Top

മധ്യപ്രദേശിൽ 'ഓപ്പറേഷന്‍ കമല' മായാവതി തടയുമോ?

മധ്യപ്രദേശിൽ
2013 അസംബ്ലി തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് ബിഎസ്പി സ്വന്തമാക്കിയിരുന്നത്. ഇത്തവണ ഗ്രാമപ്രദേശങ്ങളിൽ വളർന്ന സംസ്ഥാന സർക്കാരിലുള്ള അതൃപ്തിയും കേന്ദ്ര സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും ഒരുമിച്ച് പ്രവർത്തിച്ചത് ബിഎസ്‌പിക്കും ഗുണം ചെയ്തു. ബിഎസ്പിയുമായി നേരത്തെ സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സ് ശ്രമിച്ചിരുന്നെങ്കിലും ഛത്തീസ്ഗഢിൽ കോൺഗ്രസ്സിൽ നിന്നും തെറ്റിപ്പിരിഞ്ഞു പോന്ന അജിത് ജോഗിയുടെ ജനതാ കോൺഗ്രസ്സുമായി സഖ്യം ചേർന്നുള്ള നീക്കം നടത്തുകയായിരുന്ന ബിഎസ്‌പി അതിനെ പ്രോത്സാഹിപ്പിക്കുകയുണ്ടായില്ല.

മധ്യപ്രദേശിൽ ബിഎസ്‌പിയുമായി സഖ്യം ചേരാൻ കോൺഗ്രസ്സിന് സാധിച്ചിരുന്നെങ്കിൽ 2013ൽ 10,000 വോട്ടുകളുടെ മാർജിനിൽ വിജയപരാജയങ്ങൾ നിശ്ചയിക്കപ്പെട്ട എഴുപതോളം സീറ്റുകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇരുവര്‍ക്കും സാധിക്കുമായിരുന്നു. 2013ൽ വെറും രണ്ട് സീറ്റ് മാത്രം ലഭിച്ച ബിഎസ്പിക്ക് 62 സീറ്റുകളിൽ പതിനായിരത്തിലധികം വോട്ട് നേടാൻ സാധിച്ചിരുന്നു. 17 സീറ്റുകളിൽ 20,000ത്തിലധികം വോട്ടുകൾ ബിഎസ്പി നേടുകയുണ്ടായി.

ഇത്തവണ ഈ വോട്ടുകളെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന കോൺഗ്രസ്സിന്റെ ലാക്കിനോട് ബിഎസ്പി അടുക്കുകയുണ്ടായില്ല. ഉത്തർപ്രദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന പതിന്നാലോളം ജില്ലകളിൽ ശക്തമായ സാന്നിധ്യമാണ് ബിഎസ്പിക്കുള്ളത്. മൊറീന, ഭിന്ദ്, ദാതിയ, ശിവ്പൂർ, ഗ്വാളിയോർ, അശോക് നഗർ, തികമാർഗ്, ഛട്ടാർപൂർ, പാന്ന, സാത്ന, രേവ, സിദ്ധി, സിംഗ്രൂലി എന്നീ ജില്ലകളിലാണ് ബിഎസ്പിക്ക് ഉറച്ച വോട്ടുകളുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാമെന്ന കണക്കൂകൂട്ടൽ പിഴച്ചിട്ടില്ല. രണ്ട് സീറ്റിൽ നിന്ന് മികച്ച മുന്നേറ്റം നടത്താൻ‌ ബിഎസ്പിക്കായി. തങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുക മാത്രമാണ് ബിഎസ്പി ഇത്തവണ ചെയ്തിട്ടുള്ളത്. 2008 അസംബ്ലി തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് നേടാൻ ബിഎസ്പിക്ക് സാധിച്ചിരുന്നു.

