UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatch

ഹരീഷ് ഖരെ

ഗൗരി ലങ്കേഷ് എന്തുകൊണ്ട് കൊല്ലപ്പെട്ടു? ഹരീഷ് ഖരെ എഴുതുന്നു

കുഴപ്പക്കാരനായ ഈ പുരോഹിതനില്‍ നിന്ന് എന്നെ ആരും രക്ഷിക്കില്ലേ എന്നാണ് ഹെന്‍ട്രി രണ്ടാമന്‍ പറഞ്ഞത്. ചില അനുചരന്മാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ശല്യക്കാരനായ ആ പുരോഹിതനെ എന്നെന്നേക്കുമായി നിശബ്ദനാക്കി.

ഹരീഷ് ഖരെ

ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് ഒരുപക്ഷേ നമുക്ക് ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ എന്തുകൊണ്ട് അവര്‍ കൊല്ലപ്പെട്ടു എന്ന കാര്യം നമുക്ക് ഊഹിക്കാവുന്നതാണ്. ഇതില്‍ യാതൊരു അദ്ഭുതവുമില്ല. സങ്കീര്‍ണമായി ഒന്നുമില്ല. അവര്‍ കാണാന്‍ ഇഷ്ടപ്പെടാത്ത ഒരാളായി ഈ സമൂഹത്തില്‍ മാറിക്കഴിഞ്ഞിരുന്നു. പുതിയ ഇന്ത്യയില്‍ ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല. തീര്‍ച്ചയായും പ്രാദേശികമായ സാഹചര്യങ്ങളുണ്ട്. എല്ലാ രാഷ്ട്രീയവും ഇത്തരത്തില്‍ പ്രാദേശികമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ അപ്പുറം ഗൗരി ലങ്കേഷിനെക്കുറിച്ച് അധികമാര്‍ക്കും അറിയാമായിരുന്നില്ല. ദേശീയതലത്തിലും ഗൗരി ലങ്കേഷിന്റെ ശബ്ദം വളരെ ചെറുതായിരുന്നു. പക്ഷെ ആ ശബ്ദം കന്നഡ സമൂഹത്തില്‍ കേള്‍ക്കുകയും വലതുപക്ഷത്തിനും അതിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അസ്വസ്ഥതയുണ്ടാക്കുകയും അവരുടെ വെറുപ്പ് പിടിച്ചുപറ്റുകയും ചെയ്തു. സന്ദേശം വ്യക്തമാണ് – ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ നിശബ്ദരാക്കപ്പെടാന്‍ തയ്യാറായിക്കൊള്ളുക. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ പുതിയ ഇന്ത്യയുടെ മേല്‍നോട്ടക്കാര്‍ക്ക് ഒരുതരത്തിലും സ്വീകാര്യമല്ല.

ദേശീയതലത്തില്‍ നോക്കുമ്പോള്‍ ഗൗരി ലങ്കേഷിന്റേത് പോലുള്ള ചെറിയ ശബ്ദങ്ങള്‍ എന്തിന് ഹിന്ദുത്വ ഫാഷിസ്റ്റുകളെ അസ്വസ്ഥരാക്കണം എന്ന് ചോദിക്കാം. പക്ഷെ ഹിന്ദുത്വ ചിന്തിക്കുന്നത് അങ്ങനെയല്ല. അതൊരു അനുഗ്രഹിക്കപ്പെട്ട ‘വിശുദ്ധ’യുദ്ധ പദ്ധതിയാണ്. ഒരാള്‍ പോലും ഈ ‘കപട മതേതരവാദി’കളായ എതിരാളികളാല്‍ വഴി തെറ്റപ്പെടരുത് എന്ന് അതിന് നിര്‍ബന്ധമുണ്ട്. ഏതായാലും അവര്‍ അവരുടെ ശ്വാസവും ഊര്‍ജ്ജവും പാഴാക്കട്ടെ. നമുക്ക് മുന്നോട്ട് പോകാം.

