Top

അഹമ്മദാബാദിന്റെ ഏത് പൈതൃകമാണ് ഇനി നമുക്ക് ആഘോഷിക്കാനുള്ളത്?

അഹമ്മദാബാദിന്റെ ഏത് പൈതൃകമാണ് ഇനി നമുക്ക് ആഘോഷിക്കാനുള്ളത്?
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അഹമ്മദാബാദിലെ Walled City ഇന്ത്യയിലെ ആദ്യ ലോക പൈതൃക നഗരമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ പാരീസ്, കെയ്‌റോ തുടങ്ങിയ പ്രത്യേകമായി സംരക്ഷിക്കപ്പെടുകയും അതിന്റെ പൈതൃകം മുന്‍നിര്‍ത്തി ആഘോഷിക്കപ്പെടുകയും ചെയ്യുന്ന വളരെക്കുറച്ച് ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഇവിടവും സ്ഥാനം പിടിച്ചു.

പക്ഷേ, അഹമ്മദാബാദില്‍ എന്താണ് ഇത്ര മാത്രം ആഘോഷിക്കാനുള്ളത്? ആ ചെറിയൊരു പ്രദേശത്തിന്റെ പുറത്ത് ആധുനിക അഹമ്മദാബാദ് എന്താണ്? സാമുദായിക വിദ്വേഷത്തിന്റെ, 'മിനി പാക്കിസ്ഥാന്‍' എന്നു വിളിക്കപ്പെടുന്ന മുസ്ലീം ഘെട്ടോകളുടെ, 'വാഗാ ബോര്‍ഡറും' 'ലൈന്‍ ഓഫ് കണ്‍ട്രോള്‍സു'മുള്ള, ആധുനിക ഇന്ത്യയെ വിഴുങ്ങിയ, രാജ്യമൊട്ടാകെ ഇപ്പോള്‍ വീശിയടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഉദയം കൊള്ളുകയും ചെയ്ത നഗരം. അതിന്റെ പൈതൃകത്തില്‍ എന്താണ് ഇത്ര മാത്രം ആഘോഷിക്കാനുള്ളത്?

ചരിത്രം ഇങ്ങനെ
600 വര്‍ഷം പഴക്കമുള്ളതാണ് Walled City. എ.ഡി 1411-ല്‍ സുല്‍ത്താന്‍ അഹമ്മദ് ഷായാണ് ഇതിന്റെ സൃഷ്ടാവ്. അടുത്തുള്ള ഹിന്ദു വ്യാപാര കേന്ദ്രമായ അസാവലിന് ബദലായി ഒരു വ്യാപാര കേന്ദ്രം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മുസ്ലീം ഭരണാധികാരിയുടെ ഉദ്ദേശം. സമീപത്തു തന്നെയുണ്ടായിരുന്ന പുരാതന ആഞ്ഞില്‍വാദ് പതാന്‍ എന്ന ഹിന്ദു തലസ്ഥാനത്തിന് പകരമായി തന്റെ രാജപരമ്പരയുടെ കേന്ദ്രമായി അഹമ്മദാബാദിനെ അദ്ദേഹം വളര്‍ത്തിയെടുത്തു.

പോളണ്ടിലെ ക്രാക്കേവില്‍ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയാണ് ശനിയാഴ്ച അഹമ്മദാബാദിനെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തത്.

ഏകദേശം നാലു ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന, അറുനൂറോളം വാസസ്ഥലങ്ങളുള്ള അഞ്ചര കിലോ മീറ്റര്‍ വരുന്നതാണ് Walled City. രാജ്യത്തെ മറ്റ് രണ്ടു മെട്രാ നഗരങ്ങളായ ഡല്‍ഹിയേയും മുംബൈയേയും പിന്തള്ളിയാണ് അഹമ്മദാബാദ് ഈ നേട്ടത്തിന് ഉടമയായത്.

ഭൂരിപക്ഷ ഹിന്ദു, മുസ്ലീം, ജൈന്‍ സമുദായങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്തോടെ സഹവസിക്കുന്നു എന്നത് അഹമ്മദാബാദിന്റെ കാര്യത്തില്‍ പ്രത്യേകം കണക്കിലെടുക്കപ്പെട്ടു. തടികള്‍ കൊണ്ട് നിര്‍മിച്ച ഹവേലികളുടെ വാസ്തുശൈലി മനോഹാരിതയ്ക്ക് പുറമെ, 1947-ല്‍ രാജ്യത്തിന് ബ്രീട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍ കൂടിയാണ് അഹമ്മദാബാദിനെ ലോക സമൂഹം പരിഗണിച്ചത്.

നശിച്ചു പോയവ പുന:സ്ഥാപിക്കാനും ഉള്ളവയെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് 1996-ല്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഹെറിറ്റേജ് സെല്‍ രൂപീകരിച്ചിരുന്നു. അന്നു മുതല്‍ ആഗോള അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

പൈതൃക നഗരങ്ങള്‍ എന്നറിയപ്പെടുന്ന പാരീസ്, കെയ്‌റോ, എഡിന്‍ബര്‍ഗ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നു തന്നെയുള്ള നേപ്പാളിലെ ഭക്ത്പൂര്‍, ശ്രീലങ്കയിലെ ഗല്ലി എന്നിവയ്‌ക്കൊപ്പമാണ് ഇനി അഹമ്മദാബാദിന്റെയും സ്ഥാനം.വെറുപ്പിന്റെ നഗരം
"കഴിഞ്ഞ 600-ലേറെ വര്‍ഷങ്ങളായി സമാധാനത്തിന്റെ നഗരമായി അഹമ്മദാബാദ് നിലകൊള്ളുന്നു. ഇവിടെയാണ് മഹാത്മാ ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചത്. ഹിന്ദു, ജൈന്‍ ക്ഷേത്രങ്ങളുടെ ശില്‍പ്പ സൗന്ദര്യം കൊണ്ടും ഇന്‍ഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെയും ഹിന്ദു-മുസ്ലീം കലയുടേയും മികച്ച ഉദാഹരണമെന്ന നിലയിലുമുള്ള ഐക്യവും ഈ നഗരത്തിന്റെ പ്രത്യേകതയാണ്. അതിനൊപ്പം, ഐക്യാരാഷ്ട്ര സഭയുടെ സുസ്ഥിര വികസന മാതൃകയുടെ മികച്ച ദൃഷ്ടാന്തം കൂടിയാണ് അഹമ്മദാബാദ്"-
 ആഗോള സമിതിക്കു മുമ്പാകെ ഇന്ത്യന്‍ പ്രതിനിധി അഹമ്മദാബാദിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

എന്നാല്‍ അവര്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. അതിനൊപ്പം, യുനെസ്‌കോ അവഗണിക്കുകയും ചെയ്ത ചില കാര്യങ്ങളുണ്ട്. സമാധാനത്തിന്റെ ഒറ്റപ്പെട്ട ചില തുരുത്തുകള്‍ ഒഴിച്ചാല്‍ പുതിയ അഹമ്മദാബാദ് മാറിയ ഒരു നഗരമാണ്. 2002-ലെ കലാപം സാമുദായിക മുറിവുകള്‍ മാത്രമല്ല ഉണ്ടാക്കിയത്, മറിച്ച് ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങള്‍ പേറുന്ന മുസ്ലീം ഘെട്ടോകള്‍ കൂടിയാണ് ഈ നഗരത്തിലുണ്ടാക്കിയത്.

എല്ലായ്‌പ്പോഴും മിടിച്ചു കൊണ്ടിരിക്കുന്ന സാമുദായിക വിദ്വേഷത്തിന്റെ, നെടുകെ പിളര്‍ന്ന പരസ്പര വിശ്വാസത്തിന്റെ നഗരമാണ് ഇന്ന് അഹമ്മദാബാദ്. 2002-ലെ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെപ്പേരും ഈ നഗരത്തിലാണ്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു.

ഈ കലാപത്തിന്റെ ബാക്കിയെന്നോണമാണ് ജൂഹാപുരയില്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചേരിയുണ്ടാവുന്നത്. 2002-നു മുമ്പ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, അര ലക്ഷത്തോളം പേര്‍ താമസിക്കുന്ന മുസ്ലീം പ്രദേശമായിരുന്നു ഇവിടം.

എന്നാല്‍ കലാപം ഈ പ്രദേശത്തെ മാറ്റി മറിച്ചു. അതിനു ശേഷം മുസ്ലീങ്ങളുടെ ഒരൊഴുക്കാണ് ഇവിടേക്കുണ്ടായത്. അതുവരെയുണ്ടായിട്ടുള്ള കലാപങ്ങള്‍ അധികം ബാധിക്കാത്ത സമ്പന്ന മുസ്ലീം വര്‍ഗവും 2002-ല്‍ ആക്രമിക്കപ്പെട്ടതോടെ അവരുടെ ഒഴുക്കും ഇവിടേക്കുണ്ടായി. അവരുടെ വരവോടു കൂടി ഈ പ്രദേശം ഒരു ഘെട്ടോ ആയി രൂപാന്തരപ്പെടുകയായിരുന്നു.മുസ്ലീങ്ങള്‍ അധിവസിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഇന്ത്യയിലുണ്ടെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏക മുസ്ലീം ഘെട്ടോ ആയി ജൂഹാപുര അന്നുമുതല്‍ മാറി.

ഇവിടെയുള്ള ഏതെങ്കിലും പോലീസുകാരനോടോ മറ്റ് ഉദ്യോഗസ്ഥരോടോ സംസാരിച്ചാല്‍ അവര്‍ ജൂഹാപുരയെ വിശേഷിപ്പിക്കുക 'മിനി പാക്കിസ്ഥാന്‍' എന്നാണ്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള വേജാല്‍പ്പൂറുമായി 'വാഗാ ബോര്‍ഡറു'ള്ള പ്രദേശമെന്ന് അവര്‍ പറയും.

ഇത്തരത്തില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞു നില്‍ക്കുന്ന അഹമ്മദാബാദില്‍ എന്താണ് ഇനി ആഘോഷിക്കാനുള്ളത്?

Next Story

Related Stories