TopTop
Begin typing your search above and press return to search.

ചെകുത്താന്റെ നമ്പര്‍ പതിയും; ആധാറിനെതിരെ മിസോറാമിലെ ഒരുവിഭാഗം ക്രിസ്ത്യാനികള്‍

ആധാര്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി വിധി വന്നാലും മതപരമായ വിശ്വാസം അനുവദിക്കാത്തതിനാല്‍ തങ്ങള്‍ അത് സ്വീകരിക്കില്ലെന്നു പറഞ്ഞു കൊണ്ട് മിസോറാമില്‍ നിന്ന് എതിര്‍പ്പിന്‍റെ സ്വരം ഉയരുന്നു. മാര്‍ച്ച്‌ 15 വരെയുള്ള കണക്കനുസരിച്ച് 81.2% പേര്‍ മാത്രമാണ് ആധാര്‍ എടുത്തിട്ടുള്ളത്.

സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള ഒട്ടേറെ പേര്‍ ആധാര്‍ എടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.ക്രിസ്തുമത വിശ്വാസം അനുസരിച്ചു ആധാര്‍ പോലുള്ള ബയോമെട്രിക് നമ്പറുകള്‍ സ്വീകരിക്കുന്നത് വെളിപാടിന്‍റെ പുസ്തകത്തിലെ പ്രവചനം ശരി വയ്ക്കുന്നതാണെന്ന ഭയമാണ് ഈ എതിര്‍പ്പിനു ആധാരമെന്ന് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെകുത്താന്‍റെ അക്കമായ 666 പതിഞ്ഞവര്‍ക്ക് ഒഴികെ ഒന്നും വാങ്ങാനും വില്‍ക്കാനും സാധിക്കാത്ത ഒരു കാലം വരുമെന്നാണ് വെളിപാടിന്‍റെ പുസ്തകത്തിലെ പ്രവചനം. 666 എന്ന അക്കത്തെ ഭയപ്പെടുന്നതിനു ഹെക്സാകൊസിയോയ് ഹെക്സേകൊന്താഹെക്സാഫോബിയ (hexakosioihexekontahexaphobia) എന്നൊരു പ്രയോഗം തന്നെയുണ്ട്‌.

മിസോറാം ജനതയില്‍ 87% ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. 12 അക്കമുള്ള ആധാര്‍ നമ്പര്‍ ഗവണ്മെന്‍റ് സേവനങ്ങള്‍ ലഭിക്കാന്‍ നിര്‍ബന്ധമാക്കി വരികയാണ്‌. എന്നാല്‍ ഈ നമ്പര്‍ ചെകുത്താന്‍റെ അക്കം തങ്ങളില്‍ പതിയാന്‍ ഇടയാക്കുമെന്നാണ് മിസോറാമില്‍ ആധാറിനെ എതിര്‍ക്കുന്നവരുടെ പേടി.

ഈ പേടിയെ അവരുടെ പള്ളികള്‍ അനുകൂലിക്കുന്നില്ല. അനാവശ്യമാണ് പേടിയെന്നും ആധാര്‍ എടുക്കേണ്ടത് തന്നെ എന്നും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പള്ളിയുടെ നടപടികളെയും അവര്‍ ഭയക്കുന്നു. ഇത്തരത്തിലുള്ള ആളുകള്‍ ചേര്‍ന്ന് മിസോറാം എഗെയ്ന്‍സ്റ്റ് ബയോമെട്രിക് എന്‍റോള്‍മെന്‍റ് എന്നൊരു കൂട്ടായ്മ രൂപീകരിച്ചിട്ടുമുണ്ട്. അംഗങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ജീവനക്കാരുമാണ്.

കഴിഞ്ഞ നവംബറില്‍ ഇതിനെക്കുറിച്ച് ഒരു കാംപെയ്ന്‍ സംഘടിപ്പിച്ചപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ കൂടെ ചേര്‍ന്നെങ്കിലും അവര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലാത്തതുകൊണ്ട് സംഘടനയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന മിംഗ്തെയ് പറയുന്നു.

ഐസ്വാളില്‍ സ്കൂള്‍ അധ്യാപകനായ ലാല്‍സിയരാന ആണ് സംഘടനയുടെ പ്രസിഡന്‍റ്. ബൈബിളില്‍ വിലക്കിയിട്ടുള്ള കാര്യം ചെയ്ത പോലെയാകും ആധാര്‍ എടുക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ആധാര്‍ എന്നാല്‍ ചെകുത്താനല്ല പക്ഷേ ചെകുത്താന്‍റെ വരവിനു ഒരുക്കം നടത്തല്‍ ആകുമത്രേ. 1994-ല്‍ ആത്മീയ ജ്ഞാനോദയം ലഭിച്ചതായി അവകാശപ്പെടുന്ന മിംഗ്തെയ് ഈ വാദം ശരി വയ്ക്കുന്നു. ആ സമയത്ത് പരിശുദ്ധാത്മാവ് തന്നെ വെളിപാടിന്റെ പുസ്തകത്തിലൂടെയെല്ലാം നയിച്ച്‌ തനിക്കു തിരിച്ചറിവ് തന്നുവെന്നാണ് മിംഗ്തെയ് പറയുന്നത്.

ബൈബിളില്‍ ലോകം മുഴുവന്‍ ഒരു സംഘടനയാല്‍ നിയന്ത്രിക്കപ്പെടുമെന്നു പറയുന്നുണ്ട്. ഇതിപ്പോള്‍ അങ്ങനെയാണ് പോകുന്നതെന്ന് തോന്നുന്നു. എല്ലാ ബയോമെട്രിക് വിവരങ്ങളും ഐക്യരാഷ്ട്ര സംഘടനയില്‍ എത്തുന്ന ലക്ഷണമാണെന്നും മിംഗ്തെയ് പറയുന്നു.

പള്ളി സര്‍ക്കാരിനെ പിന്തുണയ്ക്കുകയേ ഉള്ളൂ. താനിപ്പോഴും പള്ളിയില്‍ പോകുന്നുണ്ട്. എന്നാല്‍ പുറത്ത് സംഘടനയുടെ പ്രവര്‍ത്തനവുമായി സജീവമാണെന്ന് മിംഗ്തെയ് പറയുമ്പോള്‍ ലാല്‍സിയരാന പള്ളിയില്‍ പോകുന്നതേ നിര്‍ത്തിയിരിക്കുന്നു.

ഇതേ ഭീതിയുള്ളവര്‍ മേഘാലയയില്‍ ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. ക്രിസ്തുമത താല്പര്യങ്ങള്‍ക്ക് എതിരായതിനാല്‍ തന്റെ മതവിശ്വാസം സംരക്ഷിക്കാന്‍ ആധാര്‍ എടുക്കുന്നതില്‍ നിന്ന് ഇളവു തേടി മുംബൈയില്‍ നിന്ന് ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.


Next Story

Related Stories