TopTop
Begin typing your search above and press return to search.

നിതീഷിന് മുന്നില്‍ തേജസ്വി അടച്ചിരിക്കുന്ന വാതില്‍ ലാലു തുറക്കുമോ?

നിതീഷിന് മുന്നില്‍ തേജസ്വി അടച്ചിരിക്കുന്ന വാതില്‍ ലാലു തുറക്കുമോ?
മഹാഗഠ്ബന്ധന്‍ പൊളിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് വീണ്ടും ബിജെപിയുമായി ചേര്‍ന്ന് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയായിട്ട് ഒരു വര്‍ഷമാകുന്നു. ആര്‍ജെഡിയുടെ അഴിമതി വച്ചുപൊറുപ്പിക്കാനികില്ല എന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് മിസ്റ്റര്‍ ക്ലീന്‍ ആയി സ്വയം പ്രതിഷ്ഠിച്ചിട്ടുള്ള നിതീഷ് കുമാര്‍ സഖ്യം വിട്ടത്. എന്നാല്‍ ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ നിതീഷിന് വീണ്ടും മഹാസഖ്യ നൊസ്റ്റാള്‍ജിയ. ബിജെപിയെ സഹിക്കാനാവില്ല എന്നാണ് നിതീഷ് പറയുന്നത്. ലാലുവുമായി വീണ്ടും കൂട്ടുകൂടാന്‍ മോഹം. ആര്‍ജെഡിയും കോണ്‍ഗ്രസും ശരദ് യാദവിന്റെ പാര്‍ട്ടിയും കൂടെ വേണമെന്ന് ഒരു തോന്നല്‍. നീതിഷിന്റെ ദൂതന്മാര്‍ സന്ദേശവുമായി ലാലു ക്യാമ്പിലെത്തിയിട്ടുണ്ടെന്നാണ് പിന്‍വാതില്‍ ചര്‍ച്ചകളെക്കുറിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിതീഷിന്റെ വിശ്വസ്തന്‍ ലാലുവിനെ കണ്ടിരുന്നു. മുംബൈയില്‍ ഒരു ഇഫ്താര്‍ വിരുന്നിനിടെയും നിതീഷ്-ലാലു പുനസമാഗമം ചര്‍ച്ചയായി.

നിതീഷ് കുമാര്‍ ആര്‍ട്ട് ഓഫ് ലീവിംഗിന്റെ (Art of Leaving) നല്ല പ്രയോക്താക്കളില്‍ ഒരാളാണ്. പൂ പറിക്കുന്ന ലാഘവത്തോടെ സഖ്യം ഉപേക്ഷിക്കും, സഖ്യകക്ഷികളെ വിട്ടുപോകും. ഓരോ ഘട്ടത്തിലും ഓരോ പാര്‍ട്ടികളുമായും സഖ്യം ഉപേക്ഷിക്കാനായി നിതീഷ് കണ്ടെത്തുന്ന കാരണങ്ങളും കൗതുകകരമാണ്. 2013ല്‍ നിതീഷ് ബിജെപി സഖ്യം വിട്ടത് വാജ്പേയിയെ പോലെ 'മതേതര'നല്ലാത്ത, "വര്‍ഗീയവാദിയും നരാധമനും ഫാഷിസ്റ്റുമായ" നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞായിരുന്നു. വാജ്പേയിയെ പോലൊരു ' മതേതരന്‍ '  അല്ല മോദി എന്നായിരുന്നു നിതീഷിന്റെ അഭിപ്രായം. 2016-17 ആയപ്പോളേക്കും നിതീഷിന് മോദി കൊള്ളാവുന്ന നേതാവായി.മോദി - ഷാ ടീമിന്റെ അപ്രമാദിത്വ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകാന്‍ പോകുന്ന ദേശീയ രാഷ്ട്രീയ നീക്കം എന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു 2015ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ രൂപം കൊണ്ട മഹാഗഠ്ബന്ധന്‍ അഥവാ മഹാസഖ്യം. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സഹിക്കാന്‍ പറ്റില്ലെന്ന് നിതീഷിന് തോന്നി. ഉടനെ മോദിയേയും അമിത് ഷായേയും കെട്ടിപ്പുണരാന്‍ നിതീഷിന് മടിയുണ്ടായില്ല. ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെതിരെ ബിജെപി സിബിഐയെ അയച്ചു. ബിഹാറിനെ അഴിമതിയില്‍ നിന്ന് രക്ഷിക്കാനെന്നു പറഞ്ഞ് നിതീഷ് ബിജെപിയിലേക്ക് പോയി. ലാലുവിനെ പോലെ ബിജെപിയോടോ സംഘപരിവാറിനോടോ ഒരു അയിത്തവും നിതീഷിനില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ നാട്ടുകാര്‍ റോഡിന് ഇരു വശവും ചങ്ങലയായി നിന്ന് ഇഷ്ടികയേറ് നടത്തിയപ്പോള്‍ തന്നെ കാര്യങ്ങള്‍ തന്റെ കൈവിട്ടുപോയിരിക്കുന്നു എന്ന് നിതീഷിന് മനസിലായി. മദ്യനിരോധനം അടക്കമുള്ള കാര്യങ്ങള്‍ ചീറ്റിപ്പോയി.

