Top

ഇന്ധന വില 82 കടക്കുമ്പോള്‍; കേന്ദ്ര നിലപാടിന്റെ പിന്നാമ്പുറം

ഇന്ധന വില 82 കടക്കുമ്പോള്‍; കേന്ദ്ര നിലപാടിന്റെ പിന്നാമ്പുറം
പ്രെട്രോള്‍ വില 82 കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയാകെ ഒരു വലിയ പ്രക്ഷോഭം ഭാരത് ബന്ദ് ആയി അലയടിച്ചതും നമ്മള്‍ കണ്ടു. എന്നിട്ടും യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ ഇതെല്ലാം നാടിന്റെ നന്മക്കെന്ന് യാതൊരു ഉളുപ്പുമില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് ബഡായി പറയാന്‍ ബി.ജെ.പി പ്രതിനിധികള്‍ക്ക് എങ്ങനെ സാധിക്കുന്നു. ക്രൂഡ് ഓയിലിന് ബാരലിന് വില 100 കവിഞ്ഞ സമയത്ത് മന്‍മോഹന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പെട്രോള്‍ നല്‍കിയിരുന്നത് 72 രൂപയ്ക്കായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ ബി.ജെ.പി ഭരിക്കുമ്പോള്‍ ബാരലിന് 78 ആയിട്ടും 32 രൂപയുടെ കുറവ് രാജ്യന്തരവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിട്ടും ജനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കുന്നത് 82 രൂപയ്ക്കാണ്. ഈ ഒരു കൊള്ള ലാഭത്തെ എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ന്യായീകരിക്കുന്നത്?

2016 ന് ശേഷം ഞങ്ങള്‍ എക്‌സൈസ് തീരുവ കൂട്ടിയിട്ടില്ല, അതിനാല്‍ ഈ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം ഞങ്ങളുടേതല്ല, സംസ്ഥാന സര്‍ക്കാറുകള്‍ വാറ്റില്‍ കുറവ് വരുത്താത്തത് കാരണമാണെന്നാണ് ഇപ്പോള്‍ അവരുടെ പുതിയ അവകാശ വാദം. ഒരു കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം 2016 വരെയുള്ള കാലഘട്ടത്തില്‍ 12 തവണയാണ് എക്‌സൈസ് തീരുവ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. മന്‍മോഹന്‍ സര്‍ക്കാര്‍ 2014 ല്‍ എക്‌സൈസ് നികുതിയായി കൈപ്പറ്റിയിരുന്നത് 9.48 പൈസ ആയിരുന്നുവെങ്കില്‍ മോദി ഇപ്പോള്‍ നികുതിയിനത്തില്‍ വാങ്ങികൊണ്ടിരിക്കുന്നത് 19.48 പൈസയാണ്. മാത്രമല്ല ഈ വര്‍ദ്ധനവ് ക്രൂഡ് ഓയിലിന് ലോക വിപണിയില്‍ 30 രൂപയോളം താഴ്ന്ന സമയത്തിലായിരുന്നു എന്നതാണ് വിചിത്രം. എന്നിട്ട് അന്ന് എക്‌സൈസ് തീരുവ കൂട്ടിയതിന് ന്യായീകരണം പറഞ്ഞത് സാമ്പത്തിക സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ വേണ്ടി എന്നായിരുന്നു. ശരി, വാദത്തിന് വേണ്ടി നമുക്ക് ആ ന്യായം കണക്കിലെടുത്താല്‍ തന്നെ സ്വാഭാവികമായും ക്രൂഡ് ഓയിലിന്‍റെ വില 30 കളില്‍ നിന്ന് 70കളിലേക്ക് കടക്കുമ്പോള്‍ ആനുപാതികമായി എക്‌സൈസ് തീരുവ നിരക്കിലും കുറവ് വരുത്തേണ്ടതായിരുന്നു. അതു ചെയ്യാതെ 2016 ന് ശേഷം ഞങ്ങള്‍ തീരുവ കൂട്ടിയില്ല എന്നു പറഞ്ഞാല്‍ എത്ര ബാലിശമായ വാദമാണ് അത്.

