EXPLAINER: നിങ്ങള്‍ വായിക്കുന്ന/കാണുന്ന/കേൾക്കുന്ന വാർത്തയ്ക്ക് പിന്നില്‍ ആരുടെ പണം?

Print Friendly, PDF & Email

ഇന്ത്യൻ മാധ്യമങ്ങളെ വിഴുങ്ങിക്കഴിഞ്ഞ പെയ്ഡ് ന്യൂസ് സംസ്കാരം

A A A

Print Friendly, PDF & Email

ഹിന്ദുത്വ വിഭാഗീയത സ‍ൃഷ്ടിക്കാനും പ്രതിപക്ഷ പാർട്ടികളെ അപകീർത്തിപ്പെടുത്താനും ഇന്ത്യൻ മാധ്യമരംഗത്തെ വമ്പന്മാർ സമ്മതിക്കുന്നതിന്റെ വീഡിയോകൾ കോബ്ര പോസ്റ്റ് ഒളികാമറ ഓപ്പറേഷന്‍ വഴി പുറത്തു വന്നിരുന്നു. ‘പെയ്ഡ‍് ന്യൂസ്’ അഥവാ പണത്തിനു പകരം വാർത്ത എന്ന പ്രയോഗം വീണ്ടും ചർച്ചയിലേക്ക് വന്നിരിക്കുകയാണ്. എന്താണ് പെയ്ഡ് ന്യൂസ് എന്നും അത് ഇന്ത്യൻ ജനാധിപത്യത്തിൽ എന്തു തരം സ്വാധീനമാണ് ഉണ്ടാക്കുന്നത് എന്നും വിശദീകരിക്കുകയാണ് അഴിമുഖം ഇവിടെ.

എന്താണ് ‘പെയ്ഡ് ന്യൂസ്?

2010ല്‍ പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പറയുന്നതു പ്രകാരം, ‘പണത്തിനോ സമാനമായ പരിഗണനകൾക്കോ വേണ്ടി മാധ്യമങ്ങൾ ചെയ്യുന്ന വാർത്തയോ വിശകലനമോ’ ആണ് പെയ്ഡ് ന്യൂസ്. പെയ്ഡ് ന്യൂസ് എന്നതിനെ വളരെ ‘സങ്കീർണമായ ഒരു പ്രതിഭാസ’മായാണ് കൗൺസിൽ വിശദീകരിക്കുന്നത്. കഴിഞ്ഞ ആറ് ദശകങ്ങൾക്കിടെ വിവിധതരം രൂപഭാവങ്ങൾ പെയ്ഡ് ന്യൂസിന് കൈവന്നിട്ടുണ്ട്. നേരിട്ട് പണം കൊടുക്കുന്നത് തന്നെയാകണമെന്നില്ല ഇത്. പല സന്ദർഭങ്ങളിൽ സമ്മാനങ്ങൾ പറ്റുന്നതും, പണമായും അല്ലാതെയുമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായി മാറിയിട്ടുണ്ട്. മാധ്യമ കമ്പനികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള സ്വകാര്യ ഉടമ്പടികളും ഈ പ്രതിഭാസത്തിന്റെ ഭാഗമാണ്.

പെയ്ഡ് ന്യൂസ് അത്ര വ്യാപകമാണോ?

അതെ. എന്നാൽ ഇത് ഒരു ശരാശരി വായനക്കാരന് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. നിരവധി ലേഖനങ്ങൾ വാർത്തകളുടെ പ്രച്ഛന്നവേഷത്തിൽ നമുക്ക് മുമ്പിലെത്തുന്നുണ്ട്. പരസ്യമാണെന്നോ സ്പോൺസേഡ് ലേഖനമാണെന്നോ ഒന്നും പറയാതെയാണ് ഇവയെത്തുക. ഇത്തരം പെയ്ഡ് ന്യൂസുകൾക്ക് വായനക്കാരെ സ്വാധീനിക്കാനും വഴി തെറ്റിക്കാനും എളുപ്പത്തിൽ സാധിക്കുന്നു.

