Top

ഇന്ത്യ- ചൈന: ഉയരുന്നത് അസാധാരണമായ ആക്രമണോത്സുക സ്വരം

ഇന്ത്യ- ചൈന: ഉയരുന്നത് അസാധാരണമായ ആക്രമണോത്സുക സ്വരം
എന്താണ് ചൈനയുടെ തന്ത്രം? അനിതരസാധാരണമായ രീതിയില്‍ ഇന്ത്യയുമായി അവര്‍ ഇപ്പോള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടാണ്? ഭൂട്ടാനെ ഭീഷണിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ ആക്രമണോത്സുക നിലപാടുകള്‍ കൈക്കൊള്ളുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് അതിന്റെ യഥാര്‍ത്ഥ സ്ഥാനം കാട്ടിക്കൊടുക്കാനാണോ അവര്‍ ശ്രമിക്കുന്നത്? നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമ്പോഴും ഉത്തരം ഒന്നുമാത്രമേയുള്ളൂ; ചൈന തങ്ങളുടെ നിലപാട് ദിനംപ്രതി കടുപ്പിക്കുന്നു.

ഇന്ന് ജര്‍മ്മനിയില്‍ ജി20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും എത്തുമ്പോള്‍ ഔദ്യോഗികമോ ഉഭയകക്ഷിപരമോ ആയ ചര്‍ച്ചകള്‍ക്കുള്ള 'ശരിയായ അന്തരീക്ഷമല്ല' നിലനില്‍ക്കുന്നത് എന്ന് വ്യാഴാഴ്ച ചൈന വ്യക്തമാക്കി. ചൈനയുടെ പ്രദേശങ്ങളിലേക്ക് കടന്നുകയറുന്നതിനും തങ്ങളുടെ അതിര്‍ത്തി ഭാഗങ്ങളെ സൈനികവത്ക്കരിക്കുന്നതിനുമുള്ള ഒരു കാരണമായി ചൈന നടത്തുന്ന റോഡ് നിര്‍മ്മാണത്തെ ഇന്ത്യ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇന്ത്യക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ചൈന ആക്കം കൂട്ടുന്നത്.

മോദി - ഷീ ചങ്ങാത്തം അവസാനിക്കുന്നു
അഹമ്മദാബാദിലും മറ്റുള്ള സ്ഥലങ്ങളിലും ഷീക്ക് മോദി നല്‍കിയ സ്വീകരണങ്ങളിലെ നാടകീയതകളൊക്കെ നിലനില്‍ക്കുമ്പോഴും ബീജിംഗില്‍ നിന്നും ശക്തമായ സന്ദേശമാണ് പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ വ്യക്തിപരമായ രസതന്ത്രങ്ങള്‍ക്കൊന്നും സ്ഥാനമില്ല.

ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള ആവശ്യം ഉന്നയിച്ചിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് 'പ്രധാനമന്ത്രിയുടെ പരിപാടികളില്‍ ഒരു മാറ്റവും ഇല്ല' എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജര്‍മ്മനിയില്‍ വച്ച് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടക്കും എന്നൊരു പ്രതീക്ഷ ഇന്ത്യ വെച്ചുപുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാണ്.

ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ഹാംബുര്‍ഗില്‍ എത്തിയിട്ടുണ്ട്. ഉച്ചകോടിയില്‍ വച്ച് മോദിയും ചൈനീസ് പ്രസിഡന്റും മറ്റ് രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും.

പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീയും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടക്കുമോ എന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍നിര വ്യവസായവത്കൃത, വളര്‍ന്നുവരുന്ന സാമ്പത്തികഘടനകളുടെ കൂടിച്ചേരലായ ജി20 ഉച്ചകോടിക്കിടെ നടക്കുന്ന ബ്രിക്‌സ് - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക - ചെറുസംഘത്തിന്റെ യോഗത്തില്‍ ഒരു മുറിയില്‍ വച്ച് ഇരുനേതാക്കളും കണ്ടുമുട്ടേണ്ടി വരും.

അസാധാരണമായ ആക്രമണോത്സുക സ്വരം
അതിര്‍ത്തി പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് അതിര്‍ത്തി സംരക്ഷണ സേനകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സാധാരണമാണ്. പക്ഷെ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗുരുതരാവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ വളരുന്നത് അപൂര്‍വമാണ്.

ഇത്തവണ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈന ഒരു യുദ്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് നയതന്ത്രവൃത്തങ്ങളിലുള്ള പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

'കൂടുതല്‍ വലിയ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ ഗുരുതരമായ ഒരു സാഹചര്യം ഒഴിവാക്കുന്നതിനായി ഇന്ത്യ തങ്ങളുടെ അതിര്‍ത്തിയിലേക്ക് സേനകളെ പിന്‍വലിക്കേണ്ടതുണ്ടെ'ന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷൂവാങ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ഗ്ലോബല്‍ ടൈംസ് വ്യാഴാഴ്ച എഴുതിയ മുഖപ്രസംഗത്തില്‍, 'ഭൂട്ടാന്റെ നയതന്ത്രപരവും പ്രതിരോധപരവുമായ സ്വയംഭരണം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ നയിക്കാന്‍ ചൈന മുന്‍കൈയെടുക്കണം' എന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂട്ടാന്റെ സ്വതന്ത്ര രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഇന്ത്യ വിഘാതം സൃഷ്ടിക്കുന്നു എന്ന ദുഃസൂചനയാണ് ഇത് നല്‍കുന്നത്. 'സിക്കിം പ്രശ്‌നത്തില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാനും ബീജിംഗ് തയ്യാറാവണം' എന്നും 'ആവശ്യമെങ്കില്‍ സിക്കിം സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണ'മെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സിക്കിം അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡോംഗ്ലാങ് അഥവാ ഡോക്ലാം എന്ന് വിളിക്കപ്പെടുന്ന തങ്ങളുടെ പ്രദേശത്തേക്ക് ഇന്ത്യന്‍ സേന നുഴഞ്ഞുകയറി എന്ന ആരോപണത്തില്‍ ചൈന ഉറച്ചുനില്‍ക്കുകയാണ്. ബ്രിട്ടനും ചൈനയും തമ്മില്‍ 1890-ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സിക്കിമും ടിബറ്റും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചുംബി താഴ്‌വരയില്‍ ചൈന പുതിയ റോഡ് നിര്‍മ്മിക്കുന്നതോടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ഇന്ത്യയുടെ പ്രധാന ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടുങ്ങിയ ഇടനാഴി കൂടുതല്‍ ദുര്‍ബലമാവുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഡോക്ലാം ഒരു തര്‍ക്ക പ്രദേശമാണെന്ന വസ്തുതയെ പ്രാധാന്യം കുറച്ച് കാണാനാണ് ഭൂട്ടാനും ശ്രമിക്കുന്നത്. മാത്രമല്ല, അതിര്‍ത്തിയെ സംബന്ധിച്ച് ഒരന്തിമ തീരുമാനം ഉണ്ടാവുന്നത് വരെ പ്രദേശത്ത് ശാന്തിയും സമാധാനവും നിലനിറുത്താം എന്ന എഴുതിവെക്കപ്പെട്ട ഒരു കരാറില്‍ ചൈനയുമായി ഭൂട്ടാന്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

Next Story

Related Stories