TopTop
Begin typing your search above and press return to search.

മോദിക്കെതിരായ ജയവും പരാജയവും പ്രിയങ്കയുടെ കുടുംബകാര്യമോ? വരാണസിയിൽ റിസ്കെടുക്കാനുള്ള കോൺഗ്രസ്സിന്റെ വിമുഖത വോട്ടർമാർക്ക് നൽകിയ സന്ദേശം

മോദിക്കെതിരായ ജയവും പരാജയവും പ്രിയങ്കയുടെ കുടുംബകാര്യമോ? വരാണസിയിൽ റിസ്കെടുക്കാനുള്ള കോൺഗ്രസ്സിന്റെ വിമുഖത വോട്ടർമാർക്ക് നൽകിയ സന്ദേശം

വരാണസിയിൽ മോദിക്കെതിരെ ശക്തമായൊരു പ്രചാരണം കോൺഗ്രസ് എപ്പോഴെങ്കിലും നടത്തിയിരുന്നുവോ? ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെ കാണുന്ന ഏതൊരാളുടെടെയും മനസ്സിൽ ഉയരാനിടയുള്ള ചോദ്യമാണിത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനും അതിനെ വിശകലനം ചെയ്യാനും ശ്രമിക്കുകയാണ് അന്തർദ്ദേശീയ രാഷ്ട്രീയ വിശകലന വിദഗ്ധയായ അനിതാ ഇന്ദർ സിങ്. വരാണസിൽ മോദിക്കെതിരെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ്സ് ഏറെ ദിവസം പുലർത്തിയ നിഗൂഢമായ ആശയക്കുഴപ്പവും, ഒടുവിൽ വന്ന അവർ മത്സരിക്കില്ലെന്ന പ്രഖ്യാപനവും കാണിക്കുന്നത് കോൺഗ്രസ് വരാണസിയുടെ കാര്യത്തിൽ ഒട്ടും ഗൗരവം പുലർത്തിയിരുന്നില്ല എന്നു തന്നെയാണെന്ന് അനിതാ ഇന്ദർ സിങ് വിലയിരുത്തുന്നു.

വരാണസിയിൽ സ്ഥാനാർത്ഥിയാകുമെന്ന ഊഹാപോഹങ്ങൾ ആദ്യം പ്രചരിച്ചപ്പോൾ പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'എന്റെ സഹോദരൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയാണെങ്കിൽ നിൽക്കും.' മോദിക്കെതിരായ ജയവും പരാജയവും പ്രിയങ്കയുടെ കുടുംബകാര്യമാണെന്ന ധ്വനിയാണ് ഇവിടെ വന്നത്. പിന്നീട് കോൺഗ്രസ്സുകാരിൽ നിന്നും വന്ന പ്രതികരണങ്ങളും വിചിത്രമായിരുന്നു. വയനാട് മണ്ഡലത്തിൽ ജയിക്കുന്ന രാഹുൽ അമേത്തി മണ്ഡലം ഉപേക്ഷിക്കുകയാണെങ്കിൽ പ്രിയങ്ക അവിടെ സ്ഥാനാർത്ഥിയായേക്കും! വീണ്ടും കുടുംബകാര്യം കേറി വന്നു.

പിന്നെയും കുടുംബകാര്യം കയറിവന്ന സന്ദർഭങ്ങളുണ്ടായി. തന്റെ മകളെ ആദ്യ ഉദ്യമത്തിൽ തന്നെ മോദിക്കെതിരെ മത്സരിപ്പിക്കുന്നതിനോട് സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടെന്ന് റിപ്പോർട്ടുകൾ വന്നു. ഒടുവിൽ തീരുമാനമെടുത്തത് രാഹുലായിരുന്നു. തന്റെ സഹോദരി മത്സരിക്കേണ്ടെന്ന് രാഹുൽ തീരുമാനിച്ചു.