ഒരു ലളിതമായ ഉദാഹരണം: കൊച്ചിയിലെ ഒരു പ്രത്യേക സ്ഥാപനം നഗരത്തിലെ ഏറ്റവും മികച്ച സലൂൺ ആണെന്ന് ഒരു ടിവി റിപ്പോർട്ട് പറയുന്നു. എന്നാൽ ഈ റിപ്പോർട്ടിന് അവർ ആധാരമാക്കിയത് ഒരു സ്പോൺസേഡ് സർവ്വേയെയാണ്. സർവ്വേയുടെ ആധികാരികതയില്ലായ്മ അറിയാത്ത വായനക്കാർ ചാനലിന്റെ വാർത്ത വിശ്വസിക്കാൻ ഏതാണ്ട് നിർബന്ധിതരായിത്തീരുന്നു. ഇതുപോലെ ചാനലിന് പണം നൽകുന്ന ആശുപത്രികളും ഹോട്ടലുകളുമെല്ലാം ഒന്നാം സ്ഥാനത്താണെന്ന് റിപ്പോർട്ട് നൽകാം. കമ്പനികള്‍ ചെയ്തുകൂട്ടുന്ന തെറ്റുകളെ അടച്ചുവെക്കുകയോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നതോടെ പെയ്ഡ് ന്യൂസ് അതിന്റെ ഭീകരമുഖം പുറത്തു കാണിച്ചു തുടങ്ങുന്നു. ഇതിനൊരു കൃത്യതയുള്ള ഉദാഹരണം ലഭ്യമാണ്: ദില്ലിയിൽ ഉബർ ടാക്സിയിൽ വെച്ച് ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെട്ടപ്പോൾ നിരവധി പത്രങ്ങളുടെ റിപ്പോര്‍ട്ടിൽ ഉബർ എന്ന പേരുണ്ടായിരുന്നില്ല!

ഇക്കാരണത്താലാണോ മുഖ്യധാരാ മാധ്യമങ്ങൾ വൻ ബ്രാൻഡുകളുടെ പിറകെ പോകാത്തത്?

പെയ്ഡ് ന്യൂസ് എന്നത് ഒരു വലിയ പ്രശ്നത്തിന്റെ പ്രതിഫലനം മാത്രമാണെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നിലവിലെ മാധ്യമ മോഡൽ പരസ്യങ്ങളെ വലിയ തോതിൽ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വരിക്കാരൻ‌ നൽകുന്ന തുക പത്രത്തിന്റെ അച്ചടി ചെലവ് പോലും ആകുന്നില്ല. ഇക്കാരണത്താലാണ് പ്രമുഖ ജ്വല്ലറി, ഒരു സൂപ്പർമാർക്കറ്റ്, പ്രമുഖ ബിൽഡർ എന്നിങ്ങനെ, നിയമപരമായ പ്രശ്നങ്ങളില്ലാത്ത സന്ദർഭത്തിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരുടെ പേരുവിവരങ്ങൾ അവ്യക്തമായി സൂചിപ്പിക്കുന്ന പ്രവണത് മാധ്യമങ്ങൾ കാണിക്കുന്നത്.

എന്തുകൊണ്ടാണ് ഇപ്പോൾ നമ്മൾ പെയ്ഡ് ന്യൂസിനെപ്പറ്റി സംസാരിക്കുന്നത്?

കഴിഞ്ഞയാഴ്ച കോബ്ര പോസ്റ്റ് എന്ന ഒരു ഓൺലൈൻ പോർട്ടലിന്റെ റിപ്പോർട്ടർ നടത്തിയ ഒളികാമറ ഓപ്പറേഷനാണ് ഇപ്പോൾ പെയ്ഡ് ന്യൂസ് വീണ്ടും ചർച്ചയാകാൻ കാരണം. പുറത്തു വന്ന വീഡിയോകളിൽ ഇന്ത്യയിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും പെട്ടിട്ടുണ്ട്. രാജ്യത്ത് വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പോലും പണത്തിനു വേണ്ടി പ്രസിദ്ധീകരിക്കാൻ ഈ മാധ്യമങ്ങളുടെ ഉടമകളും ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമ വിനീത് ജയിൻ പോലും വർഗ്ഗീയത പ്രചരിപ്പിക്കുന്ന വാർത്ത ബിജെപിക്കു വേണ്ടി പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന്, തന്നെ ഹിന്ദു സന്യാസിയുടെ വേഷത്തിൽ സമീപിച്ച കോബ്ര പോസ്റ്റ് റിപ്പോർട്ടറോട് പറയുന്നുണ്ട്. പണം മാത്രമാണ് ടൈംസ് ഓഫ് ഇന്ത്യയുടെയും ലക്ഷ്യം.

