TopTop
Begin typing your search above and press return to search.

ബിജെപിയുടെ ചിരകാല സ്വപ്നമാണ് ബംഗാള്‍; തടസം മമതയും; കോണ്‍ഗ്രസും സിപിഎമ്മും എന്തു ചെയ്യുകയാണ്?/സംസ്ഥാനങ്ങളിലൂടെ

ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനം - 42 സീറ്റ്. 293 നിയമസഭ മണ്ഡലങ്ങള്‍. മമത ബാനര്‍ജിയുടേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും സമഗ്രാധിപത്യം എല്ലാ മേഖലകളിലും. 40 ശതമാനം വനിതാ സംവരണവും സിനിമ താരങ്ങള്‍ നിറഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയുമായി മമത ബാനര്‍ജി രംഗത്തെത്തിയതും സിപിഎമ്മിന്റെ സംസ്ഥാനത്തെ 26 എംഎല്‍എമാരില്‍ ഒരാളായ ഖഗന്‍ മുര്‍മുവും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ എംപി അനുപം ഹസ്ര, കോണ്‍ഗ്രസ് എംഎല്‍എ ദുലാല്‍ ചന്ദ്ര ബാര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒടുവിലത്തെ പ്രധാന വാര്‍ത്ത.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ തൃണമൂലിന്റേയും മമതയുടേയും ജൈത്രയാത്ര തുടരുകയാണ്. ബിജെപിക്കെതിരെ മഹാസഖ്യമില്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്ന്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ തന്റെ അനിഷേധ്യ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രകടനങ്ങളാണ് മമത ബാനര്‍ജി കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷത്തോളമായി നടത്തുന്നത്. സിബിഐയുമായുള്ള പോരടക്കം ഇതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയടക്കം മറ്റ് സ്ഥലങ്ങളിലെല്ലാം പരമാവധി പ്രതിപക്ഷ കക്ഷികളെ ബിജെപിക്കെതിരെ ഏകോപിക്കാന്‍ പ്രേരിപ്പിക്കുന്ന മമത ബംഗാളില്‍ അങ്ങനെയൊരു താല്‍പര്യം കാണിക്കുന്നില്ല.

ജാദവ്പൂരില്‍ മിമി ചക്രബര്‍ത്തി, ബാസിര്‍ഹാട്ടില്‍ നുസ്രത് ജഹാന്‍ - ഇങ്ങനെയാണ് മമത അണിനിരത്തിയിരിക്കുന്ന താരനിര. നിരവധി ട്രോളുകളാണ് ഗ്ലാമര്‍ താരങ്ങളെ ലോക്‌സഭ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയിരിക്കുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നത്. ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റര്‍ജി, മമത ബാനര്‍ജി തുടങ്ങിയ രാഷ്ട്രീയ അതികായര്‍ വിജയം കണ്ട മണ്ഡലമാണ് ജാദവ്പൂര്‍. 1984ല്‍ സോമനാഥ് ചാറ്റര്‍ജിയെ ജാദവ്പൂരില്‍ അട്ടിമറിച്ചുകൊണ്ടാണ് മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയത്.

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഹിസ്റ്ററി പ്രൊഫസറായ സുഗത ബോസ് ആണ് ഇവിടെ തൃണമൂലിന്റെ സിറ്റിംഗ് എംപി. ഇത്തവണ സുഗത ബോസ് മത്സരിക്കുന്നില്ല. 10 എംപിമാര്‍ക്ക് മമത ഇത്തവണ സീറ്റ് നല്‍കിയില്ല.

2014ല്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും ലോക്‌സഭ കക്ഷി നേതാവുമായിരുന്ന ബസുദേബ് ആചാര്യയെ അട്ടിമറിച്ച് ലോക്‌സഭയിലെത്തിയ മുണ്‍മൂണ്‍ സെന്നിനെ ഇത്തവണ മമത ഇറക്കിയിരിക്കുന്നത് ബിജെപിയുടെ ബാബുള്‍ സുപ്രിയോയില്‍ നിന്ന് അസന്‍സോള്‍ പിടിച്ചെടുക്കാനാണ്. ബാങ്കുറയില്‍ മന്ത്രി സുബ്രത മുഖര്‍ജിയാണ് തൃണമൂല്‍ ഇത്തവണ ഇറക്കുന്നത്. ബിജെപി ഇവിടെ കടുത്ത പോരാട്ടം കാഴ്ചവയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയ ബാങ്കുറ, ഝാര്‍ഗ്രാം, മിഡ്‌നാപൂര്‍, ബോല്‍പൂര്‍ എന്നിവടങ്ങളിലെല്ലാ്ം കരുതലോടെയുള്ള മാറ്റങ്ങളാണ് മമത നടത്തിയിരിക്കുന്നത്.

നിയമസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസും (42 സീറ്റ്) മൂന്നാം കക്ഷിയായ സിപിഎമ്മും പകച്ചുനില്‍ക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളി തങ്ങളാണ് എന്ന് അവകാശപ്പെട്ട് ബിജെപി ഉയര്‍ന്നുവരുന്നു. ബിജെപിയുടെ ചിരകാല സ്വപ്നമാണ് ബംഗാള്‍. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ, വിഭജനകാലത്തെ കുപ്രസിദ്ധമായ വര്‍ഗീയ കലാപങ്ങളുടെ നാടിനെ 2019ലെങ്കിലും കാവി പുതപ്പിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബംഗാളും കേരളവും തമിഴ്‌നാടും പിടിച്ചാല്‍ തങ്ങള്‍ക്ക് ഇന്ത്യയില്‍ കീഴടക്കാന്‍ കഴിയാത്തതായി പിന്നെ ഒന്നുമുണ്ടാകില്ല എന്ന് ബിജെപി കരുതുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റവും എളുപ്പം കൈപ്പിടിയിലൊതുക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നത് ബംഗാള്‍ ആണെന്നും ബിജെപി കരുതുന്നു. ബംഗാളികള്‍ ഭൂരിപക്ഷമായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്നാണ് ബിജെപിയുടെ ചോദ്യം. ഈ തിരഞ്ഞെടുപ്പില്‍ തൃണമൂലിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാം എന്ന വ്യാമോഹമൊന്നും ബിജെപിക്കില്ല. അതേസമയം ആദ്യമായി ബംഗാളിലെ രണ്ടാമത്തെ വലിയ കക്ഷിയാകാം എന്ന പ്രതീക്ഷ ബിജെപി വച്ചുപുര്‍ത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ കക്ഷികളുടേയും പൊതുശത്രുവാണ്, അതേപോലെ ബിജെപിയും.

ഒരു തൃണമൂല്‍ എംഎല്‍എയും ഒരു പ്രാദേശിക തൃണമൂല്‍ നേതാവും അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇരു കൊലപാതകങ്ങള്‍ക്ക് പിന്നിലും ബിജെപിയാണ് എന്നാണ് തൃണമൂലിന്റെ ആരോപണം. റാണാഘട്ട് എംഎല്‍എ സത്യജിത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. സത്യജിത് ബിശ്വാസിന്റെ ഭാര്യയെയാണ് തൃണമൂല്‍ ഇവിടെ നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ രണ്ട് സീറ്റ് രണ്ടക്കത്തിലേയ്ക്ക് ഉയര്‍ത്താനുള്ള പോരാട്ടമായിരിക്കും ബിജെപി നടത്തുക. മുമ്പെങ്ങുമില്ലാത്ത വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്തുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ വസ്തുതയുണ്ട്. അസന്‍സോളും (ബാബുള്‍ സുപ്രിയോ), ഡാര്‍ജിലിംഗുമാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍. ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നേതാവും ഡാര്‍ജിലിംഗ് എംഎല്‍എയുമായ അമര്‍ സിംഗ് റായിയെ നിര്‍ത്തി ഡാര്‍ജിലിംഗ് പാര്‍ട്ടികളെ മമത ഞെട്ടിച്ചു. ബിജെപിക്ക് ഇത്തവണ ഈ സീറ്റ് നഷ്ടപ്പെട്ടേക്കാം.

അമിത് ഷായുടെ രഥയാത്ര പദ്ധതികളെ സംഘര്‍ഷ സാധ്യത ചൂണ്ടിക്കാട്ടി കോടതിയില്‍ തടയാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നിലപാടിന് അംഗീകാരം കിട്ടിയതും തൃണമൂലിന് രാഷ്ട്രീയ വിജയമാണ്. അമിത് ഷായുടെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചും മമത ബിജെപിയെ ഒതുക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഝാര്‍ഖണ്ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കി റോഡ് മാര്‍ഗം വരേണ്ടി വന്നു. ബ്രിഗേഡ് പരേഡില്‍ മമത സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെ വലിയ റാലി സംഘടിപ്പിച്ച് സിപിഎം കരുത്ത് കാട്ടിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരത്തെ ഇവിടെ നിശ്ചിച്ച റാലി റദ്ദാക്കുകയാണുണ്ടായത്. മമതയാണെങ്കില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ബംഗാളില്‍ ഒതുക്കാന്‍ തീരുമാനിച്ചിട്ടില്ല. അത്രയ്ക്ക് ആത്മവിശ്വാസമാണ് ബംഗാളിന്റെ കാര്യത്തില്‍ അവര്‍ പുറമേയ്ക്ക് പ്രകടിപ്പിക്കുന്നത്. അതേസമയം ബിജെപിയെ മമത കുറച്ചുകാണുന്നുമില്ല. മോദി ബാബുവിനെ പുറത്താക്കുകയാണ് ലക്ഷ്യം എന്ന് മമത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഞാന്‍ അസമില്‍ പോകും, ആന്‍ഡമാനിലും ഝാര്‍ഖണ്ഡിലും ഒഡീഷയിലും പോകും, ചിലപ്പോള്‍ വാരണാസിയിലും പോയേക്കാം - ചിരിച്ചുകൊണ്ട് മമത പറഞ്ഞു. ഇടതുപക്ഷം തനിക്കൊരു വെല്ലവിളിയേ അല്ല എന്ന് പറയാനായി അവരെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ് മമത.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ ജനലക്ഷങ്ങള്‍ നിരന്ന മഹാറാലി ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നു എന്ന് പറയാന്‍ കഴിയില്ല. തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കണ്ട എന്നും തങ്ങളുടെ രണ്ട് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുത് എന്ന് സിപിഎം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതും സിപിഎം നേരിടുന്ന പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്. മാള്‍ഡ ജില്ല അടക്കമുള്ള പരമ്പരാഗത ശക്തി കേന്ദ്രങ്ങളും നിലവിലെ നാല് സീറ്റുകളും നിലനിര്‍ത്താനുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ പോലും സാധിക്കാന്‍ കഴിയാത്ത വിധമുള്ള അക്രമങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിട്ടത് എന്ന ആരോപണമുയര്‍ന്നു.

