TopTop
Begin typing your search above and press return to search.

മോദിക്കയച്ച കത്ത് പുറത്തുവിട്ടത് പ്രതിച്ഛായാ നിർമാണ തന്ത്രമെന്ന് വിമർ‌ശനം; മല്യ നേരിടുന്നത് വെറുമൊരു ലോൺ തിരിച്ചടവ് കേസല്ല

മോദിക്കയച്ച കത്ത് പുറത്തുവിട്ടത് പ്രതിച്ഛായാ നിർമാണ തന്ത്രമെന്ന് വിമർ‌ശനം; മല്യ നേരിടുന്നത് വെറുമൊരു ലോൺ തിരിച്ചടവ് കേസല്ല
സാമ്പത്തികത്തട്ടിപ്പ് കേസിൽ കുടുങ്ങി വിദേശത്തേക്ക് കടന്ന മദ്യക്കച്ചവടക്കാരൻ വിജയ് മല്യ രണ്ടുവർഷം മുമ്പ് താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്ത് പുറത്തു വിട്ടു. തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ ധാരണകൾ വരാനിടയയായ സാഹചര്യത്തിലാണ് ഈ കത്ത് പരസ്യപ്പെടുത്തുന്നതെന്ന് വിജയ് മല്യ പറഞ്ഞു. തനിക്ക് നീതി ലഭിക്കുകയുണ്ടായിലിലെന്ന് കത്തിൽ വിജയ് മല്യ പറയുന്നുണ്ട്. അതെസമയം, നശിച്ചു കഴിഞ്ഞ തന്റെ പ്രതിച്ഛായ നന്നാക്കിയെടുക്കാനുള്ള നിഷ്ഫലമായ ശ്രമമാണ് വിജയ് മല്യ നടത്തുന്നതെന്ന് വിമർശനങ്ങളുയർന്നിട്ടുമുണ്ട്.

കിങ് ഫിഷർ വിവിധ ബാങ്കുകളിൽ നിന്നെടുത്ത എടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത് ബിസിനസ് പരാജയമാണെന്ന നിലപാടിനെ സ്ഥാപിക്കാനാണ് കത്തിൽ വിജയ് മല്യ ശ്രമിക്കുന്നത്. ഇതിനായി സംഭവവിവരണങ്ങൾ അക്കമിട്ട് നിരത്തുന്നുമുണ്ട് അദ്ദേഹം. എന്നാൽ കേസ് കോടതിയിൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള മല്യയുടെ ഗൂഢപദ്ധതികളിലേക്ക് എത്തിനിൽക്കവെയാണ് വിശുദ്ധൻ ചമയാനുള്ള ശ്രമമാണെന്നാണ് വിമർശനം.

കള്ളപ്പണം വെളുപ്പിക്കൽ, ഫണ്ട് വകമാറ്റൽ തുടങ്ങിയ നിരവധി സാമ്പത്തിക് ക്രമക്കേടുകൾ മല്യ കിങ് ഫിഷറിനെ വെച്ച് നടത്തിയെന്നതാണ് ബാങ്കുകളുടെ കൺസോർഷ്യം തെളിവുകൾ വെച്ച് വാദിക്കുന്നത്. തങ്ങൾ കിങ് ഫിഷറിന് നൽകിയ ലോണിന്റെ വലിയൊരു ഭാഗം (3700 കോടിയിലധികം) യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫോർമുല വൺ മോട്ടോർസ്പോർട്ട് കമ്പനിയിലേക്ക് നിയമവിരുദ്ധമായ രീതിയിൽ വകമാറ്റിയെന്ന് ഗുരുതരമായ ആരോപണവും ഇതിൽപ്പെടുന്നുണ്ട്. ട്വന്റി ട്വന്റി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും നല്ലൊരു തുക വകമാറ്റപ്പെട്ടു. വെറും കടം തിരിച്ചടവ് എന്നതിൽ കവിഞ്ഞു നിൽക്കുന്നതാണ് മല്യക്കെതിരായ കേസ്.

9000 കോടി രൂപയുടെ തട്ടിപ്പെന്ന ബാങ്കുകളുടെ വാദത്തെയും മല്യ തന്റെ കത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇത് ഊതിവീർപ്പിച്ച സംഖ്യയാണെന്നാണ് മല്യയുടെ വാദം. യഥാർത്ഥ തുക തിരിച്ചടയിക്കാൻ തയ്യാറാണെന്ന നിലപാടാണ് മല്യ കത്തിൽ പറയുന്ന പ്രധാന കാര്യങ്ങളിലൊന്ന്.

തനിക്കെതിരെ സർക്കാർ വേട്ടയാടൽ നടത്തുകയാണെന്നും താന്‍ ചില താൽപര്യങ്ങളുടെ 'പോസ്റ്റർ ബോയ്' ആയി മാറിയെന്നും മല്യ കത്തിൽ പരിതപിക്കുന്നുണ്ട്. തനിക്കെതിരെ പൊതുജനരോഷം തിരിച്ചുവിട്ടത് ഇതെല്ലാം ചേർന്നാണെന്നും മല്യ പറയുന്നു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും 2016 ഏപ്രിൽ 15ന് താനെഴുതിയ കത്തിന് മറുപടി ലഭിക്കുകയുണ്ടായില്ല.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വേട്ടയാടുകയായിരുന്നെന്നും കത്തിൽ മല്യ പറഞ്ഞു. ബാങ്കുകളും തന്നെ കുറ്റവാളിയെപ്പോലെ കണ്ടെന്നും അദ്ദേഹം കുറിച്ചു.

കടമെടുത്ത പണം തിരിച്ചടയ്ക്കാതായതോടെയാണ് മല്യക്കെതിരെ വിവിധ ബാങ്കുകൾ നടപടിക്ക് തുനിഞ്ഞത്. സംഭവം മണത്തറിഞ്ഞ മല്യക്ക് എളുപ്പത്തിൽ നാടുവിടാൻ സാധിച്ചു. ലണ്ടനിലാണ് ഇപ്പോൾ മല്യയുടെ താമസം. കടങ്ങൾ തീർ‌ക്കാനാകുമെന്ന് തനിക്കുറപ്പുണ്ടെന്നും എന്നാൽ രാഷ്ട്രീയോദ്ദേശ്യങ്ങളോടെ തന്നെ വേട്ടയാടുകയാണെങ്കിൽ തനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും മല്യ വ്യക്തമാക്കി.

നീരവ് മോദി, മുഹുൾ ചോസ്കി എന്നിവർ വൻ തട്ടിപ്പ് നടത്തി മുങ്ങിയ സാഹചര്യത്തിലാണ് മല്യയുടെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. നീരവ് മോദിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം അടക്കമുള്ള വിഷയങ്ങൾ ചർച്ചയിൽ നിൽക്കവെയാണ് തനിക്കെതിരെ 'രാഷ്ട്രീയലാക്ക്' പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം മല്യ ഉന്നയിക്കുന്നത്. തിരിച്ചുവരവ് ഏതാണ്ട് അസാധ്യമായ ഘട്ടത്തിൽ രാഷ്ട്രീയാഭയം തേടലാണ് ഇനിയത്തെ പോംവഴിയെന്ന് മല്യ കരുതുന്നതായി ആരോപിക്കപ്പെടുന്നുണ്ട്.

Next Story

Related Stories