മന്‍മോഹന്‍ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്താണ് പെട്രോളിന്റെ വില നിര്‍ണയാധികാരം പെട്രോളിയം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത്. പക്ഷെ വിലക്കുതിപ്പ് തടയുന്നതിന് വേണ്ടി സബ്സിഡിയും എക്‌സൈസ് ഡ്യൂട്ടി കുറച്ചും കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഭാരം കൂട്ടാതെ പിടിച്ചു നിന്നു. പക്ഷെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ വേണ്ടി പറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഒന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയാധികാരം ഞങ്ങള്‍ തിരിച്ചു പിടിക്കും എന്നാണ്. ഇന്ധനവില വര്‍ദ്ധനവ് സര്‍ക്കാരിന്റെ പരാജയമാണ് എന്ന് ഉറക്കെ പറഞ്ഞത് 2014ല്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു. കാളവണ്ടി ജാഥയും മോട്ടോര്‍വാഹനങ്ങള്‍ തളളിക്കോണ്ടും നിരവധി പ്രക്ഷോഭങ്ങള്‍ ഇന്ത്യയൊട്ടാകെ അന്ന് നടത്തിയത് ബി.ജെ.പി ആയിരുന്നു. മാത്രമല്ല, ഒടുക്കം പറഞ്ഞത് 50 രൂപക്ക് പെട്രോളം 40 രൂപക്ക് ഡീസലും ലഭിക്കുന്ന അച്ഛാദിന്‍ ആണ് ഞങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്ന ഇന്ത്യ എന്നാണ്. എന്നിട്ടൊടുവില്‍ അച്ഛാദിന്‍ പോയിട്ട് കൊച്ചച്ചന്‍ പോലും വന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വില നിര്‍ണ്ണയാധികാരം മാത്രമേ കമ്പനികള്‍ക്ക് തീറെഴുതിയിരുന്നുള്ളൂവെങ്കില്‍ ഇന്ന് ഡീസലിന്റെ വില നിര്‍ണ്ണായവകാശവും കേന്ദ്ര ഗവണ്‍മെന്റ് കമ്പനികള്‍ക്ക് പതിച്ചു കൊടുത്തു. മാത്രമല്ല സബ്‌സിഡി പൂര്‍ണ്ണമായും എടുത്ത് നീക്കി. അതിന്റെ അനന്തരഫലമാണ് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞത്; 'വില നിയന്ത്രണം കേന്ദ്രത്തിന്റെ കൈയ്യില്‍ നിന്ന് പോയി..' അതായത് കമ്പനികളുടെ മുമ്പില്‍ കേന്ദ്രം നോക്കുകുത്തി ആയി നിക്കുകയേ ഉള്ളൂവെന്ന്.

ഇനി അടുത്ത പ്രധാന വിഷയം രൂപയുടെ മൂല്യ തകര്‍ച്ചയാണ്. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സ്വാഭാവികമായും രൂപയുടെ മൂല്യതകര്‍ച്ച രാജ്യവിപണിയുടെ ആണിക്കല്ല് തന്നെ തകര്‍ക്കും. ഡോളറിന് 72.28 രൂപ എന്ന നിരക്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മൂല്യതകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെറുകിട സംരംഭങ്ങള്‍ തൊട്ട് വന്‍കിട സംരംഭങ്ങള്‍ വരെ ഈ ദുരന്തത്തിന്റെ ഭവ്യഷത്ത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് പെട്രോള്‍ വില നിയന്ത്രണാതീതമാകുന്നത്. ഇതിന്റെ കാരണവും കേന്ദ്രഗവണ്‍മെന്റിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള തുഗ്ലക്ക് സാമ്പത്തിക പരിഷ്‌കരണ പരീക്ഷണങ്ങളായിരുന്നു. രൂപയുടെ മൂല്യം കുറയുന്നു എന്നതിന്റെ അര്‍ത്ഥം കേന്ദ്ര ഗവണ്‍മെന്റിന് സാമ്പത്തിക കൈയ്യടക്കം നഷ്ടമായിരിക്കുന്നു എന്നു തന്നെയാണ്.

