വിപണി/സാമ്പത്തികം

എൻഡിഎ ഭരണകാലത്ത് കൂലിവളർച്ചയുടെ നില യുപിഎ കാലത്തെക്കാൾ ഏറെ പിന്നില്‍; പൊതുതെരഞ്ഞെടുപ്പിനെ ഇതെങ്ങനെ ബാധിക്കും?

കാർഷിക മേഖലയിൽ തൊഴിലുകളുടെ കാര്യത്തിലും വളർച്ച പിന്നാക്കമാണെന്ന് ലേബർ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പറയുന്നു.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ കൂലി വളർച്ച വൻതോതിൽ കുറയുന്നതിന്റെയും കാർഷികേതര ജോലികളെ ഇത് ബാധിക്കുന്നതിന്റെയും കണക്കുകള്‍ പുറത്തു വരുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്സിൽ ഹരീഷ് ദാമോദരന്റെ റിപ്പോർട്ടാണ് ഗ്രാമീണമേഖലയിൽ വളർന്നു വന്നിട്ടുള്ള സാമ്പത്തിക അസ്വാസ്ഥ്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. വിലക്കയറ്റം കൂടി പരിഗണിച്ചുള്ള തട്ടിക്കിഴിക്കലുകൾക്കു ശേഷം ഗ്രാമീണമേഖലയിൽ കൂലി വളർച്ചയുടെ നില യുപിഎ കാലത്തെക്കാൾ വലിയ തോതിൽ പിന്നിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ഡിസംബർ മാസത്തെ കണക്കെടുത്താൽ കൂലി വർധന 3.8 ശതമാനമാണ്. മുൻ വർഷങ്ങളിൽ ഇതേ മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ എക്കാലത്തെയും ഏറ്റവും കുറഞ്ഞ വളർച്ചയാണിതെന്ന് കാണാം. കാർഷികവിളകളുടെ വില കുത്തനെ കുറയുന്നതിനിടയിൽ ഡിസംബർ മാസത്തിലെ ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 0.07 ശതമാനമായിരുന്നു. ഭക്ഷ്യേതര പണപ്പെരുപ്പ നിരക്കാകട്ടെ 4.45 ശതമാനത്തിൽ നിന്നു. ഗ്രാമീണ മേഖലയിലെ ഈ സാമ്പത്തികാസ്വാസ്ഥ്യം അടുത്ത മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

രാജ്യത്തെ ദൈനംദിന ഗ്രാമീണ കൂലിനിരക്ക് 2018 ഡിസംബർ മാസത്തിൽ 322.62ൽ നിൽക്കുന്നു. 25 കാർഷിക, കാർഷികേതര തൊഴിലുകളെ ആധാരമാക്കിയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 310.69 രൂപയായിരുന്നു കൂലി ശരാശരി. അതായകത് 3.84 ശതമാനത്തിന്റെ വളർച്ച മാത്രം. ഗ്രാമീണ ഉപഭോക്തൃ വില സൂചിക കാണിക്കുന്ന വിലപ്പെരുപ്പ നിരക്ക് കൂടി പരിഗണിക്കുമ്പോൾ ഫലത്തിൽ 2.3 ശതമാനം മാത്രമാണ് ഈ വളർച്ചയെന്ന് കാണാനാകും.

2014 മുതൽ 2018 വരെയുള്ള വാർഷിക കൂലി വർധന വെറും 4.7 ശതമാനം മാത്രമാണെന്ന് കണക്കുകൾ കാണിക്കുന്നു. നാണയപ്പെരുപ്പം കൂടി പരിഗണിക്കുമ്പോൾ ഇത് വെറും 0.5 ശതമാനമായി കുറയും. മുൻ യുപിഎ സർക്കാരിന്റെ കാലത്തെ കൂടി വർധനയെ അപേക്ഷിച്ച് ഇത് വലിയ തോതിൽ കുറവാണ്. 2009-2013 കാലത്തെ കൂലവർധനാ നിരക്ക് 17.8 ശതമാനമായിരുന്നു. അക്കാലത്തെ കൃഷിപ്പണിക്കാരുടെ ഉപഭോക്തൃ വില സൂചിക കാണിക്കുന്ന നാണയപ്പെരുപ്പം (11.1%) കൂടി പരിഗണിച്ചാലും കൂലിവളർച്ച 6.7 ശതമാനത്തിൽ നിന്നിരുന്നു.

കാർഷിക മേഖലയിൽ തൊഴിലുകളുടെ കാര്യത്തിലും വളർച്ച പിന്നാക്കമാണെന്ന് ലേബർ ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