സംസ്ഥാനത്തിന് പുറത്തുവച്ചോ വിദേശത്ത് വച്ച് പോലുമോ ഉദ്യോഗസ്ഥരാരും മദ്യപിക്കരുതെന്നാണ് നിതീഷ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഉദ്യോഗസ്ഥരും ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും ലോകത്തിലെവിടെയെങ്കിലും വച്ച് മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണമെന്നാണ് പുതിയ നിയമം. ഡിസ്മിസ്, സസ്‌പെന്‍ഷന്‍, ശമ്പളക്കുറവ് തുടങ്ങിയ ശിക്ഷകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാര്‍. ഇത്തരത്തില്‍ അപ്രായോഗികമായ 'മദ്യമുക്ത കിനാശേരി'യടക്കമുള്ള നിതീഷിന്റെ പരിപാടികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധവും അവമതിപ്പുമുണ്ടാക്കിയിട്ടുണ്ട്‌.

ജെഡിയുവിന്റെ സിറ്റിംഗ് സീറ്റായ ജോകിഹട് ആര്‍ജെഡി പിടിച്ചെടുത്തു. 41,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്‍ജെഡി ഇവിടെ ജയിച്ചത്. മുഖ്യമന്ത്രി നിതീഷും പകുതിയോളം മന്ത്രിമാരും ജോകിഹാട്ടില്‍ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും ജെഡിയു സ്ഥാനാര്‍ത്ഥി രക്ഷപ്പെട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള, കൂട്ടബലാത്സംഗ കേസില്‍ പ്രതിയായിരുന്ന മുര്‍ഷിദ് ആലമായിരുന്നു ഇവിടെ ജെഡിയു സ്ഥാനാര്‍ത്ഥി. ജെഡിയുവിന് ആകെ ലഭിച്ച വോട്ടിന്റെ ഇരട്ടിയിലധികം നേടിയാണ് ആര്‍ജെഡിയുടെ
വിജയം. ആർജെഡിക്ക് 81240 വോട്ടുകളാണ് ലഭിച്ചത്. ജെഡിയുവിന് 40015 വോട്ടുകളും ലഭിച്ചു. അരാരിയ ലോക്‌സഭ സീറ്റും ജെഹാനാബാദ് നിയമസഭ സീറ്റും ഉപതിരഞ്ഞെടുപ്പുകളില്‍ ആര്‍ജെഡി നിലനിര്‍ത്തി.

മദ്യനിരോധനം നീക്കുന്ന പ്രശ്‌നമില്ലെങ്കിലും നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ചില ഭേദഗതികളൊക്കെ കൊണ്ടുവരുമെന്നാണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിഹാറില്‍ വ്യാജ മദ്യമൊഴുകകയും ദുരന്തം വ്യാപകമാവുകയും ചെയ്യുമ്പോള്‍ മദ്യനിരോധനം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തി എന്നാണ് നിതീഷ് അഭിപ്രായപ്പെട്ടത്. ഗോപാല്‍ഗഞ്ച്, വൈശാലി ജില്ലകളിലെ ഹൂച്ച് ദുരന്തവും ബെഗുസാരായില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ച് ആളുകള്‍ മരിച്ചതുമെല്ലാം ബിഹാറിലെ മദ്യനിരോധനവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. ബിഹാറിലെ കര്‍ശനമായ മദ്യനിരോധന നിയമം അധികൃതര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സാധാരണക്കാരും ദലിതരുമാണ് ഇതിന് ഇരകളാക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രസിഡന്റുമായ ജിതന്‍ റാം മാഞ്ചി രംഗത്തെത്തിയിട്ടുണ്ട്. നാടന്‍ മദ്യം ഉണ്ടാക്കിയും വിറ്റും ജീവിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങളുടെ അതിജീവനം പ്രതിസന്ധിയിലായതായി അദ്ദേഹം പറയുന്നു. അതേസമയം മദ്യനിരോധനത്തെ തങ്ങള്‍ പിന്തുണച്ചിരുന്നെങ്കിലും മനുഷ്യത്വവിരുദ്ധമായ അതിന്റെ വ്യവസ്ഥകളെ അംഗീകരിക്കാനാവില്ലെന്നാണ് ഇപ്പോള്‍ ആര്‍ജെഡി പറയുന്നത്. ഭരണവിരുദ്ധ വികാരം പല തരത്തില്‍ ശക്തിപ്പെടുന്നതിന് ഇടയിലാണ് ബിജെപിയുമായുള്ള അസ്വാരസ്യങ്ങളും ശക്തമാകുന്നത്.ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോളെ തുടങ്ങിക്കഴിഞ്ഞു എന്നാണ് സൂചന. ബിജെപിയുമായി ഇതടക്കമുള്ള കാര്യങ്ങളില്‍ ഭിന്നത ശക്തമാണ്. വര്‍ഗീയ ധ്രുവീകരണം അഴിച്ചുവിട്ട് ബിഹാറില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ ശ്രമം ജെഡിയുവിന് അപായ സിഗ്നല്‍ നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ മുസ്ലീംവിരുദ്ധ പ്രസ്താവനകള്‍ നിതീഷ് കുമാറിനും രാം വിലാസ് പാസ്വാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. നേതാക്കളെ നിലക്ക് നിര്‍ത്തണം എന്ന് നിതീഷും പാസ്വാനും ബിജെപി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്താരാഷ്ട്ര യോഗാദിനം ബഹിഷ്‌കരിച്ച ഒരേയൊരു എന്‍ഡിഎ സഖ്യകക്ഷിയാണ് നിതീഷിന്റെ ജെഡിയു. അസമിലെ വിവാദമായ പൗരത്വ ബില്ലിനെയും നോട്ട് നിരോധനത്തേയും വിമര്‍ശിച്ച് നിതീഷ് കഴിഞ്ഞ ദിവസം രംഗത്തെത്തി. നോട്ട് നിരോധനം നടപ്പാക്കിയ ശേഷമാണ് നിതീഷ് ബിജെപി പാളയത്തിലേയ്ക്ക് തിരിച്ചുപോയത് എന്നതൊക്കെ വേറെ വിഷയം. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുമൊന്നും ബിജെപിയുമായി അത്ര രസത്തിലല്ല. എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാം. അതേസമയം രാം വിലാസ് പാസ്വാനേയും ഉപേന്ദ്ര കുശ്വാഹയേയും അംഗീകരിച്ചാലും നിതീഷിനെ ലാലു ഇനി അംഗീകരിക്കുമോ എന്ന ചോദ്യമുണ്ട്. ലാലു നിതീഷിനോട് പൊറുക്കാന്‍ തയ്യാറാണ് എന്ന സൂചനകളും വിവിധ കോണുകളില്‍ നിന്ന് വരുന്നുണ്ട്. അതേസമയം നിലവില്‍ പാര്‍ട്ടിയെ നയിക്കുന്ന ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് നിതീഷിനെ വീണ്ടും അടുപ്പിക്കാന്‍ ഒട്ടും താല്‍പര്യമില്ല.

