Top

മറാത്തകള്‍ ആക്രോശിച്ചു, 'മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല'; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

മറാത്തകള്‍ ആക്രോശിച്ചു,
പൂനെയില്‍ പേഷ്വാകളുടെ നേതൃത്വത്തിലുള്ള മറാത്താ സാമ്രാജ്യത്തോട് പോരാടി ജയിച്ച ദളിത് സൈനികരുടെ ഓര്‍മ്മ പുതുക്കുന്ന ആഘോഷത്തിനിടെ ജനുവരി ഒന്നിന് ദളിതരെ മറാത്ത സമുദായക്കാര്‍ ആക്രമിച്ചു. അക്രമത്തില്‍ ഒരാള്‍ മരിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുയരുകയും ദളിതരുടെ പ്രതിഷേധം പൂനെയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. മറാത്ത സമുദായക്കാരുടേയും സംഘപരിവാറുകാരുടേയും അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മഹാരാഷ്ട്ര ബന്ദ് നടത്തുകയും ചെയ്തു. പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്ത ബന്ദിന് ഇരുന്നൂറ്റമ്പതോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി. ഇപ്പോഴും മഹാരാഷ്ട്രയില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. ദളിതരുടെ വിജയാഘോഷ പരിപാടിയിലും ഇന്നലെ നടന്ന പ്രതിഷേധ റാലിയിലും പങ്കെടുത്ത കേരളത്തിലെ ദളിത് ആക്ടിവിസ്റ്റും അംബേദ്കറൈറ്റുമായ
കെ.അംബുജാക്ഷന്‍
അനുഭവങ്ങള്‍ പങ്കുവക്കുന്നു.


മുപ്പത്തിയൊന്നാം തീയതി വൈകിട്ട് മുതല്‍ അവിടേക്ക് ജനങ്ങളുടെ പ്രവാഹം തുടങ്ങിയിരുന്നു. ഇപ്രാവശ്യമുള്ള പ്രത്യേകത വിജയത്തിന്റെ 200-ാം വാര്‍ഷികമായിരുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടക്കം ഒഴുകിയെത്തിക്കൊണ്ടിരുന്നു. പൂനെയില്‍ നിന്ന് 30 കിലോമീറ്റര്‍ ഉണ്ടെങ്കില്‍ പോലും കാല്‍നടയായി വരുന്നവര്‍ പോലുമുണ്ട്. ഒന്നാം തീയതി രാവിലെ ആയപ്പോഴേക്കും ജനം ആയിരങ്ങളായി പതിനായിരങ്ങളായി. രാവിലെ പത്തുമണിയായപ്പോഴേക്കും അവിടെ മുഴുവന്‍ വാഹനങ്ങളും ജനങ്ങളും നിറഞ്ഞ ഒരവസ്ഥയായി. പതിനൊന്ന് മണിയായപ്പോഴേക്കും പൂന മുതല്‍ കൊറിഗാവ് വരെയുള്ള വഴി മുഴുവന്‍ തിങ്ങിനിറഞ്ഞ് വാഹനങ്ങള്‍ക്ക് പോലും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയായിരുന്നു. അങ്ങനെ ജനം പോയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ചില അക്രമങ്ങള്‍ ഉണ്ടാവുന്നത്.

കാവി വസ്ത്രം ധരിച്ച്, കയ്യില്‍ ആര്‍എസ്എസിന്റെ തൃകോണ കൊടിയോട് സമാനമായ കാവിക്കൊടികള്‍ ഏന്തിയ നൂറ് പേരോളം അടങ്ങുന്ന ഒരു സംഘം ജനക്കൂട്ടത്തിനിടയിലേക്ക് ചാടിവീഴുകയായിരുന്നു. അട്ടഹാസമുണ്ടാക്കുന്നതിനിടെ പെട്രോള്‍ ബോംബുകളും എറിയുന്നുണ്ടായിരുന്നു. വടിവാളുകളുള്‍പ്പെടെ കൂര്‍ത്ത ആയുധങ്ങള്‍ അക്രമികളുടെ കയ്യിലുണ്ടായിരുന്നു. നേരത്തെ സജ്ജീകരിച്ച് വച്ചിരിക്കുന്നത് പോലെ വലിയ കൂര്‍ത്ത കല്ലുകള്‍ സഞ്ചിയില്‍ തൂക്കിയാണ് പലരും വന്നിരുന്നത്. ആളുകളുടെ നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞ് ഭീതിയുണ്ടാക്കിയതിന് ശേഷം അക്രമികള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. 'വിജയം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല, യുദ്ധം ചെയ്യുന്നത് ക്ഷത്രിയരുടെ ധര്‍മ്മമാണ്. മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല. നിങ്ങളെ യുദ്ധവിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയുമില്ല' അത്തരത്തില്‍ ധിക്കാരപരമായുള്ള തരത്തിലാണ് മുദ്രാവാക്യമുയര്‍ന്നത്.

