Top

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്

സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്
സെപ്തംബർ 5നാണ് മുൻ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. 1998ൽ ബനസ്കാന്ത ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് കൈകാര്യം ചെയ്ത ഒരു കേസിൽ ഒരു വക്കീലിനെ കുടുക്കി എന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. 1.5 കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിന് രാജ്പുരോഹിത് എന്ന ഈ വക്കീൽ അറസ്റ്റിലായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (NDPS) നിയമപ്രകാരമായിരുന്നു അറസ്റ്റ്. വക്കീലിനെ കുടുക്കാൻ വേണ്ടി വ്യാജമായി നിർമിച്ചെടുത്തതാണ് ഈ കേസെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു വേണ്ടിയാണ് ഗുജറാത്ത് സിഐഡി സഞ്ജീവ് ഭട്ടിനെ സെപ്തംബർ 5ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ സിഐഡി അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ടിനെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. ഇദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന ആശങ്ക വളരുകയാണ്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ഇക്കാര്യം വിശദീകരിച്ച് സെപ്തംബർ 15ന് സോഷ്യൽ മീഡിയയിൽ കുറിപ്പുകളിട്ടു. ഒരു വീഡിയോയും ശ്വേത പോസ്റ്റ് ചെയ്തിരുന്നു. "ഞാൻ സഞ്ജീവ് ഭട്ടിനെ പിന്തുണയ്ക്കുന്നു; എന്നെ നിശ്ശബ്ദയാക്കാനാകില്ല" എന്ന് പറയുന്ന ഒരു ചെറിയ വീഡിയോ ആയിരുന്നു അത്. ദേശീയമാധ്യമങ്ങളെല്ലാം കടുത്ത അന്ധത കാണിക്കുമ്പോൾ ആശങ്കകൾ വളരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശിത വിമർശകനായ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീടൊരു വിവരവും പുറത്തു വരാതിരിക്കുകയും ചെയ്യുമ്പോൾ മാധ്യമങ്ങൾ പുലർത്തുന്ന ഈ നിശ്ശബ്ദത ദുരൂഹമാണ്.

ശ്വേത ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഇന്ന് എനിക്ക് എഴുതാനായി യാതൊന്നുമില്ല. ഒരു പുതിയ വിവരവും എന്റെ പക്കലില്ല. സഞ്ജീവ് എങ്ങനെയിരിക്കുന്നു എന്നെനിക്കറിയില്ല. കഴിഞ്ഞ 12 ദിവസമായി അദ്ദേഹത്തെ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ഇന്നിത് പന്ത്രണ്ടാമത്തെ ദിവസമായി. അദ്ദേഹം വീട്ടിലെത്തിയിട്ടില്ല. എന്താണ് അദ്ദേഹം ചെയ്ത കുറ്റമെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഇന്ത്യാക്കാരുടെ ശബ്ദമാണെന്നതു കൊണ്ടാണോ അദ്ദേഹത്തിന്റെ വായടച്ചു പിടിച്ചിരിക്കുന്നത്? കഴിഞ്ഞ 16 വർഷത്തോളമായി ഈ ശക്തികൾക്കെതിരെ വിശ്രമമില്ലാതെ പോരാടുകയാണദ്ദേഹം. തൊഴിൽപരമായും വ്യക്തിപരമായും നിരവധി പ്രത്യാഘാതങ്ങളുണ്ടായതിനെയെല്ലാം അവഗണിച്ച്. വെറുപ്പിന്റെ അധർമചാരികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ദീർഘപരിശ്രമത്തിലായിരുന്നു അദ്ദേഹം.