മഹാസഖ്യത്തിൽ നിന്നും ബിഎസ്പിയെ അകറ്റി നിർത്തുക എന്ന ബിജെപിയുടെ ആഗ്രഹം എളുപ്പത്തിൽ അവർക്ക് നടത്തിയെടുക്കാനായി. ഇതിനു കാരണമായത് സഹോദരൻ ആനന്ദ് കുമാർ ഉണ്ടാക്കിയ പ്രശ്നങ്ങളാണ്. 2017 ജനുവരി മാസത്തിൽ ഇൻകം ടാക്സ് വകുപ്പ് ആനന്ദ് കുമാറിന്റെ സ്വത്തുക്കളെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. 2007 മുതൽ 2014 വരെയുള്ള കാലയളവിൽ 1300 കോടി രൂപയുടെ ആസ്തിവർധന ഇദ്ദേഹം ഉണ്ടാക്കിയെന്നും അത് സംശയാസ്പദമാണെന്നും ഇൻകംടാക്സ് വ്യക്തമാക്കിയിരുന്നു. ആനന്ദിന്റെ പേരിലുള്ള മൂന്ന് കടലാസ്സ് കമ്പനികൾ അന്വേഷണത്തിനു കീഴിൽ വന്നു. രജിസ്ട്രേഷൻ രേഖകളിലെ വിലാസമനുസരിച്ച് കൊൽക്കത്തയിലെ മഹേഷ്തലയിലാണ് ഈ മൂന്നു കമ്പനികളുടെയും ഓഫീസ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ വിലാസത്തിൽ അങ്ങനെയൊരു ഓഫീസ് നിലവിലില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2007ൽ ആനന്ദിന്റെ ആസ്തി വെറും 7.5 കോടി രൂപയായിരുന്നു. ഇവിടെ നിന്നാണ് 2014-ൽ എത്തിയപ്പോഴേക്ക് ആസ്തി 1300 കടന്നത്.

ആനന്ദിനെ സിബിഐയും ഇൻകംടാക്സ് ഉദ്യോഗസ്ഥരും ചേർന്ന് പത്തുമണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തുവെന്ന റിപ്പോർ‌ട്ടുകളും ഇടയ്ക്ക് വന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ പ്രസ്താവനകൾക്കെതിരെ മായാവതി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സീറ്റ് പങ്കിടൽ സംബന്ധിച്ച് യോജിപ്പില്ലാത്തതിനാൽ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെടുന്നില്ല എന്ന് വരുത്തിത്തീർക്കാനാണ് മായാവതി ശ്രമിച്ചത്. മറ്റൊരു വിഷയം, ചെറുസംഘടനകളായിട്ടാണെങ്കിലും ദളിത് മേഖലകളിൽ മറ്റൊരു തരത്തിലുള്ള മുന്നേറ്റം കടന്നുവരുന്നതാണ്. ഇത്തരം സംഘടനകൾ ബിഎസ്പിയുടെ ദളിത് ബേസിനെ ബാധിക്കുമോയെന്ന ഭീതി ബിഎസ്പിക്കുണ്ട്. ഇക്കാരണത്താൽ തന്നെ ഒറ്റയ്ക്ക് നിന്ന് ഇടം വ്യക്തമായി നിർവ്വചിച്ചെടുക്കേണ്ട ആവശ്യകതയും മായാവതിക്കുണ്ട്. മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ടതെങ്കിലും തിരിച്ചുപിടിച്ച് അസ്തിത്വഭദ്രത വരുത്തേണ്ടത് മായാവതിയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്നമാണ്.

ഇത്തവണ കേവലഭൂരിപക്ഷം ഒരുവിവിധം തികയ്ക്കാൻ കോൺഗ്രസ്സിന് സാധിച്ചാലും ബിഎസ്പിയുടെ സഹായം നിർണായകമാകാനിടയുണ്ട്. ബിജെപിയുടെ ചാക്കിട്ടുപിടിത്തം എപ്പോഴും ഭയപ്പെടേണ്ടതുണ്ട് എന്നതാണ് കാര്യം. കർണാടകത്തിൽ ബിജെപി നടത്തിയ നീക്കങ്ങൾ ഓർക്കുക. ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത് തടയാൻ മായാവതിക്ക് അധ്വാനിക്കേണ്ടതായി വരും. ബിജെപിക്ക് ബിഎസ്പിയിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ സാധിച്ചാൽ അത് 2019ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് തിരിച്ചടിയാകും.

https://www.azhimukham.com/live-assembly-election-2018-5-state-election-results-today-before-2019-lok-sabha-polls/

https://www.azhimukham.com/india-rajasthan-assembly-elections-2018-congress-bjp-fight/

https://www.azhimukham.com/india-shivraj-singh-chouhan-madhyaprdesh-2018-assembly-elections-results-congress-bjp/

Next Story

Related Stories