Top

എന്താണ് സംഘ് ശിക്ഷാ വർഗ്? പ്രണബിന്റെ സാന്നിധ്യം എങ്ങനെ സംഭവിച്ചു?

എന്താണ് സംഘ് ശിക്ഷാ വർഗ്? പ്രണബിന്റെ സാന്നിധ്യം എങ്ങനെ സംഭവിച്ചു?
വർഷാവർഷം ആർഎസ്എസ് സംഘടിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ് സംഘ് ശിക്ഷാ വർഗ്. നേരത്തെ ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പ് എന്നാണ് ഈ പരിപാടി അറിയിപ്പെട്ടിരുന്നത്. ഇത് എംഎസ് ഗോൾവാൾക്കർ സംഘടനയുടെ സർസംഘചാലക് ആയ കാലത്ത് സംഘ് ശിക്ഷാ വർഗ് എന്നു മാറ്റി. ഇപ്പോഴും ഈ ക്യാമ്പുകളെ ഒടിസി ക്യാമ്പുകൾ എന്ന് വിളിക്കുന്നവരെ കാണാവുന്നതാണ്.

1927ൽ ഒടിസിക്ക് തുടക്കമിട്ട കാലത്ത് ഇംഗ്ലീഷ് ആയിരുന്നു ക്യാമ്പിന്റെ ആശയവിനിമയ മാധ്യമം. പിൽക്കാലത്ത് തീവ്രവാദപരമായ ദേശീയതയെ ശക്തിപ്പെടുത്താൻ ഭാഷയെക്കൂടി ഉപയോഗപ്പെടുത്തണമെന്ന ആശയഗതി വന്നതോടെ സംസ്കൃതത്തിലേക്ക് മാറ്റപ്പെട്ടു.

ശാഖകളിൽ പരിശീലനം സിദ്ധിച്ചവർ ഇതര ഗ്രാമങ്ങളിൽ താമസിച്ച് പുതിയ ശാഖകൾ തുടങ്ങുക എന്നൊരു രീതി തുടക്കം മുതലേ ഉണ്ടായിരുന്നു. ഇതിന്റെ വികസിത രൂപമായിട്ടാണ് ഒടിസി തുടങ്ങുന്നത്. രാജ്യത്തെമ്പാടുള്ള എണ്ണം പറഞ്ഞ കേഡർമാരെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിശാലമായ ക്യാമ്പുകൾ തുടങ്ങിയത്.

ക്യാമ്പിന്റെ ആദ്യത്തെ രണ്ട് വർഷത്തെ പരിശീലന പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത് ഓരോ സംസ്ഥാനത്തിലെയും വിവിധ 'പ്രാന്ത'ങ്ങളിലും 'ക്ഷേത്ര'ങ്ങളിലുമാണ്. വിവിധ ശാഖകളിൽ നിന്നും താൽപര്യമുള്ള കേഡർമാർ പ്രാന്തങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കും. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ പങ്കെടുക്കുന്ന പരിശീലന ക്യാമ്പിനെ 'ക്ഷേത്ര' എന്നാണ് വിളിക്കുക. അതായത് നിരവധി ശാഖകൾ‌ ചേർന്ന് പ്രാന്തങ്ങളും നിരവധി പ്രാന്തങ്ങൾ ചേർന്ന് ക്ഷേത്രങ്ങളും ഉണ്ടാകുന്നു.

20 ദിവസം വീതമാണ് ഈ രണ്ട് ക്യാമ്പുകളിലെയും പരിശീലന പരിപാടി.
പിന്നീടാണ് മൂന്നാമത്തെ വർഷത്തെ ക്യാമ്പിലേക്ക് കടക്കുക. വിവിധ സംസ്ഥാനങ്ങളിലെ 'ക്ഷേത്ര'കളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേഡർമാരാണ് ഇവിടേക്ക് എത്തുക. തത്വം കൊണ്ട് കടുത്ത വർഗീയതയും ശരീരം കൊണ്ട് നല്ലസ ആരോഗ്യവും തികഞ്ഞവരാണ് ഇവിടം വരെ എത്തിച്ചേരുക. 25 ദിവസമാണ് മൂന്നാം വർഷ സംഘ് ശിക്ഷാ വർഗ് നടക്കുക.

2017ൽ ഒന്നാംവർഷ ക്യാമ്പിൽ (പ്രാന്തം) പങ്കെടുത്തത് 5,716 പേരാണ്. രണ്ടാംവർഷ (ക്ഷേത്ര) ക്യാമ്പിലേക്ക് 3,796 കേഡർമാർ തെരഞ്ഞെടുക്കപ്പെട്ടു. മുന്നാംവർഷ ക്യാമ്പിലെത്തിയത് 899 പേരാണ്.

പങ്കെടുക്കാനെത്തുന്നവർ സ്വന്തം ചെലവിൽ വേണം ചെല്ലാൻ. 18നും 45നും ഇടയിൽ പ്രായമുള്ളവരെയാണ് പങ്കെടുപ്പിക്കുക. യാത്രാച്ചെലവും താമസച്ചെലവും കൂടാതെ ഫീസും ഒടുക്കേണ്ടതായുണ്ട്. അതായത്, തീർത്തും സംഘടനയോട് സമർപ്പിക്കപ്പെട്ട നിലയിലേക്ക് കേഡർമാരെ ആദ്യഘട്ടം മുതലേ മാറ്റിയെടുക്കുന്നു ആർഎസ്എസ്.

കഠിനമായ പരിശീലനമുറകളിലൂടെയാണ് ഈ ദിവസങ്ങളിൽ കേഡർമാർ കടന്നുപോകുക. കാലത്ത് നാലു മണിക്ക് എഴുന്നേറ്റാൽ രാത്രി 10.30ന് ഉറങ്ങുന്നതു വരെ വിവിധ തരം പരിശീലനങ്ങളാണ്. കായികവും പ്രത്യശാസ്ത്രവും ഇതിൽപ്പെടുന്നു.

രവിശങ്കറിനെപ്പോലുള്ള ചില സ്വാമിമാരും, ചില മാധ്യമപ്രവർത്തകരും, ഉദ്യോഗസ്ഥരും, മുൻ പട്ടാള മേധാവികളുമൊക്കെയാണ് ഇതുവരെയുള്ള ക്യാമ്പുകളിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുള്ളതെന്നു കാണാം. ഇതാദ്യമായാണ് ഒരു മുൻ രാഷ്ട്രപതിയെ മുഖ്യാതിഥിയായി ക്യാമ്പിന്റെ അവസാന ദിനത്തിൽ കിട്ടുന്നത്. ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണെന്നു കാണാം. കോൺഗ്രസ്സ് എത്തിപ്പെട്ടിട്ടുള്ള പ്രതിസന്ധിയുടെ ആഴം കൂടുതൽ വ്യക്തമാകുന്ന സന്ദർഭമായി ഇന്നത്തെ പ്രണബിന്റെ നടപടിയെ മനസ്സിലാക്കാം. ദീർഘകാലം കോൺഗ്രസ്സ് പുലർത്തിപ്പോന്ന മൃദുഹിന്ദുത്വ നിലപാട് അണികളെ സ്വാധീനിച്ചതെങ്ങനെയെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇതേ മൃദുഹിന്ദുത്വം നേതാക്കളെ എങ്ങനെ ബാധിച്ചു എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

Next Story

Related Stories