TopTop
Begin typing your search above and press return to search.

ആരാണ് അരുഷിയെ കൊന്നത്?

ആരാണ് അരുഷിയെ കൊന്നത്?

അരുഷി വധക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും കുറ്റക്കാരല്ലെന്നും ഇരുവരെയും വെറുതെ വിടുന്നുവെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പ് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസ് ഇതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. അരുഷിയുടെ മാതാപിതാക്കളല്ല കൊലപാതകത്തിന് പിന്നിലെങ്കില്‍ പിന്നെയാരാണ് ഈ കൃത്യം ചെയ്തത് എന്നതു തന്നെയാണ് മുഖ്യമായും ഉയരുന്ന ചോദ്യം.

2008 മെയ് 16നാണ് ഡല്‍ഹിയിലെ നോയ്ഡയിലുള്ള വീട്ടില്‍ പതിനാലുകാരിയായ അരുഷിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ ഇവരുടെ വീട്ടുവേലക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ഹേമരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരെ കൂടാതെ ദന്തഡോക്ടര്‍മാരായ രാജേഷും നുപുരും മാത്രമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്. വീട്ടിലേക്ക് മറ്റാരും വന്നതായും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കളാണെന്ന് പോലീസ് സംശയിച്ചത്. ആദ്യം അന്വേഷണം നടത്തിയ ഉത്തര്‍പ്രദേശ് പോലീസ് തല്‍വാറിന്റെ സഹായി കൃഷ്ണയെയും മറ്റ് രണ്ട് വേലക്കാരായ രാജ്കുമാര്‍, വിജയ് എന്നിവരെയുമാണ് കേസില്‍ സംശയിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃഷ്ണയുടെ മുറിയില്‍ നിന്നും ഹേമരാജിന്റെ രക്തക്കറയുള്ള തലയിണക്കവര്‍ ലഭിച്ചതാണ് ഈ നിഗമനത്തിന് കാരണം. വിരലടയാള പരിശോധനയില്‍ കൃഷ്ണയുടെ വിരലടയാളം വ്യക്തമായെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിശക് ആണെന്ന് സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസിസ് അറിയിച്ചു.

സിബിഐയുടെ അന്വേഷണവും ഇവരെ ചുറ്റിപ്പറ്റിത്തന്നെയാണ് പുരോഗമിച്ചത്. മൂന്ന് പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കുകയും അത് പിന്നീട് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. അരുഷിയെ രണ്ട് വീട്ടുവേലക്കാരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതുചെറുക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നു എന്ന നിഗമനത്തിലാണ് അവരെത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായതിന് ഹേമരാജിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നും സിബിഐ ആരോപിച്ചു. എന്നാല്‍ വേണ്ടത്ര തെളിവില്ലാത്തതിനാല്‍ മൂന്ന് പേരെയും വെറുതെവിട്ടു.

അരുഷിയും ഹേമരാജും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഇതു തിരിച്ചറിഞ്ഞ തല്‍വാര്‍ കുടുംബം മാനം കാക്കാനായി ഏക മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പിന്നീട് കണ്ടെത്തിയത്. കൊലപാതകം നടന്ന സമയത്ത് കൊല്ലപ്പെട്ടവരും രാജേഷ് തല്‍വാറും നുപുരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നതാണ് ഈ സംശയത്തിന്റെ അടിസ്ഥാനം. കൂടാതെ മറ്റാരെങ്കിലും ആ സമയത്ത് ഈ വീട്ടില്‍ വന്നതായി പോലീസിന് കണ്ടെത്താനും സാധിച്ചിരുന്നില്ല. ഹേമരാജിന്റെ സുഹൃത്തുക്കളെ വിട്ടയച്ചതോടെയാണ് സിബിഐ ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്ടെത്തലായ മാതാപിതാക്കളുടെ പങ്കിന്റെ പിന്നാലെ പോയത്. അതേസമയം എവിടെവച്ചാണ് ഇരട്ട കൊലപാതകം നടന്നതെന്ന് കണ്ടെത്താന്‍ പോലും പോലീസിന് സാധിക്കാതെ വന്നതോടെ അവരുടെ അന്വേഷണം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി നിരീക്ഷിച്ചതോടെയാണ് 2013ല്‍ ഇരുവരും അഴിക്കുള്ളിലായത്. എന്നാല്‍ വിശ്വസനീയമായ തെളിവുകളില്ലാതെ ഇരുവരെയും കുറ്റക്കാരെന്ന് വിധിക്കാനോ ശിക്ഷിക്കാനോ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ് ഇന്ന് ഇവര്‍ ജയില്‍ മോചിതരായിരിക്കുന്നത്. ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ കഴിയുന്ന ഇരുവരും ഇന്ന് ജയില്‍ മോചിതരായിരിക്കുകയാണ്. സംശയത്തിന്റെ ആനുകൂല്യം നുപുരിനെയും രാജേഷിനെയും കുറച്ചു വൈകിയാണെങ്കിലും തുണച്ചു. പക്ഷെ അപ്പോഴും ഒരു സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു ഇവര്‍ രണ്ടുപേരുമല്ലെങ്കില്‍ ആരാണ് അരുഷിയെയും ഹേമരാജിനെയും കൊലപ്പെടുത്തിയത്.


Next Story

Related Stories