അതേസമയം മമതയുടെ 40 സ്ത്രീസംവരണം തട്ടിപ്പാണ് എന്നാണ് മമത 2011ല്‍ അധികാരത്തിലെത്തിയ സംസ്ഥാനത്ത് കൊല്ലപ്പെട്ട സിപിഎം വനിത പ്രവര്‍ത്തകരുടേയും അതിക്രണങ്ങള്‍ക്കിരയായ സ്ത്രീകളുടേയും എണ്ണം ചൂണ്ടിക്കാട്ടി വാദിക്കുന്നത്. ബിജെപിയേയും തൃണമൂലിനേയും പരാജയപ്പെടുത്തൂ എന്നാണ് സിപിഎമ്മിന്റെ മുദ്രാവാക്യം. സിപിഎമ്മിന്റെ ജാഥകളിലും റാലികളിലും പൊതുയോഗങ്ങളിലും എക്കാലത്തേയും പോലെ വലിയ ജനപങ്കാളിത്തമുണ്ട് ഇപ്പോളും ബംഗാളില്‍. എന്നാല്‍ ഇത് വോട്ടായി മാറുന്നില്ല. തകര്‍ന്ന സംഘടനയെ പുരുജ്ജീവിപ്പിക്കുകയെന്ന ആദ്യ ലക്ഷം നേടിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവകാശപ്പെട്ടിരുന്നു. റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ രണ്ട് മണ്ഡലങ്ങള്‍ തന്നെ നിലനിര്‍ത്താന്‍ ജീവന്മരണ പോരാട്ടം നടത്തുകയാണ് സിപിഎം. കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കും. ഇത് ദീദിയും മോദിയും തമ്മിലുള്ള പോരാട്ടമാണ് എന്ന വിലയിരുത്തല്‍ ശരിവയ്ക്കുന്നതാകുമോ മേയ് 23ന് ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2014ലെ കക്ഷി നില

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് - 34

കോണ്‍ഗ്രസ് - 4

സിപിഐഎം (ഇടതുമുന്നണി) - 2

ബിജെപി - 2

2019ലെ ആകെ വോട്ടര്‍മാര്‍

6,97,60,868

2019ലെ ബംഗാളിലെ ലോക് സഭ തിരഞ്ഞെടുപ്പ് ഇങ്ങനെ

ആദ്യ ഘട്ടം - കൂച്ച്ബിഹാര്‍, ആലിപ്പൂര്‍ ദുവാര്‍സ് - ഏപ്രില്‍ 11

രണ്ടാം ഘട്ടം - ജല്‍പായ്ഗുഡി, ഡാര്‍ജിലിംഗ്, റായ്ഗഞ്ച് - ഏപ്രില്‍ 18

മൂന്നാം ഘട്ടം - ബാലൂര്‍ഘട്ട്, മാള്‍ഡ ഉത്തര്‍, മാള്‍ഡ ദക്ഷിണ്‍, ജംഗിപൂര്‍, മുര്‍ഷിദാബാദ് - ഏപ്രില്‍ 23

നാലാം ഘട്ടം - ബഹറാംപൂര്‍, കൃഷ്ണനഗര്‍, റാണാഘട്ട്, ബര്‍ധമാന്‍ പൂര്‍ബ, ബര്‍ധമാന്‍ ദുര്‍ഗാപൂര്‍, അസന്‍സോള്‍, ബോല്‍പൂര്‍, ബിര്‍ഭൂം - ഏപ്രില്‍ 29

അഞ്ചാം ഘട്ടം - ബാന്‍ഗാവ്, ബാരക്പൂര്‍, ഹൗറ, ഉലുബേരിയ, ശ്രീരാംപൂര്‍, ഹുഗ്ലി, ആരംബാഗ് - മേയ് 6

ആറാം ഘട്ടം - താംലുക്, കാന്തി, ഘട്ടല്‍, ഝാര്‍ഗ്രാം, മേദിനിപൂര്‍, പുരുളിയ, ബാങ്കുറ, ബിഷ്ണുപൂര്‍ - മേയ് 12.

ഏഴാം ഘട്ടം - ഡം ഡം, ബരാസത്, ബാസിര്‍ഹാട്, ജയ്‌നഗര്‍, മഥൂര്‍പൂര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പൂര്‍, കൊല്‍ക്കത്ത ദക്ഷിണ്‍, കൊല്‍ക്കത്ത ഉത്തര്‍.


Next Story

Related Stories