Top

ഹിന്ദുസ്ഥാനി സംഗീതാസ്വാദകൻ, ചരിത്ര ബിരുദധാരി: റിസർവ്വ് ബാങ്ക് ഗവർണറാകാൻ ഈ യോഗ്യതകൾ 'അധികപ്പറ്റോ?'

ഹിന്ദുസ്ഥാനി സംഗീതാസ്വാദകൻ, ചരിത്ര ബിരുദധാരി: റിസർവ്വ് ബാങ്ക് ഗവർണറാകാൻ ഈ യോഗ്യതകൾ
സാമ്പത്തിക ശാസ്ത്രത്തിലോ സാമ്പത്തിക ക്രയവിക്രയവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയത്തിലോ ബിരുദമില്ലാത്തവർ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറാകുന്നത് ഒരു പുതുമയൊന്നുമല്ല. 1990ൽ റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്തിരുന്നിരുന്ന എസ് വെങ്കിട്ടരാമൻ എന്ന ഫിസിക്സ് ബിരുദധാരിയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ സിഡി ദേശ്മുഖ് ബോട്ടണി ബിരുദധാരിയായിരുന്നു. ആർ‌ട്സ് വിഷയത്തിലാണ് പുതിയ ഗവർണർ ശക്തികാന്ത ദാസ് എന്ന ചരിത്ര ബിരുദധാരിക്കും അതൊരു അയോഗ്യതയാകേണ്ട കാര്യമില്ല. ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച കരിയർ ഗ്രാഫുള്ളയാളാണ് ശക്തികാന്ത ദാസ്. മുൻകാലങ്ങളിലും സാമ്പത്തിക മേഖലകളിൽ കഴിവ് തെളിയിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ റിസർവ്വ് ബാങ്കിന്റെ തലപ്പത്തെത്തിയിട്ടുണ്ട്.

ശക്തികാന്ത ദാസിന്റെ വിദ്യാഭ്യാസ പശ്ചാത്തലം

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിന്റെ തമിഴ്നാട് കേഡറിലെ 1980 ബാച്ച് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. ഭുബനേശ്വറിലെ ഡെമോൺസ്ട്രേഷൻ മൾടിപർപ്പസ് സ്കൂളിയാരുന്നു ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. ഡൽഹി സർവ്വകലാശാലയിലെ സെന്റ് സ്റ്റീഫൻസ് സ്കൂളിൽ നിന്ന് ചരിത്രത്തിൽ ബിഎയും എംഎയും കരസ്ഥമാക്കി.

സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം

ബാംഗ്ലൂർ ഐഐഎമ്മിൽ നിന്ന് ഫിനാൻഷ്യൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ നിന്ന് ഡവലപ്മെന്റ് ബാങ്കിങ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് കോഴ്സും പൂർത്തിയാക്കി. ഫിനാൻഷ്യൽ മാനേജ്മെന്റിൽ ഇൻ സർവ്വീസ് പ്രൊഫഷണൽ ട്രെയിനിങ് പൂർത്തിയാക്കിയിട്ടുമുണ്ട് ശക്തികാന്ത ദാസ്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റർപ്രൈസസിൽ നിന്നായിരുന്നു ഇത്. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളജിൽ നിന്നും ബേസിക് പ്രോജക്ട് മാനേജ്മെന്റിൽ ഡിപ്ലോമയെടുത്തിട്ടുണ്ട്.

1957ലാണ് ശക്തികാന്ത് ദാസിന്റെ ജനനം. ഒഡീഷയാണ് സ്വദേശം. റവന്യൂ സെക്രട്ടറി പദവിയിൽ പ്രവർത്തിച്ച പരിചയം ശക്തികാന്ത് ദാസിനുണ്ട്. രാജ്യത്തിന്റെ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നു. അഞ്ചാം ധനകാര്യ കമ്മീഷനിൽ അംഗമായിരുന്നിട്ടുമുണ്ട്. ഈ നിയമനങ്ങളെല്ലാം നടന്നത് 2014ൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. റിട്ടയർമെന്റിനു ശേഷമാണ് ധനകാര്യ കമ്മീഷനിൽ അംഗമായത്.

