Top

പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം; ബിജെപിക്ക് കിട്ടുന്ന ആദ്യ അടി കര്‍ണാടകയില്‍ നിന്നാകുമോ?

പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം; ബിജെപിക്ക് കിട്ടുന്ന ആദ്യ അടി കര്‍ണാടകയില്‍ നിന്നാകുമോ?
വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചേക്കാവുന്ന ഒന്നായി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും ശ്രമം മാറിയിട്ടുണ്ട്. ഇതിന്റെ സൂചനകൾ സംസ്ഥാനത്ത് വളരെ പ്രത്യക്ഷമാണ്. മാർച്ച് 31ന് മൈസൂരു സന്ദർശന വേളയിൽ അമിത് ഷായുടെ പ്രസംഗവേദിക്കരികിൽ ദളിതരുടെ പ്രതിഷേധപ്രകടനം നടന്നു. മുദ്രാവാക്യം വിളികളിൽ അന്ന് ഉയർത്തപ്പെട്ടത് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനകളായിരുന്നുവെങ്കിലും ആ പ്രകടനത്തിന് കനലായത് അതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലൊന്നിൽ സുപ്രീംകോടതി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നടത്തിയ ഇടപെടൽ തന്നെയായിരുന്നു.

കർണാടകത്തിൽ വിഘടിച്ചു നിന്നിരുന്ന ദളിത് വിഭാഗങ്ങൾ ഒരുമിക്കുന്നതും ഈ സംഭവത്തിനു ശേഷം കാണാനായി. ഏറെക്കാലമായി ഏതാണ്ട് ശത്രുതയിൽ കഴിഞ്ഞിരുന്ന ചാലവാദി, മാദിഗ എന്നീ ദളിത് വിഭാഗങ്ങളാണ് ഈ സംഭവത്തിനു ശേഷം ഒന്നിച്ചത്. 'വലത് അയിത്തജാതി'ക്കാരെന്ന് പൊതുവിൽ അറിയപ്പെടുന്ന ചാലവാദികളും 'ഇടത് അയിത്ത ജാതി'ക്കാരെന്ന് അറിയപ്പെടുന്ന മാദിഗകളും പിണക്കങ്ങൾ മറന്ന് ഒന്നിച്ചു. പാരമ്പര്യമായി കോൺഗ്രസ്സിന് പിന്തുണ കൊടുക്കുന്നവരാണ് ചാലവാദികൾ. ബിജെപി സംസ്ഥാനത്ത് ശക്തിയാർജിച്ച കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാദിഗകളുടെ പിന്തുണ അവർക്കായിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവും അതെത്തുടർന്ന് രാജ്യത്തെമ്പാടും നടന്ന പ്രതിഷേധങ്ങളും ഇവരെ ബിജെപിയിൽ നിന്ന് ഏതാണ്ട് അകറ്റിയ മട്ടാണ്.

ഈ വിഭാഗങ്ങൾ കർണാടകത്തിന്റെ വിശാലമായ ഭുപ്രദേശത്ത് ജാതികളും ഉപജാതികളുമായി പരന്നുകിടക്കുന്ന വലിയൊരു ജനവിഭാഗമാണ്. സുപ്രീംകോടതിയുടെ ഉത്തരവ് തികച്ചും സ്വാധീനരഹിതമായി സംഭവിച്ചതാണെന്ന് ദളിത് സംഘടനാ പ്രവർത്തകരാരും വിശ്വസിക്കുന്നില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ നയത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ഈ വിധിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ദളിതർക്കിടയിൽ രൂഢമായി വളർന്നു കഴിഞ്ഞ ഈ പൊതുബോധം ബിജെപിക്ക് വലിയൊരു തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

http://www.azhimukham.com/trending-snakes-mongoose-cats-and-dogs-unites-against-modi-says-amitshah/

