ട്രെന്‍ഡിങ്ങ്

എന്തുകൊണ്ട് അദ്ധ്യാത്മരാമായണം മലയാളിയുടേതാണ്, അഥവാ എന്തുകൊണ്ട് ആർഎസ്എസ്സിന്റേതല്ല

പാതാളത്തിൽ ഹനുമാന്റെ അന്വേഷണത്തിന് മറുപടിയായി നൂറുകണക്കിന് മോതിരങ്ങൾ വെച്ച ഒരു തളികയാണ് കിട്ടുന്നത്.

‘അക്കഥ നിൽക്കെ ദശരഥപുത്രരു-
മർക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയിൽവാഴുന്ന ലങ്കേശ്വരൻതദാ
മന്ത്രികൾതന്നെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാൻ.’

ദശരഥപുത്രന്മാരുടെ നേതൃത്വത്തിൽ വാനരന്മാർ സമുദ്രത്തിന്റെ വടക്കേക്കരയിൽ വന്നുചേർന്ന് കടൽപോലെ പരന്നു നിൽ‌ക്കുന്നതറിഞ്ഞ് ഭീതി പൂണ്ട രാവണൻ തന്റെ മന്ത്രിമാരെ വിളിച്ചുകൂട്ടുകയാണ്. താൻ അന്യായമായി തടങ്കലിലിട്ട രാമപത്നിയെ ഹനുമാൻ വന്ന് കണ്ടുപോയത് അദ്ദേഹത്തിന് നാണക്കേടിന് കാരണമായി. അസുരന്മാരെ വധിക്കുന്നതു കണ്ട് കോപാകുലനായി എട്ട് കുതിരകളെപ്പൂട്ടിയ തേരിലേറിച്ചെന്ന രാവണന്റെ ഇളയമകൻ അക്ഷകുമാരനെയും കൊന്നിട്ടാണ് ഹനുമാൻ തിരിച്ചുപോയത്. രാവണന്റെ സഹിക്കരുതാത്ത നാണക്കേടും പരിഭ്രമവും എഴുത്തച്ഛൻ വിശദീകരിച്ചു തുടങ്ങുകയാണ് യുദ്ധകാണ്ഡത്തിൽ.

ഏതാണ്ടിതേ പോലൊരു പരിഭ്രാന്തിയിലാണ് കേരളത്തിലെ ആർഎസ്എസ് അകപ്പെട്ടിരിക്കുന്നത്. പണ്ഡിതരാരും ഇന്നുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും, രാമായണം തങ്ങളുടേതാണെന്ന് എങ്ങനെയോ അവർ ധരിച്ചു വെച്ചിരിക്കുന്നു. രാമായണവും രാമായണമാസാചരണവും വഴി ഭക്തിയിലേക്ക് രാഷ്ട്രീയം ഒളിപ്പിച്ചു കടത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആർഎസ്എസ്സും അഫിലിയേറ്റഡ് സംഘടനകളും നടത്തിവരികയാണ്. രാമായണത്തെ ‘അന്യായമായി തടങ്കലിൽ’ വെക്കാനുള്ള ഈ ശ്രമത്തെ തകർക്കാനുള്ള ശ്രമമാണ് സിപിഎം തുടങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ പുതിയ നീക്കം തങ്ങളുടെ കോട്ടയ്ക്കടുത്തെത്തി കടൽപോലെ പരന്നു നിൽക്കുന്നതിന്റെ പരിഭ്രാന്തിയിലാണ് ആർഎസ്എസ്സും ഇതര സംഘപരിവാർ സംഘടനകളും.

യഥാർത്ഥത്തിൽ രാമായണത്തിന്മേൽ ആർഎസ്എസ്സിനോ സംഘപരിവാർ സംഘടനകൾക്കോ ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനാകുമോ എന്ന നിർണായകമായ ചോദ്യത്തിന് ഉത്തരം തേടേണ്ട സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. രാമായണം ആർഎസ്എസ്സിന്റേതാണോ അതോ ഇന്ത്യയുടേതാണോ എന്നതാണ് ചോദ്യം. ഈ വിഷയത്തിന്മേൽ ഗൗരവമേറിയ നിരവധി പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. ഇതിൽ ഏറെ വിവാദമുണ്ടാക്കിയതും വളരെ പ്രധാനവുമായ പഠനപ്രബന്ധമാണ് എകെ രാമാനുജന്റേത്.

‘ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്‌ലേഷൻ’ എന്ന പ്രബന്ധം എകെ രാമാനുജൻ ആദ്യമായി അവതരിപ്പിക്കുന്നത് 1987ലാണ്. പിറ്റ്സ്ബർഗ് സർവ്വകലാശാലയിലായിരുന്നു ആദ്യ അവതരണം. രാമായണത്തെയും മഹാഭാരതത്തെയും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാൻ ഹിന്ദുത്വവാദികൾ ശ്രമം ശക്തമാക്കിയ കാലത്താണ് എകെ രാമാനുജന്റെ പ്രബന്ധം പുറത്തുവരുന്നത്. അക്കാലത്ത് അക്കാദമികസമൂഹത്തിനുള്ളിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ഈ പ്രബന്ധം 2011ൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗൺസിൽ സില്ലബസ്സിൽ നിന്നും നീക്കം ചെയ്തതോടെ വാർത്തകളിൽ നിറഞ്ഞു.

