Top

'അന്തിമ യുദ്ധ'ത്തെ കുറിച്ചുതന്നെയാണ് മോദി സര്‍ക്കാര്‍ സംസാരിക്കുന്നതെങ്കില്‍, ഈ താഴ്വരയില്‍ നിരവധിപേര്‍ ഇനിയും മരിച്ചുവീഴും

ഞായറാഴ്ച്ച കാശ്മീരില്‍ സംഭവിച്ചതെന്താണെന്നറിയാമോ?

സുരക്ഷാ സൈനികരും പ്രതിഷേധക്കാരായ ആള്‍ക്കൂട്ടങ്ങളും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ കാശ്മീരില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 5 പേര്‍ തീവ്രവാദികളായിരുന്നു. 130-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ ബാദിഗാം ഗ്രാമത്തില്‍ അഞ്ചു തീവ്രവാദികളെ സൈന്യം വധിച്ച വാര്‍ത്തയിലാണ് ഞായറാഴ്ച്ച തുടങ്ങിയത്.

ഒരാഴ്ച്ച നീണ്ട സംഘര്‍ഷങ്ങളില്‍ അവസാനത്തേതായിരുന്നു ഞായറാഴ്ച്ച കണ്ടത്. ഈ സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്കു പരിക്കേറ്റു. സംഘര്‍ഷങ്ങള്‍ അവസാനിക്കാതെ തുടരുന്നതിനിടയില്‍ ചൊവ്വാഴ്ച്ച ചെന്നൈയില്‍ നിന്നുള്ള 22-കാരനായ വിനോദസഞ്ചാരി ആര്‍. തിരുമണി കല്ലേറില്‍ കൊല്ലപ്പെട്ടു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് ഗ്രാമം വളഞ്ഞുള്ള തെരച്ചില്‍ തുടങ്ങിയതോടെയാണ് ഞായറാഴ്ച്ച വെടിവെപ്പും സംഘര്‍ഷവും തുടങ്ങിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ സദ്ദാം പാഡര്‍, കാശ്മീര്‍ സര്‍വകലാശാല അദ്ധ്യാപകന്‍ മൊഹമ്മദ് റാഫി ഭട് എന്നിവരടക്കം അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കനത്തതോടെ സുരക്ഷാ സേന കൂടുതല്‍ സേനയെ എത്തിച്ചു. ആള്‍ക്കൂട്ടം പ്രതിഷേധവുമായി കൂടാന്‍ തുടങ്ങി.

നൂറുകണക്കിനു യുവാക്കള്‍ തെരുവിലിറങ്ങി സുരക്ഷാസേനയ്ക്കെതിരെ കല്ലെറിയാന്‍ തുടങ്ങി. കണ്ണീര്‍ വാതക ഷെല്ലുകളും ലോഹച്ചീള്‍ തോക്കും ഉപയോഗിച്ച് സൈന്യം തിരിച്ചടിച്ചു. തങ്ങളുടെ ശ്രദ്ധ തിരിച്ചു തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കലാണ് ആള്‍ക്കൂട്ടത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ സേന കരുതുന്നു.

നിര്‍ഭാഗ്യവശാല്‍ ഞായാറാഴ്ച താഴ്വരയിലെ ഒരു അസാധാരണ ദിവസമായിരുന്നില്ല. അത് അടുത്ത കാലത്തെ സംഘര്‍ഷങ്ങളിലെ ഒരു പുതിയ രീതിയാണ്. ദിവസേനയുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ സുരക്ഷാ സൈനികരും, സാധാരണക്കാരും, തീവ്രവാദികളും അടക്കമുള്ള നിരവധി പേര്‍ കൊല്ലപ്പെടുന്നു. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനം ഇതിനെ മിക്കവാറും അവഗണിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ കാശ്മീരിലെ സംഘര്‍ഷങ്ങളില്‍ കുറഞ്ഞത് 24 പേരോളം കൊല്ലപ്പെട്ടു.

ഔദ്യോഗിക കണക്കനുസരിച്ച് 1990 മുതല്‍ എല്ലാ കൊല്ലവും കുറച്ചു ആയിരം പേരുടെ ജീവനെടുക്കുന്ന സംഘര്‍ഷം 2007-08ല്‍ താഴേക്കു പോരാന്‍ തുടങ്ങി; 2012-ല്‍ അതേറ്റവും താഴ്ന്നു ഒരു വര്‍ഷം 117 മരണം എന്ന നിലയിലെത്തി. എന്നാല്‍ 2013 മുതല്‍ അത് വീണ്ടും പഴയ രീതിയിലേക്ക് മടങ്ങാന്‍ തുടങ്ങി. 2016-ല്‍ തീവ്രവാദി ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനെ തുടര്‍ന്ന് പുതിയ വട്ടം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും നാട്ടുകാരായ നിരവധി യുവാക്കള്‍ തീവ്രവാദികള്‍ക്കൊപ്പം ചേരുകയും ചെയ്തു. 2017-ല്‍ താഴ്വരയില്‍ കൊല്ലപ്പെട്ടത് 358 പേരാണ്.