ജിഎസ്‌ടി നടപ്പാക്കലിൽ ശക്തികാന്ത് ദാസിന്റെ പങ്ക്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നായ ജിഎസ്‌ടി നികുതി സമ്പ്രദായം നടപ്പാക്കുന്നതിൽ ശക്തികാന്ത് ദാസിന്റെ സേവനം നിർണായകമായിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി ഊഷ്മളമായ ബന്ധമുള്ള ദാസാണ് വിവിധ സംസ്ഥാ സർക്കാരുകളുമായി ജിഎസ്‌ടി സംബന്ധമായ ചർച്ചകളും മറ്റു നീക്കുപോക്കുകളും നടത്തിയത്. സംസ്ഥാന സർക്കാരുകളെ ഒരുമിപ്പിക്കലായിരുന്നു ജിഎസ്‌ടി നടപ്പാക്കുന്നതിൽ ഏറെ വിഷമകരമായ ദൗത്യം. പലതരത്തിലുള്ള പരാതികളും ആശങ്കകളും അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. ഇത് ഭംഗിയായി നിർവ്വഹിക്കാൻ ശക്തകാന്ത് ദാസിന് സാധിച്ചു. ജിഎസ്‌ടി നടപ്പാക്കൽ ഏറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയെങ്കിലും ഉദ്യോഗസ്ഥനെന്ന നിലയിൽ ദാസിന്റെ സേവനങ്ങളെ മോദി സർക്കാർ വിലമതിക്കുന്നുവെന്നാണ് ഗവർണർ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവിൽ നിന്നും മനസ്സിലാക്കേണ്ടത്.

നോട്ടുനിരോധനം

നോട്ടുനിരോധനം നടപ്പാക്കിയതിനു പിന്നാലെ രാജ്യം വലിയൊരു കെണിയിലകപ്പെട്ടുവെന്ന് ബോധ്യപ്പെട്ട കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ വിശ്വസ്തരായ ചിലരെ ചുമതലയേൽപ്പിക്കുകയുണ്ടായി. അവരിൽ പ്രധാനിയായിരുന്നു ശക്തികാന്ത് ദാസ്. രാജ്യാന്തര വേദികളിലും ഇദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി. 2016ലെ സാർക് ധനകാര്യമന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ഇദ്ദേഹമായിരുന്നു. വിദേശനിക്ഷേപ ചട്ടങ്ങളുടെ നിലവിലെ നൂലാമാലകൾ നീക്കുന്നതിനുള്ള ചുമതലയും ഇദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിരുന്നു. മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികളുമായി രാജ്യത്ത് വിദേശനിക്ഷേപം വർധിപ്പിക്കാൻ മോദി സർക്കാർ കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോൾ അതിൽ നിർണായകമായ ഒരു റോൾ ഇദ്ദേഹത്തിനും ഉണ്ടായിരുന്നു.

കള്ളപ്പണം തിരികെ കൊണ്ടുവരൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപ്പാക്കാൻ കഴിയാതിരുന്ന വാഗ്ദാനങ്ങളിലൊന്നായ കള്ളപ്പണം തിരികെ കൊണ്ടുവരൽ പദ്ധതിയുടെ പിന്നിലും കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട് ശക്തികാന്ത് ദാസ്.

ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ മ്യൂസിക് ആസ്വാദകൻ

ആർട്സ് വിഷയം പഠിച്ചതിന്റെ 'പ്രശ്നങ്ങൾ' ശക്തികാന്ത ദാസിനുണ്ട് എന്നാണ് പലരുടെയും വിമർശനത്തിന്റെ കാതൽ. തീർച്ചയായും അത്തരം പ്രശ്നങ്ങൾ ശക്തികാന്ത് ദാസിനുണ്ട്. അവയിലൊന്നാണ് ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തോട് അദ്ദേഹത്തിനുള്ള താൽപര്യം.

സംവാദാത്മകത

ആർ‌ട്സ് വിഷയം പഠിച്ചതു കൊണ്ടുള്ള മറ്റൊരു 'പ്രശ്നം', എല്ലാക്കാര്യങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. സംവാദത്തിന് തയ്യാറുള്ള ശക്തികാന്ത് ദാസിന്റെ സ്വഭാവത്തിലായിരിക്കണം കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. ആർബിഐയുടെ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് എങ്ങനെയെങ്കിലും വാങ്ങിയെടുത്ത് മാന്ദ്യത്തിലുള്ള സാമ്പത്തിക വ്യവസ്ഥയിൽ ഉണർവ്വുണ്ടാക്കുക എന്ന ലക്ഷ്യം സർക്കാരിനുണ്ട്. ഇതിന് ആർബിഐ തയ്യാറല്ല. ഇതേ പ്രശ്നത്തിലുടക്കിയാണ് ഊർജിത് പട്ടേൽ രാജി വെച്ച് സ്ഥലം വിട്ടത്. ചർച്ചകൾക്ക് വഴങ്ങുന്ന ആളായിരുന്നില്ല അദ്ദേഹം. ശക്തികാന്ത് ദാസ് അടിസ്ഥാനപരമായി ഒരു ഉദ്യോഗസ്ഥനായതിനാലും പണ്ട് ആർട്സ് വിഷയം പഠിച്ചതിന്റെ അസ്കിതകൾ അദ്ദേഹത്തിനുണ്ടെന്ന് ആരോപണം നിലവിലുള്ളതിനാലും ചർച്ചകൾക്കും തുടർന്നുള്ള നീക്കുപോക്കുകൾക്കും അദ്ദേഹം തയ്യാറാകുമെങ്കിലോ? കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Next Story

Related Stories