TopTop

ബിജെപിയുടെ ദേശീയ ട്രഷറര്‍ എവിടെ? എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത്?

ബിജെപിയുടെ ദേശീയ ട്രഷറര്‍ എവിടെ? എന്തിനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നത്?
ലോകത്തെ ഏറ്റവും ആസ്തിയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് ബിജെപി. 2016-17 വര്‍ഷം 1034 കോടി രൂപയുടെ വരുമാനമാണ് അവര്‍ക്കുള്ളത്. ബിജെപിയുടെ രേഖകളില്‍ ട്രഷററുടെ ഒപ്പിന് പകരം ഫോര്‍ ട്രഷറര്‍ എന്ന് കാണാം. എന്നാല്‍ ആരാണ് ഈ ട്രഷറര്‍ എന്ന് ആര്‍ക്കുമറിയില്ല എന്നതാണ് വസ്തുത എന്ന് ദ വയറില്‍ സ്വാതി ചതുര്‍വേദി പറയുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ട്രഷററെ കാണാനില്ല. നാഷണല്‍ ട്രഷറര്‍ ഓഫ് ബിജെപി എന്ന ഭാഗം ഒഴിഞ്ഞുകിടക്കുന്നു. എന്തുകൊണ്ടാണ് രാജ്യത്തെ ഭരണകക്ഷിയും ഏറ്റവും വലിയ പാര്‍ട്ടിയുമായ ബിജെപിയുടെ ദേശീയ ട്രഷറര്‍ ഇങ്ങനെ ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചിരിക്കുന്നത്.

ഈ സ്വത്ത് പ്രഖ്യാപനം അംഗീകരിച്ചത് തെറ്റായ നടപടിയാണ് എന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ദ വയറിനോട് പറഞ്ഞത്. ആരാണ് ട്രഷര്‍ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് നോട്ടീസ് അയയ്ക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുന്നു. മറ്റൊരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായ എന്‍ ഗോപാലസ്വാമിയും സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവയ്ക്കുന്നത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താനുള്ള നിര്‍ദ്ദേശങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷറര്‍ അല്ലെങ്കില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനോ ധസമാഹരണത്തിനോ ആരെയാണോ പാര്‍ട്ടി ചുമതലയേല്‍പ്പിച്ചിരിക്കുന്നത് അവരുടെ പേര് നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ പാര്‍ട്ടിയുടേയും ഭരണഘടനയും ചട്ടങ്ങളും പ്രകാരം ആരെയാണോ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് അവരുടെ പേര് രേഖകളിലുണ്ടാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേശീയ ട്രഷററാണ് പാര്‍ട്ടിയുടെ വരവ് ചിലവ് കണക്കുകളും അക്കൗണ്ടും കൈകാര്യം ചെയ്യേണ്ടതെന്ന് ബിജെപിയുടെ ഭരണഘടന വ്യക്തമാക്കുന്നു. ഫണ്ടിന് കൃത്യമായി റസീറ്റ് നല്‍കണമെന്നും ഇതില്‍ നാഷണല്‍ ട്രഷററുടെ ഒപ്പുണ്ടാകണമെന്നും ഇത് പറയുന്നു.2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത് വരെ ആരാണ് പാര്‍ട്ടി ട്രഷറര്‍ എന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. നിലവിലെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി ട്രഷറര്‍. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ 2014 ഓഗസ്റ്റില്‍ പാര്‍ട്ടി ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഇക്കൂട്ടത്തില്‍ ട്രഷറര്‍ ഉണ്ടായിരുന്നില്ല. കാക്കാജി എന്നറിയപ്പെടുന്ന മോദിയുടെ വിശ്വസ്തനായ പരിന്ദു ഭഗത് ട്രഷററാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. ഫലത്തില്‍ പിയൂഷ് ഗോയലിനെ ട്രഷര്‍ സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നു എന്ന് മനസിലാക്കേണ്ടി വരും. കേന്ദ്ര മന്ത്രിയായിരിക്കുന്ന ഗോയല്‍ സ്ഥാനത്ത് തുടരുന്നത് പ്രശ്‌നങ്ങളുണ്ടാക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രഷറര്‍മാര്‍ ഒരിക്കലും എക്‌സിക്യൂട്ടീവ് അധികാര സ്ഥാനങ്ങളിലുണ്ടാകാറില്ല. ഉദാഹരണത്തിന് മോത്തിലാല്‍ വോറയാണ് കോണ്‍ഗ്രസിന്റെ ട്രഷറര്‍. അക്കൗണ്ട് ഇടപാടുകളില്‍ ഒപ്പ് വയ്ക്കുന്നത് വോറയാണ്. അദ്ദേഹം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭകളില്‍ അംഗമായിരുന്നില്ല.

അമിത് ഷായും പിയൂഷ് ഗോയലുമാണ് പാര്‍ട്ടിയുടെ പ്രധാന ഫണ്ട് റെയ്‌സര്‍മാര്‍ എന്ന സൂചനയുണ്ട്. മോദിയും അമിത് ഷായും നയിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് പോയിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പോലും ഈ ട്രഷററില്ലായ്മയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലെന്ന് സ്വാതി ചതുര്‍വേദി ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ ക്രമക്കേടുകള്‍ മോദിയും ഷായും അറിഞ്ഞുകൊണ്ട് നടക്കുന്നതാണ് എന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories