Top

ചെപ്പോക്കില്‍ ചരിത്രമായി മാറി ചെങ്ങന്നൂര്‍ക്കാരന്‍ കരുണ്‍ നായര്‍

ചെപ്പോക്കില്‍ ചരിത്രമായി മാറി ചെങ്ങന്നൂര്‍ക്കാരന്‍ കരുണ്‍ നായര്‍
കരുണ്‍ നായര്‍(25) ആ പേരില്‍ മലയാളിത്വമുണ്ടെങ്കിലും മലയാളിക്ക് എന്നാലും സംശയമായിരുന്നു പയ്യന്‍ മുഴുവന്‍ മലയാളിയാണോ അതോ പാതി മലയാളിയാണോ എന്ന്. എന്നാല്‍ സംശയിക്കേണ്ട ഏതു മല്ലുസിനെയും വെല്ലുന്ന തനി മല്ലുവാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഈ ട്രിപ്പിള്‍ സെഞ്ച്വറിക്കാരന്‍. ആലപ്പുഴ ചെങ്ങന്നൂരിലെ കീഴ്‌ച്ചേരിമ്മേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍ നായരുടെ പ്രേമയുടെയും മകന്‍ കരുണ്‍ ഒരു തികഞ്ഞ 'ഇന്ത്യ'നാണെന്ന് പറയാം. കാരണം ജോധ്പൂരിലാണ് കരുണ്‍ (1991 ഡിസംബര്‍ 6-ന്) ജനിച്ചത് ഇതുവരെ ഏറിയ പങ്കും വളര്‍ന്നത് കര്‍ണാടകയിലെ ബംഗളൂരുവില്‍.


കരുണിന്റെ പിതാവ് കലാധരന്‍ നായര്‍ ബംഗളൂരുവില്‍ ക്രിക്കറ്റ് ഗ്രൗണ്ട് തയ്യാറാക്കുന്ന വിദഗ്ദ്ധനാണ്. ഇത് കരാറെടുത്ത് നടത്തുകയാണ് കലാധരന്‍. അമ്മ പ്രേമ കെ നായര്‍ ബംഗളൂരു ചിന്മയ സ്‌കൂളിലെ അധ്യാപികയും. കുഞ്ഞുനാളു മുതലെ ക്രിക്കറ്റ് കളിയില്‍ തല്‍പരനായ കരുണിന്റെ ജാതകം മാറിയത് ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിപ്പെട്ടതും അവിടെ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ കിട്ടിയതുമാണ്.


2013-ലാണ് കരുണ്‍ ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. കര്‍ണാടകക്കു വേണ്ടിയായിരുന്നു കരുണ്‍ കളത്തിലിറങ്ങിയത്. 2013-14 ലെ രഞ്ജി ട്രോഫി കരുണിന്റെയും കൂടി മികവിലാണ് കര്‍ണാടക നേടിയത്. മൂന്ന് സെഞ്ച്വറികളാണ് ആ ടൂര്‍ണമെന്റില്‍ കരുണ്‍ നേടിയത്. 2014-15 ലെ രഞ്ജി ട്രോഫിയില്‍ 709 റണ്‍സായിരുന്നു ഈ പയ്യന്‍ അടിച്ചു കൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലത്തെിച്ചതില്‍ മുഖ്യപങ്ക് കരുണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചാണ് കരുണ്‍ അന്താരാഷ്ട്ര ടീമില്‍ എത്തിയത്. കഴിഞ്ഞ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും ഡല്‍ഹിക്കുവേണ്ടി ബാറ്റേന്തിയ കരുണ്‍ 14 മത്സരങ്ങളില്‍നിന്നായി 357 റണ്‍സായിരുന്നു എടുത്തത്. മുമ്പത്തെ സീസണില്‍ രാജസ്ഥാനൊപ്പമായിരുന്ന കരുണിന്റെ അടിസ്ഥാന വില 10 ലക്ഷം രൂപ മാത്രമായിരുന്നു. കരുണിന്റെ പ്രതിഭ അറിയാവുന്ന ഡല്‍ഹി നാലുകോടി രൂപക്കാണ് താരത്തെ റാഞ്ചിയത്.
karun-01
കരുണിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം 2016 ജൂണ്‍ 11-ന് സിംബാബ്‌വെയ്‌ക്കെതിരെയുള്ള ഏകദിനമായിരുന്നു. തന്റെ മൂന്നാം ടെസ്റ്റില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും സ്വന്തമാക്കാനാകാത്ത നേട്ടം ചെപ്പോക്കിലെ ചിദംബംരം സ്റ്റേഡിയത്തില്‍ കരുണ്‍ നേടിയത്. വിരേന്ദ്ര സെവാഗിന് ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കരുണ്‍. 381 പന്തില്‍ നിന്നും 32 ബൗണ്ടറികളുടെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 79.53 സ്‌ട്രൈക്ക് റേറ്റുമായിട്ടാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ കരുണ്‍ ടീമിലെ തന്റെ ഇടം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ അടുത്ത വന്‍മതില്‍ സ്ഥാനം കരുണിനായിരിക്കുമെന്നാണ് ചെപ്പോക്ക് ടെസ്റ്റിലെ പ്രകടനം കൊണ്ട്  തെളിയിച്ചു കഴിഞ്ഞു.

Next Story

Related Stories