TopTop
Begin typing your search above and press return to search.

2017: അവജ്ഞയുടെ രാഷ്ട്രീയം മൂര്‍ധന്യത്തിലെത്തുന്ന കാലം

2017: അവജ്ഞയുടെ രാഷ്ട്രീയം മൂര്‍ധന്യത്തിലെത്തുന്ന കാലം
ദേശീയതലത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയഗതിവിഗതികള്‍ നിരീക്ഷിച്ചാല്‍ ഒരുകാര്യം ഉറപ്പായും മനസിലാവും. ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാണംകെട്ടതും തരംതാണതുമായ രാഷ്ട്രീയവ്യവഹാരങ്ങള്‍ അതിന്റെ ഉച്ഛസ്ഥായിലെത്തുന്ന വര്‍ഷമായിരിക്കും 2017. സംശയമൊന്നും വേണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും അതിനു നേതൃത്വം നല്‍കുന്നതും.

എത്രത്തോളം അധ:പതിക്കാം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുന്നവര്‍ വളരെക്കുറവാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കവച്ചുവയ്ക്കുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. അതായത്, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായം ചെയ്യുന്ന പാക്കിസ്ഥാനെപ്പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ താരതമ്യം.

നോട്ട് നിരോധന പദ്ധതിയില്‍ തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഉന്നംവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് "ചില രാഷ്ട്രീയ പാര്‍ട്ടികളും ചില രാഷ്ട്രീയ നേതാക്കളും വഞ്ചകര്‍ക്കൊപ്പം ചേര്‍ന്നു" എന്നുള്ളത് താന്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത കാര്യമാണ് എന്നാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം നടത്തിയ എതിര്‍പ്പുകള്‍, തീവ്രവാദികളെ ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന വെടിവയ്പുകള്‍ പോലെയാണ് 'വഞ്ചകരെ സംരക്ഷിക്കാനായി' പ്രതിപക്ഷം രംഗത്തെത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

"നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ പാക്കിസ്ഥാന്‍ ചെയ്യുന്നതെന്താണ്? അവര്‍ അതിര്‍ത്തിയില്‍ ആദ്യം വെടിവയ്പ് ആരംഭിക്കും. സ്വാഭാവികമായി നമ്മുടെ സൈന്യവും വെടിവയ്ക്കും. ഇതിങ്ങനെ തുടരും. അങ്ങനെ രണ്ടു ഭാഗത്തേയും സൈന്യം മുഖാമുഖം നില്‍ക്കുമ്പോള്‍ നുഴഞ്ഞു കയറ്റക്കാര്‍ അതിര്‍ത്തി കടന്ന് ഇവിടേക്ക് എത്തും. അവര്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ചെയ്യുന്നത്, വഞ്ചകര്‍. പാര്‍ലമെന്റില്‍ ഏതു വിധത്തിലൊക്കെയുള്ള ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്ന് നിങ്ങള്‍ അറിയണം. ആ ആളുകളായിരുന്നു ഇതിന്റെ പുറകില്‍. ആര്‍ക്കു വേണ്ടിയാണ് ഈ ബഹളമൊക്കെ ഉണ്ടാക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്"- മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സഹാറയില്‍ നിന്നും ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും മോദി പണം കൈപ്പറ്റിയിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനും മോദി വരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസാരിക്കുമ്പോള്‍ മറുപടി പറഞ്ഞു. തന്റെ കൈയിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇവിടെ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതിനോട് മോദി പ്രതികരിച്ചത് കോണ്‍ഗ്രസിന്റെ നേതാവ് ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങി എന്നാണ്. "ഈ രാജ്യത്തെ ജനങ്ങള്‍ മനസിലാക്കുന്ന കാലത്തോളം ഒരു ഭൂകമ്പവും ഉണ്ടാകില്ലെ"ന്നും മോദി പറഞ്ഞു.

മാന്യത എന്നത് ഒരിക്കലും തനിക്കുള്ള ഒരു ഗുണമല്ലെന്ന് മോദി തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. എതിരാളികളെ പരിഹസിച്ചും ഒട്ടും സെന്‍സിറ്റീവല്ലാത്ത പ്രസ്താവനകള്‍ നടത്തിയുമൊക്കെയുള്ള രീതിയാണ് അദ്ദേഹത്തിന് പഥ്യം. തെരഞ്ഞെടുപ്പ് തോല്‍വികള്‍ ഉണ്ടാക്കിയിട്ടുള്ള നാണക്കേടില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്ത പ്രതിപക്ഷമാകട്ടെ, ഇതുകേട്ട് വിറളി പിടിച്ച് വീണ്ടും മോശപ്പെട്ട അവസ്ഥയിലെത്തുന്നു.