എന്നാൽ ദളിത് വോട്ടുകൾ ഭിന്നിക്കാനുള്ള സാധ്യത പൂർണമായും ഒഴിവായിട്ടില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഉത്തർപ്രദേശിലെ ബിഎസ്‍പി നേതാവ് മായാവതി ഇതിനിടയിൽ നടത്തുന്ന നീക്കമാണ് ബിജെപിയിൽ പ്രതീക്ഷ വളർത്തുന്നത്. ദേവെഗൗഡയുടെ ജനതാദൾ സെക്യൂലറുമായി ഇവരൊരു തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം 20 സീറ്റുകളിൽ ദൾ പിന്തുണയോടെ ബിഎസ്‍പി സ്ഥാനാർത്ഥിക്ക് മത്സരിക്കാനാകും. 2013 തെരഞ്ഞെടുപ്പിൽ ഇവർക്ക് ഒറ്റ സീറ്റു പോലും നേടാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം കൂടി കണക്കിലെടുക്കുമ്പോൾ ബിജെപിയുടെ പ്രതീക്ഷയിൽ കഴമ്പുണ്ടെന്ന് കാണാം.

ദേവെ ഗൗഡയ്ക്ക് പിന്തുണ നൽകുന്ന പ്രബലമായ സമുദായ വൊക്കലിഗകളാണ്. ജാതിവെറിയന്മാരായ ഇക്കൂട്ടർ എക്കാലത്തും ദളിതർക്കെതിരെ പ്രവർത്തിക്കുന്നവരാണെന്ന വസ്തുതയും നിലവിലുണ്ട്. ദേവെ ഗൗഡയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകണമെന്ന് വ്യക്തമായ നിർദ്ദേശം മായാവതി സംസ്ഥാനത്തെ ബിഎസ്‍പി പ്രവർത്തകര്‍ക്ക് നൽകിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. ഇത് ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണെന്ന സന്ദേഹം പ്രവര്‍ത്തകർക്കിടയിൽ തന്നെയുണ്ട്.

എംപിമാർ രാത്രികളിൽ ദളിത് വീടുകളിൽ താമസിക്കണമെന്ന ആഹ്വാനവും അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കലും മറ്റുമല്ലാതെ ദളിതരെ ഉദ്ധരിക്കാന്‍ പ്രധാനമന്ത്രിക്ക് പരിപാടിയൊന്നുമില്ലെന്ന് ദളിത് സംഘടനകൾക്ക് പൊതുവിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധനനിയമത്തെ പവിത്രമായാണ് ദളിതർ കാണുന്നത്. ഇതിൽ കൈവെച്ചത് സംസ്ഥാനത്തെ ദളിതരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

http://www.azhimukham.com/cpim-to-support-strongest-candidate-who-can-beat-bjp/

അനൗദ്യോഗിക കണക്കുകൾ പ്രകാരം കർണാടക ജനസംഖ്യയുടെ 19 ശതമാനമുണ്ട് ദളിത് വിഭാഗങ്ങൾ. ആകെ 24 മണ്ഡലങ്ങളുള്ളതിൽ അറുപതോളം ഇടങ്ങളിൽ ഫലത്തെ നിർണായകമാംവിധം സ്വാധീനിക്കാൻ ദളിത് വോട്ടുകൾക്ക് കഴിയും.

സുപ്രീംകോടതി ഉത്തരവ് ബിജെപിയുടെ പ്രധാന മണ്ഡലങ്ങളിൽ നിന്നുള്ള ഉയർന്ന ജാതിക്കാർ ആഹ്ലാദത്തോടെ വരവേറ്റ കാര്യം ചൂണ്ടിക്കാട്ടുന്നു ബെംഗളൂരുവിലെ ആനേക്കലിൽ നിന്നുള്ള ദളിത് ആക്ടിവിസ്റ്റായ ആർ ശങ്കർ പറയുന്നു. 30 ശതമാനത്തോളം ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളുമുള്ള പ്രദേശമാണ് ബെംഗളൂരു നഗരത്തിന്റെ ഭാഗമായ ആനേക്കൽ. ഇവിടെ ക്ഷേത്രങ്ങളിൽ ദളിതർക്ക് ഇന്നും പ്രവേശനമില്ല. നിരന്തരം ജാതിപീഡനങ്ങളും ആക്രമണങ്ങളും നടക്കാറുള്ള സ്ഥലം കൂടിയാണിത്. ഇവിടെ വിഘടിച്ചു നിൽക്കുകയായിരുന്ന ചാലവാദി-മാദിഗ ദളിതർ ഒരുമിച്ചാണ് സുപ്രീംകോടതിക്കും കേന്ദ്ര സർക്കാരിനുമെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം നടത്തിയത്. കോടതിയുത്തരവ് ഉയർന്ന ജാതിക്കാരുടെ വോട്ട് ക്രോഡീകരിക്കാൻ സഹായിക്കുമെന്ന് ബിജെപി കരുതുന്നുണ്ട്. ഇതോടൊപ്പം ഇപ്പോൾ ക്രോഡീകരണത്തിലേക്ക് നീങ്ങുന്ന ദളിത് വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞാൽ സിദ്ധരാമയ്യയെ താഴെയിറക്കാൻ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടൽ.

http://www.azhimukham.com/trending-india-congress-more-dangerous-than-bjp-hdkumaraswami/

അഞ്ചു വർഷത്തെ കോൺഗ്രസ്സ് ഭരണത്തിനിടെ കർണാടകത്തിൽ ദളിതർക്കെതിരായ അതിക്രമങ്ങൾ കൂടിയിട്ടുണ്ടെന്നും ഇക്കാരണത്താൽ തന്നെ ആ വിഷയത്തിൽ തങ്ങളെ കുറ്റപ്പെടുത്താൻ സിദ്ധരാമയ്യയ്ക്ക് ധാർമികമായി ആലോചിച്ചാൽ കഴിയില്ലെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാർ പറയുന്നു. 2016ൽ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 41,000 ദളിത് പീഡനക്കേസുകളിൽ 60 ശതമാനവും സംഭവിച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്. രാജ്യത്തെ നാലിലൊന്ന് വരുന്ന ദളിത്-ഗോത്രവർഗ വിഭാഗങ്ങൾക്ക് ഹിന്ദുത്വവാദം അത്ര സുഖകരമായ അനുഭവങ്ങളല്ല നൽകിയത്.

ഇതോടൊപ്പം സംസ്ഥാനത്തിനകത്ത് ബിജെപി നേതാക്കൾ നടത്തിവരുന്ന ദളിത് വിരുദ്ധ പ്രസ്താവനകളും പാർട്ടിക്കെതിരായ വികാരം ദളിതർക്കിടയിൽ വളർത്തിയിട്ടുണ്ട്. ഉത്തര കന്നഡ മണ്ഡലത്തിൽ നിന്നുള്ള എംപി അനന്ത് കുമാർ നടത്തിയ ചില പ്രസ്താവനകളാണ് ഇവയിൽ ശ്രദ്ധേയം. ഭരണഘടന തിരുത്തിയെഴുതണമെന്ന് അനന്ത് കുമാർ ഒരിക്കൽ പറയുകയുണ്ടായി. ഈ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം നടത്തിയ ദളിതരെ ബ്രാഹ്മണനായ അനന്ത് കുമാർ 'കുരയ്ക്കുന്ന തെരുവു നായ്ക്കൾ' എന്നാണ് വിശേഷിപ്പിച്ചത്. ബിജെപി നേതാക്കൾക്കുള്ളിലെ ജാതിവിഷം പല സന്ദർഭങ്ങളിൽ, പല രൂപങ്ങളിൽ സംസ്ഥാനത്ത് പുറത്തു വന്നു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ശരിയായ ഒരു രാഷ്ട്രീയ ദിശാബോധമായി ദളിത് സംഘടനകൾക്കിടയിലും സമുദായ നേതൃത്വത്തിനിടയിലും വളരുകയാണെങ്കിൽ സിദ്ധരാമയ്യ വീണ്ടുമൊരിക്കൽ കൂടി അധികാരത്തിൽ വരും.

http://www.azhimukham.com/india-fading-modi-glory-writes-hareeshkhare/

Next Story

Related Stories