TopTop

എന്തുകൊണ്ട് പുതിയ ധനകാര്യ ചട്ടം ദേശീയ ഹരിത ട്രിബ്യൂണലിന് മരണമണിയാകും

എന്തുകൊണ്ട് പുതിയ ധനകാര്യ ചട്ടം ദേശീയ ഹരിത ട്രിബ്യൂണലിന് മരണമണിയാകും
ഗംഗയുടെ പുനരുജ്ജീവനം സംബന്ധിച്ച് നാഴികക്കല്ലാവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിധി ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) 2017 ജൂലൈ 13-ന് പുറപ്പെടുവിച്ചു. നദിയുടെ മലിനീകരണത്തെ ആദ്യമായി അതിന്റെ സൂക്ഷ്മ, സ്ഥൂല വശങ്ങളില്‍ സമഗ്രമായി വിലയിരുത്തുന്നതാണ് 543 പേജ് വരുന്ന ആ വിധി. നിരവധി മാസങ്ങളായി ദൈനംദിനം നടന്ന വാദങ്ങളുടെ ഫലമായിരുന്നു അത്തരം സമഗ്രമായ ഒരു വിധിന്യായം. ഒരോ ദിവസവും ഗംഗയിലേക്ക് തള്ളുന്ന മാലിന്യത്തെയും നദിയിലേക്ക് മലിനജലം ഒഴുക്കിവിടുന്ന അരുവികളെയും കുറിച്ച് എന്‍ജിടിയിലെ നിയമജ്ഞരും വിഷത്തില്‍ വൈദഗ്ധ്യമുള്ളവരുമായ അംഗങ്ങള്‍ സമഗ്രമായി, ക്ഷമയോടെ പഠിച്ചു. ഇത്രയും വിശാലമായ ഒരു ഭൂവിഭാഗത്തെ കുറിച്ചുള്ള സമഗ്രമായ ഇത്തരം ഒരു വിധിക്ക് സമാനമായി ഇന്ത്യയുടെ പാരിസ്ഥിതിക നീതിശാസ്ത്രത്തില്‍ അപൂര്‍വ സംഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു.

2014-ല്‍ സുപ്രീം കോടതിയുടെ ഒരു നിര്‍ണായക ഉത്തരവിന്റെ ബലത്തിലാണ് ഹരിത ട്രിബ്യൂണലിന് ഇത്രയും വിശദമായി വാദം കേള്‍ക്കാനും വിധി പറയാനും സാധിച്ചത്. എംസി മേത്തയും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള കേസില്‍ 30 വര്‍ഷം വാദം കേട്ട സുപ്രീം കോടതി ഇത്തരം ഒരു വിഷയത്തില്‍ വാദം കേള്‍ക്കാനുള്ള അതിന്റെ പരിമിതികള്‍ അംഗീകരിക്കുകയും 2010-ലെ ഹരിത ട്രിബ്യൂണല്‍ ചട്ടപ്രകാരം വാദം കേട്ട് വിധി പ്രഖ്യാപിക്കാന്‍ എന്‍ജിടിയെ ഏല്‍പ്പിക്കുകയുമായിരുന്നു. മലിനീകരണം തടഞ്ഞുകൊണ്ട് പരിസ്ഥിതി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വിധി നിര്‍ണയിക്കുന്നതിനും നിയമപരമായ അധികാരം എന്‍ജിടിയ്ക്ക് ഉണ്ടെന്നും അന്നത്തെ വിധിയില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. ട്രിബ്യൂണലിലെ പ്രാഗത്ഭ്യമുള്ള അംഗങ്ങള്‍ക്ക് ഈ ചുമതല കൃത്യമായി നിര്‍വഹിക്കാനാവുമെന്ന വിശ്വാസവും കോടതി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതിയുടെ ഈ ആത്മവിശ്വാസം ഏതാനും നാളുകള്‍ കൂടി മാത്രമേ നിലനില്‍ക്കാന്‍ സാധ്യതയുള്ളെന്നാണ് thequint.com -ല്‍ എഴുതിയ ലേഖനത്തില്‍ പ്രമുഖ പരിസ്ഥിതി അഭിഭാഷകനായ ഋത്വിക് ദത്ത ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യ വിഷയങ്ങളുമായി ബന്ധപ്പെട്ട 2017-ലെ ധനകാര്യ ബില്ലിന് 2017 മാര്‍ച്ച് 31-ന് രാഷ്ട്രപതി അംഗീകാരം നല്‍കി. നിലവില്‍ വന്നിരിക്കുന്ന ധനകാര്യ ചട്ടം ദേശീയ ഹരിത ട്രിബ്യൂണലിന് മരണമണിയാകും എന്നാണ് ദത്ത ചൂണ്ടിക്കാണിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട ഉദ്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി 2010-ലെ ഹരിത ട്രിബ്യൂണല്‍ ചട്ടം ഉള്‍പ്പെടെ 19 ഭരണഘടന സ്ഥാപനങ്ങളുടെ ചട്ടങ്ങളാണ് ഈ ധനകാര്യ ചട്ടത്തില്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഹരിത ട്രിബ്യൂണലിന്റെ പ്രവര്‍ത്തനപരമായ സ്വയംഭരണാധികാരം, സ്വതന്ത്ര്യം തുടങ്ങി പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള നിയമപരമായ അതിന്റെ നിലനില്‍പ്പിന് തന്നെയും ആഘാതം ഏല്‍പ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ ഭേദഗതികള്‍.

