TopTop
Begin typing your search above and press return to search.

കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡി(എസ്) സഖ്യ സര്‍ക്കാര്‍ എന്തുകൊണ്ട് വീണു? 10 കാരണങ്ങള്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡി(എസ്) സഖ്യ സര്‍ക്കാര്‍ എന്തുകൊണ്ട് വീണു? 10 കാരണങ്ങള്‍
കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെഡി(എസ്) സഖ്യ സര്‍ക്കാര്‍ വീഴാനിടയാക്കിയ സാഹചര്യമുണ്ടാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണ്? 2018 മേയ് 23ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അധികം വൈകാതെ തന്നെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഭിന്നത ശക്തമാക്കുകയും ചെയ്തിരുന്നു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയയുടെ അനുകൂലികളായ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ കുമാരസ്വാമി രാജി ഭീഷണി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരെ തങ്ങളുടെ ക്യാമ്പിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ തന്നെ സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി തുടങ്ങിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് 16 വിമത എംഎല്‍എമാരുടെ രാജിയുണ്ടായതും സര്‍്ക്കാരിന് ഭൂരിപക്ഷമില്ലാതാക്കിയതും. ഇതില്‍ 15 പേരും രാജി പിന്‍വലിക്കാന്‍ തയ്യാറാകാതെ ബിജെപിയെ സഹായിച്ച് സര്‍ക്കാരിനെതിരെ നിലകൊണ്ടു. രാമലിംഗ റെഡ്ഡി മാത്രമാണ് വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത വിമത എംഎല്‍എ. കുമാര സ്വാമിയുടെ പതനത്തിലേക്ക് നായിച്ച 10 കാരണങ്ങളാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പരിശോധിക്കുന്നത്

തൂക്ക് സഭ

2018 മേയിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത നിലയാണ് കര്‍ണാടകയിലുണ്ടായത്. 225 അംഗ സഭയില്‍ (ഒരംഗം നോമിനേറ്റഡ്) ബിജെപി 104 സീറ്റുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 113 സീറ്റ്. കോണ്‍ഗ്രസ് നേടിയത് 78. ജനതാദള്‍ സെക്കുലറിന് (ജെഡിഎസ്) 37. ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് ജനതാദള്‍ എസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തുകയും എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയാവുകയും ചെയ്തു. അതേസമയം ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ബിജെപി നേതാവ് യെദിയൂരപ്പയെ. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം യെദിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. കുമാരസ്വാമി മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ ജി പരമേശ്വര ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ അധികാരത്തില്‍.

ചിരവൈരികളുടെ സഖ്യം

കര്‍ണാടകയില്‍ അധികാരത്തിനായി എതിര്‍ ചേരികളിലായി പോരടിച്ചിരുന്ന കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാണ് സര്‍ക്കാരുണ്ടാക്കിയത്. അതേസമയം തുടക്കത്തില്‍ തന്നെ സഖ്യത്തില്‍ കല്ലുകടിയുണ്ടായി. ജെഡിഎസ് ദക്ഷിണ കര്‍ണാടകയിലും മൈസൂര്‍ മേഖലയിലും മാത്രം സ്വാധീനമുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ് കര്‍ണാടക ഉടനീളം സ്വാധീനമുള്ള പാര്‍ട്ടിയും എന്ന നില. ജെഡിഎസിന് വൊക്കലിഗ സമുദായത്തിന്റെ മാത്രം പിന്തുണ. 37 സീറ്റുള്ള ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും വിട്ടുകൊടുത്തത് മന്ത്രി സ്ഥാനം കിട്ടാത്തവര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ അതൃപ്തിയിലാക്കി. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവുമായ സിദ്ധരാമയ്യയുടെ അനുകൂലികളാണ് തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ പരസ്യവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നത്. സിദ്ധരാമയ്യയെ ആണ് തങ്ങള്‍ മുഖ്യമന്ത്രിയായി കാണുന്നത് എന്ന് പറയാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടിച്ചില്ല. വിമര്‍ശനങ്ങളില്‍ സഹികെട്ട കുമാരസ്വാമി രാജി ഭീഷണി മുഴക്കി. എന്നാല്‍ തല്‍ക്കാലത്തേയ്ക്ക് തീ അണഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ജെഡിഎസുമായുള്ള അസ്വാരസ്യങ്ങളും