നൂറ്റമ്പതോളം വാഹനങ്ങള്‍ അവര്‍ അടിച്ചുനശിപ്പിച്ചു. കുറേ വാഹനങ്ങള്‍ക്ക് തീയിട്ടു. പലസ്ഥലങ്ങളിലായി ഏഴ് പ്രാവശ്യം ആക്രമണമുണ്ടായി. ഭീമ-കോറേഗാവിലേക്ക് എത്തുന്നതിന് മുമ്പ് അഹമ്മദാബാദിലേക്കുള്ള ഒരു ഹൈവേ ഉണ്ട്. ആ ഭാഗങ്ങളിലാണ് മറാത്ത ഗ്രാമങ്ങളുള്ളത്. ആ പ്രദേശങ്ങളില്‍ നിന്നാണ് അവര്‍ അക്രമിക്കാന്‍ വേണ്ടി തയ്യാറെടുത്തത്. ആസൂത്രിതമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു കാര്യം പറയാം. അക്രമം നടത്താന്‍ അവര്‍ തിരഞ്ഞെടുത്ത, ദളിതുകള്‍ നടന്നുപോയ വഴിയുടെ സമീപത്തുള്ള വയലുകളിലും റോഡരികിലും ചാക്കുകള്‍ അടുക്കി വച്ചിരിക്കുന്നത് നേരത്തെ തന്നെ കാണാമായിരുന്നു. അത് ടിവിചാനല്‍ ദൃശ്യങ്ങളിലടക്കം വ്യക്തമായി കാണിച്ചിട്ടുണ്ട്. കല്ലുകള്‍ ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അവിടെ കൊണ്ടുവന്നു വച്ചു എന്ന് വേണം മനസ്സിലാക്കാന്‍.

http://www.azhimukham.com/india-two-men-ignated-mumbai-riots/

ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണെന്നും, അവശ്യം വേണ്ട മെഡിക്കല്‍ എയ്ഡും ഗതാഗത സംവിധാനവും വേണമെന്നും മറാത്തകളില്‍ നിന്നും ഭീഷണിയുള്ള സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും ജില്ലാ അധികാരികളോട് സംഘാടക സമിതി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഉത്തരവാദിത്തപ്പെട്ടവരെ നേരത്തെ അറിയിച്ചിട്ടുള്ളതും പോലീസിന് അറിയാവുന്നതുമാണ്. രണ്ട് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് പരിപാടിയുടെ ഒരുക്കം നടക്കുമ്പോള്‍ തന്നെ, ആര്‍എസ്എസ് പക്ഷപാതികളായ മറാത്ത ജാതിസംഘടനകള്‍ പരിപാടി നടത്താന്‍ പാടില്ലെന്നും, നടത്താന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചും തങ്ങള്‍ ദളിതുകളുടെ വിജയാഘോഷത്തെ തടയുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് ദളിതുകള്‍ അവിടേക്ക് വരരുതെന്ന ആഹ്വാനവും അവര്‍ നടത്തിയിരുന്നു. അതിനെതിരെ നടപടിയെടുക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവിടെ കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ആംബുലന്‍സ് സംവിധാനങ്ങള്‍, ഫയര്‍ഫോഴ്‌സ് യൂണിറ്റ് തുടങ്ങി ഒരു ക്രമീകരണവും നടത്തിയില്ല. നമ്മുടെ നാട്ടില്‍ കുംഭമേളക്ക് സന്യാസിമാര്‍ കൂടിന്നിടത്ത് എ ക്ലാസ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോലും സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങളും ട്രാഫിക് ക്രമീകരണങ്ങളും നടത്തുന്നത് കാണാം. പത്ത് ലക്ഷം ദളിതുകള്‍ ഒന്നിച്ചുകൂടുന്ന ഒരു സ്ഥലത്ത് സുരക്ഷ നല്‍കുക എന്നതും അവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ? പൗരന്‍മാരല്ലേ അവിടെ വരുന്നതും?

