TopTop
Begin typing your search above and press return to search.

കത്തിയെരിഞ്ഞ ഹരിയാന, മുംബൈയിലെ പ്രളയം, പകര്‍ച്ചവ്യാധികളുടെ കേരളം: ഏത് ലോകത്താണ് നാം ജീവിക്കുന്നത്?

കത്തിയെരിഞ്ഞ ഹരിയാന, മുംബൈയിലെ പ്രളയം, പകര്‍ച്ചവ്യാധികളുടെ കേരളം: ഏത് ലോകത്താണ് നാം ജീവിക്കുന്നത്?
കേരളത്തില്‍ കുറെക്കാലമായുള്ള പല വിധത്തിലുള്ള പകര്‍ച്ചവ്യാധികളും ഹരിയാനയില്‍ ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന്റെ അനുയായികള്‍ നടത്തിയ അക്രമവും മുംബൈയെ ഇപ്പോള്‍ വിഴുങ്ങിയിരിക്കുന്ന പ്രളയവും തമ്മില്‍ പൊതുവായുള്ള കാര്യമെന്താണ്?

മുന്‍കാലങ്ങളില്‍ നിന്നു വിരുദ്ധമായി ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഗരവത്ക്കരണത്തിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പുതിയകാല സര്‍ക്കാരുകള്‍ ഇതിനെ നേരിടാന്‍ എത്രത്തോളം തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്? അവര്‍ അതില്‍ എത്രത്തോളം വിജയിക്കുന്നുണ്ട്? പൂര്‍ണമായി പരാജയപ്പെടുന്നു എന്നു തന്നെ പറയേണ്ടി വരും. അതായത്, ബലാത്സംഗ കുറ്റത്തിന് ഒരാളെ ശിക്ഷിച്ചു കഴിഞ്ഞാല്‍ അവിടെയുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നം പോലും പരിഹരിക്കാന്‍ പോലീസിന് കഴിയുന്നില്ല. മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ചെറിയ തോടുകളും ഓടകളും ഒക്കെ അടഞ്ഞു പോയതോടെ ആധുനിക നഗരങ്ങള്‍ക്ക് വേണ്ട ഡ്രെയിനേജ് നിര്‍മിക്കാന്‍ നമുക്ക് കഴിയുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ നഗരം എല്ലാ വര്‍ഷവും മഴവെള്ളത്തില്‍ മുങ്ങിയിട്ടും ഫലപ്രദമായ ഡ്രെയിനേജ് സിസ്റ്റം ഉണ്ടാക്കാനോ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനോ നമ്മുടെ മൂന്‍സിപ്പല്‍ അധികൃതര്‍ക്കൊട്ട് കഴിയുന്നുമില്ല.

ഇതെല്ലാം സൂചിപ്പിക്കുന്നത്, ഇന്ത്യ ഒരു വലിയ, അതോടൊപ്പം, ദിവസേനെയെന്നോണമുള്ള വലിയ കുഴപ്പങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നാണ്. അല്ലെങ്കില്‍ പൊതുക്ഷേമ കാര്യങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൃത്യമായി ആ കാര്യങ്ങള്‍ക്കു തന്നെ ഫലപ്രദമായി ചെലവഴിക്കപ്പെടുന്നു എന്ന് നമ്മുടെ സര്‍ക്കാരുകള്‍ ഉറപ്പാക്കുകയും അവരെ അതിന് അക്കൗണ്ടബിള്‍ ആക്കുകയും വേണം. അത് രാഷ്ട്രീയക്കാരുടേയും കരാറുകാരുടേയും ബിസിനസുകാരുടേയും പോക്കറ്റുകളിലേക്ക് വീതം വച്ചു പോകുന്നില്ലെന്ന് ഉറപ്പാക്കണം എന്നര്‍ത്ഥം.

മുംബൈ നേരിടുന്നത്

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓരോ മഴയത്തും മുംബൈ വീണ്ടും വീണ്ടും മുങ്ങിക്കൊണ്ടിരിക്കുകയാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായ മുന്‍സിപ്പല്‍ കോര്‍പറേഷനും മനുഷ്യചരിത്രത്തിലുണ്ടായിട്ടുള്ള, ലോകത്തെ ഏറ്റവും വലിയ നഗരവത്ക്കരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാത്ത ഭരണകൂടങ്ങളുമാണ് ഇതിന്റെ ഉത്തരവാദികള്‍.

