UPDATES

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

എന്‍.ഐ.എ കേസന്വേഷണവും വിവാഹം റദ്ദാക്കിയ നടപടിയും ജനുവരി രണ്ടാം വാരം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. 

വാദം തുടങ്ങിയത് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക്. ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകനായ ശ്യാം ദിവാന്‍ ഒരാവശ്യം മുന്നോട്ടു വയ്ക്കുന്നു. “തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കാനുള്ള തീരുമാനം മാറ്റണം. ആരാണ് ഹാദിയയുടെ പിന്നിലെന്ന് കണ്ടെത്തുകയാണ് വേണ്ടത്. വന്‍തോതിലുള്ള സംഘടനാപരമായ പിന്തുണ അവിടെയുണ്ടായിട്ടുണ്ട്. ചില രീതിയിലുള്ള ഇടപെടലുകള്‍, അതുകൊണ്ടു തന്നെ അക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അതൊരു അടച്ചിട്ട മുറിക്കുള്ളിലാകുന്നതാണ് നല്ലത്.”

കേരളത്തില്‍ അതിശക്തമായ സാമുദായിക വികാരം നിലനില്‍ക്കുന്നതായി ദിവാന്‍ തുടര്‍ന്നു വാദിച്ചു. ഹാദിയ തുറന്ന കോടതിയില്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ചില ഗുരുതരമായ ഭീഷണികള്‍ ഉണ്ടാക്കിയേക്കാമെന്നും ദിവാന്‍ കോടതിക്ക് മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം മാറ്റണം- ദിവാന്‍ അഭ്യര്‍ത്ഥിച്ചു.

ദിവാന്‍ തുടര്‍ന്നും തന്റെ വാദഗതികള്‍ തുടര്‍ന്നു. എങ്ങനെയാണ് വളരെ ആസൂത്രിതവും സംഘടിതവുമായി ഒരു സംഘടന ചെറുപ്പക്കാരികളെ മതം മാറ്റാന്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തില്‍ അത്തരത്തിലൊരു ശ്രമം ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ പോയി ദിവാന്റെ വാദങ്ങള്‍.

ഈ സമയത്താണ് എന്‍.ഐ.എക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, ഇത്തരമൊരു സംഘടിത ശ്രമത്തെക്കുറിച്ച് വിശാലമായ അന്വേഷണം വേണമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്. മനീന്ദര്‍ സിംഗിന്റെ അഭിപ്രായത്തില്‍, ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുന്നതു കൊണ്ട് അത്തരത്തിലൊരു സംഘടിത ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. “ഇത് മന:ശാസ്ത്രപരമാണ്. തട്ടിക്കൊണ്ടു പോകലിന്റെ, വ്യക്തിഗത സ്വതന്ത്ര്യത്തിന്റെ ഒക്കെ പ്രശ്‌നമുണ്ട്. അത് മുന്‍കൂട്ടി തയാറാക്കിയിട്ടുള്ളതാണ്, അതുപോലെ അതിന്റെ മറ്റു കാര്യങ്ങളും”- മനീന്ദര്‍ സിംഗ് വാദിച്ചു.

ഹാദിയ ഇന്ന് സേലത്തേക്ക് തിരിക്കും; യാത്ര കനത്ത പൊലിസ് സംരക്ഷണത്തില്‍

ശഫിൻ ജഹാന് തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും ഐ.എസ് പ്രവർത്തകനുമായി ഷഫിൻ ജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടുവെന്നും വാദങ്ങളുണ്ടായി. ഹാദിയയ്ക്ക് ഇസ്ലാമിക ആശയങ്ങൾ അടിച്ചേൽപിച്ചത് സൈനബയാണെന്നും
സത്യസരണി മതംമാറ്റ കേന്ദ്രമാണെന്നും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 11 കേസുകളുണ്ടെന്നും വാദം തുടര്‍ന്നു. മതപരിവർത്തനത്തിനായി ഉള്ളത് വലിയ ശൃംഖലയാണ്. ഈ സംഘടനകളുടെ സ്വാധീനത്തിലാണ് ഹാദിയയുടെ ഇപ്പോഴത്തെ നിലപാടെന്നും വാദമുണ്ടായി.