http://www.azhimukham.com/dalit-question-and-indian-caste-structure-epw/

ഇനി പോലീസിന്റെ കാര്യം, പോലീസിന്റെ കണ്‍വെട്ടത്താണ് കല്ലേറും അക്രമവും നടന്നത്. എന്നാല്‍ ഒരു പോലീസുകാരന്‍ പോലും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ഒന്നും ചെയ്തില്ല. ഒരു ലാത്തിച്ചാര്‍ജോ ഒന്നുമുണ്ടായില്ല. പോലീസുകാര്‍ അനങ്ങാതെയിരിക്കുകയായിരുന്നു. അക്രമം തടയണമെന്നും തങ്ങളെ രക്ഷിക്കണമെന്നും സ്ത്രീകളുള്‍പ്പെടെ ഒരുപാട് പേര്‍ പോലീസിനോട് ചെന്ന് അപേക്ഷിച്ചു. പക്ഷെ പരാതി പറയാന്‍ ചെന്നവരെപ്പോലും ആട്ടിയോടിക്കുകയായിരുന്നു. ഇന്നലെ പൂനെയിലും ചെമ്പൂരിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധവുമായി ദളിതര്‍ തെരുവിലിറങ്ങി. എത്ര സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് തോക്കുചൂണ്ടി, ലാത്തിചാര്‍ജ് ഉണ്ടായി. കൊലപാതകം നടത്തുകയും അക്രമിക്കാന്‍ വരികയും ചെയ്ത മറാത്തകളോട് മൗനം പാലിച്ച് പിന്തുണകൊടുക്കുകയും, അതില്‍ പ്രതിഷേധിക്കുന്നവന് നേരെ തോക്ക് ചൂണ്ടുകയും ചെയ്യുന്നു. പോലീസ് ഏതെങ്കിലും തരത്തില്‍ മറാത്തകളോട് പ്രതികരിക്കേണ്ടതില്ലെന്ന ബിജെപി നിലപാട് അവര്‍ അനുസരിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. വേണ്ടത്ര പോലീസ് സുരക്ഷയൊരുക്കാതിരുന്നതും, വീണ്ടും വീണ്ടും അക്രമങ്ങള്‍ ഉണ്ടായിട്ടും പ്രതികരിക്കാതിരുന്നതും പോലീസ്-സംഘപരിവാര്‍-മറാത്ത ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

http://www.azhimukham.com/sangh-parivar-attacks-muslim-community-fear-democracy-mohammed-irshad/

മറാത്തജാതിയിലുള്ളവരാണ് ആ പ്രദേശത്ത് കടകള്‍ എല്ലാം നടത്തുന്നത്. ഇരുപതോളം കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ ഇരുവശത്തുമുള്ള കടകളെല്ലാം അടച്ചിട്ടിരുന്നു അതിന് സംഘപരിവാറിന്റെ താക്കീതുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ യാത്ര ചെയ്ത് വരുന്ന സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമാക്കാതെ എല്ലാ കടകളും അടച്ചിടുകയായിരുന്നു. സമൂഹ്യ ബഹിഷ്‌കരണമാണ് അവിടെ യഥാര്‍ഥത്തില്‍ നടന്നത്. ഒരു ഉത്സവത്തിനും ആഘോഷത്തിനും ഇത്രയും വലിയ ഒരു സാമൂഹ്യ ബഹിഷ്‌കരണം ഇന്ത്യുടെ ചരിത്രത്തില്‍ ഒരുപക്ഷേ നേരിട്ടിട്ടുണ്ടാവുകയില്ല. ആ സാമൂഹ്യ ബഹിഷ്‌കരണം ഒരര്‍ഥത്തില്‍ വിജയിച്ചു. ഞാനടക്കമുള്ള പലരും പത്ത് കിലേമീറ്ററിലധികം വെള്ളം പോലും ഇല്ലാതെ നടന്നു. പാവപ്പെട്ട ഗ്രാമങ്ങളില്‍ വരുന്നവര്‍ അക്രമത്തിന് ശേഷം ഭീതിയിലും പരിഭ്രാന്തിയിലുമായി. ഐക്യത്തിന്റേയും, ദളിത് സ്വത്വബോധത്തിന്റെയും, ചരിത്രത്തോടുള്ള സ്മരണയുടെയുമെല്ലാം പേരില്‍ ആവേശത്തോടെ വരുന്ന ഒരു ശാക്തീകരണ മുന്നേറ്റത്തെ അക്കാരണങ്ങള്‍ കൊണ്ട് തന്നെ ക്രൂരമായ ശിക്ഷിക്കുന്നതാണ് അവിടെ കണ്ടത്.