എങ്ങനെയാണ് പെയ്ഡ് ന്യൂസ് ജനാധിപത്യത്തെ ബാധിക്കുന്നത്

പരസ്യം എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ള പ്രസിദ്ധീകരണങ്ങളെക്കാൾ മാധ്യമ വാർത്തകളെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ മാധ്യമങ്ങളുടെ പങ്ക് വളരെ നിർണായകമാണെന്ന് ഇലക്ഷൻ കമ്മീഷൻ വിലയിരുത്തുന്നതിനു കാരണം ഇതാണ്. വാർത്തയെന്ന പ്രച്ഛന്നവേഷത്തിൽ വരുന്ന പെയ്ഡ് ന്യൂസും, വാർത്തയുടെ പരിവേഷത്തിൽ വരുന്ന പരസ്യങ്ങളുമെല്ലാം വോട്ടര്‍മാരെ വഴിതെറ്റിക്കും. തെരഞ്ഞെടുപ്പ് സമയത്തെ പെയ്ഡ് ന്യൂസ് മറ്റുചില പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കണക്കിൽപ്പെടാത്ത പണമാണ് ഇത്തരം വാർത്തകൾക്കു വേണ്ടി മാധ്യമങ്ങൾക്ക് നൽകുക. ഇങ്ങനെ പണം ലഭിച്ച മാധ്യമങ്ങൾ അതിരുവിട്ട തെരഞ്ഞെടുപ്പ് ചെലവുകൾ പുറത്തുവരുന്നതിലേക്ക് നയിക്കുന്ന വാർത്തകൾ മൂടി വെക്കുകയും ചെയ്യും.

ജനാധിപത്യ ചർച്ചകളെ തകർക്കാനും പെയ്ഡ് ന്യൂസിന് സാധിക്കും. വർഗീയ വിദ്വേഷം പടർത്താനും പൊതുജനാഭിപ്രായത്തെ അടിച്ചമർത്താനും ഇവയ്ക്കാകും. തെറ്റായ പ്രചാരണങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനും അതുവഴി ജനാധിപത്യ സംവിധാനങ്ങളെ നശിപ്പിക്കാനും പെയ്ഡ് ന്യൂസിന് സാധിക്കും.

പെയ്ഡ് ന്യൂസ് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാണോ?

2010നും 2013നും ഇടയ്ക്ക് നടന്ന അസംബ്ലി ഇലക്ഷനുകളിൽ മാധ്യമങ്ങൾ വ്യാപകമായി പണം വാങ്ങി വാർത്തകൾ പ്രസിദ്ധീകരിച്ചു. മധ്യപ്രദേശിൽ ഇലക്ഷൻ കമ്മീഷൻ 279 നോട്ടീസുകൾ നൽകിയതിൽ 165 എണ്ണം പെയ്ഡ് ന്യൂസ് ആണെന്ന് ഉറപ്പാക്കപ്പെട്ടു. പഞ്ചാബും ഗുജറാത്തുമാണ് പെയ്ഡ് ന്യൂസിന്റെ പറുദീസകൾ. 2012ല്‍ ഈ രണ്ടിടങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളിൽ പണത്തിനു പകരം വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി മാധ്യമങ്ങൾ. പഞ്ചാബിൽ ഇലക്ഷൻ കമ്മീഷൻ 339 നോട്ടീസ് അയച്ചു. ഇവയിൽ 323 കേസുകള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടു.

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പുകാലത്തു മാത്രമാണോ സംഭവിക്കുന്നത്?

അല്ല. മിക്ക മാധ്യമസ്ഥാപനങ്ങളും വളരെ വിദഗ്ധമായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. പരിഷ്കൃതമായ രീതികൾ ഇതിനായി ആവിഷ്കരിക്കപ്പെട്ടു കഴിഞ്ഞു. കമ്പനികളിൽ ഓഹരി പകരമായി വാങ്ങി വാർത്തകൾ ചെയ്തു നൽകുന്നവരുണ്ട്. കമ്പനികളിൽ ഓഹരിയെടുത്ത് അവരെ പ്രമോഷനുകൾക്കായി വാർത്തകളെഴുതി സഹായിക്കുക. നിങ്ങൾ ഒരു കമ്പനിയുടെ ഓഹരിയുടമയായിക്കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുക?

2010ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഒരു കത്തിൽ ഇപ്രകാരം പറഞ്ഞു: “സ്വകാര്യ ഉടമ്പടികൾ വാർത്തകളുടെ വാണിജ്യവൽക്കരണത്തിന് കാരണമാകും. മാധ്യമ ഗ്രൂപ്പും കമ്പനിയും തമ്മിൽ സബ്സ്ക്രിപ്ഷനെയും അതിനെ ആധാരമാക്കിയുള്ള പരസ്യപ്രചാരണത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും അത്തരം ഉടമ്പടികൾ എന്നതാണ് പ്രശ്നം. സ്വാധീനിക്കപ്പെട്ടതും അസന്തുലിതവുമായ റിപ്പോര്‍ട്ടിങ് അതിന്റെ ഗുണഭോക്താക്കളായ കമ്പനികളെക്കുറിച്ച് സമൂഹത്തിന് ശരിയല്ലാത്ത പരിപ്രേക്ഷ്യം നൽകുന്നു.”

