TopTop
Begin typing your search above and press return to search.

ഇനിയെന്ത്? യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു

ഇനിയെന്ത്? യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു
നിയന്ത്രണരേഖയിലും പാകിസ്ഥാന്റെ അകത്ത് കടന്നും മിറാഷ് 2000 പോർവിമാനങ്ങൾ നടത്തിയ ആക്രമണങ്ങളിലൂടെ 1971-നു ശേഷം ആസൂത്രിതമായി പാക്കിസ്ഥാന്റെ ഉള്ളിലുള്ള ലക്ഷ്യങ്ങളിലേക്ക് ഇന്ത്യ പോര്‍വിമാനങ്ങളെ ആദ്യമായാണ് അയക്കുന്നത്. അതുകൊണ്ടുതന്നെ ബാൽകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് താവളത്തിൽ നടത്തിയ ബോംബാക്രമണം അനിശ്ചിതമായ ദിനങ്ങളിലേക്കാണ് ഇനി നയിക്കാൻ പോകുന്നത്.

അതിദേശീയതയുടെ പിൻബലത്തിൽ അധികാരത്തിലെത്തിയ മോദി സർക്കാരിന് പുല്‍വാമ ആക്രമണം നാണക്കേട് കൂടാതെ വിഴുങ്ങാനാകാത്ത അടിയായിരുന്നു. കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിന് ശേഷം കടുത്ത രീതിയിൽ പ്രതികരിച്ചില്ലെങ്കിൽ അത് മോദി സർക്കാരിനെ സംബന്ധിച്ച രാഷ്ട്രീയ ആത്മഹത്യയാകുമായിരുന്നു.

ഇന്നത്തെ നീക്കം സമീപകാലത്തുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷവും പ്രകോപനപരവുമായ ഒന്നാണ്. വാസ്തവത്തിൽ, 1971-നു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്ഥാനിലേക്ക് പറന്നുകയറി അവിടെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ബോംബിടുന്നത്.

മുൻ രീതി

കാർഗിൽ സംഘർഷക്കാലത്തു പോലും രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും സൈന്യത്തിനുള്ള നിർദ്ദേശം വളരെ വ്യക്തമായിരുന്നു. സൈന്യം അതിർത്തി കടക്കേണ്ടതില്ലെന്ന് വാജ്പേയി സർക്കാർ സായുധ സേന മേധാവികളോട് പറഞ്ഞിരുന്നു. അതുകൊണ്ട് പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും നിയന്ത്രണ രേഖയിലാണ് പറന്നിരുന്നത്.

2016-ലെ മിന്നലാക്രമണം സൈന്യത്തിന്റെ, പ്രത്യേകിച്ചും പാര കമ്മാന്‍ഡോസ്, ഒരു സാധാരണ അതിർത്തി കടന്നുള്ള ദൗത്യം മാത്രമായിരുന്നു. ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖക്ക് കുറച്ചു കിലോമീറ്ററുകൾ അപ്പുറത്തേക്ക് കടന്ന് ഒരു ലക്ഷ്യം ആക്രമിച്ചു വരുന്നതിൽ അസാധാരണമായി ഒന്നുമില്ലായിരുന്നു.

അതിർത്തിയിലെ മറ്റൊരു സാധാരണ സംഭവം ചെറിയ ആയുധങ്ങൾ, പടക്കോപ്പുകൾ, മോർട്ടാറുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള അതിർത്തിക്കപ്പുറത്തേക്കുള്ള വെടിവെപ്പാണ്. എന്നാൽ ഇത് വളരെ രൂക്ഷമായ സൈനിക തന്ത്രമാണ്. പാകിസ്ഥാൻ ഒന്നും ചെയ്യാതിരിക്കുമെന്ന്, പ്രത്യേകിച്ചും ഇന്ത്യ ഔദ്യോഗികമായി അവകാശവാദം ഉന്നയിക്കുകയും പാകിസ്ഥാനെ ആക്ഷേപിക്കുകയും ചെയ്‌താൽ, കരുതുക വയ്യ.

വ്യക്തമാകുന്ന കാര്യം മെയ് മാസത്തിലെ തെരഞ്ഞെടുപ്പിലേക്ക് മോദി തന്റെ രാഷ്ട്രീയതന്ത്രം രൂപപ്പെടുത്തിക്കഴിഞ്ഞു എന്നാണ്. പാകിസ്ഥാന് ചുട്ട മറുപടി നൽകിയെന്നും ശക്തമായ ഭീകരവിരുദ്ധ നടപടികളുമാകും മോദിയുടെ പ്രചാരണത്തിലെ തുറുപ്പുചീട്ട്.

പ്രതിപക്ഷത്തെ സംബന്ധിച്ചതാണെങ്കിൽ ഇത് വളരെ കുഴപ്പം പിടിച്ച അവസ്ഥയാണ്, കാരണം അവർക്കിപ്പോൾ സർക്കാരിനൊപ്പം നിൽക്കാതെ വയ്യ.

കാശ്മീരിൽ വരാനിരിക്കുന്ന വേനൽ രക്തരൂഷിതമാകുമെന്നുറപ്പാണ്. അടുത്ത ദിവസങ്ങളിൽ ഭീകരാക്രമണങ്ങൾ അടിക്കടി ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ചാവേർ ഭീകരവാദികൾ ഇനിയും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ എന്താണ് സംഭവിക്കുക എന്നാണ് അനിശ്ചിതത്വം നിറഞ്ഞ ആശങ്ക. ഒരു പൂർണ യുദ്ധത്തിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത്? അതോ ഒരു പരിമിത സൈനിക സംഘർഷം മാത്രമാകുമോ? ചൈന നിഷ്പക്ഷമായി നിൽക്കുമോ? അഫ്‌ഗാനിസ്ഥാനിൽ നിന്നും തങ്ങളുടെ സൈനികരെ പിൻവലിക്കാൻ തിരക്കുപിടിക്കുന്ന യു എസ് സാഹചര്യങ്ങളെ കൈവിട്ടുപോകാൻ അനുവദിക്കുമോ?

ഒന്നിനും കൃത്യമായ ഉത്തരങ്ങളില്ല. യുദ്ധത്തിന്റെ പുകമഞ്ഞും കണക്ക് തീര്‍ക്കലുകളുടെ കാലവും നമുക്ക് മേൽ പരക്കുന്നു.

Read More: ആക്രമണം പ്രതീക്ഷിച്ചിരുന്നു, തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് പാക്കിസ്താൻ; നടപടി അനിവാര്യമായിരുന്നെന്ന് ഇന്ത്യ

Next Story

Related Stories