പോകല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്. പട്ടേല്‍, ദളിത് വിഭാഗങ്ങള്‍ ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ഇത് മുതലാക്കി ഒരു തിരിച്ചുവരവിന് കോണ്‍ഗ്രസ് ശ്രമമാരംഭിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ജന അടിത്തറയുള്ള അപുര്‍വം നേതാക്കളിലൊരാളാണ് വഗേല. 27 ശതമാനം വരുന്ന ഒ.ബി.സി, ക്ഷത്രിയ വിഭാഗങ്ങളില്‍ അദ്ദേഹത്തിന് നിര്‍ണായക സ്വാധീനവുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള 11 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തിരുന്നു. ഇവര്‍ വഗേല ക്യാമ്പില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതാണെന്ന് വഗേല അവകാശപ്പെട്ടതാണെങ്കിലും അത് ശരിയല്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. പുറത്തു പോകുക എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ വ്യക്തകളല്ല, പാര്‍ട്ടിയാണ് വലുതെന്ന് അദ്ദേഹം മനസിലാക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച വഗേല പിന്നീട് ജനസംഘത്തിലൂടെയും ജനതാ പാര്‍ട്ടിയിലൂടെയും ബി.ജെ.പിയിലെത്തി. സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവായി മാറിയ വഗേല 1995-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതോടെ മുഖ്യമന്ത്രിയാകുമെന്ന് കരുതിയെങ്കിലും കേശുഭായി പട്ടേലിനെയാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുത്ത്. അന്ന് സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്ന നരേന്ദ്ര മോദിയും കേശുഭായി പട്ടേലിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

തുടര്‍ന്ന് 47 എം.എല്‍.എമാരുമായി വഗേല കലാപക്കൊടി ഉയര്‍ത്തിയതോടെ പട്ടേലിനെ മാറ്റി വഗേലയുടെ വിശ്വസ്തനായ സുരേഷ് മേത്തയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ 1996-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വഗേല ഗോധ്ര മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടു. ഇതോടെ ബി.ജെ.പി വിട്ട വഗേല സുരേഷ് മേത്ത സര്‍ക്കാരിനെ താഴെയിറക്കി രാഷ്ട്രീയ ജനതാ പാര്‍ട്ടിയെന്ന സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചു. പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ 1996-ല്‍ സംസ്ഥാന മുഖ്യമന്ത്രിയായി.

എന്നാല്‍ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പകരം വിശ്വസ്തനായ ദീലീപ് പരീഖ് മുഖ്യമന്ത്രിയായെങ്കിലും ഇതും അധികം നീണ്ടില്ല. വഗേല തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. എന്നാല്‍ 1998-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. പിന്നീട് കേശുഭായിയെ ആഭ്യന്തര കലാപത്തിലൂടെ മാറ്റിയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായി മാറിയെങ്കിലും കോണ്‍ഗ്രസിനെ പിന്നീടൊരിക്കലും അധികാരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വഗേലയ്ക്ക് കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ വാര്‍ത്തകള്‍ പുറത്തു വന്നതോടെ തന്നെ അദ്ദേഹം ബി.ജെ.പിയിലേക്ക് മടങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