http://www.azhimukham.com/maratha-protest-silent-march-against-rape-murder-sc-st-law-bjp-congress-ncp-stand/

ഇന്നലെ മുംബൈയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായുള്ള റാലിയാണ് നടന്നത്. സ്വാഭാവികമായും ജനക്കൂട്ടം വന്നുകഴിയുമ്പോള്‍ ശക്തിപ്രകടനത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം. പ്രധാനപ്പെട്ട കാര്യം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനല്ല മഹാരാഷ്ട്രയില്‍ പോലീസ് ശ്രമിച്ചത്. പകരം ഒരു കാരണവശാലും ബന്ദും ശക്തിപ്രകടനവും വിജയിക്കാതിരിക്കാനുള്ള നീക്കങ്ങളായിരുന്നു. പ്രകടനമായി വരുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ പോലീസ് വന്നിട്ട് അത് പിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടന്നത്. അതിനായി ബലം പ്രയോഗിക്കുക, വിരട്ടിയോടിക്കുക തുടങ്ങിയ പോലീസ് നടപടികള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ആളുകള്‍ സംഘം ചേര്‍ന്ന് വരുന്ന സമയത്ത് തന്നെ അവരെ അറസ്റ്റ് ചെയ്യുകയും ലാത്തിചാര്‍ജ് നടത്തി ആളുകളെ പരിഭ്രാന്തിയിലാക്കി ചിതറിയോടിക്കാനും ശ്രമിക്കുകയും ചെയ്ത പോലീസാണ് സംഘര്‍ഷം ഇളക്കിവിട്ടത്. ദളിതുകള്‍ സംഘര്‍ഷമുണ്ടാക്കാനല്ല വന്നത്, പ്രതിഷേധിക്കാനാണ്. റാലിക്ക് വരാനിരുന്ന സംഘങ്ങളെ പോലീസ് ആക്രമിക്കുകയും ചെയ്തു. പക്ഷെ എന്നിട്ടും അസാധാരണമായ ജനപ്രവാഹമുണ്ടായി. സ്ത്രീകളുള്‍പ്പെടെ ഈ അക്രമങ്ങളൊന്നും വകവക്കാതെ റാലിയില്‍ പങ്കുചേര്‍ന്നു. ജനത വലിയ തോതില്‍ അപമാനിക്കപ്പെടുകയും, അരക്ഷിതാവസ്ഥയുണ്ടാവുകയും ചെയ്തു എന്നതാണ് ഇന്നത്തെ റാലിയിലെ അംഗസംഖ്യ തെളിയിക്കുന്നത്. ചരിത്രപരമായ വലിയൊരു കാര്യത്തെ ഇത്ര മോശപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തതിലുള്ള രോഷത്തിലാണ് അവിടെയുള്ള ദളിതര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളില്‍ അക്രമം നടന്നിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ജില്ലാ പോലീസ് മേധാവിയോട് നേരിട്ട് ചോദിച്ചപ്പോള്‍ മറാത്തകളെ പ്രകോപിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അതായത്, മറാത്തകളെ പ്രകോപിപ്പിക്കരുതെന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതേസമയം ദളിതരെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ആശങ്കയുമില്ല. നിയമ പരിപാലനം നടന്നാല്‍ അത് മറാത്തകളെ പ്രകോപിതരാക്കും എന്നാണ് വരുന്നത്. അവര്‍ക്ക് വേണ്ടി ലോആന്‍ഡ് ഓര്‍ഡറിനെ നിഷ്‌ക്രിയമാക്കി നിര്‍ത്തി എന്നുവേണം പറയാന്‍. പിന്നെ, ദളിതര്‍ അക്രമമുണ്ടാക്കി എന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദളിതര്‍ അക്രമവും സംഘര്‍ഷവുമുണ്ടാക്കിയിരുന്നെങ്കില്‍ ഈ രാജ്യത്ത് എന്തെല്ലാം സംഭവിക്കുമായിരുന്നു. എത്ര പ്രശ്‌നങ്ങളുണ്ടായാലും അക്രമരഹിത സമരങ്ങളുമായി മുന്നോട്ട് പോവുന്ന സ്വഭാവമാണ് ദളിതര്‍ക്കുള്ളത്. അങ്ങനെയുള്ള ദളിതരെ കൈകാര്യം ചെയ്യാനായി മഹാരാഷ്ട്ര മുഴുവന്‍ പോലീസിനെക്കൊണ്ട് നിറച്ചിരിക്കുകയാണ്. അക്രമം നടത്തിയവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തവര്‍, പ്രതിഷേധ റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തി സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഭീഷണിയായിരുന്നു ഇന്നലെ ദളിതുകള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ആ ഭീഷണിയിലൊന്നും ദളിതരുടെ ശക്തി ചോര്‍ന്നുപോയില്ല എന്ന് തെളിയിക്കുന്നതാണ് പ്രകടനത്തിലെ ജനപങ്കാളിത്തം.