“നിരവധി മാധ്യമസ്ഥാപനങ്ങൾ ഇത്തരം ‘സ്വകാര്യ ഉടമ്പടി’കളിലേർപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കമ്പനിയിൽ ഓഹരി നൽകുന്നതിന് പകരമായി മാധ്യമ കവറേജും പരസ്യവും വാർത്തയും എഡിറ്റോറിയലുകളും നൽകുക എന്നതാണ് ഈ ഉടമ്പടികളുടെയെല്ലാം സ്വഭാവം.”

2014ൽ ടെലികോം റെഗുലേറ്ററി അതോരിറ്റി സ്വകാര്യ ഉടമ്പടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ആരാണിതെല്ലാം ചെയ്യുന്നത്?

നിരവധി മുഖ്യധാരാ മാധ്യമങ്ങൾ ഇതെല്ലാം ചെയ്യുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ദൈനിക് ഭാസ്കർ, ദൈനിക് ജാഗരൺ തുടങ്ങിയ മാധ്യമ ഗ്രൂപ്പുകളെല്ലാം ഇതിന്റെ ഭാഗമാണ്.

പ്രൈവറ്റ് ട്രീറ്റികൾ അഥവാ സ്വകാര്യ ഉടമ്പടികൾ എന്ന പരിപാടിക്ക് തുടക്കം കുറിച്ചത് ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ ചാനൽ, ഇക്കണോമിക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുടെ ഉടമയായ ബെന്നെറ്റ് കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ് ആണ്. രാജ്യത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനമാണിത്. ഈ ഉടമ്പടിപ്രകാരം ദീർഘകാല പരസ്യങ്ങളിലൂടെയും മറ്റ് പ്രമോഷൻ രീതികളിലൂടെയും തിരിച്ച് സഹായിക്കാമെന്ന് ടൈംസ് ഗ്രൂപ്പ് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഎൽ ഓഹരികളെടുത്തത്. ചില സന്ദർഭങ്ങളിൽ ബിസിസിഎലിനു വേണ്ടി ‘പൊസിറ്റീവ്’ വാർത്തകൾ മാത്രം നൽകി ടൈംസ് ഗ്രൂപ്പ് വിവാദത്തിലായിരുന്നു.

2005ൽ, വീഡിയോകോൺ ഇന്ത്യ, കൈനറ്റിക് മോട്ടോഴ്സ് തുടങ്ങിയ പത്ത് സ്ഥാപനങ്ങൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ഇക്വിറ്റി ഷെയറുകൾ ബിസിസിഎലിന് നൽകുകയുണ്ടായി. ഇത് എത്ര ഷെയറുകളുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. 2007 അവസാനമായപ്പോഴേക്ക് ടൈംസ് ഗ്രൂപ്പിന് നിരവധി കമ്പനികളിൽ നിക്ഷേപങ്ങളുണ്ടായി. ഏവിയേഷൻ, മീഡിയ, ചില്ലറ വിൽപ്പന, എന്റർടെയ്ൻമെന്റ് തുടങ്ങിയ 140 കമ്പനികളിലാണ് ഇവർ നിക്ഷേപം നടത്തിയത്. ഏതാണ്ട് 1500 കോടി രൂപയുടെ നിക്ഷേപം നടന്നു. 2008 ജൂലൈ മാസം വരെ മാത്രം കമ്പനിക്ക് 175 മുതൽ 200 വരെ സ്വകാര്യ ഉടമ്പടി ക്ലയന്റുകൾ ഉണ്ടായിരുന്നു. ഓരോന്നും 15 കോടി മുതൽ 20 കോടി രൂപ വരെ മൂല്യമുള്ള ഉടമ്പടികളാണ്. അതായത്. 2600 കോടി രൂപ മുതൽ 4000 കോടി രൂപ വരെ മൂല്യമുണ്ട് മൊത്തം ഉടമ്പടികൾക്ക്. ഇന്ന് ഈ ബിസിനസ്സ് നിരവധി മടങ്ങുകളായി വർധിച്ചിട്ടുണ്ട്. മറ്റു മാധ്യമസ്ഥാപനങ്ങളും ബിസിസിഎൽ ഗ്രൂപ്പിന്റെ വഴിയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

Share on

മറ്റുവാർത്തകൾ