രാമന് തന്റെ അംഗുലീയം നഷ്ടമാകുന്നതും അത് തേടി ഹനുമാൻ പാതാളത്തിലേക്ക് പോകുന്നതുമായ രാമായണകഥ പറഞ്ഞു കൊണ്ടാണ് എകെ രാമാനുജൻ തന്റെ പ്രബന്ധം തുടങ്ങുന്നത്. പാതാളത്തിൽ ഹനുമാന്റെ അന്വേഷണത്തിന് മറുപടിയായി നൂറുകണക്കിന് മോതിരങ്ങൾ വെച്ച ഒരു തളികയാണ് കിട്ടുന്നത്. ഇതിൽ ഏതാണ് ഹനുമാൻ അന്വേഷിക്കുന്ന രാമന്റെ മോതിരം എന്നറിയാമെങ്കിൽ എടുത്തുകൊള്ളുക എന്നാണ് ഹനുമാനോട് പാതാളവാസികൾ പറയുന്നത്. എല്ലാ മോതിരങ്ങളുടെ രാമന്മാരുടേതാണ്! നൂറുകണക്കിന് രാമായണങ്ങളും രാമന്മാരുമുണ്ടെന്ന സൂചനയാണ് ഈ കഥ നൽകുന്നത്.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി രാമായണങ്ങളുണ്ടെന്നും അതിന് ഇന്ന് നമ്മൾ കാണുന്ന തരം ഏകമുഖമായ രാഷ്ട്രീയച്ഛായയല്ല ഉള്ളതെന്നും പ്രബന്ധത്തിലൂടെ വെളിപ്പെടുന്നുണ്ട്. ഇതാണ് അക്കാദമിക രംഗത്തെ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്.

വിവിധ സംസ്കാരങ്ങളിലും ഭാഷകളിലും മതങ്ങളിലും പാരമ്പര്യങ്ങളിലും രാമായണകഥയുണ്ടെന്നും അവയ്ക്കെല്ലാം അവയുടേതായ വ്യത്യാസങ്ങളുണ്ടെന്നും രാമാനുജൻ തന്റെ പ്രബന്ധത്തിൽ പറയുന്നു. ഇതൊന്നും ഹിന്ദുത്വവാദികൾക്ക് രസിക്കുന്ന കാര്യമായിരുന്നില്ല. രാമായണത്തിന്റെ ‘ഭാരതീയത’ നിലനില്‍ക്കുന്നതിൽ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. രാമായണം ബ്രാഹ്മണരുടേതാണെന്ന് സ്ഥാപിക്കലായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യം ഡൽഹി സർവ്വകലാശാലയിൽ വിജയം കണ്ടതോടെ അപമാനിക്കപ്പെട്ടത് എകെ രാമാനുജൻ എന്ന മഹാപണ്ഡിതൻ മാത്രമല്ല, ഇന്ത്യയുടെ അക്കാദമികലോകം മുഴുവനുമാണ്.

മതത്തിനകത്ത് രാഷ്ട്രീയം കലർത്താൻ ആർഎസ്എസ്സ് നടത്തുന്ന ശ്രമങ്ങളെ ചെറുക്കാൻ സിപിഎം മുന്നിട്ടിറങ്ങുമ്പോൾ എതിർപ്പ് ആർഎസ്എസ്സിൽ നിന്നു മാത്രമല്ല വരുന്നത്. ഇടത് ബുദ്ധിജീവികളും ഈ ഉദ്യമത്തെ എതിർക്കുന്നു. മോദിയുടെ കൂട്ടയോഗാഭ്യാസത്തെ ഏറ്റെടുത്ത പോലെ ലാഘവത്തോടെ രാമായണത്തെ സമീപിക്കരുതെന്ന മുന്നറിയിപ്പാണ് അവർ നൽകുന്നത്. സമൂഹത്തിന്റെ സാംസ്കാരികജിവിതത്തിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു കാവ്യഗ്രന്ഥത്തിന്മേലാണ് കളി. ഇതിന് എന്തുമാത്രം ബൗദ്ധികവിചാരങ്ങൾ പാർട്ടി നടത്തിയിട്ടുണ്ട് എന്നത് പ്രധാനമാണ്. രാഷ്ട്രീയക്കാർക്ക് ചാടിക്കേറി ചെയ്യാവുന്ന ഒന്നല്ല ഈ പ്രവൃത്തിയെന്നും സാംസ്കാരികലോകത്തിന്റെ പങ്കാളിത്തത്തോടെ ഏറെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട കാര്യമാണിതെന്നും ഇടതുപക്ഷ ബുദ്ധിജീവികൾ പറയുന്നു. ആർഎസ്എസ്സിന്റെ അതേ ലാഘവബുദ്ധി സിപിഎം കാണിച്ചുകൂടാ എന്നാണവരുടെ വാദം.

വാനവരമ്പന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