നാമെല്ലാം മുംബൈയില്‍ മഴയുണ്ടാക്കിയ ദുരിതങ്ങള്‍ നേരിട്ട് അനുഭവിച്ചവരാകണം എന്നില്ല. എന്നാല്‍ ആ നഗരത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടന്നുപോകുന്ന അവസ്ഥകളെ കുറച്ചെങ്കിലുമൊക്കെ മനസിലാക്കാന്‍ സാധിക്കുന്നവരാണ് നമ്മള്‍.

മുംബൈ ഇതിന് മുമ്പ് ഇത്തരമൊരു, അല്ലെങ്കില്‍ ഇതിലും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ചത് 2005-ലാണ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് എട്ടര മണിക്ക് അവസാനിച്ച 12 മണിക്കൂറിനുള്ളില്‍ മുംബൈ സബര്‍ബന്‍ മേഖലയില്‍ പെയ്ത മഴ 315.8 മി.മി ആണ്. 2005-ല്‍ മുംബൈയില്‍ 12 മണിക്കൂര്‍ പെയ്ത 944 മി.മി മഴയാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലുത്.

അന്ന് മഴ ആ കടല്‍ത്തീര നഗരത്തെ പൂര്‍ണമായി വിഴുങ്ങിക്കളഞ്ഞു. അതിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്:

- മുംബൈയിലെ പ്രശസ്തമായ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിനെ അത് പൂര്‍ണമായി ബാധിച്ചു. ജനജീവിതം ദുരിതമയമാകാന്‍ ഇതിലും വലിയൊരു കാരണം മുംബൈയിലില്ല.

- മഴക്കാലത്തിനു മുമ്പ് ഓടകള്‍ വൃത്തിയാക്കുന്ന പരിപാടി പതിവു പോലെ അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും പിടിയിലായതോടെ പൂര്‍ണമായി സ്തംഭിച്ചു. ഒന്നും നടന്നില്ല എന്നു പറയുന്നതാണ് വാസ്തവം.

- ഇത്തരമൊരു അവസ്ഥയെ എങ്ങനെ നേരിടണമെന്ന് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടത് ഭരണാധികാരികളാണ്. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. കനത്ത മഴയാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടു പോലും രാവിലെ യാതൊരു വിധത്തിലുള്ള സന്ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഉച്ച കഴിഞ്ഞതോടെ രാഷ്ട്രീയക്കാരും മറ്റ് ഏജന്‍സികളും ജനങ്ങള്‍ക്ക് സന്ദേശമെത്തിച്ചു: ആരും പുറത്തിറങ്ങരുത്.

- ട്രെയിനുകള്‍ ഏതൊക്കെ ഓടുമെന്നോ എവിടെ വരെ ഓടുമെന്നോ എന്ന കാര്യം റെയില്‍വേയും ജനങ്ങളെ അറിയിച്ചില്ല.

- സര്‍ക്കാരിനെ കാണാനേ ഇല്ലായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ആ നഗരത്തിന്റെ ജീവനാഡിയാണ് സബര്‍ബന്‍ ട്രെയിനുകള്‍. മഴയെ സംബന്ധിച്ചുള്ള യാതൊരു അറിയിപ്പുകളും രാവിലെ ഉണ്ടായില്ല. ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ സര്‍വീസുകള്‍ തടസപ്പെട്ട സബര്‍ബന്‍ ട്രെയിനുകള്‍ രാത്രി ഒമ്പതു കഴിഞ്ഞാണ് പിന്നെ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ദക്ഷിണ മുംബൈയിലെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് കൈയും കണക്കുമില്ല. കല്യാണി ഗോപാല്‍ ജംഗം എന്ന രണ്ടു വയസുകാരി അവര്‍ താമസിച്ചിരുന്ന കൂര ഇടിഞ്ഞു വീണു മരിക്കുകയും ചെയ്തു.ഹരിയാനയിലെ അക്രമം