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക നേതാക്കളെ ഇത് ബോധ്യപ്പെടുത്താനോ അവരെ വിശ്വാസത്തിലെടുക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ദേവഗൗഡ കുടുംബവുമായി തെറ്റി ജനതാദള്‍ എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ജെഡിഎസിനെ കടന്നാക്രമിച്ചിരുന്നു. സിദ്ധരാമയ്യയും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയും ജെഡിഎസിനെ വിശേഷിപ്പിച്ചത് ബിജെപിയുടെ ബി ടീം എന്നാണ്. ജെഡിഎസുമായി സഹകരിക്കാന്‍ സിദ്ധരാമയ്യയ്ക്ക് വൈമനസ്യമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിച്ച സിദ്ധരാമയ്യ എതിര്‍പ്പുകള്‍ ഒതുക്കിവച്ചു. അതേസമയം സിദ്ധരാമയ്യ സര്‍ക്കാരിന് പാര വയ്ക്കുന്നതായുള്ള ആരോപണം തുടക്കം മുതല്‍ ജെഡിഎസിനുണ്ടായിരുന്നു.

പ്രധാന വകുപ്പുകള്‍ ജെഡിഎസ് കയ്യില്‍ വച്ചു, കോണ്‍ഗ്രസ് മന്ത്രിമാരുടെ തീരുമാനങ്ങളില്‍ കുമാരസ്വാമിയുടേയും ജെഡിഎസ് മന്ത്രി രേവണ്ണയുടേയും ഇടപെടലുകള്‍

മുഖ്യമന്ത്രി കുമാരസ്വാമി ധന വകുപ്പ് കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് മന്ത്രിമാരുടെ തീരുമാനങ്ങളില്‍ ജെഡിഎസ് മന്ത്രിയും കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്ഡി രേവണ്ണ ഇടപെട്ട് തടസമുണ്ടാക്കിയതായി പരാതി ഉയര്‍ന്നു. നയപരമായ തീരുമാനങ്ങളില്‍, തങ്ങളുടെ പകുതി പോലും എംഎല്‍എമാരില്ലാത്ത ജെഡിഎസിന് മുന്നില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് കോണ്‍ഗ്രസ് മന്ത്രിമാരെയും എംഎല്‍എമാരേയും അസ്വസ്ഥരാക്കി.

രാഷ്ട്രീയ സ്വാധീനത്തില്‍ മേഖലാടിസ്ഥാനത്തിലുള്ള വലിപ്പ ചെറുപ്പങ്ങള്‍

ജെഡിഎസ് മുഖ്യമായും ഒരു ദക്ഷിണ കര്‍ണാടക പാര്‍ട്ടിയാണ്. മൈസൂരു, മാണ്ഡ്യ, ചാമരാജനഗര, ഹാസന്‍, തുംകൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രധാന മത്സരം നടന്നത് കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ്. ബിജെപിക്ക് ഇവിടെ താരതമ്യേന സ്വാധീനം കുറവാണ്. പരസ്പരം പോരാടി ജയിച്ച ഇരുപക്ഷത്തേയും എംഎല്‍എമാര്‍ക്ക് സഖ്യത്തിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നു. നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിഞ്ഞെങ്കിലും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിനായില്ല. ഈ ഭിന്നത അടിത്തട്ടില്‍ നിന്ന് മുകളിലേയ്ക്ക് സ്വാധീനം ചെലുത്തി. ബിജെപി ഇത് നന്നായി ഉപയോഗിക്കുകയും ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ആകെയുള്ള 28ല്‍ 25 സീറ്റെങ്കിലും സഖ്യം നേടുമെന്നായിരുന്നു 2018ല്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ കിട്ടിയത് കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതം. 26 സീറ്റും ബിജെപി നേടി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും കൂടി കിട്ടിയ വോട്ടുകള്‍ വച്ച് നോക്കുമ്പോള്‍ 22 സീറ്റെങ്കിലും സഖ്യം നേടാന്‍ സാധ്യതയുണ്ടായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം എംഎല്‍എമാരെ രാജി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായകമായി.