ഗൗരി ലങ്കേഷ് വളരെയധികം വെറുക്കപ്പെട്ടു. എല്ലായ്‌പ്പോഴും വ്യക്തികളുടെ അനിയന്ത്രിതമായ ശബ്ദമാണ് അസ്വസ്ഥതയും വെറുപ്പുമുണ്ടാക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇതാണ് സംഭവിക്കുന്നത്. ഔദ്യോഗിക ഭാഷ്യത്തെ, ഭരണകൂടത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ അങ്ങനെയാണ് ഈ വ്യക്തികള്‍ക്ക് ധൈര്യം കിട്ടുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങളെ മെരുക്കുക എന്നത് ഏകാധിപതിയുടെ ഭരണകൂടത്തിന് എളുപ്പമാകുമ്പോള്‍ ഈ വ്യക്തിഗത ശബ്ദങ്ങള്‍ക്ക് കരുത്ത് കൂടും. എന്നാല്‍  ഇന്ത്യയിലെ പുതിയ സുല്‍ത്താന്‍മാരെ അസ്വസ്ഥപ്പെടുത്താതിരിക്കാനുള്ള ബുദ്ധിയാണ് പത്ര, ദൃശ്യ മാധ്യമങ്ങളെല്ലാം പിന്തുടരുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് വളരാനുള്ള വഴിയറിയാം. പുതിയ ഇന്ത്യയില്‍ വരുതിയില്‍ നില്‍ക്കാത്തവരെ ഭരണകൂടം ഭീഷണിപ്പെടുത്തി വരുതിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പുകള്‍ ഉയരുന്നില്ല. അത് രാഷ്ട്രീയ എതിരാളികളായിരിക്കാം, ബിസിനസുകാരായിരിക്കാം, മാധ്യമപ്രവര്‍ത്തകരായിരിക്കാം.

ഒരു രാജ്യം, ഒരു നികുതി, ഒരു നേതാവ്, ഒരു ശബ്ദം എന്നതിനോട് വളരെ താത്പര്യത്തോടെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നത്. ഇത് ദേശഭക്തിയില്‍ പൊതിഞ്ഞാണ് കൊണ്ടുവരുന്നത്. പാകിസ്ഥാനും ചൈനയുമായുള്ള നമ്മുടെ പരമ്പരാഗത സംഘര്‍ഷങ്ങളും ഇതില്‍ വരും. ഇത്തരത്തില്‍ നമ്മുടെ പതാക വീശാനുള്ള സന്ദര്‍ഭങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും യാതൊരു കുറവുമുണ്ടാവാറില്ല. ജനജീവിതത്തില്‍ ദുരിതം വിതച്ച നോട്ട് നിരോധനത്തിന് ശേഷം കൂലി വേണ്ടാതെ തന്നെ സര്‍ക്കാരിന് വേണ്ടി എഴുതുന്നവരായി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചുരുങ്ങി. പുതിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കനുസൃതമായി പുതിയ മാധ്യമങ്ങളായിരിക്കുന്നു ഇവ. മുമ്പൊരിക്കലുമില്ലാത്ത വിധമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിന്റെ പങ്കിനെ പുനര്‍നിര്‍വചിക്കുന്നത്. പ്രതിപക്ഷത്ത് നില്‍ക്കുന്നതിന് പകരം ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തെ വിചാരണ ചെയ്യുന്ന തരത്തിലേയ്ക്ക് അത് മാറി. നോട്ട് നിരോധനത്തിലായാലും ഡോക്ലാമിലെ അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ചായാലും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന അവകാശവാദങ്ങള്‍ ചോദ്യം ചെയ്യാനല്ല, മറിച്ച് ചോദ്യം ചെയ്യുന്നവരുടേയും വിമര്‍ശിക്കുന്നവരുടേയും വായ അടപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

തലസ്ഥാന നഗരം അല്ലെങ്കില്‍ ആസ്ഥാനം പിടിച്ചാല്‍ ഗ്രാമങ്ങള്‍ അടക്കമുള്ള മറ്റ് പ്രദേശങ്ങള്‍ എളുപ്പം കീഴടങ്ങുമെന്നാണ് ജനറല്‍ സാം മനേക് ഷായെ പോലെ ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടവും കരുതുന്നത്. പക്ഷെ ഗ്രാമങ്ങളില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. ഈ സ്വേച്ഛാധിപത്യത്തെ പരിഹസിച്ച് ഗൗരി ലങ്കേഷുമാര്‍ കറങ്ങിനടപ്പുണ്ട്. തുരുത്തുകളിലെ ഇത്തരം ചെറുത്തുനില്‍പ്പുകളേയും അവസാനിപ്പിക്കേണ്ടതുണ്ട് ഭരണകൂടത്തിന്. ഈ ഗൗരി ലങ്കേഷുമാരെ എന്ത് വേണമെങ്കിലും ചെയ്യാനുള്ള ലൈസന്‍സ് പ്രാദേശിക സുബേദാറുമാര്‍ക്ക് സുല്‍ത്താന്‍ നല്‍കിയിട്ടുണ്ട്.

