TopTop

സിബിഐയെ ബന്ദിയാക്കേണ്ടത് ആരുടെ ആവശ്യം?

സിബിഐയെ ബന്ദിയാക്കേണ്ടത് ആരുടെ ആവശ്യം?
സിബിഐയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ (CVC) നേതൃത്വത്തിൽ മുതിർന്ന സർക്കാർ സെക്രട്ടറിമാർ അടങ്ങുന്ന സമിതി കാണിക്കുന്ന തിടുക്കത്തെ ചോദ്യം ചെയ്ത സിബിഐ (Central Bureau of Investigation) ഡയറക്ടര്‍, അത്തരം യോഗങ്ങളിൽ സിബിഐ മേധാവിയെ പ്രതിനിധീകരിക്കാനുള്ള അധികാരം ഏജൻസിയിലെ മുതിർന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന് ഇല്ലെന്ന് വ്യക്തമാക്കിയ കാര്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സിബിഐ വീണ്ടും നിലവാരത്തകർച്ചയുടെ പുതിയ തലങ്ങളിലാണ്. രാജ്യത്തെ പ്രാഥമിക കുറ്റാന്വേഷണ ഏജന്‍സിയെ ദുരുപയോഗിക്കാനും തരംതാഴ്ത്താനുമുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളുടെ നേരിട്ടുള്ള തെളിവുകൂടിയാണിത്. വെളിപ്പെടുത്തലുകളും പുറത്തു വന്നിട്ടുള്ള രേഖകളും ചൂണ്ടിക്കാട്ടി, സിബിഐയില്‍ കളങ്കിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നതിന്റെ പിന്നിൽ ആരാണെന്നു കോൺഗ്രസ് ചോദിച്ചു.

ആരോപണ വിധേയരായ ഐപിഎസ് ഉദ്യോഗസ്ഥരെ തിടുക്കത്തിൽ സിബിഐയിലേക്ക് നിയമിക്കുന്നതിനെതിരെ, നിയമനാധികാരമുള്ള സി വി സിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സിബിഐ ഒന്നിലേറെ തവണ എതിർപ്പ് രേഖപ്പെടുത്തി നൽകി എന്നാണു അറിയുന്നത്. സിബിഐയിലെ രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥനായ പ്രത്യേക ഡയറക്ടർ രാകേഷ് അസ്താന പല കേസുകളിലും അന്വേഷണം നേരിടുന്നതിനാൽ സി വി സി സമിതി യോഗങ്ങളിൽ സിബിഐയെ പ്രതിനിധീകരിക്കാൻ അധികാരമില്ലെന്ന് സിബിഐ ഡയറക്ടറുടെ അനുമതിയോടെ സിബിഐ നയവിഭാഗം കഴിഞ്ഞയാഴ്ച്ച സി വി സിക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു.

സിബിഐയെ ബന്ദിയാക്കിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിസഭാംഗങ്ങളും പറയുന്ന ഒരു സമയമുണ്ടായിരുന്നു എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഓര്‍മിപ്പിച്ചു. "പക്ഷെ ഇപ്പോൾ ഏതു പൗരനും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് സാഹചര്യങ്ങൾ. ചികിത്സയില്ലാത്ത രോഗമാണ് സിബിഐയെ ബാധിച്ചിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സിബിഐയിലെ ഉന്നത പദവികളിൽ നിയമിക്കുന്നു, അവരെക്കുറിച്ച് സിബിഐ ഡയറക്ടർക്ക് അറിയുകയുമില്ല," അദ്ദേഹം പറഞ്ഞു.

ആരോപണവിധേയരെ ആരാണ് ശുപാർശ ചെയ്യുന്നതെന്ന് സുർജേവാല ചോദിച്ചു. "പ്രധാനമന്ത്രി കാര്യാലയമാണോ അവരെ ശുപാർശ ചെയ്യുന്നത്? അതോ ആർഎസ്എസ് ആസ്ഥാനത്തു നിന്നോ, ബിജെപി കാര്യാലയത്തിൽ നിന്നോ? രാഷ്ട്രീയ എതിരാളികളെ കുരുക്കുന്നതിനുള്ള മോദി സർക്കാരിന്റെ വെറും ചട്ടുകമാണിപ്പോൾ സിബിഐ."ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സിബിഐയിൽ നിയമിക്കുന്നതിനെതിരെ സി വി സിക്ക് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ, സി ബി ഐ മൂന്നു കത്തുകളെങ്കിലും എഴുതിയിട്ടുണ്ട് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.

എസ് പി പദവിക്ക് മുകളിൽ സിബിഐയിലെ എല്ലാ നിയമനങ്ങൾക്കും അംഗീകാരം നൽകേണ്ടത് സി വി സിയുടെ നേതൃത്വത്തിലുള്ള ഒരു അഞ്ചംഗ സമിതിയാണ്. രണ്ടു വിജിലൻസ് കമ്മീഷണർമാർ, ആഭ്യന്തര, പെഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവർ ഇതിൽ അംഗങ്ങളാണ്. ഈ സമിതിയിലെ ക്ഷണിതാവായ സിബിഐ മേധാവിയുമായി കൂടിയാലോചനകൾ നടത്തിയാണ് നിയമനകാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

അഴിമതി ആരോപണം നേരിടുന്ന ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താനയെ സിബിഐ ഡയറക്ടറുടെ എതിർപ്പുകള്‍ മറികടന്ന് പ്രത്യേക ഡയറക്ടർ പദവിയിലേക്ക് നിയമിച്ചതോടെ തന്നെ സമിതിക്കു മേൽ സംശയത്തിന്റെ നിഴൽ വീണിരുന്നു.

സിബിഐയിലേക്ക് നിയമിക്കാൻ സി വി സി പരിഗണിക്കുന്ന നിരവധി ഉദ്യോഗസ്ഥർ ഇതിനകം "കുറ്റകൃത്യങ്ങളിൽ സിബിഐ അന്വേഷണം നേരിടുന്ന സംശയിക്കപ്പെടുന്നവരോ പ്രതികളോ ആണ്" എന്നാണ് സിബിഐ, സി വി സിക്ക് എഴുതിയ രണ്ടു കത്തുകളിലൊന്നില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐയിലേക്ക് നിയനമനം നടത്താനുള്ള സെലക്ഷന്‍ കമ്മിറ്റിയോഗങ്ങളിലും പ്രതിമാസ അവലോകന യോഗങ്ങളിലും, ആരോപിതരായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ തങ്ങൾ തുടർച്ചയായി സി വി സിയെ പ്രതിഷേധം അറിയിച്ചിരുന്നു എന്നും സിബിഐ പറയുന്നു.

സെലക്ഷന്‍ കമ്മിറ്റിയുടെ ജൂലൈ 12-ലെ യോഗത്തിന് സിബിഐക്ക് സി വി സി നൽകിയ അറിയിപ്പിനെ തുടർന്നാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. തങ്ങൾക്കു യോഗത്തിന്റെ അജണ്ടയൊന്നും കിട്ടിയില്ല എന്ന് സിബിഐയുടെ നയവിഭാഗം സി വി സിയെ അറിയിച്ചു. "നിയമിക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വേണ്ട വിധത്തിൽ അന്വേഷിക്കാൻ ആവശ്യമായ സമയം സിബിഐക്ക് നൽകണമെന്ന് തങ്ങൾ അവശ്യപ്പെട്ടിരുന്നതായി" അത് സി വി സിയെ ഓർമ്മിപ്പിച്ചു.

https://www.azhimukham.com/india-war-in-cbi-is-out-in-the-open-on-asthana/

സി ബി ഐ ഡയറക്ടർ ഒദ്യോഗിക യാത്രയിലായതിനാൽ സെലക്ഷന്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സി വി സി അസ്താനയോട് ആവശ്യപ്പെട്ടപ്പോൾ, സിബിഐ മേധാവിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അയാൾക്ക് അധികാരമില്ലെന്ന് സിബിഐ പ്രത്യേകം കത്ത് നൽകി. സിബിഐ മേധാവി അലോക് വര്‍മയ്ക്കു കൂടി പങ്കെടുക്കാൻ സാധ്യമാകും വിധം ജൂലായ് 19-നു ശേഷമുള്ള ഒരു ദിവസത്തേക്ക് യോഗം മാറ്റിവെക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.

യു പി കേഡറിലെ 1996 ബാച്ചിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ ജ്യോതി നാരായണന്റെ കാര്യം സിബിഐ എടുത്തുപറയുന്നുണ്ട്. 'ഒരു കുറ്റകൃത്യത്തിൽ അയാളുടെ പങ്കു പരിശോധിച്ചുവരികയാണ്' എന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വ്യോമയാന മന്ത്രാലയം സുരക്ഷ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ജനറലായ ജ്യോതി നാരായണനെ സിബിഐ ജോയിന്റ് ഡയറക്ടറായി നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയത് അസ്താനയാണെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു എന്നും സിബിഐ പറയുന്നു.

https://www.azhimukham.com/edit-when-modi-turning-cbi-a-gujarat-model-through-rakesh-asthana/

Next Story

Related Stories