UPDATES

ട്രെന്‍ഡിങ്ങ്

തല്ലിയോടിക്കപ്പെടുന്ന നിതീഷിന്റെ അധാർമിക രാഷ്ട്രീയം; ബിഹാറികൾ ജനാധിപത്യ ഇന്ത്യയെ ഓർമിപ്പിക്കുന്നതെന്ത്?

ജനവിശ്വാസത്തെ ഒരു രാത്രിനാടകത്തിലൂടെ വഞ്ചിച്ചതിനുള്ള മറുപടി കൂടിയാണിത്.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയ ജനതാദളുമൊന്നിച്ചുള്ള സഖ്യം അവസാനിപ്പിച്ച് ഭരണത്തിൽ നിന്നിറങ്ങി, ബിജെപിയുമായി സഖ്യം ചേർന്ന് വീണ്ടും ഭരണത്തിലേറിയ നിതീഷ് കുമാറിന്റെ രാഷ്ട്രീയ നയത്തിനോട് ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അതിനു ശേഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽതന്നെ വ്യക്തമായിരുന്നു. നിതീഷ് കുമാർ ബിജെപിയിൽ ചേർന്ന് നടത്തിയ രാഷ്ട്രീയ വഞ്ചനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ആർജെഡിയിൽ ചേർന്ന സറഫാറസ് ആലം അടക്കമുള്ളവർ മൂന്നു മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. സർഫാറസ് ആലം 61,988 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മറ്റ് രണ്ടുപേരും മികച്ച മാർജിനുകളില്‍ തന്നെ ജയം കണ്ടു.

ബിഹാറിലെ ജോകിഹാട്ടിൽ നിന്നുള്ള ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലവും നിതീഷ് കുമാറിന്റെ രാഷ്ട്രീയ അധാർമികതയ്ക്കേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നിതീഷിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടം തന്നെയായിരുന്നു ജോകിഹട്ടിലേത്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കുക എന്ന അത്യാവശ്യം കൂടി ജെഡിയുവിനുണ്ടായിരുന്നു.

ജയിലിൽ കിടക്കുന്ന ലാലുപ്രസാദ് യാദവിന്റെ ഉറച്ച വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടുകൾ തെരഞ്ഞെടുപ്പ് അജണ്ടയുടെ മുന്നിൽ നിറുത്താൻ തേജസ്വി യാദവിന് സാധിച്ചു. ഇന്നത്തെ ഫലം പുറത്തു വന്നപ്പോൾ, അവസരവാദ രാഷ്ട്രീയത്തിനെതിരെ ‘ലാലുവാദ’ രാഷ്ട്രീയത്തിന്റെ വിജയം എന്നാണ് തേജസ്വി പ്രതികരിച്ചത്. നിതീഷ് കുമാറിന് തന്റെ പിതാവ് ലാലുപ്രസാദ് യാദവിനെ ഒരു ഘട്ടത്തിലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും തേജസ്വി പറഞ്ഞു.

ക്രിമിനൽ സ്ഥാനാർത്ഥി; കൂട്ടിന് കാബിനറ്റ് മന്ത്രിമാർ!

ജോക്ഹാട്ട് മാണ്ഡലത്തിൽ ആളും അർത്ഥവും ഇറക്കിയുള്ള പ്രചാരണമാണ് നിതീഷ് കുമാർ നടത്തിയത്. മുഖ്യമന്ത്രിയെന്ന നിലയിൽ സർവ്വ അധികാരങ്ങളും മണ്ഡലത്തിൽ പ്രയോഗിച്ചു. പണം ധാരാളം ഒഴുകി. കാബിനറ്റ് മന്ത്രിമാരില്‍ പകുതിയിലധികം പേരും തലസ്ഥാനമായ പാട്നയില്‍ നിന്നും 300 കിലോമീറ്റർ ആകലെയുള്ള മണ്ഡലത്തിൽ ആഴ്ചകളോളം കേന്ദ്രീകരിച്ചു. ഇതിനെയെല്ലാം മറികടക്കാൻ ജനങ്ങളുടെ തീരുമാനത്തിനായി എന്നത് ഫലം വ്യക്തമാക്കുന്നു.

