TopTop

പരിഹാസം മോദിക്കെതിരെയല്ല, മോദിയെ പിന്തുണയ്ക്കുന്ന അഭ്യസ്തവിദ്യര്‍ക്കെതിരെയാണ്

പരിഹാസം മോദിക്കെതിരെയല്ല, മോദിയെ പിന്തുണയ്ക്കുന്ന അഭ്യസ്തവിദ്യര്‍ക്കെതിരെയാണ്
ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസ്യമായ കാര്യങ്ങള്‍ പറയുമ്പോള്‍ സത്യത്തില്‍ പരിഹാസം മോദിക്ക് നേരെയല്ല വരുന്നത് എന്നും അദ്ദേഹത്തെ അന്ധമായി പിന്തുണക്കുന്ന ഉന്നത വിദ്യാഭ്യാസം നേടിയ ഉപരി, മധ്യവര്‍ഗങ്ങള്‍ക്ക് എതിരെയാണെന്നും പറയുന്നു കാനഡയിലെ ഡല്‍ഹൗസി യൂണിവേഴ്സ്റ്റിയിലെ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍ ആയ പ്രൊഫ.നിസിം മണ്ണാത്തുക്കാരന്‍. വിഡ്ഢിത്തരവും അജ്ഞതയും ഫാഷനാക്കിയ ആളുകളോടുള്ള പരിഹാസമാണ് ട്രോളുകളുടെ രൂപത്തിലും മറ്റും വരുന്നത് എന്ന് മലയാളിയായ നിസിം മണ്ണാത്തുക്കാരന്‍ അഭിപ്രായപ്പെടുന്നു.

ബലാകോട്ട് വ്യോമാക്രമണ സമയത്ത് പാകിസ്താന്‍ റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഇന്ത്യന്‍ വിമാനങ്ങളെ മേഘങ്ങള്‍ സഹായിച്ചു എന്നും മേഘങ്ങള്‍ നിറഞ്ഞ സമയത്ത് തന്നെ ആക്രമണങ്ങള്‍ നടത്തുക എന്നത് തന്റെ ആശയമായിരുന്നു എന്നും മോദി പറഞ്ഞതോടെയാണ് ട്രോളിംഗിന്റെ തുടക്കം. പ്രധാനമന്ത്രിയായ ശേഷം പല ഘട്ടങ്ങളിലായി മോദി പൊതുപരിപാടികളില്‍ പറഞ്ഞിട്ടുള്ള യുക്തിരഹിതവും വിഡ്ഢത്തരവുമായ കാര്യങ്ങളുടെ തുടര്‍ച്ചയാണ് ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ കണ്ടത്. 1988ല്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് അത് ഇ മെയില്‍ വഴി അയച്ചുകൊടുത്തു എന്ന് മോദി പറഞ്ഞിരുന്നു. നിരവധി ട്രോളുകളും മീമുകളുമാണ് ഈ പ്രസ്താവനകളെ പരിഹസിച്ചുകൊണ്ട്് വരുന്നത്. ടെലഗ്രാഫിന്റെ പ്രധാന വാര്‍ത്തയുടെ തലക്കെട്ട് തന്നെ റഡാറേന്ദ്ര മോദി എന്നായിരുന്നു.

മോദിയുടെ വിവരത്തെക്കുറിച്ചുള്ള ചര്‍ച്ചകളേക്കാളും എനിക്ക് താല്‍പര്യം തോന്നുന്നത് ബുദ്ധിശൂന്യത മുതലെടുത്ത് ഹിന്ദു വലതുപക്ഷം കഴിഞ്ഞ അഞ്ച് വര്‍ഷം മുന്നോട്ട് പോയി എന്ന കാര്യത്തിലാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം പ്രസ്താവനകളില്‍ വസ്തുതാപരിശോധനയ്ക്ക് തയ്യാറാകുന്നതേയില്ല. പ്രധാനമന്ത്രി പറഞ്ഞ അസംബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഒരുപക്ഷെ ഞാനായിരിക്കാം രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ കാമറ സ്വന്തമാക്കിയത് എന്ന് മോദി പറയുന്നു. എന്നാല്‍ 1975ലാണ് ഡിജിറ്റല്‍ കാമറ കൊഡാക് വികസിപ്പിച്ചത്. 1980കളില്‍ നിക്കോണ്‍, ഫ്യൂജി, സോണി എന്നീ കമ്പനികള്‍ ഡിജിറ്റല്‍ കാമറകള്‍ വികസിപ്പിച്ചു. എന്നാല്‍ ഇവയൊന്നും വിപണിയിലെത്തിക്കാനോ വിജയിപ്പിക്കാനോ കഴിഞ്ഞില്ല. 1991ന് ശേഷമാണ ഡിജിറ്റല്‍ കാമറകള്‍ യുഎസില്‍ സജീവമാകുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മോദി 80കളുടെ അവസാനം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടാകാം. പക്ഷെ സാധാരണ മധ്യവര്‍ഗക്കാരനായിരുന്ന മോദി എങ്ങനെ ഇത്തരമൊരു വിലയേറിയ കാമറ വാങ്ങി. ആരെങ്കിലും സമ്മാനമായി കൊടുത്തതാണോ.

1988ല്‍ ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്ക് ഇ മെയിലോ ഇന്റര്‍നെറ്റ് സംവിധാനമോ ലഭ്യമായിരുന്നില്ല. ഇ മെയില്‍ സൗകര്യം ഇന്ത്യയില്‍ ലഭ്യമായത് 1995 മുതലാണ്. 1986ല്‍ ഡിപ്പാര്‍ട്ട്്‌മെന്റ് ഓഫ് ഇലക്ട്രോണിക്‌സ് ERNET എന്ന പേരില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ചിരുന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, അഞ്ച് ഐഐടികള്‍, ബോംബെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സോഫ്റ്റ് വെയര്‍ ടെക്‌നോളജി എന്നിവയുമായി ഇലക്ട്രോണിക്സ് വകുപ്പിനെ ബന്ധിപ്പിക്കുന്നതായിരുന്നു എര്‍നെറ്റ്. അന്ന് ബിജെപിയുടെ ഗുജറാത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന മോദി എങ്ങനെയാണ ഇത്തരം സ്ഥാപനങ്ങളുമായും സംവിധാനങ്ങളുമായും ബന്ധം സ്ഥാപിച്ച് ഈ സൗകര്യം നേടിയത് എന്ന കാര്യം വ്യക്തമല്ല. അങ്ങനെയൊരു സൗകര്യം മോദിക്ക് ലഭിച്ചിട്ടുണ്ട് എങ്കില്‍ അത് അന്നത്തെ പ്രധാനമന്ത്രിയുടെ അനുമതിയോടെയായിരിക്കും. അന്നത്തെ പ്രധാനമന്ത്രി, നമ്പര്‍ വണ്‍ അഴിമതിക്കാരനായി മരിച്ചു എന്ന് മോദി അധിക്ഷേപിച്ച രാജീവ് ഗാന്ധിയാണ്.

വായനയ്ക്ക്: https://www.telegraphindia.com/india/why-the-joke-is-not-on-modi-but-on-his-educated-supporters/cid/1690508?ref=top-stories_home-template

അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: കുട്ടികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ്

Next Story

Related Stories