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ഈ സമയത്ത് വ്യക്തമാക്കിയത്, എതിര്‍ഭാഗം പറയുന്നത് ശരിയാണെന്ന് കണക്കു കൂട്ടിയാല്‍ തന്നെ, താന്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്നതാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം ഹാദിയ്ക്കുണ്ട് എന്നാണ്.

സാമുദായിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ദിവാന്റെ് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇത്തരത്തിലുള്ള വിഷം വമിപ്പിക്കലില്‍ തനിക്ക് വിഷമുണ്ട് എന്ന് സിബല്‍ പറഞ്ഞു. “ഇത്തരത്തിലുള്ള ഒരു വര്‍ഗീയ പരാമര്‍ശത്തിന് വേണമെങ്കില്‍ അത്തരമൊരു മറുപടി തന്നെ തരാന്‍ എനിക്ക് കഴിയും. എന്നാല്‍ അത് ഹാദിയയോട് ചെയ്യുന്നത് ആലോചിച്ചു നോക്കൂ. അവള്‍ മാതാപിതാക്കളുടെ കസ്റ്റഡിയിലാണ്. ആരോടും സമ്പര്‍ക്കമില്ലാതെ കഴിഞ്ഞ എട്ടു മാസങ്ങളായി. എന്തിനാണ് കേരളത്തെ ഈ വിധത്തില്‍ നിങ്ങള്‍ വര്‍ഗീയവത്ക്കരിക്കുന്നത്?” കപില്‍ സിബല്‍ ചോദിച്ചു.

ഹാദിയ കേസ് 10 കാര്യങ്ങള്‍

ഒരു മുതിര്‍ന്ന പൗര എന്ന നിലയില്‍ തന്നെ തന്റെ കാര്യം തീരുമാനിക്കാന്‍ ഹാദിയയ്ക്ക് അവകാശമുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ സിബല്‍, എന്‍.ഐ.എ പറയുന്നത് മുഴുവന്‍ ശാശ്വത സത്യം ആയി കണക്കാക്കേണ്ടതില്ലെന്നും പറഞ്ഞു. “എന്നെ എങ്ങനെയാണ് സ്വാധീനിക്കാന്‍ കഴിയുക, ഞാന്‍ കസ്റ്റഡിയിലായിരിക്കുമ്പോള്‍?” സിബല്‍ ചോദിച്ചു. എന്‍.ഐ.എ അന്വേഷിച്ച പല കാര്യങ്ങളിലും പിന്നീട് അവര്‍ മലക്കം മറിഞ്ഞിട്ടുണ്ടെന്നും സിബല്‍ പറഞ്ഞു.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യത്തെ നിരസിച്ചു കൊണ്ട് സിബല്‍ പറഞ്ഞത് അത് ഹാദിയയുടെ സ്വയംനിര്‍ണയത്തെ ബാധിക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നാണ്. “രാജ്യതാത്പര്യത്തിനു വേണ്ടി, ഹാദിയയെ കേള്‍ക്കുന്നത് തുറന്ന കോടതിയിലാവണം. അവര്‍ക്ക് എന്തു തീരുമാനിക്കണമെങ്കിലും തീരുമാനിക്കാം”- സിബല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ രാഷ്ട്രീയപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ സിബല്‍, ഇസ്ലാമിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് അത്തരത്തില്‍ ആരോപിതമായ കാര്യങ്ങളില്‍ തെളിവുകളുണ്ടെങ്കില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത് എന്നും വ്യക്തമാക്കി. “ഇനിയിപ്പോള്‍ വിവാഹം പോലും ഒരു തെറ്റായ തീരുമാനം ആയിരുന്നെങ്കില്‍ അവര്‍ക്ക് അതിലൂടെ കടന്നു പോകാനുള്ള അവകാശമുണ്ട്. അവിടെ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ അതും. എത്ര വിവാഹങ്ങളാണ് ശരിയാകാതെ പോയിട്ടുള്ളത്”- സിബല്‍ പറഞ്ഞു.