സഞ്ജീവ് ഭട്ട് നിശ്ശബ്ദനാക്കപ്പെട്ടാൽ പതിനായിരക്കണക്കിന് കണ്ഠങ്ങളിൽ ആ ശബ്ദം പ്രതിധ്വനിക്കുമെന്ന് നമുക്കവരെ കാണിച്ചു കൊടുക്കാം. നമുക്കൊരുമിച്ചു നിൽക്കാം. നമ്മുടെ ശബ്ദങ്ങളാൽ സാമൂഹ്യമാധ്യമങ്ങൾ നിറയ്ക്കാം. അവ ഓരോരുത്തരുടെയും ഹൃദയങ്ങളെ സ്പർശിക്കുമെന്ന് ഉറപ്പു വരുത്താം. അവരെന്തെല്ലാം ചെയ്താലും സഞ്ജീവ് ഭട്ടും, നമ്മളാരും ഒറ്റയ്ക്കല്ലെന്ന് കാണിച്ചു കൊടുക്കാം. നീതിക്കു വേണ്ടി ജിവിതം മാറ്റി വെച്ചവർക്കു വേണ്ടി ശബ്ദമുയർത്തേണ്ട സന്ദർഭമാണിത്. നമ്മുടെ നീതിക്കു വേണ്ടി പോരാടേണ്ട സമയമാണിത്. സഞ്ജീവിനു വേണ്ടി പോരാടേണ്ട സമയമാണിത്. സഞ്ജീവിനെ വീട്ടിലേക്കെത്തിക്കാൻ എന്നെ സഹായിക്കൂ."വെറുപ്പിന്റെ ആൾരൂപത്തിനെതിരെ ഒറ്റയാൾപ്പോരാട്ടം

വളരെയധികം ഹിന്ദുത്വവൽക്കരിക്കപ്പെട്ട ഗുജറാത്ത് പൊലീസിനും മറ്റ് അധികാര സ്ഥാപനങ്ങൾക്കും സഞ്ജീവ് ഭട്ട് വെറുക്കപ്പെട്ടവനാണ്. ഗുജറാത്തിനെ ദീർഘകാലം അടക്കിഭരിച്ച, ഇപ്പോഴും ഭരിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ ആൾരൂപത്തിനെതിരെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ പോരാട്ടം. ഉയർന്ന റാങ്കോടെ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായി 23ാം വയസ്സിൽ പൊലീസ് സർവ്വീസിൽ ചേര്‍ന്ന സഞ്ജീവ് ഭട്ട് ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപ്പോലും വിട്ടുവീഴ്ച ചെയ്യുകയുണ്ടായില്ല. 2002ൽ ഗുജറാത്ത് കലാപങ്ങൾ അരങ്ങേറുമ്പോൾ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമ്മീഷണർ ഇൻ ചാർജായി ജോലി ചെയ്യുകയായിരുന്നു. അതിർത്തി സുരക്ഷ, വിവിഐപി സെക്യൂരിറ്റി, തീരദേശ സുരക്ഷ തുടങ്ങിയവയ്ക്കൊപ്പം മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ കാര്യങ്ങളും ഇദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു. കലാപകാലത്ത് ഹിന്ദുത്വ പരീക്ഷണങ്ങളുടെ ഭൂമികയായി മാറിയ ഗുജറാത്തിൽ ഒരു ഗൂഢാലോചക സംഘമായി പരിണമിച്ച പൊലീസ് സംവിധാനത്തിനകത്ത് തികച്ചും ഒറ്റപ്പെട്ടതും ധീരമായതുമായ ശബ്ദമായി സഞ്ജീവ് ഭട്ടിന്റേത്.

Also Read: “കാലുകളും കൈകളും വെട്ടിമാറ്റി; തല വെട്ടിയെടുത്ത് ത്രിശൂലത്തിൽ കുത്തിയുയർത്തി” -പിതാവിനെ കൊല ചെയ്തത് ഓർത്തെടുക്കുന്ന ഒരു മകൾ

