TopTop

വ്യാജസന്ദേശങ്ങളും കൊലകളും: പ്രശ്നം സാങ്കേതികതയെന്ന് കേന്ദ്രം; സാമൂഹികമെന്ന് വാട്സാപ്പ്

വ്യാജസന്ദേശങ്ങളും കൊലകളും: പ്രശ്നം സാങ്കേതികതയെന്ന് കേന്ദ്രം; സാമൂഹികമെന്ന് വാട്സാപ്പ്
കാട്ടുതീപോലെ പടർന്നു പിടിച്ച ഒരു വാട്സാപ്പ് മെസ്സേജ് കൊല ചെയ്തത് 29 പേരെയാണ്. 2017ൽ ജാർഖണ്ഡിലാണ് ഇതിന്റെ തുടക്കം. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവർ എന്ന ആരോപണമുന്നയിച്ച് 7 പേരെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. ഇതേ സന്ദേശം വിശ്വസിച്ച ജനങ്ങൾ 2018 മെയ് മാസത്തിൽ തമിഴ്നാട്ടിൽ 2 അപരിചിതരെ കൊന്നു. ബെംഗളൂരുവിൽ ഒരാള്‍ കൊല്ലപ്പെട്ടു. ഇതും മെയ് മാസത്തിൽ തന്നെ. ആന്ധ്രയിലും തെലങ്കാനയിലും വിവിധ സംഭവങ്ങളിലായി 6 പേരെ നാട്ടുകാർ കൊന്നത് ജൂണിലാണ്. ജൂൺ മാസത്തിൽ തന്നെ ആസ്സാം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലായി പത്തുപേരെ നാട്ടുകാർ അടിച്ചു കൊന്നു. മഹാരാഷ്ട്രയിൽ ജൂലൈ 5ന് ഒരാൾ കൊല്ലപ്പെട്ടതാണ് അവസാന സംഭവം. അപരിചിതരെ കണ്ടാൽ അടിച്ചു കൊല്ലുന്ന നിലയിലാണ് ഇന്ത്യയിലെ മുക്കവാറും സംസ്ഥാനങ്ങളിലെ സാഹചര്യം. വിദ്യാഭ്യാസപരമായും ബോധനിലവാരത്തിന്റെ കാര്യത്തിലുമെല്ലാം മുന്നിൽ നിൽക്കുന്നതായി അവകാശവാദം ഉന്നയിക്കുന്ന കേരളീയരും ഒട്ടും പിന്നിലല്ല. കേരളത്തിൽ ഈ സന്ദേശത്തിന്റെ പേരിൽ ആരും കൊല്ലപ്പെടാതിരുന്നത് പൊലീസ് സംവിധാനം താരതമ്യേന മികച്ച നിലയിൽ പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാകാനേ തരമുള്ളൂ.

മിക്കവാറും സംസ്ഥാനങ്ങളിൽ പ്രചരിച്ചത് ഒരേ ഘടനയിലുള്ള സന്ദേശമാണ്. 'നൂറോളം കുട്ടികളെ പിടിത്തക്കാർ നമ്മുടെ അതിർത്തി കടന്ന് എത്തിയിട്ടുണ്ട്' എന്നു തുടങ്ങുന്നതാണ് ഈ സന്ദേശം. ഇതിനെ സ്ഥാപിക്കുന്നതിനായി വ്യാജ വീഡിയോകളും വ്യാജ പൊലീസ് സന്ദേശങ്ങളും രേഖകളുമെല്ലാം കൂടെ ചേര്‍ക്കും.

ഇത്തരം സന്ദേശങ്ങൾ പടച്ചുവിടുന്നതിലെ സാമൂഹികമായ പ്രേരണകൾ വളരെ ദുരൂഹവും പ്രത്യേകം പഠിക്കപ്പെടേണ്ടതുമാണ്. എന്നാൽ, ഏറ്റവും ദുരൂഹമായ കാര്യം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിവിധ സർക്കാരുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കാണിക്കുന്ന ഉദാസീനതയാണ്. നിയമവ്യവസ്ഥയെ വരെ വെല്ലുവിളിച്ച് നടക്കുന്ന ആക്രമണങ്ങളോട് തുടക്കത്തിൽ അധികാരികള്‍ അനുകൂലസമീപനമാണോ എടുക്കുന്നതെന്നും പോലും ആരും സംശയിച്ചു പോകും. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്. സംസ്ഥാന സർക്കാരുകളിൽ കേരള മുഖ്യമന്ത്രിയിൽ നിന്നു മാത്രമാണ് ഒരു പ്രതികരണമുണ്ടായത്.

കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് വളരെ രൂക്ഷമായ ഭാഷയിലാണ് വാട്സാപ്പിനെ വിമർശിച്ചത്. വ്യാജ സന്ദേശങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ തടയാൻ വാട്സാപ്പിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെല്ലാം ഈ ഉത്തരവാദിത്തമുണ്ടെന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വിശദീകരിച്ചും, നടപടി ഉടനെയുണ്ടാകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രം വാട്സാപ്പിന് ജൂലൈ 2ന് കത്തെഴുതിയിരുന്നു. എന്നാൽ, വാട്സാപ്പിന് പറയാനുണ്ടായിരുന്നത് മറ്റുചിലതാണ്.

ഇതൊരു സാമൂഹ്യപ്രശ്നമാണെന്ന നിലപാട് യുക്തിഭദ്രമായി സ്ഥാപിക്കുന്ന ഒരു മറുപടിയാണ് വാട്സാപ്പ് നൽകിയത്. പ്രശ്നത്തിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മാത്രമായി ഏറ്റെടുക്കാനാകില്ലെന്ന് അവർ വിശദീകരിച്ചു. സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സോഷ്യൽ മീഡിയയ്ക്ക് തനിച്ച് കഴിയില്ല. ഇതിൽ പ്രാഥമികമായ ഉത്തരവാദിത്തം സാമൂഹ്യസ്ഥാപനങ്ങൾക്കാണെന്ന് വാട്സാപ്പിന്റെ മറുപടി വാദിച്ചു.

സർക്കാരും പൊതുസമൂഹവും സാങ്കേതികസ്ഥാപനങ്ങളും ഒരുമിച്ച് ചെയ്യേണ്ട പ്രവൃത്തിയാണ് സോഷ്യൽ മീഡിയയുടെ മാത്രം തലയിലേക്കിട്ട് സർക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നത് എന്ന സൂചനയാണ് വാട്സാപ്പ് നൽ‌കിയത്. അനാവശ്യമായതും വിലാസമില്ലാത്തതുമായ മെസ്സേജുകൾ തടയാനും അത്തരം മെസ്സേജുകളയയ്ക്കുന്നവരെ ബ്ലോക്ക് ചെയ്യാനും തങ്ങളുടെ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ടെന്നിരിക്കെ ഇത്തരം മെസ്സേജുകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന ഗൗരവമേറിയ ചോദ്യമാണ് വാട്സാപ്പ് ഉന്നയിക്കുന്നത്.

ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നത്തെ രാജ്യത്തെ രാഷ്ട്രീയകക്ഷികൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യമാണ് വാട്സാപ്പ് വ്യംഗ്യമായി ചോദിച്ചിരിക്കുന്നത്. സുരക്ഷിതമായ രീതിയിൽ വിവരവിനിമയം സാധ്യമാക്കാൻ ഡിജിറ്റൽ സാക്ഷരത സാധാരണക്കാർക്ക് ലഭ്യമാക്കണം. ഇതിനുള്ള പദ്ധതികൾ തങ്ങളുടെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ടെന്നും വാട്സാപ്പ് വ്യക്തമാക്കി. ഇതോടൊപ്പം മെസ്സേജുകളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി വസ്തുതാവിശകലന സ്ഥാപനങ്ങളുമായി തങ്ങൾ കരാറിലെത്തുമെന്നും വാട്സാപ്പ് പറയുന്നു.

പരസ്പരമുള്ള വെറുപ്പിന്റെ സാഹചര്യം എങ്ങനെ രാജ്യത്തുണ്ടായി എന്ന് ഭരണകൂടം ആലോചിക്കണമെന്ന സൂചനയാണ് വാട്സാപ്പ് നൽകുന്നത്. എന്നാൽ‌, ഈ സാമൂഹ്യപ്രശ്നത്തെ സാങ്കേതികതയുടെ പ്രശ്നമാക്കി ചുരുക്കി രക്ഷപ്പെടാനാണ് കേന്ദ്ര സർക്കാരിന് താൽപര്യം.

Next Story

Related Stories