Top

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?
എസ് എസി - എസ് ടി ആക്ടില്‍ മാറ്റം വരുത്തുന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ദലിത് പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഘര്‍മുണ്ടാവുകയും പൊലീസ് വെടിവയ്പിലടക്കം ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഈ പ്രക്ഷോഭത്തിന്റെ കാരണങ്ങളാണ് ന്യൂസ് 18നില്‍ ചന്ദ്രഭാന്‍ പ്രസാദും പങ്കജ് ആനന്ദും പരിശോധിക്കുന്നത്. 1949ലാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. 1989ല്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനായുള്ള Scheduled Caste /Scheduled Tribes [Prevention of Atrocities] Act നിലവില്‍ വന്നു. ഇന്ത്യന്‍ ഭരണഘടനയിലെ 17ാം അനുച്ഛേദം തൊട്ടുകൂടായ്മ നിരോധിച്ചിട്ടുണ്ട്. 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഇതിന് പുല്ലുവില പോലും കല്‍പ്പിക്കാതെ തൊട്ടുകൂടായ്മ തുടര്‍ന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടിയവരും ദലിതരെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം മുന്നോട്ട് വച്ച വാഗ്ദാനങ്ങളുടെ വഞ്ചനയായിരുന്നു ഇത്.

1955ല്‍ ഭരണഘടന ഭേദഗതി വന്നു. ആര്‍ട്ടിക്കിള്‍ 17ന് കരുത്ത് പകരുന്ന പുതിയ നിയമം - തൊട്ടുകൂടായ്മ കുറ്റമാക്കുന്ന Untouchability [Offences] Act. നിലവില്‍ വന്നു. തൊട്ടുകൂടായ്മ ശിക്ഷാര്‍ഹമായി. പൊതുവിടങ്ങളിലും ആരാധനാലയങ്ങളിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും വിവേചനം കാട്ടുന്നതും കുറ്റകരമായി. അതേസമയം ദലിതര്‍ക്കെതിരായ അതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നതിന് തൊട്ടുകൂടായ്മ നിരോധന നിയമത്തില്‍ വകുപ്പുണ്ടായിരുന്നില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. തമിഴ്‌നാട്ടിലെ കീഴ്‌വെണ്‍മണിയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരായ പുരുഷന്മാരുമടക്കം 44 പേരെ മേല്‍ജാതിക്കാരായ ജന്മിമാര്‍ കൂട്ടക്കൊല ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ആയ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് കൊല ചെയ്യപ്പെട്ടത്. ഇത്തരം അതിക്രമങ്ങളാണ് ദലിതര്‍ക്കും ആദിവാസികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള ആവശ്യകത ശക്തമാക്കിയത്. 1976ല്‍ ദലിത് ആക്ട് Protection of Civil Rights Act ആയി ഭേദഗതി ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ദലിത് ആക്ട് എന്നറിയപ്പെടുന്ന എസ് സി - എസ് ടി ആക്ട് വരുന്നത്.

ഭൂമി തര്‍ക്കങ്ങള്‍, നിയമ പോരാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ദലിത് ആക്ടിന്റെ പരിധിയില്‍ വരും. ഇഷ്ട്മില്ലാത്ത ഭക്ഷണമോ പാനീയമോ ഉപയോഗിക്കാനുള്ള നിര്‍ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദലിത് ആക്ടില്‍ പറയുന്നു. ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെടാത്തവര്‍ ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കെതിരെ കൃത്രിമമായി തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നത് ദലിത് ആക്ട് ശിക്ഷാര്‍ഹമാക്കുന്നു.

ദലിതര്‍ സമൂഹത്തില്‍ സ്വതന്ത്ര വ്യക്തികളായി ഉയര്‍ന്നുവരുന്നത് സവര്‍ണജാതിക്കാരെ അസ്വസ്ഥരാക്കുന്നു. എന്തുകൊണ്ടാണ് ഒരു ദലിതന്‍ കുതിരപ്പുറത്തോ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലോ കയറുമ്പോള്‍ ആളുകള്‍ അസ്വസ്ഥരാകുന്നത്. എന്തുകൊണ്ടാണ് പൊലീസിനെ വിളിക്കുകയോ ദലിതന്റെ മീശ വടിപ്പിക്കുകയോ ചെയ്യുന്നത്. എന്തുകൊണ്ട് ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറച്ച് മാത്രം പുറത്തുവരുന്നു എന്ന് മനസിലാക്കാന്‍ ആരും ഡാറ്റ വിദഗ്ധരാകേണ്ടതില്ല. ദലിതര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 17 ശതമാനം മാത്രമാണ്. വലിയ സമ്മര്‍ദ്ദമാണ് ന്യൂനപക്ഷങ്ങളായ ദലിതുകള്‍ നേരിടുന്നത്. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം തുടരുന്നുണ്ടെങ്കിലും ഇതിന്റെ തോത് കുറയ്ക്കാനും കുറച്ചെങ്കിലും സംരക്ഷണം ഉറപ്പാക്കാനും ഈ നിയമത്തിന് കഴിയുന്നുണ്ട്. ഈ അറസ്റ്റ് ഭീഷണി കൂടി ഒഴിവായാല്‍ സവര്‍ണ ജാതി ക്രിമിനലുകള്‍ അഴിഞ്ഞാട്ടവും അതിക്രമവും കൂടുതല്‍ ശക്തമാക്കും.

ദലിത് ആക്ട് ദുരുപയോഗം ചെയ്യുന്നു എന്ന സുപ്രീംകോടതിയുടെ ആരോപണം പരിശോധിക്കുമ്പോള്‍ എല്ലാ വശവും പരിശോധിക്കേണ്ടി വരും. ഏതെങ്കിലും ആളുകള്‍ ദുരുപയോഗം ചെയ്യാത്ത ഏത് നിയമമാണ് ഈ രാജ്യത്തുള്ളത്? ദുരുപയോഗം ചെയ്യുമെന്ന് കരുതി ഒരു നിയമമോ അതിലെ വ്യവസ്ഥയോ റദ്ദാക്കാനാകുമോ? എന്തിനാണ് ഒരു ദലിതന്‍ ഈ നിയമം ദുരുപയോഗം ചെയ്യുക എന്നതാണ് മറ്റൊരു ചോദ്യം. എല്ലാ തര്‍ക്കങ്ങളിലം ദലിത് അല്ലാത്തവര്‍ ദലിതരെ തങ്ങളുടെ ജാതിസ്വത്വവും സാമൂഹ്യപശ്ചാത്തലവും ഓര്‍മ്മിപ്പിക്കാറുണ്ട്. ഇത് തന്നെ ക്രിമിനല്‍ കുറ്റമാണ്. നിയമങ്ങളും ചട്ടങ്ങളും ഭരണഘടനകളുമെല്ലാം ഭേദഗതി ചെയ്യുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ്. എന്നാല്‍ ജാതീയമായ അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന സവര്‍ണജാതി ക്രിമിനലുകള്‍ക്ക് ആശ്വാസം നല്‍കുന്ന സുപ്രീംകോടതി ഇടപെടല്‍ ഇതിന് അപവാദമാണ്.

വായനയ്ക്ക്: https://goo.gl/6AxP22

Next Story

Related Stories