UPDATES

ട്രെന്‍ഡിങ്ങ്

സ്മാര്‍ട്ട് ഫോണ്‍ ആയുധമാക്കി കാശ്മീരിലെ വീഡിയോ യുദ്ധം

കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രതീതി തന്നെയാണ് വീഡിയോകള്‍ ഉണ്ടാക്കുന്നത്.

ജമ്മു കാശ്മീരിലെ ബഡ്ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ഏപ്രില്‍ ഒമ്പതിന് ദേശീയ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സൈന്യത്തിന്റെ നിയന്ത്രണവും സംയമനവും എന്ന് അവകാശപ്പെട്ടാണ് ഇത് പ്രചരിപ്പിച്ചത്. സിആര്‍പിഎഫും ജവാന്മാരെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ അടുത്ത ദിവസം പുറത്ത് വന്ന വീഡിയോ ഒരു ഐടിബിപി ജവാന്‍, കല്ലെറിയുന്ന ഒരു കുട്ടിയെ വെടിവച്ച് കൊല്ലുന്നതിന്റെയാണ്. ഏറ്റവുമൊടുവില്‍ ജീപ്പിന് മുന്നില്‍ യുവാവിനെ മനുഷ്യ കവചമായി കെട്ടിവച്ച് പോകുന്ന സൈന്യത്തിന്റെ ക്രൂരതയുടെ ദൃശ്യമാണ് പുറത്ത് വന്നത്. ജമ്മുകാശ്മീരില്‍ നടക്കുന്നത് വീഡിയോകള്‍ കൊണ്ടുള്ള യുദ്ധം കൂടിയാണെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ ശക്തമായ ആയുധങ്ങളിലൊന്ന്. കാശ്മീരി യുവാക്കള്‍ ഇതിനെ നന്നായി ഉപയോഗപ്പെടുത്തുന്നു. ഫേസ്ബുക്കും വാട്‌സ് ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരം വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും കമന്റ് ബോക്‌സില്‍ മറ്റൊരു സമാന്തര യുദ്ധം നടക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് പട്ടാളക്കാര്‍ ഒരു യുവാവിനെ കമിഴ്ത്തി കിടത്തി ബൂട്ട് കൊണ്ട് ചവിട്ടുന്നതിന്റേയും അടിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കാനും ഭാരത് മാതാ കി ജയ് എന്ന് വിളിക്കാനും ആവശ്യപ്പെട്ടാണ് ക്രൂരമായ പീഡനം. സിആര്‍പിഎഫിന് അനുകൂലമായ മറ്റൊരു വീഡിയോയും വന്നിട്ടുണ്ട്. ഇതില്‍ ഒരു പ്രദേശത്ത് നിന്ന് പോകാന്‍ സിആര്‍പിഎഫുകാരെ ഗ്രാമീണര്‍ സഹായിക്കുന്ന ദൃശ്യമാണുള്ളത്. ഈ പറയുന്ന കാര്യങ്ങളെല്ലാം എപ്പോള്‍, എവിടെ വച്ച് നടന്നു എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസരിച്ച് സംഭവങ്ങളെ വ്യഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതായാലും ഒരു കാര്യം ഉറപ്പാണ്. കാശ്മീര്‍ താഴ്‌വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രതീതി തന്നെയാണ് വീഡിയോകള്‍ ഉണ്ടാക്കുന്നത്.

സൈനികരെ ആക്രമിക്കുന്ന ആള്‍ക്കൂട്ടം ഒരിക്കലും അവരുടെ തോക്ക് തട്ടിയെടുത്ത് തിരിച്ച് വെടിവയ്ക്കുകയോ സൈനികരെ വധിക്കുകയോ ചെയ്യാറില്ലെന്ന് ബുദ്ഗാം സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ രാജ മുസാഫിര്‍ ഭട്ട് പറയുന്നു. അവരെ വെറുതെ വിടുകയാണ് ചെയ്യാറ്. ടിവി ചാനലുകള്‍ കാണിക്കുന്നത് സൈനികര്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ മാത്രമാണ്. അവരെ അടിക്കരുതെന്ന് പറയുന്ന കാശ്മീരികളുടെ ശബ്ദം അവര്‍ കേള്‍പ്പിക്കാറില്ല. പൊലീസ് ജീപ്പില്‍ യുവാവിനെ മനുഷ്യ കവചമായി കെട്ടി വച്ച് കൊണ്ടുപോകുന്ന പോലുള്ള ക്രൂരതകളെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍ കാശ്മീരികളെ സംബന്ധിച്ച് മോദി സര്‍ക്കാര്‍ അവരെ എങ്ങനെയാണ് പരിഗണിക്കുന്നത് എന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണിത്.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ ഏത് സംസ്ഥാനത്തും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടവ, ഗോവധം ആരോപിച്ചുള്ള അക്രമങ്ങളുടേത്, ബിജെപി, സംഘപരിവാര്‍ നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങള്‍ തുടങ്ങിയവയുടെ വീഡിയോ ദൃശ്യങ്ങള്‍ മിക്ക കാശ്മീരി യുവാക്കളുടേയും സ്മാര്‍ട്ട് ഫോണുകളിലുണ്ടാവും. ഇതില്‍ ഭൂരിഭാഗം പേരും വിഘടനവാദികളുമായോ ഹുറിയത്ത് കോണ്‍ഫറന്‍സുമായോ ഒന്നും ബന്ധമുള്ളവരല്ല. കാശ്മീരി യുവാക്കള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും ഇത്തരം സംഭവങ്ങളെ കുറിച്ചാണ് ആശങ്കപ്പെടേണ്ടതെന്നും അല്ലാതെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെ പറ്റിയല്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ജുനൈദ് മട്ടു അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റ് തടഞ്ഞതുകൊണ്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കാനാവില്ല. അവയ്ക്ക് പരിഹാരം കാണാന്‍ ആവശ്യമായത് ചെയ്യണമെന്നും മട്ടു അഭിപ്രായപ്പെട്ടു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