ഗുജറാത്ത് കലാപങ്ങള്‍: നരേന്ദ്ര മോദി സഞ്ജീവ് ഭട്ടിന്റെ നിതാന്ത്രശത്രുവായ സാഹചര്യം

2002 ഫെബ്രുവരി മാസത്തിൽ ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനടുത്ത് തീവണ്ടിക്ക് തീപ്പിടിച്ച് 59 പേർ മരണമടഞ്ഞപ്പോള്‍ത്തന്നെ സംഭവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് നിലകൊള്ളുന്ന കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങുന്ന കർസേവകരായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത്. ക്രമസമാധാനപാലനത്തിനായി ശക്തമായി മുന്നോട്ടിറങ്ങേണ്ട സാഹചര്യമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചുവെങ്കിലും അതിൽ ശരിയായ നടപടിയൊന്നുമുണ്ടായില്ല. അടുത്ത ഒരാഴ്ചക്കിടെ നടന്ന കലാപങ്ങളിൽ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. തികച്ചും പ്രവചനീയമായ കലാപങ്ങളിലാണ് ഇത്രയധികം പേരുടെ മരണമുണ്ടായത്. കൊലവിളികളുമായി ആളുകൾ പേഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചു. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അന്നത്തെ ഗുജറാത്ത് സർക്കാരിന്റെ കീഴിൽ നിശ്ശബ്ദത പാലിച്ചിരുന്നു. എന്നാൽ, ഈ സമയങ്ങളിലെല്ലാം സഞ്ജീവ് ഭട്ട് എന്ന ധീരനായ ഓഫീസർ തന്റെ കർത്തവ്യങ്ങളിൽ വീഴ്ച വരുത്താൻ അനുവദിക്കുകയുണ്ടായില്ല. കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ സമയായമയങ്ങളിൽ ശേഖരിക്കുകയും അവ വേണ്ടിടങ്ങളിൽ എത്തിക്കുകയും ചെയ്തു. ഒരു വ്യവസ്ഥയൊന്നടങ്കം ക്രൂരമായ നിശ്ശബ്ദത പാലിച്ചപ്പോൾ സഞ്ജീവ് ഭട്ട് മാത്രം ശബ്ദിച്ചു കൊണ്ടിരുന്നു.

കോൺഗ്രസ്സ് നേതാവായിരുന്ന എഹ്സാൻ ജാഫ്രിയെ ആർഎസ്എസ്-വിഎച്ച്പി പ്രവർത്തകർ കൈകാലുകൾ വെട്ടിമാറ്റി, തലയറുത്ത് ശൂലത്തിൽ കുത്തി നിറുത്തി കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ കേസിൽ 2008ൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച സത്യവാങ്മൂലം നിർണായകമായിരുന്നു.

2002 ഫെബ്രുവരി 26, 27 എന്നീ ദിവസങ്ങളിലെ (27നാണ് തീപ്പിടിത്തമുണ്ടായത്) നിർണായകമായ ഫോൺ കോൾ രേഖകൾ അടക്കമുള്ള നിരവധി വിവരങ്ങൾ താൻ പ്രത്യേകാന്വേഷക സംഘത്തിന് കൈമാറിയ വിവരം തന്റെ സത്യവാങ്മൂലത്തിൽ സഞ്ജീവ് ഭട്ട് കോടതിയെ ധരിപ്പിച്ചു. 27ാം തിയ്യതി രാത്രിയിൽ മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ താൻ സന്നിഹിതനായിരുന്ന വസ്തുത സഞ്ജീവ് വിശദീകരിച്ചു. പ്രത്യേക അന്വേഷക സംഘത്തിന്റെ എകെ മൽഹോത്ര എന്ന ഉദ്യോഗസ്ഥൻ തന്നെ വിളിപ്പിച്ച സംഭവം ലീക്കായതും ഈ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിളിക്കു പിന്നാലെ മൽഹോത്രയോട് വെളിപ്പെടുത്താനിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് ഗുജറാത്ത് സർക്കാരിലെ ഏറ്റവും ഉന്നതരായ ആളുകളിലൊരാളുടെ വിളി തനിക്ക് വന്നെന്നും സഞ്ജീവ് പറഞ്ഞു. താൻ അന്വേഷകർക്ക് കൈമാറുന്ന ഓരോ വിവരവും ചോരുകയും തന്റെ ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്തതായി സത്യവാങ്മൂലം പറഞ്ഞു.

