TopTop
Begin typing your search above and press return to search.

മോദിക്കു മുമ്പില്‍ ഇനി 2019; അണിയറയില്‍ ഒരുങ്ങുന്ന ബോഫോഴ്സ് ഭൂതം വീണ്ടും കോണ്‍ഗ്രസിനെ പിടികൂടുമോ?

മോദിക്കു മുമ്പില്‍ ഇനി 2019; അണിയറയില്‍ ഒരുങ്ങുന്ന ബോഫോഴ്സ് ഭൂതം വീണ്ടും കോണ്‍ഗ്രസിനെ പിടികൂടുമോ?
കോണ്‍ഗ്രസിനെ ബോഫോഴ്‌സ് എന്ന ഭൂതം വീണ്ടും പിടികൂടുമോ? തിരിച്ച് വന്നാലും ക്ഷീണിതവും കാലഹരണപ്പെട്ടതും ഇന്ത്യക്കാര്‍ തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്തതുമാകുമോ അത്? മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു അഴിമതിയില്‍, അതും വെറും നൂറ് കോടിയിലും കുറച്ച് രൂപ മാത്രം വരുന്ന തുകയുടെ അഴിമതിക്ക്, കോഴ ആരോപണങ്ങള്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? - ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം ഉയരുന്നുണ്ട്.

1980-കളില്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കിയ ബോഫോഴ്‌സ് അഴിമതി ഇടപാട് പുതിയ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു. പ്രതിരോധ രംഗത്തെ അഴിമതിയുമായി ബന്ധപ്പെട്ട് പുതിയൊരു കാഴ്ചയാണ് അത് തുറന്നുവച്ചത്. സ്വീഡിഷ് ആയുധ കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി പീരങ്കികള്‍ വാങ്ങാനുള്ള കരാറിന്റെ ഭാഗമായി ഗാന്ധി (നെഹ്രു) കുടുംബവുമായി അടുപ്പമുള്ള പലരും വലിയ തോതില്‍ കോഴ വാങ്ങിയിട്ടുണ്ടെന്നായിരുന്നു ആരോപണം.

ബിജെപി വിചാരിച്ചാല്‍ ഇനിയും ബോഫോഴ്‌സിനെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനാകും. എന്നാല്‍ ഒരു കോടതി വിചാരണയല്ലാതെ മറ്റൊന്നും ബാക്കിയില്ലെന്നും പുതിയതായി ഒന്നും അന്വേഷിക്കാനില്ലെന്നുമാണ് സിബിഐയുടെ അന്വേഷണസംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നത്. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പിഎസി) പ്രതിരോധ സബ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച ബോഫോഴ്‌സ് കേസില്‍ സിബിഐ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോഫോഴ്‌സ് കേസില്‍ മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സിഎജി റിപ്പോര്‍ട്ട് പരിഗണിക്കാത്തത് സംബന്ധിച്ച് സബ് കമ്മിറ്റി പരിശോധിക്കുന്നുണ്ട്. സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ കഴിഞ്ഞ വ്യാഴാഴ്ച സബ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു.സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം നിയമനടപടികളുടെ സാധ്യതകളാണ് സിബിഐ ഇപ്പോള്‍ പരിശോധിച്ചിരിക്കുന്നത്. ബോഫോഴ്‌സ് കേസിലെ പ്രധാന പ്രതികളില്‍പ്പെടുന്ന ഹിന്ദുജ സഹോദരന്മാരെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2005ല്‍ ഹൈക്കാടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് സിബിഐ, സബ് കമ്മിറ്റിയെ അറിയിച്ചു. മറ്റൊരു പ്രധാന പ്രതിയായ ഒട്ടോവിയോ ക്വത്‌റോച്ചി ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്താണ്. ആഗോള ഏജന്‍സികളുടെ പിടിയില്‍ നിന്ന് ക്വത്‌റോച്ചിയെ രക്ഷിച്ചത് യുപിഎ സര്‍ക്കാരിന്റെ സമീപനമായിരുന്നു. 30 ലക്ഷം പൗണ്ട് (25.26 കോടി രൂപ) ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനും ക്വത്‌റോച്ചിക്ക് കഴിഞ്ഞു. ലണ്ടനിലെ മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടും ഉപയോഗയോഗ്യമാക്കാന്‍ സഹായിച്ചതും യുപിഎ സര്‍ക്കാര്‍ തന്നെ.

മോദിയുടെ സാമ്പത്തിക നയവും പരിപാടികളും പരാജയപ്പെടുന്നത് ബിജെപിയെ രാഷ്ട്രീയമായി നിരാശരാക്കിയിട്ടുണ്ട്. മോദി വെറും വാചകമടി മാത്രമേയുള്ളൂ ഒന്നും ചെയ്യുന്നില്ല എന്ന സംസാരം ശക്തമായിട്ടുണ്ട്. രാഷ്ട്രീയത്തില്‍ വെറും വാചകമടിക്കാരനെന്നോ വിടുവായനെന്നോ ഒക്കെ പേര് കിട്ടുന്നതിലും വലിയ തിരിച്ചടിയില്ല. ഒരു ക്രിമിനലെന്നോ അഴിമതിക്കാരനെന്നോ ബലാത്സംഗിയെന്നോ വിളിക്കപ്പെട്ടാല്‍ രാഷ്ട്രീയത്തില്‍ അത്രയും പ്രശ്‌നമില്ല. പക്ഷെ വാചകമടിക്കാരനെന്ന് വിളിക്കപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കിടയിലെ പ്രതിച്ഛായ ഇല്ലാതായി അയാള്‍ അപ്രത്യക്ഷനാകും.

2019-ലെ വിജയത്തിന് ആദ്യത്തെ വഴിയായ സാമ്പത്തിക ശാക്തീകരണം വര്‍ഗീയതയുടെ സഹായത്തോടെ കൊണ്ടുവരാനുള്ള പരീക്ഷണങ്ങള്‍ വിജയിക്കുന്നില്ല. മോദിയെ തുടക്കം മുതല്‍ തന്നെ ശക്തമായി പിന്തുണച്ചിരുന്നയാളാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ആര്‍ ജഗന്നാഥന്‍. വലതുപക്ഷ പ്രസിദ്ധീകരണമായ സ്വരാജ്യയുടെ എഡിറ്റോറിയല്‍ ഡയറക്ടറായ അദ്ദേഹം ഈയാഴ്ച ടൈംസ് ഓഫ് ഇന്ത്യയില്‍ ഇങ്ങനെയെഴുതി: "2019ല്‍ മോദി തരംഗമുണ്ടാകണമെങ്കില്‍ സാമ്പത്തികരംഗത്ത് അദ്ഭുതങ്ങള്‍ സംഭവിക്കണം. മോദിക്ക് അനുകൂലമായി കാറ്റ് വീശാന്‍ തക്ക വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല."

ഏതായാലും ബിജെപി പഴയ ഭൂതങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ്. ബോഫോഴ്‌സ് തരക്കേടില്ല എന്നാണ് ഇപ്പോള്‍ അവര്‍ കരുതുന്നത്.

Next Story

Related Stories