മരണത്തിലൂടെ ഗൗരി ലങ്കേഷ് ഒരു രൂപകമായി മാറിയിരിക്കുകയാണ് – അനവധി ക്രൂരതകളുടെ, അനവധി കലാപങ്ങളുടെ – ഈ വലിയ രാജ്യത്ത് എല്ലാ ദിവസവും നടക്കുന്ന സംഭവങ്ങളുടെ. പ്രതിരോധ കലാപങ്ങളും ചെറുത്തുനില്‍പ്പുകളും ചെറുതും ദേശീയതലത്തില്‍ പ്രസക്തി കുറവായതുമായിരിക്കാം. പ്രാദേശിക പത്രങ്ങളുടെ പോലും ഒന്നാം പേജില്‍ ഇടം പിടിക്കാത്ത വാര്‍ത്തകളുമായിരിക്കാം അവ. എന്നാല്‍ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ രോഷവും പ്രതിഷേധങ്ങളും തുടരുക തന്നെയാണ്.

പഴയ ഇന്ത്യയുടെ, പഴയ നെഹ്രുവിയന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വികാരങ്ങളും നിലപാടുകളും ടെലിവിഷന്‍ സ്റ്റുഡിയോകളിലെ ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും ഒച്ചയുണ്ടാക്കി അവതരിപ്പിക്കാന്‍ കഴിയുന്നുണ്ടാവില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്കും വീടുകളില്‍ വീടുകളിലേയ്ക്കും മതനിരപേക്ഷതയും ബഹുസ്വരതയും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഗൗരി ലങ്കേഷിനെ പോലുള്ളവര്‍ വിയോജിപ്പിന്റേയും എതിര്‍പ്പിന്റേയും പാരമ്പര്യത്തിന് കൂടുതല്‍ അംഗീകാരം നേടിക്കൊടുക്കുകയേ ഉള്ളൂ. അതുകൊണ്ടാണ് അതിനെ നേരിടേണ്ടതുണ്ടെന്നും തകര്‍ക്കേണ്ടതുണ്ടെന്നും അവര്‍ കരുതുന്നത്. ടിവി സ്‌ക്രീനില്‍ കാണുന്ന പ്രശസ്തരായ ഗ്ലാമര്‍ താരങ്ങള്‍ തങ്ങളുടെ വരുതിക്ക് വരുമ്പോള്‍ ഒരിക്കലും വഴിപ്പെടാതെ എതിര്‍ത്ത് നില്‍ക്കുന്ന ഈ സ്ത്രീയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പുതിയ ഇന്ത്യയുടെ ഈ മഹത്തായ ‘ദേശീയ പുനരുത്ഥാന’ത്തെ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ഇവരെ നിശബ്ദരാക്കുക തന്നെ.

നിശബ്ദരാക്കാനും നിയന്ത്രിച്ച് നിര്‍ത്താനുമുള്ള മധ്യകാല സ്വേച്ഛാധികാര പ്രവണതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കുഴപ്പക്കാരനായ ഈ പുരോഹിതനില്‍ നിന്ന് എന്നെ ആരും രക്ഷിക്കില്ലേ എന്നാണ് ഹെന്‍ട്രി രണ്ടാമന്‍ പറഞ്ഞത്. ചില അനുചരന്മാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ശല്യക്കാരനായ ആ പുരോഹിതനെ എന്നെന്നേക്കുമായി നിശബ്ദനാക്കി. അത് 1170-ലായിരുന്നു. ഇത്തരത്തില്‍ പല ശല്യക്കാരില്‍ നിന്നും രക്ഷപ്പെടുന്ന പരിപാടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനശത്രു എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കുക. പുരോഗതിക്ക് തടസം നില്‍ക്കുന്നവരെന്ന് മുദ്ര കുത്തുക. ജനങ്ങളുടെ അംഗീകാരം നേടുക. ജനശത്രുവിനെ ഉന്മൂലനം ചെയ്യുക. ഇതാണ് ലൈന്‍. ഡിജിറ്റല്‍ കാലത്തെ പുതിയ സാങ്കേതികവിദ്യകളും സങ്കേതങ്ങളും എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ അവര്‍ ശക്തമായി ഉപയോഗിക്കുന്നു. ചെറിയ ശബ്ദങ്ങള്‍ പോലും അസ്വസ്ഥതയുണ്ടാക്കാതെ അവര്‍ അടിച്ചമര്‍ത്തുന്നു. അതുകൊണ്ടാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