ഒരു കൂട്ട ബലാൽസംഗക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ മുർഷിദ് ആലം ആയിരുന്നു ജെഡിയു സ്ഥാനാർത്ഥി. ഒരു ക്ഷേത്രത്തിൽ നിന്ന് ഇയാൾ വിഗ്രഹങ്ങൾ മോഷ്ടിച്ച കേസ് ഏറെ വിവാദമായിരുന്നു. വിഗ്രഹങ്ങൾ ഇയാളുടെ വീട്ടിൽ നിന്ന് പിന്നീട് പൊലീസ് കണ്ടെടുത്തു.

അപനിര്‍മ്മിക്കപ്പെടുന്ന നിതീഷെന്ന പരാജയം- ഹരീഷ് ഖരെ എഴുതുന്നു

മഹാസഖ്യം ജോകിഹാട്ടിലും പ്രവർത്തിച്ചു

തെരഞ്ഞെടുപ്പുഫലം വ്യക്തമായ ഉടനെ തേജസ്വി യാദവ് നടത്തിയ പ്രസ്താവനയിൽ മൂന്ന് കക്ഷികൾക്ക് നന്ദി അറിയിക്കുകയുണ്ടായി. സമാജ്‌വാദി പാര്‍ട്ടി, കോൺഗ്രസ്സ്, ബിഎസ്‌പി എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പിൽ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. മഹാസഖ്യം എന്ന സങ്കൽപം ഒരു സാധ്യത എന്ന നിലയിൽ നിന്ന് ഒരു സ്വാഭാവിക പരിണാമം എന്ന നിലയിലേക്ക് മാറുന്നതാണ് ജോകിഹാട്ട് അടക്കമുള്ള മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കാണാൻ കഴിയുന്നത്. തടസ്സം സൃഷ്ടിക്കാനിടയുള്ള ഉപാധികൾ അധികമില്ലാതെ കക്ഷികൾ പരസ്പര സഹകരണത്തിന് തയ്യാറായിരിക്കുകയാണ്.

അഴിമതിക്കേസിൽ പെട്ട് ഏറ്റവും മുതിർന്ന നേതാവ് ജയിലില്‍ കിടക്കുന്ന കക്ഷിയാണ് ആർജെഡി. എന്നാൽ രാഷ്ട്രീയ അധാർമികതയ‌െക്കാൾ വലിയ പ്രശ്നമായി അഴിമതിയെ കണ്ടില്ല ബിഹാറികൾ എന്നാണ് മുൻപ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പും ഇന്ന് ഫലം പുറത്തു വന്ന അസംബ്ലി തെരഞ്ഞെടുപ്പും കാണിക്കുന്നത്. തങ്ങൾ നൽകിയ വോട്ടുകൾ ഏത് രാഷ്ട്രീയത്തിനായിരുന്നു എന്ന വ്യക്തമായ ധാരണ ജനങ്ങൾക്കുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഈ വിധി. കേവലമൊരു അസംബ്ലി മണ്ഡലത്തിലെ തോൽവിയല്ല, മറിച്ച് ജനവിശ്വാസത്തെ ഒരു രാത്രിനാടകത്തിലൂടെ വഞ്ചിച്ചതിനുള്ള മറുപടി കൂടിയാണിത്. ആ വഴിക്ക് ഇത് ബിജെപിക്കുള്ള താക്കീതായും കാണണം. അവലംബിക്കുന്ന ഏത് അധാർമിക മാർഗത്തെയും വിജയം കൊണ്ട് സാധൂകരിക്കാമെന്ന വിശ്വാസത്തിന് ബിഹാറികൾ നൽകിയ താക്കീത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