http://www.azhimukham.com/shivaji-statue-mumbai-controversy-politics/

പക്ഷെ ഇത്തരത്തിലൊരു ജാതിബോധം പെട്ടെന്ന് രൂപപ്പെട്ട് വന്നതല്ല. മഹാരാഷ്ട്രയെ സംബന്ധിച്ച് ബുദ്ധിസ്റ്റ് മൂവ്‌മെന്റ് ശക്തമാണ്. ഗ്രാമങ്ങളിലൊക്കെ ഭിക്ഷുക്കളും സാമൂഹ്യപ്രവര്‍ത്തകരും നന്നായി വര്‍ക് ചെയ്യുന്നുണ്ട്. പ്രകടമായ രാഷ്ട്രീയ പ്രകടനമായി അത് വരുന്നില്ലെങ്കിലും വളരെ നിശബ്ദമായ ബോധവല്‍ക്കരണ പരിപാടികളും ആ നിലക്കുള്ള സ്വത്വബോധത്തിന്റെ ഉണര്‍വും അവിടെ ഉണ്ടാവുന്നുണ്ട്. അതിന്റെ ഫലമാണ് ഇത്തരത്തിലൊരു സാഹചര്യം വന്നപ്പോള്‍ പ്രതികരിക്കാനുള്ള അവബോധത്തിലേക്ക് അവര്‍ എത്തിയത്. അത്തരത്തില്‍ ബുദ്ധിസ്റ്റ്-അംബേദ്കറൈറ്റ് അവബോധവും ആ നിലക്കുള്ള മുന്നേറ്റവും വളരെ നിശബ്ദമായി മഹാരാഷ്ട്രയില്‍ വളരെക്കാലമായി നടന്നുവരുന്നു. രോഹിത് വെമുലയുടെ മരണത്തിന് ശേഷം, ജിഗ്നേഷ് മേവാനിയെപ്പോലുള്ളവരുടെ ഉയിര്‍പ്പുകള്‍ക്ക് ശേഷവും തങ്ങള്‍ക്ക അവകാശപ്പെട്ടതെല്ലാം ലഭിക്കാതിരിക്കുകയോ, ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണെന്ന ഒരു രാഷ്ട്രീയ അവബോധം ദളിതര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഒരു സംഭവമുണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരു ജനക്കൂട്ടം തയ്യാറായി വന്നത്. ഡോ.അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്നു എന്നത് മഹാരാഷ്ട്രയിലെ ദളിതരെ കുറേക്കൂടി ശക്തരാക്കിയിട്ടുണ്ട്.

http://www.azhimukham.com/dalits-beaten-by-hindu-outfits-in-gujarat-protest-mounting/


Next Story

Related Stories