2010-ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചട്ടപ്രകാരം, അതിന്റെ യോഗ്യതകള്‍, സേവന നിബന്ധനകള്‍, സേവനങ്ങളുടെ വിശാലമായ ഉപാധികള്‍ എന്നിവ ആ നിയമത്തില്‍ തന്നെ പാര്‍ലമെന്റ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത്തരം കാര്യങ്ങളെല്ലാം തീരുമാനിക്കുക ഉദ്യോഗസ്ഥര്‍, അതായത് സര്‍ക്കാരാണ്. ഈ അധികാരം പ്രയോഗിച്ചുകൊണ്ട് 2017 ജൂണ്‍ ഒന്നിന് ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പ് ദ ട്രിബ്യൂണല്‍, അപ്പല്ലേറ്റ് ട്രിബ്യൂണല്‍ ആന്റ് അദര്‍ അതോറിറ്റീസ് (ക്വാളിഫിക്കേഷന്‍സ്, എക്‌സ്പീരിയന്‍സ് ആന്റ് അദര്‍ കണ്ടീഷന്‍സ് ഓഫ് സര്‍സവീസ് ഓഫ് മെമ്പേഴ്‌സ്) റൂള്‍സ് 2017 പുറത്തിറക്കി. ഈ നിയമപ്രകാരമാണ് ഇനി ദേശീയ ഹരിത ട്രിബ്യൂണല്‍ അംഗങ്ങളുടെ സേവനവ്യവസ്ഥകളും യോഗ്യതകളും നിശ്ചയിക്കുക.പൊതുജനങ്ങളെ അറിയിക്കാതെയും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താതെയുമാണ് ഈ മാറ്റങ്ങളെല്ലാം വരുത്തിയിരിക്കുന്നത്. യോഗ്യതകളിലും സേവന ഉപാധികളിലും വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ കണ്ണോടിച്ചാല്‍ തന്നെ എന്‍ജിടിയുടെ ചലനശേഷി നശിപ്പിക്കുകയും പാരിസ്ഥിതിക നീതി ലഭ്യമാക്കുന്നതിന് അതിനെ അശക്തമാക്കുന്നതിനും വേണ്ടിയാണ് അതൊക്കെ കൊണ്ടുവന്നിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.

ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്റെ പുതിയ യോഗ്യതകള്‍ തന്നെ പരിശോധിക്കാം. സുപ്രീം കോടതിയില്‍ നിന്നോ അല്ലെങ്കില്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായോ വിരമിച്ചവരെയായിരുന്നു എന്‍ജിടിയുടെ തലപ്പത്ത് വരുന്നത് എന്നതായിരുന്നു ഒരു സ്ഥാപനമെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനുള്ള പ്രധാന കാരണം. നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള പ്രായോഗിക പരിചയം എന്‍ജിടിയെ നയിക്കുന്നവര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം സുപ്രീം കോടതി ജഡ്ജിയാവാന്‍ യോഗ്യതയുള്ള ആര്‍ക്കും എന്‍ജിടി അധ്യക്ഷനാവാം. ഹൈക്കോടതിയില്‍ അഭിഭാഷകനായി പത്തുവര്‍ഷം സേവനമനുഷ്ടിച്ച ആര്‍ക്കും സുപ്രീം കോടതി ജഡ്ജിയാവാം എന്നാണ് ഭരണഘടനയുടെ 124-ാം വകുപ്പ് പറയുന്നത്. കൂടാതെ ട്രിബ്യൂണലിലെ ഒരു നിയമപരിശീലനവും ലഭിക്കാത്ത വിദഗ്ധ അംഗത്തിനും അധ്യക്ഷനാവാം എന്നും ഭേദഗതിയില്‍ പറയുന്നുണ്ട്. നിയമത്തില്‍ പരിശീലനം നേടിയിട്ടില്ലാത്തവരാവും വിധികള്‍ പറയുക എന്നത് അതീവ ഗുരുതരമായ സാഹചര്യമാവും സൃഷ്ടിക്കുക എന്ന് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാത്രമല്ല, ഒരു സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കായിരുന്നു ഇതുവരെ എന്‍ജിടി അംഗങ്ങളെ നിയമിക്കാനുള്ള ചുമതല. അപേക്ഷകള്‍ ക്ഷണിച്ച് അതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. എന്നാല്‍ ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അടങ്ങുന്ന കമ്മിറ്റി അന്വേഷിച്ച് കണ്ടുപിടിക്കുന്നവരായിരിക്കും ഹരിത ട്രിബ്യൂണല്‍ അംഗങ്ങളാവുക. അതായത് കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നവരാകും എന്‍ജിടി അംഗങ്ങളായി വരിക എന്ന് സാരം. ഒരു അംഗത്തെ പിരിച്ചു വിടുന്നതിന് മുമ്പ് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്ന് മുന്‍നിയമത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം രൂപീകരിക്കുന്ന കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളെ പിരിച്ചുവിടാം എന്നാണ് പുതിയ ഭേദഗതി പറയുന്നത്.

അതായത് ട്രിബ്യൂണലില്‍ ജഡ്ജിമാരെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായിരിക്കും. അതായത് കേന്ദ്ര മന്ത്രാലയങ്ങളുടെ  ഒരു കീഴ്ഓഫീസ് മാത്രമായി ദേശീയ ഹരിത ട്രിബ്യൂണല്‍ മാറുകയാണ്. പുതിയ ഭേദഗതികള്‍ ബ്രിട്ടീഷ് രാജിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഋത്വിക് ദത്ത ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥര്‍ക്ക് നിയമനിര്‍മ്മാണസഭയെക്കാള്‍ അധികാരങ്ങള്‍ നല്‍കുകയും ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നതിന് തുല്യമാണ് പുതിയ ഭേദഗതികള്‍. ജനകീയ പ്രതിഷേധങ്ങളെ നേരിടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി ഈ അധികാരം ഉപയോഗിക്കപ്പെടും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജഡ്ജിമാര്‍, സര്‍ക്കാര്‍ നയങ്ങള്‍ മാത്രം നടപ്പിലാക്കുകയും ഭരണഘടനയെയും നിയമവാഴ്ചയെയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. മാത്രമല്ല സര്‍ക്കാരിന് കീഴിലുള്ള നിയമസംവിധാനത്തില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം കുറവായിരിക്കും. ഒരു ജാനധിപത്യ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശോചനീയമായ അവസ്ഥയാണ് ഇതെന്നും ദത്ത ചൂണ്ടിക്കാട്ടുന്നു.

Next Story

Related Stories