Also Read: കാക്കിയുടെ വ്യക്തിത്വം നഷ്ടമായി; ഏകാധിപതികള്‍ വീഴുന്ന കാലം വരികതന്നെ ചെയ്യും: ശ്വേതാ സഞ്ജീവ് ഭട്ട്

സുപ്രീംകോടതിയിൽ സഞ്ജീവ് ഭട്ട് നൽകിയ ഈ സത്യവാങ്മൂലത്തിൽ ഗോധ്ര സംഭവത്തിനു ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ ഫെബ്രുവരി 27ന് വിളിച്ചു ചേർത്ത യോഗത്തിൽ ഒരു പ്രത്യേക മതക്കാരോട് 'പകവീട്ടാൻ അനുവദിക്കണ'മെന്ന് പറഞ്ഞ കാര്യം സഞ്ജീവ് ഭട്ട് വിശദീകരിച്ചിരുന്നു. തന്റെ ഈ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ പ്രത്യേകാന്വേഷക സംഘം തയ്യാറാകാതിരുന്നതും അദ്ദേഹം വിശദീകരിച്ചു. തീവണ്ടിയിലെ തീപ്പിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്ക് കൊണ്ടു വരുന്നതും അന്നേദിവസം വിഎച്ച്പി നടത്തുന്ന ബന്ദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചതും വർഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മോദി വിളിച്ചു ചേർത്ത ഈ യോഗത്തിൽ വെച്ച് സഞ്ജീവ് പറഞ്ഞു. സഞ്ജീവ് പ്രത്യേകാന്വേഷക സംഘത്തിന് നൽകിയ മൊഴിയുടെ ഒരു ഭാഗം ഇങ്ങനെ പറയുന്നു:

"ബന്ദ് ആഹ്വാനം ഇതിനകം തന്നെ നടന്നുവെന്നും അതിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗോധ്രയിൽ കർസേവകരെ കത്തിച്ചതു പോലുള്ള സംഭവങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. ദീർഘകാലമായി ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഗിജറാത്ത് പൊലീസ് ഒരുതരം ബാലൻസിങ് തത്വം പുലർത്തി വരികയാണ്. ഈ സന്ദർഭം ആവശ്യപ്പെടുന്നത് മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കണമെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കൾക്കിടയിൽ വലിയ വികാരം ഉയർന്നിട്ടുണ്ട്. അവരെ ആ വികാരം പുറന്തള്ളാൻ അനുവദിക്കണമെന്നും നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു
".

ഗുജറാത്ത് കലാപങ്ങളിലെല്ലാം അന്നത്തെ ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഒരു പ്രധാന സാക്ഷിയാണ്. ഈയൊരു കാരണം മാത്രം മതി സഞ്ജീവിനെ എന്നെന്നേക്കുമായി നിശ്ശബ്ദനാക്കണമെന്ന് വെറുപ്പിന്റെ കച്ചവടക്കാർ ആഗ്രഹിക്കുവാൻ. നാനാവതി കമ്മീഷനു മുമ്പിലും നാഷണൽ കമ്മീഷന്‍ ഫോർ മൈനോരിറ്റീസിനു മുമ്പാകെയും തന്റെ മൊഴികള്‍ സഞ്ജീവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് കലാപകാലത്ത് സംസ്ഥാനത്തിന്റെ നിയമപാലന സംവിധാനങ്ങളെല്ലാം അനങ്ങാതിരുന്നത് സംബന്ധിച്ചുള്ള വളരെ വിശദമായ വിവരങ്ങളാണ് ഇതുവഴി പുറത്തു വന്നത്.

നരേന്ദ്ര മോദിയെ സമൂഹമധ്യത്തിൽ വസ്തുതകളുടെ പിൻബലത്തോടെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ഏറ്റവും വലിയ ശബ്ദങ്ങളിലൊന്നിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. നിശ്ശബ്ദത പാലിച്ച് കഴിഞ്ഞു കൂടുന്ന ഓരോ നിമിഷത്തിനും നമ്മളോരോരുത്തരുടെയും ജീവന്റെ തന്നെ വിലയുണ്ട്. ശബ്ദിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

https://www.azhimukham.com/india-the-daughter-of-ehsan-and-zakiya-jafri-writes-my-mother-my-motherland/

https://www.azhimukham.com/trending-shweta-sanjiv-bhatt-talk-about-sanjiv-bhatts-arrest/

https://www.azhimukham.com/sanjay-bhat-poem-sachithanandhan-translated-madhyamam-weekly-azhimukham/

Next Story

Related Stories