"അവര്‍ക്കൊരു ചെറുപ്പക്കാരനായ നേതാവുണ്ട്, അയാള്‍ പ്രസംഗിക്കാനൊക്കെ പഠിച്ചുവരികയാണ്. അയാള്‍ സംസാരിക്കാന്‍ പഠിച്ചതിലും സംസാരിച്ചു തുടങ്ങിയതിലും എനിക്ക് അത്യധികം സന്തോഷമുണ്ട്. 2009-ല്‍ ഒരു പൊതിക്കെട്ടിനുള്ളില്‍ ഉള്ളത് എന്താണ്, എന്താണ് ഇല്ലാത്തത് എന്നു പറയാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ നമുക്കറിയാം, എന്താണ് അതില്‍ ഉള്ളത്, എന്താണ് ഇല്ലാത്തത് എന്ന്"
- മോദി രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു.

india-1

പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളിലും പുശ്ചവും പരിഹാസവും വഴിഞ്ഞൊഴുകുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയായിട്ടും പ്രതിപക്ഷത്തെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതും. "കറന്‍സി നോട്ടുകള്‍ പോക്കറ്റിലില്ലാതെ കാര്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഞാന്‍ പറയുമ്പോള്‍, ഈ രാജ്യത്തെ കാഷ്‌ലെസ് ആക്കണമെന്ന് ഞാന്‍ പറയുമ്പോള്‍ അദ്ദേഹം (മന്‍മോഹന്‍ സിംഗ്) പറയുന്നത് എങ്ങനെയാണ് 50 ശതമാനം പാവപ്പെട്ടവരുള്ള ഈ രാജ്യത്ത് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് എന്നാണ്. ഇപ്പോള്‍ പറയൂ, അദ്ദേഹം പറഞ്ഞത് സ്വന്തം റിപ്പോര്‍ട്ട് കാര്‍ഡാണോ? അതോ എനിക്കുള്ളതാണോ?


ഈ രാജ്യത്തെ 50 ശതമാനം ജനങ്ങളും പാവപ്പെട്ടവരായതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? മന്‍മോഹന്‍ സിംഗ്ജി, ഞങ്ങള്‍ താങ്കളുടെ വാക്കുകള്‍ ഗൗരവത്തിലെടുക്കുന്നു. താങ്കള്‍ പ്രധാനമന്ത്രിയായിരുന്നു. താങ്കള്‍ താങ്കളുടെ ഭരണത്തിന്റെ തന്നെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്"- മോദി പറഞ്ഞു.

പ്രതിപക്ഷവും ഒട്ടും ഭേദമല്ല
സര്‍ക്കാരിനെ നേരിടുന്നതില്‍ പ്രതിപക്ഷവും ഒട്ടും മെച്ചമല്ലെന്നാണ് ഓരോ ദിവസവും തെളിയിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായാ ബലൂണ്‍ താന്‍ കുത്തിപ്പൊട്ടിക്കുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പക്വതയോ സര്‍ക്കാരിനെ നേരിടുന്നതില്‍ എന്തെങ്കിലും തന്ത്രപരമായ പദ്ധതികളോ ഇല്ലെന്നാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

നോട്ട് നിരോധന പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒട്ടും മാന്യമല്ലാത്ത അപക്വമായ രാഷ്ട്രീയമാണ് പയറ്റുന്നതെന്ന് തെളിയിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ പുതിയ മൂവ്‌മെന്റിന് രുപം നല്‍കിയിട്ടുണ്ട്: മോദിയെ നീക്കുക, ഇന്ത്യയെ രക്ഷിക്കുക. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ നീക്കാനുള്ള വഴി അല്ല അത്.

അതുകൊണ്ട് 2017 കാത്തിരുന്നോളൂ: പ്രധാനപ്പെട്ട ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. എല്ലാ വിധത്തിലുള്ള മാന്യതകളും ലംഘിക്കപ്പെടുകയും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഏതറ്റം വരെയും പോകാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത്.


Next Story

Related Stories