ഇന്ത്യക്ക് ആവശ്യമായ ഒരു പരിണതിക്കു വേണ്ടിയുള്ള മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ പ്രിയങ്ക മടിക്കുന്നതാണ് നമ്മൾ കണ്ടത്. അരുൺ ജെയ്റ്റ്‌ലി പറഞ്ഞതുപോലെ, പ്രിയങ്കയ്ക്ക് മുട്ടിടിക്കുന്നുണ്ടായിരുന്നു. തന്റെ കുടുംബത്തോടൊപ്പം, അതിന്റെ സുരക്ഷിതത്വത്തിൽ കഴിയാനാണ് പ്രിയങ്ക തീരുമാനിച്ചത്. എപ്പോഴും ആത്മാർത്ഥതയുള്ള വെല്ലുവിളിയുയർത്തുന്നവരോട് ചായാൻ മനസ്സുള്ളവരാണ് വോട്ടർമാർ. വെല്ലുവിളി ഉയർത്തുന്നവരെ, അവർ തോറ്റെന്നാൽ‌ പോലും ആരാണ് ആരാധിക്കാതിരിക്കുക? 1977ലെ തെരഞ്ഞെടുപ്പിൽ, കുപ്രസിദ്ധമായ അടിയന്തിരാവസ്ഥയുടെ പരാജയം വെളിവാക്കി, രാജ് നരൈൻ ഇന്ദിരാഗാന്ധിയെ 50,000 വോട്ടിന് തോൽപ്പിച്ചത് ഓർക്കുക.

വോട്ടർമാരില്‍ അനാവശ്യമായി പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം സൃഷ്ടിച്ചത് എന്തിനായിരുന്നു? സന്ദർഭത്തെ വ്യക്തമായി തിരിച്ചറിയുന്നതിൽ സോണിയയും രാഹുലും പരാജയപ്പെടുന്നു എന്നുവേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. വോട്ടർമാരിൽ പ്രതീക്ഷയുണ്ടാക്കുകയും പിന്നീട് നിരാശയുണ്ടാക്കുകയും ചെയ്തത് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെയൊരു വിവേകം അവർ കാണിച്ചില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത് അജയ് റായിയാണ്. ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദിയോട് ദയനീയമായി പരാജയപ്പെട്ടയാളാണ്. വെറും 7.2 ശതമാനം വോട്ടാണ് അന്ന് റായ് നേടിയത്. ആം ആദ്മി പാർട്ടിയുടെ അർവിന്ദ് കെജ്രിവാളിന് 20% വോട്ട് ലഭിച്ചിരുന്നു എന്നുമോർക്കുക.

Read More: ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതം, ചെറുപ്പം മുതലേ അക്രമവാസന; കുഞ്ഞിനെ കൊലപ്പെടുത്തിയ ആതിരയെക്കുറിച്ച് അയല്‍ക്കാര്‍ പറയുന്നത്

എന്താണ് റായിയുടെ യോഗ്യതകൾ എന്നും പരിശോധിക്കേണ്ടതുണ്ടല്ലോ. അവസരവാദ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ കഴിവുകളുള്ളത്. തുടക്കത്തിൽ ബിജെപിക്കാരനായിരുന്നു റായി. പിന്നീട് സമാജ്‌വാദി പാർട്ടിയിലെത്തി. ഇപ്പോൾ കോൺഗ്രസ്സുകാരനാണ്. മോദിക്കു മുമ്പിൽ ഏറെ ദുർബലൻ. പാർട്ടി നേതൃത്വത്തിലേക്ക് ചലനശേഷിയുള്ളവരെ എത്തിക്കാൻ കോൺഗ്രസ്സ് കഴിഞ്ഞ 5 വർഷത്തിനിടെ പരാജയപ്പെട്ടിട്ടുണ്ട് എന്നത് മനസ്സിലാക്കാൻ റായിയുടെ മുഖത്തു നോക്കിയാൽ മാത്രം മതി. ചിലരെങ്കിലും കരുതി, പ്രിയങ്കയായിരിക്കും ആ ചലനാത്മക നേതൃത്വമെന്ന്.

ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്, താൻ നിലകൊള്ളുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി പോരാടാൻ മനസ്സില്ലാത്ത ഒരാളാണ് പ്രിയങ്കയെന്നാണ്. ഇത്തവണയും യുപിയിൽ കൂടുതൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസ്സ് തയ്യാറായിട്ടില്ല എന്നത് കാണുക. എന്താണിത് കാണിക്കുന്നത്? ആത്മവിശ്വാസമില്ലായ്മ? റിസ്ക് ഒഴിവാക്കൽ? മോദിയെ പരാജയപ്പെടുത്തുക എന്നതായിരുന്നു കോൺഗ്രസ്സിന്റെ ലക്ഷ്യമെങ്കിൽ റിസ്ക് ഏറ്റെടുക്കാതിരിക്കുക എന്നത് ഒരു മണ്ടൻ തെരഞ്ഞെടുപ്പാണ്.

കൂടുതൽ വായിക്കാം


Next Story

Related Stories