ഇതിനിടെ തങ്ങള്‍ കാര്യങ്ങള്‍ കേള്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുടെ സഹായം കോടതിക്ക് ആവശ്യമുണ്ടെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സിബലിനോടും ഇന്ദിരാ ജയ്‌സിംഗിനോടും പറഞ്ഞു. എന്നാല്‍ ആദ്യം ഹാദിയയെ കേള്‍ക്കുകയാണ് വേണ്ടത് എന്ന് ഇരുവരും നിലപാടെടുത്തു.

എനിക്ക് സ്വാതന്ത്ര്യം വേണം: സുപ്രീംകോടതിയില്‍ ഹാദിയ

ഇത്തരത്തിലുള്ള സ്വാധീന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി തനിക്ക് പോകണമെന്നാണ് ഒരു വ്യക്തിയെന്ന നിലയില്‍ ഹാദിയ പറയുന്നതെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. “ആദ്യം അവളോട് സംസാരിക്കൂ, അവളെ കുറിച്ചുള്ള ഒരു ധാരണയുണ്ടാക്കൂ, എന്നിട്ട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനുള്ള തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കൂ. അവര്‍ പറയുന്നത് ശരിയാണോ എന്ന് മെഡിക്കല്‍ പരിശോധന നടത്തു. ഇതൊക്കെ പറയുന്നതിന് വേണ്ടിയാണ് ഹാദിയ ഇവിടെയുള്ളത്”- സിബല്‍ കോടതിയോട് വ്യക്തമാക്കി.

ഇതിനിടെ, പ്രേരക ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതിന്റെ അപകടത്തെക്കുറിച്ച് കോടതിക്ക് ഉത്കണ്ഠയുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു; “ഞങ്ങള്‍ക്ക് ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്”. മറുപടിയായി സിബല്‍ പറഞ്ഞു, “ഞങ്ങള്‍ക്ക് ഞങ്ങളുടേതും”. ഹാദിയയെ കേള്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനാണെങ്കില്‍ എന്തിനാണ് അവരെ കേരളത്തില്‍ നിന്ന് ഇതുവരെ യാത്ര ചെയ്യിപ്പിച്ച് കൊണ്ടുവന്നതെന്നും സിബല്‍ ചോദിച്ചു.

രണ്ടു മണിക്കൂറോളം ഇത്തരത്തില്‍ വാദങ്ങള്‍ നടന്നെങ്കിലും ഹാദിയയെ കേള്‍ക്കാന്‍ തങ്ങള്‍ തയാറുണ്ടോ എന്ന് കോടതി വ്യക്തമാക്കാതായതോടെ സിബലിനും ഇന്ദിരാ ജയ്‌സിംഗിനും രോഷം വര്‍ധിച്ചു. ഹാദിയയുടെ കാര്യത്തില്‍ എന്തെങ്കിലും തിരിച്ചുവ്യത്യാസം കാണിക്കുകയാണോ അവര്‍ സ്ത്രീയായതുകൊണ്ടാണോ കേള്‍ക്കാത്തത് എന്ന് ഇന്ദിരാ ജയ്‌സിംഗ് ചോദിച്ചു. ഇത് ജസ്റ്റിസ് ചന്ദ്രചൂഡിനെ ദേഷ്യം പിടിച്ചിച്ചു. കോടതി സ്ത്രീയേയും പുരുഷനേയൂം തുല്യരായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. “ഇതിലെവിടെയാണ് നിങ്ങള്‍ ജെന്‍ഡര്‍ പ്രശ്‌നം ഉന്നയിക്കുന്നത്?” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആശ്ചര്യപ്പെട്ടു.

കേരളീയ പൊതുസമൂഹം ഇസ്ലാമോഫോബിക്കോ? ഹാദിയയില്‍ തെളിയുന്ന ‘മതേതര കേരളം’ എന്ന മിത്ത്

ഇതിനിടെ കോടതിയില്‍ ഹാജരായിരുന്ന വിവിധ കക്ഷികളുടെ അഭിഭാഷകര്‍ ഹാദിയ ഒരു ഡോക്ടറാണെന്നും അവര്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടെന്നും കോടതിയെ ഓര്‍മിപ്പിച്ചു. “അവള്‍ എന്താണ് ചിന്തിക്കുന്നത്? ഇവിടെ വിളിച്ചു വരുത്തിയിട്ട് അവള്‍ക്ക് എന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാനുള്ള കാര്യം ഇല്ല എന്നാണോ കോടതി കരുതുന്നത്?” അവര്‍ ചോദിച്ചു. “ഈ കോടതിയില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അവള്‍ക്ക് മനസിലാകുന്നുണ്ട്”, അവര്‍ പറഞ്ഞു.