ബിജെപിയുടെ ശക്തമായ തിരിച്ചുവരവ്

സംസ്ഥാനത്ത് അധികാരം നഷ്ടമായ ബിജെപിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ വിജയം ഊര്‍ജ്ജം നല്‍കി. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനുള്ള ഓപ്പറേഷന്‍ കമല വീണ്ടും സജീവമായി. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ളതും കോണ്‍ഗ്രസിനകത്ത് തന്നെയുള്ളതുമായ ഭിന്നതകളെ മൂര്‍ച്ഛിപ്പിക്കാന്‍ ബിജെപി നന്നായി ശ്രമിച്ചു.

അക്ഷമനായ 76കാരന്റെ തിടുക്കം, ലിംഗായത്തുകളില്‍ ഏറ്റവും സ്വാധീനമുള്ള യെദിയൂരപ്പയെന്ന നേതാവ്


ലിംഗായത്ത് സമുദായത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന നേതാവായതുകൊണ്ടാണ് 76 വയസായിട്ടും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാതെ യെദിയൂരപ്പയെ തന്നെ ബിജെപി ദേശീയ നേതൃത്വം കര്‍ണാടക പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ യെദിരൂപ്പ ഒരിക്കലും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയാകാനുള്ള തിടുക്കം യെദിയൂരപ്പ എല്ലായ്‌പ്പോഴും പ്രദര്‍ശിപ്പിച്ചു.

ബംഗളൂരുവിനോട് അവഗണന എന്ന പരാതി


28 നിയമസഭ സീറ്റുകളുള്ള ബംഗളൂരു മേഖലയോട് അവഗണനയെന്ന് പരാതി. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പകുതിയും ബംഗളൂരുവില്‍ നിന്നാണ്. അതേസമയം ഗ്രാമീണ വോട്ട് ബാങ്കിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന ജെഡിഎസ് ബംഗളൂരുവിനെ അവഗണിച്ചതായി പരാതി ഉയര്‍ന്നു. റോഡ്, വെള്ളം, വൈദ്യുതി അടക്കം അടിസ്ഥാന സൗകര്യ വികസനത്തെ പറ്റി വ്യാപക പരാതികള്‍ ഭരണപക്ഷ എംഎല്‍എമാരില്‍ നിന്ന് തന്നെ കുമാരസ്വാമി സര്‍ക്കാരിനെതിരെ. എസ് ടി സോമശേഖര്‍, മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, ബൈരഥി ബസവരാജ തുടങ്ങിയവര്‍ തങ്ങള്‍ക്ക് വോട്ടര്‍മാരില്‍ നിന്ന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായി പറഞ്ഞ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. രാമലിംഗ റെഡ്ഡി മാത്രം സഖ്യ സര്‍ക്കാര്‍ ചേരിയിലേയ്ക്ക് പിന്നീട് തിരിച്ചുവന്നു.

അധികാര കേന്ദ്രീകരണം

ഗൗഡ കുടുംബത്തില്‍ അധികാരം കേന്ദ്രീകരിക്കുന്നതായി പരാതി ഉയര്‍ന്നു. എച്ച്ഡി ദേവഗൗഡയും മക്കളായ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച്ഡി രേവണ്ണയും അടക്കം കുടുംബത്തിലെ ആറ് പേര്‍ സജീവ രാഷ്ട്രീയത്തില്‍. ജെഡിഎസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നല്‍കാത്ത ജനങ്ങളെ മുഖ്യമന്ത്രി കുറ്റം പറഞ്ഞു. ജനങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കുമാരസ്വാമി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാണ് സംസാരിക്കുന്നത് എന്ന് പരാതിയുയര്‍ന്നു. താന്‍ കാളകൂടം കുടിച്ച ശിവന്റെ അവസ്ഥയിലാണ് സഖ്യസര്‍ക്കാരിനെ സംരക്ഷിക്കുന്നത് എന്ന് കുമാരസ്വാമി പറഞ്ഞതടക്കം വ്യാപകമായ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കാര്യങ്ങള്‍ നടക്കാനായി ഗൗഡ കുടുംബത്തിന്റെ അനുമതിക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളത് എന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതി. ഇങ്ങനെ സര്‍ക്കാരിനെതിരെ പടയൊരുക്കം ശക്തമായി.

Next Story

Related Stories