Top

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ത്ത സംഭവം; ബംഗാളില്‍ ബിജെപി വലിയ വില കൊടുക്കേണ്ടി വരുമോ?

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ത്ത സംഭവം; ബംഗാളില്‍ ബിജെപി വലിയ വില കൊടുക്കേണ്ടി വരുമോ?
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് നാല് ദിവസം മാത്രമുള്ളപ്പോള്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം വ്യാപക അക്രമങ്ങളിലേയ്ക്ക്. ബംഗാളി നവോത്ഥാന നായകരില്‍ ഒരാളായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവം ബിജെപിക്കെതിരെ വലിയ രാഷ്ട്രീയ പ്രചരണായുധമാക്കി മാറ്റിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിന്റെ ആത്മാഭിമാനത്തെ ബിജെപി ആക്രമിക്കുന്നു എന്ന പ്രചാരമാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂലും നടത്തുന്നത്. ബംഗാളി സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ ഏറ്റെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായേക്കും.

അടിത്തട്ടില്‍ സംസ്ഥാന വ്യാപകമായി ബിജെപി മുന്നേറ്റമുണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് മമതയുടെ നീക്കങ്ങള്‍. ബിജെപിയേയും മോദിയേയും അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറാണെന്നുമാണ് തൃണമൂല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുലും മമതയും വാക്‌പോരിലേര്‍പ്പെട്ടിരുന്നു. അതിനിടെയാണ് ബിജെപിയുമായുള്ള സംഘര്‍ഷം ശക്തമായിരിക്കുന്നത്. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിധാന്‍ സരണിയിലുള്ള വിദ്യാസാഗര്‍ കോളേജിലെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. അമിത് ഷായുടെ റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ തൃണമൂലുകാരുമായി ഏറ്റുമുട്ടിയിരുന്നു. കോളേജിലെത്തിയ മമത ബാനര്‍ജി പ്രതിമയുടെ ഭാഗങ്ങള്‍ കയ്യിലെടുത്തു. അവരെ ഞങ്ങള്‍ വെറുതെ വിടില്ല. അവര്‍ക്കുള്ള മറുപടി വോട്ടിലൂടെ ജനങ്ങള്‍ നല്‍കും - മമത പറഞ്ഞു. ഈ കാമ്പസിന്റെ പാരമ്പര്യമെന്തെന്ന് അമിത് ഷായ്ക്ക് അറിയാമോ? ആരൊക്കെയാണ് ഇവിടെ പഠിച്ചത് എന്ന് അയാള്‍ക്കറിയാമോ? അയാള്‍ ലജ്ജിക്കേണ്ട കാര്യമാണിത്. പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി.

എനിക്ക് ഈ സംഭവത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ഈ ബിജെപി ഗുണ്ടകള്‍ കാരണം നമ്മള്‍ ബംഗാളികള്‍ക്ക് ഈശ്വര്‍ചന്ദ്രയെ ബഹുമാനിക്കാന്‍ അറിയില്ല എന്ന് വന്നിരിക്കുന്നു. ഞാന്‍ ഇതില്‍ ലജ്ജിക്കുന്നു. ഇവരാണോ രാജ്യത്തെ നയിക്കാന്‍ പോകുന്നത്. ബംഗാളിന്റെ സാംസ്‌കാരിക, നവോത്ഥാന നായകരെ ബഹുമാനിക്കാന്‍ അറിയാത്ത ഇവരെയാണോ നമ്മള്‍ നേതൃത്വം ഏല്‍പ്പിക്കേണ്ടത് - മമത ചോദിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ചിത്രം ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റേതാക്കി മമത മാറ്റി.

മറുവശത്ത് ബംഗാളിന് ഒട്ടും അപരിചിതമല്ലാത്ത ജയ് ശ്രീരാം മുദ്രാവാക്യങ്ങള്‍ മോദിയും അമിത് ഷായും മുന്നോട്ടുവച്ചു. ഇത് വളരെ ആക്രമണോത്സുകമായി കുത്തിവയ്ക്കാനുള്ള ശ്രമത്തോട് ബംഗാളികള്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യമുണ്ട്. മമതയാണെങ്കില്‍ ബിജെപി ബംഗാളി വിരുദ്ധരാണ് എന്ന് പറഞ്ഞ് പ്രതിഷേധം ആളിക്കത്തിക്കുന്നു. മോദിയും അമിത് ഷായും ഗുണ്ടകളാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും മറ്റും ഗുണ്ടകളെ ഇറക്കിയിരിക്കുകയാണ് ബിജെപിയെവന്നും മമത പറയുന്നു. ബംഗാളിലെ തകര്‍ക്കാന്‍ നോക്കുന്ന ഇവരെ ഞാന്‍ വെറുതെ വിടില്ല. ഞാന്‍ പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നയാളാണ്. ഞാന്‍ വിചാരിച്ചാല്‍ ഡല്‍ഹിയിലെ നിങ്ങളുടെ വീടും പാര്‍ട്ടി ഓഫീസും പിടിച്ചെടുക്കാന്‍ കഴിയും - മമത പറഞ്ഞു. അതേസമയം മമത പ്രതിമ തകര്‍ത്ത സംഭവം തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കലാപമഴിച്ചുവിടുന്ന മമതയ്ക്ക് പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തണം എന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തകര്‍ തൃണമൂലിനെതിരെ ബിജെപിയെ സഹായിക്കുന്നു എന്ന മാധ്യമവാര്‍ത്തകള്‍ ശരിവയ്ക്കുന്നതായിരുന്നു മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ പ്രതികരണം. സിപിഎം സംസ്ഥാന നേതൃത്വം ഇത് തള്ളിക്കളഞ്ഞെങ്കില്‍ പ്രാദേശക തലത്തില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ടാക്കുന്നതാണ് ബിജെപിയുടെ മുന്നേറ്റം. രാമനവമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. വിഭജന കാലത്തിന് ശേഷം ബംഗാളിനെ വീണ്ടും വര്‍ഗീയ സംഘര്‍ഷങ്ങളിലേയ്ക്ക് കൊണ്ടുപോകാന്‍ സംഘപരിവാറിന് കഴിഞ്ഞിരുന്നു. ശക്തമായ വര്‍ഗീയ ധ്രുവീകരണം ബിജെപിക്ക് നേട്ടമാകുമെന്ന ആശങ്ക ഇതര കക്ഷികള്‍ക്കെല്ലാമുണ്ട്.

ശാന്തിവനം സ്വഭാവിക വനമല്ല, പദ്ധതി വൈകിപ്പിച്ച് സാമ്പത്തിക ഭാരം കൂട്ടുന്നു; ഹൈക്കോടതിയില്‍ കെഎസ്ഇബി

Next Story

Related Stories