TopTop
Begin typing your search above and press return to search.

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍
ബുധനാഴ്ച ത്രിപുരയിലെ കൊവായ് ജില്ലയില്‍ ശന്തനു ഭൗമിക് കൂടി കൊല്ലപ്പെട്ടതോടെ 1992 ന് ശേഷം ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന വധശ്രമങ്ങളുടെ എണ്ണം 72 ആയതായി യുഎസ് ആസ്ഥാനമായുള്ള കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ജേര്‍ണലിസ്റ്റിന്റെ കണക്കുകള്‍ പറയുന്നു. ബംഗളൂരുവിലെ വസതിയില്‍ വച്ച് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ സംഭവമെന്നതും ഞെട്ടിക്കുന്നതാണ്. എന്നാല്‍ ശന്തനുവിനെ കൊലപ്പെടുത്തി എന്ന ആരോപണം നേരിടുന്ന ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) കൂടുതല്‍ രാഷ്ട്രീയ പ്രസക്തി നേടുകയാണ് എന്നൊരു വൈരുദ്ധ്യം കൂടി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ അരുണാബ് സൈക്യ.

ത്രിപുരയിലെ ആദിവാസികളെ പ്രതിനിധീകരിക്കുന്ന ഐപിഎഫ്ടി, ത്വിപ്രാലാന്റ് എന്ന പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വഴി തടയല്‍ സമരത്തിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് ഭൗമിക് കൊല്ലപ്പെട്ടത്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ പിന്തുണയ്ക്കുന്നു എന്നറിയപ്പെടുന്ന ദിന്‍രാത് എന്ന പ്രദേശിക വാര്‍ത്ത ചാനലിലാണ് ഭൗമിക് ജോലി ചെയ്യുന്നത്. ഭൗമികിന്റെ റിപ്പോര്‍ട്ടുകള്‍ പ്രത്യേക സംസ്ഥാനം എന്ന തങ്ങളുടെ ആവശ്യത്തിനെ തുരങ്കം വെക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്ന് ആരോപിച്ച് സമരരംഗത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ അദ്ദേഹത്തെ ആക്രമിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഒരു പ്രാദേശിക പത്രത്തിന്റെ പ്രതിനിധി പറയുന്നു.