എന്തൊക്കെ കാര്യങ്ങളാണ് തീരുമാനിക്കേണ്ടത് എന്നതിന്റെ വിവിധ വശങ്ങള്‍ ആരായുകയാണ് കോടതി എന്ന് ചീഫ് ജസ്റ്റിസ് ഇതിനിടെ വ്യക്തമാക്കി. ഹാദിയയ്ക്ക് ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ എന്തൊക്കെ തീരുമാനിക്കാം എന്ന കാര്യത്തില്‍ ഏതുഘട്ടം വരെ കോടതിക്ക് ഇടപെടാം എന്നതാണ് ചോദ്യമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡും വ്യക്തമാക്കി.

തുടര്‍ന്ന് ഹാദിയയുമായയി ജസ്റ്റിസ് ചന്ദ്രചൂഡ് നേരിട്ടു സംസാരിച്ചു. ഹാദിയയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാനാകാതെ വന്നതോടെ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയാണ് ഹാദിയ പറയുന്ന കാര്യങ്ങള്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാര്യങ്ങള്‍, പഠനത്തിനുള്ള താത്പര്യം, ഹോബികള്‍, ജീവിതത്തോടുള്ള കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങള്‍ ഹാദിയയില്‍ നിന്നു കേട്ടതോടെ അവരെ അവരുടെ ഇഷ്ടത്തിന് വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

ഹാദിയയും പഠിക്കട്ടെ; മലാലയെ പോലെ

തന്റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന് ഹാദിയ നിലപാട് വ്യക്തമാക്കി. തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ് വീട് വിട്ടത്. ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്നു കോടതി ആരാഞ്ഞു. എന്നാല്‍ തനിക്ക് ഭര്‍ത്താവ് രക്ഷകര്‍ത്താവായി ഉള്ളപ്പോള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല എന്നായിരുന്നു ഹാദിയയുടെ മറുപടി. തുടര്‍ന്ന് മറുപടി പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് തമാശയെന്നോണം ഇങ്ങനെ പറഞ്ഞു; “ഒരു ഭര്‍ത്താവിനും ഭാര്യയുടെ രക്ഷകര്‍ത്താവാകാന്‍ പറ്റില്ല, കുറഞ്ഞത് ഞാന്‍ അങ്ങനെയല്ല.” തുടര്‍ന്ന് സിബലിനോടായി ഇങ്ങനെ പറഞ്ഞു: “ഭാര്യ ആരുടെയും സ്വത്തല്ല. അവരൊരു വ്യക്തിയാണ്, ഈ സമൂഹത്തില്‍ അവര്‍ക്ക് അവരുടേതായ സ്ഥാനമുണ്ട്, അവരത് മനസിലാക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നു, അതവര്‍ക്കൊന്നു വിശദീകരിച്ചു കൊടുക്കൂ.” ഇതിനു പിന്നാലെ ഷാഹിന്‍ ജഹാന്റെ സഹായം ആവശ്യമില്ലെന്നും കേരള സര്‍ക്കാരിന്റെ ചിലവിലായിരിക്കും പഠനമെന്നും കോടതി വ്യക്തമാക്കി. ഹാദിയ പഠനം പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അവരെ ഒരു ഡോക്ടറായി കാണാനാണ് ആഗ്രഹമെന്നും കോടതി ഇതിനിടെ പറഞ്ഞു.

എന്‍.ഐ.എ കേസന്വേഷണം തുടരാമെന്നും വിവാഹം റദ്ദാക്കിയ നടപടി ജനുവരി മൂന്നാം വാരം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഹാദിയ കേസ് നാള്‍വഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