ഹരിയാന കഴിഞ്ഞ കുറച്ച് ദിവങ്ങള്‍ക്കു മുമ്പ് കടന്നു പോയ അവസ്ഥയും മുംബൈയിലെ അവസ്ഥയും തമ്മില്‍ വലിയ വ്യത്യാസമില്ല. ഗുര്‍മീത് റാം റഹീമിന്റെ ലക്ഷക്കണക്കിന് അനുയായികള്‍ പഞ്ച്കുളയിലേക്ക് വരുന്നു എന്നത് ഭരണകൂടത്തിന് അറിയാമായിരുന്നു. അയാളെ ബലാത്സംഗ കേസില്‍ കോടതിയിലേക്ക് കൊണ്ടു വരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നു. അവിടെ അക്രമം ഉണ്ടാകാന്‍ എല്ലാ സാധ്യതയും ഉണ്ട് എന്നതും അവര്‍ക്ക് അറിയാമായിരുന്നു.

എന്നാല്‍ ആ സാഹചര്യം മേശമാകുന്നത് നിയന്ത്രിക്കാന്‍ രണ്ട് കാര്യങ്ങള്‍ അവരെ തടസപ്പെടുത്തി: ഒന്ന്; സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടത്തിനും സിര്‍സ ആസ്ഥാനമായുള്ള ദേര സച്ച സൗദയുടെ തലവനുമായുള്ള അടുത്ത ബന്ധം. രണ്ട്: സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആവശ്യമായത്ര സുരക്ഷാ സേന അവിടെ ഉണ്ടായിരുന്നില്ല.

സര്‍ക്കാരിന്റെ പിടിപ്പുകേടും ഒപ്പം, അഴിമതിയും കുറ്റകൃത്യവും ചേര്‍ന്നുള്ള ഘടകങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ പിന്തുണ കൂടിയായപ്പോള്‍ ഇന്ത്യ പോലെ ആധുനിക ജനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. 38 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു.കൊതുകു കടിക്കുന്ന കേരളം

കേരളം ഒന്നാം നമ്പര്‍ എന്നു വിളിച്ചു കൂവി വടക്കേ ഇന്ത്യക്കാരന്റെ അജ്ഞതയെ നമുക്ക് പരിഹസിക്കാം. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം കൂടി നോക്കൂ. പനിബാധിതരില്ലാത്ത ഏതെങ്കിലും ഒരു കുടുംബമുണ്ടോ കേരളത്തില്‍? പനിയും മറ്റ് പകര്‍ച്ചവ്യാധികളും വര്‍ഷം മുഴുവന്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തില്‍ നിന്ന് ഒരു മാറാവ്യാധിയായത്? കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളമായി കേരളം എന്തുകൊണ്ടാണ് മാറുന്നത്? എന്തുകൊണ്ടാണ് മഴവെള്ളം ഒഴുകിപ്പോകാനും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് തടയാനും നമുക്ക് ആധുനിക ഡ്രെയിനേജ് സംവിധാനങ്ങള്‍ ഇല്ലാതെ പോകുന്നത്? എവിടേക്കാണ് ഇതിനുള്ള ഫണ്ടുകള്‍ പോകുന്നത്?

അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ നാം ചോദിക്കേണ്ട സമയമാണിത്: ഒരു വലിയ നഗരവത്കൃത സംസ്‌കാരത്തിലേക്ക് മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ പ്രാപ്തരാണോ? അവര്‍ക്ക് അതിനുള്ള ആത്മാര്‍ത്ഥതയുണ്ടോ? അതോ തങ്ങള്‍ക്കു വേണ്ട വാര്‍ത്തകള്‍ മാത്രം അച്ചടിപ്പിക്കുകയും അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന, തങ്ങളുടേതായ ഒരു ലോകത്ത് മാത്രം ജീവിക്കുന്ന വെറും കടലാസു പുലികള്‍ മാത്രമാണോ അവര്‍? വോട്ടര്‍മാര്‍ എന്ന നിലയില്‍, ഈ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ ഈ ചോദ്യങ്ങള്‍ നാം ഉന്നയിക്കേണ്ടതുണ്ട്. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നതു തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം.

Next Story

Related Stories