ഭൗമിക് കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ഐപിഎഫ്ടിയും സിപിഎമ്മിന്റെ ആദിവാസി സംഘടനയായ ത്രിപുര രാജ്യേര്‍ ഉപജാതി ഗണമുക്തി പരിഷദിന്റെ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഭൗമികിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐപിഎഫ്ടിയുടെ മുന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ പ്രത്യേക ത്രിപുരി സംസ്ഥാനം വേണമെന്ന് വാദിക്കുന്ന നിരോധിക്കപ്പെട്ട വിഘടനവാദി സംഘമായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പിന്തുണയോടെ 1996ലാണ് ഐപിഎഫ്ടി രൂപീകരിക്കുന്നത്. 2000ല്‍ ആദിവാസി മേഖല സ്വയംഭരണ ജില്ല കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അവര്‍ ത്രിപുര രാജ്യേര്‍ ഉപജാതി ഗണമുക്തി പരിഷത്തിനെ ഞെട്ടിച്ചുകൊണ്ട് അധികാരം പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി രാഷ്ട്രീയ കക്ഷിയും സിപിഎമ്മിന്റെ ഏക എതിരാളിയുമായ ത്രിപുര ഉപജാതി ജുബ സമിതിയുമായി ഇവര്‍ തൊട്ടടുത്തവര്‍ഷം സഖ്യമുണ്ടാക്കി. സായുധ സംഘമായി രൂപീകരിക്കുകയും പിന്നീട് 1988ല്‍ രാഷ്ട്രീയ കക്ഷിയായി പരിണമിക്കുകയും ചെയ്ത ത്രിപുര നാഷണല്‍ വോളന്റിയേഴ്‌സും ഐപിഎഫ്ടിയില്‍ ചേര്‍ന്നു. ഈ മൂന്ന് കക്ഷികളും ചേര്‍ന്ന് പിന്നീട് ഇന്‍ഡിജീനിയസ് നാഷണല്‍ പാര്‍ട്ടി ഓഫ് ത്വിപ്ര എന്ന് അറിയപ്പെടാന്‍ തുടങ്ങി.എന്നാല്‍ 2003ലെയും 2008ലെയും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എന്തെങ്കിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മൂന്ന് കക്ഷികളുടെ സഖ്യത്തിന് സാധിച്ചല്ല. സംസ്ഥാനത്തെ ബംഗാളി ജനവിഭാഗത്തിന് താല്‍പര്യമില്ലാത്ത നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുമായുള്ള പാര്‍ട്ടിയുടെ ബന്ധമാണ് ഇതിന് കാരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുബിര്‍ ഭൗമിക് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും വലിയരീതിയില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാവുകയും അത് പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. നിലവില്‍ ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, ഇന്‍ഡിജീനിയസ് നാഷ്ണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്വിപ്ര എന്നീ രണ്ട് പാര്‍ട്ടികളാണുള്ളത്. പിളര്‍പ്പോടെ ഇരുഭാഗങ്ങളുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന ശക്തിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഐപിഎഫ്ടി. മൊത്തമുള്ള 60 സീറ്റുകളുടെ മൂന്നില്‍ ഒന്ന് ആദിവാസികള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ത്രിപുരയിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനവും ആദിവാസികളാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഭരണകക്ഷിയായ സിപിഎമ്മിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപി, ആദിവാസി മേഖലകളിലേക്ക് കടന്നുകയറാനുള്ള ഒരു മാര്‍ഗ്ഗമായാണ് ഐപിഎഫ്ടിയെ കാണുന്നത്. നിലവില്‍ ആദിവാസി മേഖലകള്‍ ത്രിപുര രാജ്യേര്‍ ഉപജാതി ഗണമുക്തി പരിഷത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ത്രിപുര ആദിവാസി മേഖല സ്വയംഭരണ ജില്ലാ കൗണ്‍സിലിലേക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐപിഎഫ്ടിക്ക് ബിജെപി രഹസ്യപിന്തുണ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 70 ശതമാനം വരുന്ന ത്രിപുരയുടെ ആദിവാസി മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ത്വിപ്രാലാന്റ് സംസ്ഥാനം വേണ്ടമെന്ന ആവശ്യം ഐപിഎഫ്ടി ഉയര്‍ത്തിയതോടെ അനിശ്ചിത സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ജൂലൈയില്‍ ഐപിഎഫ്ടിന്റെ പതിനൊന്ന് ദിവസം നീണ്ടുനിന്ന റോഡ്, റെയില്‍ ഉപരോധം സംസ്ഥാനത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുകയും ചെയ്തു.പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തെ പിന്തുണയ്ക്കില്ലെന്നാണ് ബിജെപി പറയുന്നതെങ്കിലും സംസ്ഥാനത്തെ ആദിവാസികളുടെ അധ:സ്ഥിതാവസ്ഥ പാര്‍ട്ടി തിരച്ചറിയുന്നുണ്ടെന്നും ബിജെപി അധികാരത്തില്‍ വരുന്നപക്ഷം ആദിവാസി ജില്ല കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലാക്കി മാറ്റുമെന്നുമാണ് അവരുടെ സംസ്ഥാന വക്താവ് മൃണാള്‍ കാന്തി ദേവ് സ്‌ക്രോളിനോട് പറഞ്ഞത്. ഒടുവില്‍ ഐപിഎഫ്ടിയെ അനുനയിപ്പിക്കാനുള്ള ഒരു ശ്രമം ബിജെപി നടത്തിയെങ്കിലും ഔദ്യോഗിക സഖ്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ആദിവാസി മേഖലകളിലേക്ക് പാര്‍ട്ടിക്ക് കടന്നുകയറുന്നതിന് ഐപിഎഫ്ടി സുപ്രധാനമാണ് എന്ന് തങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കിലും പ്രാദേശിക പാര്‍ട്ടിയുടെ പ്രവചാനീത സ്വഭാവം മൂലമാണ് ഒരു തിരഞ്ഞെടുപ്പ് സഖ്യം രുപപ്പെടാത്തതെന്ന് ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് പറയുന്നു. ആദിവാസി മേഖലകളില്‍ തങ്ങള്‍ക്ക് സംഘടനാശക്തി ഇല്ലാത്തതിനാല്‍ ഐപിഎഫ്ടിയുമായി സീറ്റ് പങ്കിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐപിഎഫ്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കാനാണ് ബിജെപി ആലോചിക്കുന്നത്. ഇതുവരെ ഔദ്യോഗിക സംഖ്യ ആയിട്ടില്ലെന്ന് ഐപിഎഫ്ടി തലവന്‍ എന്‍സി ദേവ്ബര്‍മയും സ്ഥിരീകരിച്ചു. ശന്തനു ഭൗമികിന്റെ കൊലപാതകത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ദേവ്ബര്‍മ്മ ആവശ്യപ്പെട്ടു.

എന്നാല്‍ ഐപിഎഫ്ടിയുമായി സംഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കത്തെ ഭരണകക്ഷിയായ സിപിഎം ശക്തായി വിമര്‍ശിച്ചു. സംസ്ഥാനത്ത് അസ്വസ്ഥത വളര്‍ത്തുന്നതിന് ബിജെപി കൂട്ടുനില്‍ക്കുയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനായി സംസ്ഥാനത്തെ ആദിവാസി ജനതയും ആദിവാസി ഇതര ജനവിഭാഗങ്ങളും തമ്മില്‍ വിഭാഗീയ വളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ദാര്‍ ആരോപിച്ചു.

ഭൗമികിന്റെ കൊലപാതകത്തെ തുടര്‍ന്ന് മാണ്ഡെയിലെ സ്ഥിതി സംഘര്‍ഷഭരിതമായി തുടരുകയാണ്. പരമ്പരാഗതമായി സാമൂഹിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശമായ ഇവിടെ 1980 ജൂണ്‍ എട്ടിന് സായുധ ആദിവാസി കലാപകാരികള്‍ 350 ബംഗാളികളെയാണ് വംശഹത്യ നടത്തിയത്. ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ വംശഹത്യകളില്‍ ഒന്നാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Next Story

Related Stories