സംഘര്‍ഷത്തിനൊപ്പം സുരക്ഷാ സേനകള്‍ നേരിടുന്ന വെല്ലുവിളികളും കൂടുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കാശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. താഴ്വരയിലെ ചെറുപ്പക്കാര്‍ക്കിടയിലെ അന്യവത്കരണം കൂടുകയാണ്. കാശ്മീരിലെ സംഘര്‍ഷം കൂടുന്നതിനൊപ്പം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ വ്യാപിക്കുന്ന വലതുപക്ഷ സ്വാധീനവും വര്‍ഗീയ ഭിന്നതയും ഈ പ്രവണതകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാതിരിക്കാനാകില്ല.

ഈ അക്രമങ്ങളുടെ മുന്നില്‍, ഡല്‍ഹിയിലെ സര്‍ക്കാര്‍ തണുപ്പന്‍ പ്രതികരണമാണ് കാണിക്കുന്നത്. മോദി സര്‍ക്കാര്‍ കാശ്മീരില്‍ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്നതിന് പകരം, ‘അന്തിമ യുദ്ധത്തിനെ’ കുറിച്ചാണ് സംസാരിക്കുന്നത്. ഫലം എല്ലാ ഭാഗത്തും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നു.

ഈ സാഹചര്യങ്ങളെ നേരിടുന്നതില്‍ ഭരണകൂടം എത്ര അബദ്ധം നിറഞ്ഞ സമീപനമാണ് എടുക്കുന്നത് എന്നറിയാന്‍ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഇന്ന് ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ വന്ന അഭിമുഖം നോക്കിയാല്‍ മതി. റാവത്ത് പറയുന്നു: “കാശ്മീരി യുവാക്കളോട് ഞാന്‍ പറയുന്നതു, സ്വാതന്ത്ര്യം സാധ്യമാകില്ല എന്നാണ്. അത് നടക്കില്ല. വെറുതെ ആവേശം കൊള്ളരുത്. എന്തിനാണ് നിങ്ങള്‍ ആയുധമെടുക്കുന്നത്? സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്കും വിഘടനവാദക്കാര്‍ക്കും എതിരെ ഞങ്ങള്‍ എപ്പോഴും പോരാടും. സ്വാതന്ത്ര്യം നടക്കാന്‍ പോകുന്നില്ല, ഒരിയ്ക്കലും.”

“ഞാന്‍ പറയുന്നത് ഇതെല്ലാം വെറുതെയാണ് എന്നാണ്, അവര്‍ക്കൊന്നും നേടാനാവില്ല. നിങ്ങള്‍ക്കി സൈന്യത്തെ നേരിടാനാവില്ല.” സൈന്യം കൊല്ലുന്നതില്‍ ആനന്ദിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു. “പക്ഷേ നിങ്ങള്‍ ഞങ്ങളുമായി പോരാടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞങ്ങള്‍ എല്ലാ ശക്തിയുമെടുത്ത് പോരാടും. കാശ്മീരികള്‍ മനസിലാക്കേണ്ട കാര്യം സൈന്യം അത്ര ക്രൂരമായല്ല പെരുമാറുന്നത് എന്നാണ്-സിറിയയിലേക്കും പാകിസ്ഥാനിലേക്കും നോക്കൂ. അവര്‍ സമാന സാഹചര്യങ്ങളില്‍ ടാങ്കുകളും സൈനിക ശക്തിയുമാണ് ഉപയോഗിക്കുന്നത്. വലിയ പ്രകോപനമുണ്ടായിട്ടും ഞങ്ങളുടെ സൈനികര്‍ സാധാരണക്കാര്‍ക്ക് അപകടം പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.”

ജനറല്‍ റാവത്ത് അംഗീകരിക്കാതെ പോകുന്നത് യഥാര്‍ത്ഥ വസ്തുതയാണ്: നിരവധി കാരണങ്ങളാല്‍, എല്ലാ വിഷയങ്ങളിലും, ബലാത്സംഗം മുതല്‍ വിമതശബ്ദങ്ങള്‍ വരെയുള്ളതില്‍, സ്വാധീനം ചെലുത്തുന്ന ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയമടക്കമുള്ളവ മൂലം, ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തിയുണ്ട്.

ഡല്‍ഹി ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചില്ലെങ്കില്‍ മനോഹരമായ ഈ താഴ്വരയില്‍ നിരവധിപേര്‍ ഇനിയും മരിച്ചുവീഴും, അത് കാശ്മീരികള്‍ മാത്രമാകില്ല.

Next Story

Related Stories