Top

രാജീവ് ചന്ദ്രശേഖർ തടഞ്ഞു വെപ്പിച്ച ലേഖനങ്ങൾ രണ്ടു വർഷത്തിനു ശേഷം വെളിച്ചം കാണുമ്പോൾ; മാധ്യമങ്ങൾ ഭരണഘടനയുടെ കാവൽക്കാരെന്ന് ബിജെപി എംപിയോട് കോടതി

രാജീവ് ചന്ദ്രശേഖർ തടഞ്ഞു വെപ്പിച്ച ലേഖനങ്ങൾ രണ്ടു വർഷത്തിനു ശേഷം വെളിച്ചം കാണുമ്പോൾ; മാധ്യമങ്ങൾ ഭരണഘടനയുടെ കാവൽക്കാരെന്ന് ബിജെപി എംപിയോട് കോടതി
ഒരേസമയം രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനും മാധ്യമ മുതലാളിയുമായ രാജീവ് ചന്ദ്രശേഖർ സർക്കാരിൽ ഏതുതരം പങ്കാളിത്തമാണ് വഹിക്കുന്നതെന്ന് വിശകലനം ചെയ്യുന്ന രണ്ട് ലേഖനങ്ങളാണ് ദി വയർ 2017 ജനുവരിയിലും ഫെബ്രുവരിയിലുമായി പ്രസിദ്ധീകരിച്ചത്. ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങളടങ്ങിയ ഈ ലേഖനങ്ങള്‍ സച്ചിൻ റാവു, സന്ദീപ് ഭൂഷൺ എന്നവരെഴുതിയതായിരുന്നു. സച്ചിൻ റാവു എഴുതിയ ലേഖനം രാജ്യസഭയിൽ കൊണ്ടുവന്ന ഒരു ബില്ല് അടക്കമുള്ള കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. 'ആരുടെ താൽപ്പര്യത്തിലാണ് നമ്മുടെ പട്ടാളം മാർച്ച് ചെയ്യുന്നത്?' എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. പാകിസ്താനെ 'ഭീകരതയെ സ്പോണ്‍സർ ചെയ്യുന്ന രാജ്യ'മായി പ്രഖ്യാപിക്കണമെന്നതായിരുന്നു ഈ ബില്ലിന്റെ സാരം. ഏതു പാകിസ്താൻകാരനും ഇന്ത്യ സന്ദർശിക്കുന്നത് തടയണമെന്നും പാക് യാത്രികരുമായി പോകുന്ന ഒരു വിമാനവും ഇന്ത്യയുടെ വ്യോമാതിർത്തിക്കുള്ളിൽ കടക്കരുതെന്നുമെല്ലാം നിർദേശിക്കുന്ന ഒന്നായിരുന്നു ബിൽ. ഇരുരാജ്യങ്ങളിലുമുള്ള മനുഷ്യർ തമ്മിൽ സമ്പർക്കം പുലര്‍ത്തുന്നതിനെയും യുദ്ധരംഗമാക്കി പരിവർത്തിപ്പിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നതെന്ന് നിരീക്ഷിക്കുന്നതായിരുന്നു റാവുവിന്റെ ലേഖനം. ഇതിനു പിന്നിൽ രാജീവിനുള്ള പ്രത്യേക മൂലധന താൽപര്യങ്ങളെയും റാവു വിശകലനവിധേയമാക്കി.

ജനുവരിയിൽ ദി വയർ പ്രസിദ്ധീകരിച്ച 'അർണബിന്റെ റിപ്പബ്ലിക്ക്, മോദിയുടെ പ്രത്യയശാസ്ത്രം' എന്ന തലക്കെട്ടിലുള്ള എഴുത്താണ് രാജീവ് ചന്ദ്രശേഖറിനെ വിഷമിപ്പിച്ച മറ്റൊരു ലേഖനം. റിപ്പബ്ലിക് എന്ന പേരിൽ അർണബ് തുടങ്ങിയ ചാനലിൽ ഏഷ്യാനെറ്റ് അടക്കമുള്ള വൻ ചാനലുകളുടെ ഉടമയായ രാജീവ് ചന്ദ്രശേഖർ നടത്തിയ വൻ നിക്ഷേപത്തെക്കുറിച്ചും അതിനു പിന്നിലെ മൂലധന താൽപര്യത്തെക്കുറിച്ചുമെല്ലാം സന്ദീപ് ഭൂഷൺ ചർച്ച ചെയ്തു. അർണാബിന്റെ എഡിറ്റോറിയൽ 'സ്വാതന്ത്ര്യം' അദ്ദേഹത്തിന്റെ തന്നെ നിക്ഷിപ്ത താൽപര്യങ്ങൾക്കൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ താൽപര്യങ്ങളും ചേര്‍ന്നതാകുമോയെന്ന സന്ദേഹവും ഈ ലേഖനം പങ്കു വെച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പയുമായുള്ള ബന്ധം രാജീവ് ചന്ദ്രശേഖറിന്റെ പേര് പത്മഭൂഷണൺ അവാർഡിന് നിര്‍ദ്ദേശിക്കുന്നിടത്തോളം എത്തിയെന്ന പരാമർശവും ലേഖനത്തിലുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ഇദ്ദേഹത്തിന് ബിസിനസ്സുകാരനെന്ന നിലയിലുള്ള കണ്ണും ലേഖനങ്ങളിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. (പ്രതിരോധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി മെമ്പർ കൂടിയാണ് രാജീവ് ചന്ദ്രശേഖർ).

ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ദി വയറിന്റെ സ്ഥാപക എഡിറ്റർമാർക്കും, ലേഖകരായ സന്ദീപ് ഭൂഷൺ, സച്ചിൻ റാവു എന്നിവർക്കുമെതിരെ രാജീവ് ചന്ദ്രശേഖർ മാനനഷ്ടക്കേസ് കൊടുത്തു. ലേഖനങ്ങളിലെ ഓരോ ഭാഗവും പ്രത്യേകമായി എടുത്തു ചേർത്തായിരുന്നു ഹരജി. ഈ കേസ്സാണ് കോടതി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളോടെ തള്ളിയിരിക്കുന്നത്.

"മാധ്യമങ്ങൾ ഭരണഘടനയുടെ കാവൽക്കാരാണെ"ന്ന് കേസ് പരിഗണിച്ച ബെംഗളൂരുവിലെ സെഷൻസ് കോടതി നിരീക്ഷിച്ചു. സർക്കാരിന്റെ നയങ്ങളെ സംബന്ധിച്ച് അഭുപ്രായരൂപീകരണം നടത്തേണ്ട ചുമതല മാധ്യമങ്ങൾക്കുണ്ട്. പൊതുപ്രവർത്തകരെക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് മാധ്യമങ്ങളെ തടയുകയാണെങ്കിൽ അത് മാധ്യമ സ്വാതന്ത്ര്യത്തെ തടയലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ ലേഖനങ്ങളിൽ‌ രാജീവ് ചന്ദ്രശേഖറിന് മാനനഷ്ടം വരുത്തുന്ന യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. "ഹരജിക്കാരൻ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനും, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റി മെമ്പറുമാണ്. ആക്സിക്കേഡ്സ് എൻജിനീയറിങ് ടെക്നോളജി വഴി ഹരജിക്കാരൻ പ്രതിരോധമേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ കമ്പനി ബോർ‌ഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഭരിക്കുന്നതെങ്കിലും ഹരജിക്കാരന് വലിയ നിക്ഷേപം അതിലുണ്ട്. വാദിവിഭാഗം പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇക്കാര്യങ്ങളും അതിന്റെ പരിണിതഫലങ്ങളും ചർച്ച ചെയ്യുകയാണ് ചെയ്യുന്നത്. ഹരജിക്കാരൻ പൊതുപ്രവർത്തകനാണ്. തന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളോട് മറുപടി പറയാൻ ബാധ്യതയുള്ളയാളാണ്. ഹരജിക്കാരന്റെ പൊതുജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരികയാണ് വാദി വിഭാഗം ചെയ്തിരിക്കുന്നത്. ഇതിൽ മാനനഷ്ടമൊന്നും ഹരജിക്കാരന് സംഭവിച്ചിട്ടില്ല." -കോടതി പറഞ്ഞു.

മാനനഷ്ടക്കേസ് വന്നതിനു പിന്നാലെ ഈ ലേഖനങ്ങൾ രണ്ടും ദി വയറിന് തടഞ്ഞു വെക്കേണ്ടി വന്നിരുന്നു. കോടതിയുത്തരവ് അനുകൂലമായതോടെ പ്രസ്തുത ലേഖനങ്ങൾ വീണ്ടും ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ. അവ താഴെ വായിക്കാം.

'ദി വയർ' നേരിട്ട ആദ്യത്തെ വലിയ മാനനഷ്ടക്കേസാണിതെന്ന പ്രത്യേകതയുമുണ്ട്. പിന്നീട് അമിത് ഷായുടെ മകന്റേതടക്കമുള്ള നിരവധി വൻ മാനനഷ്ടക്കേസുകൾ ഈ ഓൺലൈൻ മാധ്യമം നേരിടുകയുണ്ടായി. ഗൗതം അദാനി, അനിൽ അംബാനി, ആൾദൈവം ശ്രീശ്രീ രവിശങ്കർ തുടങ്ങിയവരുടെ മാനനഷ്ടക്കേസുകളും ദി വയറിനെ തേടിയെത്തി.

In Whose Interests Do Our Soldiers March?

Arnab’s Republic, Modi’s Ideology

Next Story

Related Stories