TopTop

ആര്‍ എസ് എസും ബിജെപിയും ദളിത് പീഡനം തുടര്‍ന്നാല്‍ താനും അനുയായികളും ബുദ്ധമതം സ്വീകരിക്കും- മായാവതി

ആര്‍ എസ് എസും ബിജെപിയും ദളിത് പീഡനം തുടര്‍ന്നാല്‍ താനും അനുയായികളും ബുദ്ധമതം സ്വീകരിക്കും- മായാവതി
ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരായ പീഡനങ്ങളും ആ സമുഹങ്ങളെ ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറായില്ലെങ്കില്‍ താനും തന്റെ അനുയായികളും ബുദ്ധമതം സ്വീകരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തിന് ഒരു കിലോമീറ്റര്‍ അകലെ വച്ച് സംഘടിപ്പിച്ച ബിഎസ്പി യോഗത്തില്‍ വച്ചാണ് മായാവതിയുടെ ഈ പ്രഖ്യാപനം. താന്‍ ഹിന്ദുവായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് ഡോ. അംബേദ്ക്കര്‍ 1935ല്‍ തന്നെ പ്രഖ്യാപിച്ച കാര്യം അവര്‍ ചൂണ്ടിക്കാണിച്ചു.

21 വര്‍ഷമാണ് അദ്ദേഹം പരിഷ്‌കരണത്തിന് ഹിന്ദു നേതാക്കള്‍ക്ക് അനുവദിച്ച സമയം. എന്നാല്‍ അവരുടെ സമീപനത്തില്‍ ഒരു മാറ്റവും ഇല്ലെന്ന് മനസിലാക്കിയ അംബേദ്ക്കര്‍ 1956 ല്‍ നാഗ്പൂരില്‍ വച്ച് ബുദ്ധമതം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മതപരിവര്‍ത്തനത്തില്‍ നിന്നും ഹിന്ദുമതത്തിന്റെ കരാറുകാരും സൂക്ഷിപ്പുകാരും പാഠങ്ങള്‍ പഠിക്കുകയും ദളിതര്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുമെന്നുമായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുതെന്നും മായാവതി പറഞ്ഞു. എന്നാല്‍ ദളിതരെയും പിന്നോക്ക സമുദായക്കാരെയും ചൂഷണം ചെയ്യുന്ന സമീപനമാണ് ഇപ്പോഴും ഹിന്ദുത്വ കക്ഷികള്‍ ചെയ്യുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും അവഹേളനപരവും ജാതീയവും മതപരവുമായ സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ താനും തന്റെ കോടിക്കണക്കിന് വരുന്ന അനുയായികളും ബുദ്ധമതത്തിലേക്ക് മാറുമെന്നും മായാവതി മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസിനും ബിജെപിക്കും നാവാനുള്ള ഒരവസരം കൂടി നല്‍കുമെും അതിന് ശേഷമേ മതം മാറ്റത്തെ കുറിച്ച് ആലോചിക്കൂവെും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്നും അതിന് വേണ്ടി തയ്യാറെടുക്കാനും മായാവതി ബിഎസ്പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട്് മുമ്പ് അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ ബിജെപി തയ്യാറായേക്കും. ദേശാഭിമാനത്തിന്റെ പേരില്‍ ഇത്തരം നടപടികള്‍ ചെയ്യാന്‍ ബിജെപി മടിക്കില്ല. അതുവഴി കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളതെന്നും അത്തരം വ്യാജ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും പ്രവര്‍ത്തകരോട് മായാവതി ആഹ്വാനം ചെയ്തു.

ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെ (ബി എസ് പി) തോല്‍പ്പിക്കുന്നതിനായി വോട്ടിംഗ് യന്ത്രത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ അവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമാണെന്ന അവകാശവാദവും അവര്‍ ഉന്നയിച്ചു. അംബേദ്ക്കറിന്റെ ശ്രമഫലമായാണ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചതെന്നും അത് കോണ്‍ഗ്രസിന്റെയും നെഹ്രുവിന്റെയോ ബിജെപിയുടെയോ ഗുണം കൊണ്ടായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ ഈ കക്ഷികളെല്ലാം ചേര്‍ന്ന് സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സ്വകാര്യമേഖലയില്‍ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നത്. 'പ്രതിപക്ഷരഹിത ഇന്ത്യയെ' സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനായി സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മായാവതി ആരോപിച്ചു.


Next Story

Related Stories