ഏറ്റവും വിചിത്രമായ മറ്റൊരു ബി.ജെ.പി വാദം ഞങ്ങള്‍ പെട്രോളിന് വില കൂട്ടുന്നത്, അതിലൂടെ ലഭിക്കുന്ന കൊള്ളം ലാഭം ഉപയോഗിച്ച് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ വേണ്ടിയാണ് എന്നതാണ്. ഏത് ഗവണ്‍മെന്റിനും പൊളളയായി ഉന്നയിക്കാവുന്ന ഒരു ബാലിശമായ ന്യായീകരണം മാത്രമാണ് അത്. സാധാരണക്കാരെ പിഴിഞ്ഞിട്ടല്ല വികസനം ഉണ്ടാക്കേണ്ടത്. ഇന്ത്യയുടെ സാധാരണ നികുതികൊണ്ട് തന്നെ ചെയ്യാവുന്ന വികസന പ്രക്രിയകളെ അമിത നികുത്തി ചുമത്തി ന്യായീകരിക്കുകയല്ല വേണ്ടത്. വികസനം നടക്കണം എന്ന പക്ഷക്കാര്‍ തന്നെയാണ് ജനങ്ങള്‍. പക്ഷെ അത് ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി ഡാന്‍സ് കളിച്ചിട്ടാവരുത് എന്നു മാത്രം. പെട്രോള്‍ വില വര്‍ദ്ധനവ് ബാധിക്കാത്തതായിട്ട് ഇന്ത്യന്‍ ജനതയുടെ മൈക്രോ ന്യൂനപക്ഷമായ അതിസമ്പന്നരെന്ന് വിശേഷിക്കുന്ന ചിലര്‍ മാത്രമേ ഉള്ളൂ. പെട്രോളിന് വില വര്‍ദ്ധിക്കുന്നതോട് കൂടി വിപണന മേഖലയിലെ എല്ലാ വസ്തുകള്‍ക്കും സ്വാഭാവികമെന്നോണം വില വര്‍ദ്ധിക്കും എന്നതും, ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങളിലും വിലവര്‍ദ്ധനവുണ്ടായി മൊത്തത്തില്‍ പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും ഉടലെടുക്കുമെന്നതും കേന്ദ്രം ഭരിക്കുന്നവര്‍ക്ക് മനസിലാകാത്ത കാര്യമൊന്നുമല്ലല്ലോ.

വികസനമെന്ന പേരില്‍ ആയിരക്കണക്കിന് കോടി ചിലവഴിച്ച് പ്രതിമ നിര്‍മ്മിക്കുന്നതിന് പകരം ജനോപകാരപ്രദവുമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ചെയ്യേണ്ടത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ലഭ്യമാക്കാന്‍ ഉതകുന്ന രീതിയില്‍ പദ്ധതികള്‍ രൂപീകരിച്ച് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. ഭാരത് ബന്ദ് ഒരു തുടക്കമായി മാത്രമേ കാണാന്‍ സാധിക്കു. ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ തെറുവിലിറങ്ങാന്‍ ആരംഭിച്ചിരിക്കുന്നു. ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊന്നും ആരും പറഞ്ഞിട്ട് ചെയ്യുന്നതല്ല. ജനജീവിതം അത്രക്ക് ദുസ്സഹമായി മാറുമ്പോള്‍ നിവൃത്തിയില്ലാതെ തെരുവില്‍ ഇറങ്ങിപ്പോവുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories