TopTop

ആരാണ് ഉപേന്ദ്ര കുശ്വാഹ? എന്താണ് എൻഡിഎയുമായി അദ്ദേഹത്തിന്റെ അതൃപ്തികൾ?

ആരാണ് ഉപേന്ദ്ര കുശ്വാഹ? എന്താണ് എൻഡിഎയുമായി അദ്ദേഹത്തിന്റെ അതൃപ്തികൾ?
2016 ഓഗസ്റ്റ് മാസത്തിൽ ഉപേന്ദ്ര കുശ്വാഹയുടെ പാർട്ടിയായ രാഷ്ട്രീയ ലോക് സമത പാർട്ടിയിൽ ദീർഘകാലമായി നടന്നുവന്നിരുന്ന ഒരു കലാപം ശക്തമായിത്തീർന്നു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയായ ഉപേന്ദ്ര കുശ്വാഹയെ എംപിയായ അരുൺ കുമാർ സസ്പെൻഡ് ചെയ്തതായി മാധ്യമങ്ങൾക്ക് വിവരം കിട്ടി. ഇതിനു പിന്നാലെ അരുൺ കുമാറിനെ ഉപേന്ദ്ര കുശ്വാഹയും സസ്പെൻഡ് ചെയ്തു. ബിഹാറിലെ കുശ്വാഹ എന്ന ഒബിസി സമുദായത്തിനിടയിൽ സ്വാധീനമുള്ള പാർ‌ട്ടിക്ക് ആകെയുള്ളത് മൂന്ന് എംപിമാരും രണ്ട് എംഎൽഎമാരുമാണ്. ഇവരാണ് പരസ്പരം സസ്പെൻഡ് ചെയ്തുകൊണ്ടിരുന്നത്.

ഈ പ്രശ്നങ്ങൾക്കിടയിലാണ് ജനതാദൾ യുനൈറ്റഡ് പ്രസിഡണ്ട് നിതീഷ് കുമാറുമായുള്ള പിടിവലികൾ രൂക്ഷമായത്. ബിഹാറിൽ തങ്ങൾക്കുള്ള രണ്ട് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ നിതീഷ് കുമാർ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉപേന്ദ്ര രംഗത്തു വന്നു. തന്നെയും തന്റെ പാർട്ടിയെയും നശിപ്പിക്കാൻ നിതീഷ് കുമാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ആരോപണങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ ഉപേന്ദ്ര ശ്രമം നടത്തി. എന്നാൽ ഇരുവരും തന്നിൽ നിന്ന് മാറി നടക്കുകയായിരുന്നെന്ന് ഉപേന്ദ്ര പറയുന്നു. തങ്ങൾ രണ്ടുകൂട്ടരും എൻഡിഎ കക്ഷികളാണെന്നിരിക്കെ ഇത്തരമൊരു ശ്രമം നിതീഷ് കുമാർ നടത്തുന്നതിലെ അധാർമികതയാണ് ഉപേന്ദ്ര ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇത് ചെവിക്കൊള്ളാൻ എൻഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി തയ്യാറായില്ല. തിരക്കുകൾ മൂലം തന്നെ കാണാൻ ഇരുവർക്കും സമയം കിട്ടിയില്ലെന്നു പറഞ്ഞാൽ അംഗീകരിക്കാൻ ഉപേന്ദ്ര തയ്യാറാണ്. എന്നാൽ ഒരു ഫോൺ കോൾ പോലും പിന്നീടുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതാണ് മന്ത്രിസ്ഥാനം രാജി വെക്കാനും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനുമുള്ള നിലപാടിലെത്താൻ അദ്ദേഹത്ത് പ്രകോപിപ്പിച്ചത്.

തന്റെ മണ്ഡലത്തിലെയും തനിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെയും വികസനപരിപാടികൾ നിതീഷ് കുമാർ ഇടപെട്ട് കക്ഷത്താക്കുന്നതിൽ ഉപേന്ദ്ര നേരത്തെ തന്നെ പരാതിയുന്നയിച്ചു വരുന്നതാണ്. നിതീഷ് കുമാറുമായി നേരിട്ടുള്ള കൊമ്പു കോർക്കലുകൾക്ക് ഉപേന്ദ്ര കുശ്വാഹയും ശ്രമങ്ങൾ നടത്തി. സംസ്ഥാനത്തെ കുശ്വാഹ സമുദായക്കാരുടെ പാർട്ടിയായ തന്റെ കക്ഷിയെ ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒരു കക്ഷിയാക്കി മുഖ്യധാരയിൽ നിലനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന തോന്നലിൽ ഉപേന്ദ്രയെപ്പോലുള്ള ചെറുമീനുകളോട് ചർച്ച ചെയ്ത് നേരം കളയാൻ താനില്ലെന്ന തരത്തിൽ പ്രതികരിക്കുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടൽ സംബന്ധിച്ച തന്റെ പരാതികൾ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനു മുന്നിലെ വലിയൊരു പ്രശ്നമാക്കി മാറ്റുക എന്നത് ഉപേന്ദ്രയുടെ ഉദ്ദേശ്യമായിരുന്നിരിക്കണം.

ഇതിനിടെ, അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും നിതീഷ് കുമാർ തന്നെയായിരിക്കും പാർട്ടിയുടെ മുഖം എന്ന സാധ്യത നിലനിർത്താൻ ജെഡിയു ശ്രമം നടത്തവെ, 2020 തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ മത്സരിക്കില്ലെന്ന ഒരു പ്രസ്താവന ഉപേന്ദ്രയുടെ ഭാഗത്തു നിന്നും വന്നു. ഒരു കാലത്ത് നിതീഷിന്റെ അടുത്തയാളായിരുന്ന ഉപേന്ദ്രയിൽ നിന്ന് തുടർച്ചയായ പ്രകോപനങ്ങളാണ് വന്നുകൊണ്ടിരുന്നത്. വോട്ടെണ്ണം നോക്കുമ്പോൾ ആർഎസ്എൽപിക്ക് തനിച്ച് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും സഖ്യങ്ങളോട് ചേരുമ്പോൾ കുശ്വാഹ സമുദായം ഏറെ നിർണായകമാണ്. ഇക്കാരണത്താൽ ഉപേന്ദ്രയെ പിണക്കാൻ ബിജെപി ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന തങ്ങളുടെ ആവശ്യം ജെഡിയുവിന്റെ എൻഡിഎ പ്രവേശത്തോടെ പരിഗണിക്കപ്പെടില്ലെന്ന് ബോധ്യമായ ആർഎസ്എൽപി പുറത്തുപോകാനുള്ള പ്രവണത കാണിക്കുകയായിരുന്നുവെന്നു വേണം അനുമാനിക്കാൻ.

ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വ യാദവുമായി ഉപേന്ദ്ര നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വാർത്തകളും പുറത്തുവരികയുണ്ടായി. 2019 തെരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും 50-50 സീറ്റ് പങ്കിടൽ ഫോർമുല അംഗീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്. 2019 തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് മത്സരിക്കാൻ വേണ്ടി ഉപേന്ദ്ര കുശ്വാഹ ചോദിക്കുന്ന സീറ്റുകളിൽ ചിലത് ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ രണ്ട് സീറ്റിലധികം ഉപേന്ദ്രയ്ക്ക് നൽകാനാകില്ലെന്ന നിലപാടിലാണ് എൻഡിഎ.

കരകാട് ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ രോഹ്താസ് ജില്ലയില്‍ കുശ്വാഹ സമുദായക്കാർക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. പഴയ ജനതാദളിന്റെ യുവജനവിഭാഗമായ യുവ ജനതാദൾളിന്റെ ദേശീയ ജനറൽ സെക്രട്ടറി പദവിയിലിരുന്നിട്ടുണ്ട് ഇദ്ദേഹം, 1988 മുതൽ 93 വരെ. പിന്നീട് സമതാ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2000ത്തിൽ ബിഹാർ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 2013ലാണ് ഇദ്ദേഹം രാഷ്ട്രീയ ലോക് സമത പാർട്ടി സ്ഥാപിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുമായി സഖ്യമുണ്ടാക്കി. ഉപേന്ദ്ര മന്ത്രിയുമായി.

2012 മുതലാണ് നിതീഷ് കുമാറുമായി ഉപേന്ദ്ര തെറ്റിപ്പിരിയുന്നത്. തന്റെ രാജ്യസഭാ എംപി സ്ഥാനമടക്കം രാജിവെച്ച് ഉപേന്ദ്ര പുറത്തുവന്നു. 2013ൽ ആർഎൽഎസ്പി രൂപീകൃതമായി. പിന്നീട് 2014 ഫെബ്രുവരി മാസത്തിൽ എൻഡിഎയുമായി സഖ്യം ചേർന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ആർഎൽഎസ്പിയും ചേർന്ന് 40 മണ്ഡലങ്ങളിൽ മത്സരിക്കാമെന്ന ധാരണയുണ്ടായി.

ഇതേ സന്ദർഭത്തിൽ തന്നെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും ഉപേന്ദ്ര കൂടിക്കാഴ്ച നടത്തി. കർഷകർക്കു വേണ്ടിയാണ് തങ്ങൾ സഖ്യത്തിലേർപ്പെടുന്നതെന്ന് ഉപേന്ദ്ര പറഞ്ഞു. ഇതാദ്യമായാണ് ഒരു ഒബിസി വിഭാഗക്കാരൻ പ്രധാനമന്ത്രി സ്ഥാനത്തിനടുത്തെത്തുന്നതെന്നും അന്ന് ഉപേന്ദ്ര പ്രസ്താവിക്കുകയുണ്ടായി.

https://www.azhimukham.com/newsupdate-union-minister-upendra-kushwaha-resigns-to-attend-opposition-meeting/

Next Story

Related Stories