"നിതീഷ് വലിയ പ്രതിസന്ധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ സഹായം തേടുന്നത്. എന്നാല്‍ നിതീഷിനെ വിശ്വസിക്കാന്‍ കൊള്ളില്ല. അദ്ദേഹം ബിജെപി പാളയത്തിലേയ്ക്ക് പോയി വിശ്വാസ്യത പൂര്‍ണമായും നശിപ്പിച്ചു. ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ അന്വേഷണ ഏജന്‍സികളെ വിട്ടു. നിതീഷ് കരുതിയത് ഇതോടെ ആര്‍ജെഡി തീരുമെന്ന് ബിഹാറില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കാം എന്നുമാണ്. എന്നാല്‍ ജെഡിയുവിന്റെ തനിനിറം നാട്ടുകാര്‍ തിരിച്ചറിഞ്ഞു. അവര്‍ ആര്‍ജെഡിക്കൊപ്പം നിന്നു. പക്ഷെ ഇതിന് അങ്ങനെ പെട്ടെന്ന് മാപ്പ് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇത്തവണ എന്തായാലും നന്നായി ആലോചിച്ചിട്ടേ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടണ്ടതുള്ളൂ" - ഒരു ആര്‍ജെഡി നേതാവ് പറഞ്ഞു. തേജസ്വിയുടെ നിലപാടിനോടാണ് ഭൂരിപക്ഷം ആര്‍ജെഡി നേതാക്കളും യോജിക്കുന്നത് എന്നാണ് വിവരം.പാറ്റ്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിന്ന് ഉപേന്ദ്ര കുശ്വാഹ വിട്ടുനിന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. മുന്നണിയില്‍ നിതീഷ് കുമാറിന്റെ ജെഡിയു ‘വല്യേട്ടന്‍’ കളിക്കുകയാണ് എന്ന പരാതി അവര്‍ക്കുണ്ട്. പിന്നോക്ക സമുദായക്കാരനായ ഉപേന്ദ്ര കുശ്വാഹ, കഴിഞ്ഞ നാല് വര്‍ഷമായി എന്‍ഡിഎയില്‍ കടുത്ത അവഗണന നേരിടുകയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപിയും ജെഡിയുവും ശ്രമിക്കുകയാണെന്നും തേജസ്വി യാദവ് ആരോപിച്ചിരുന്നു. ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ബിജെപിക്കൊപ്പം ജെഡിയുവും ലോക് ജനശക്തി പാര്‍ട്ടിയുമെല്ലാം ബഹിഷ്‌കരിച്ചിരുന്നു. തേജസ്വി യാദവ്, ഉപേന്ദ്ര കുശ്വാഹയെ ആര്‍ജെഡി സഖ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. നേരത്തെ വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടുന്ന തരത്തിലുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറും എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാനും മറ്റും രംഗത്തെത്തിയിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും 2019ലും മോദിയെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്നുമൊക്കെ കുശ്വാഹ പറയുന്നുണ്ടെങ്കില്‍ പോലും മുങ്ങുന്ന കപ്പലില്‍ നിന്ന് ചാടാന്‍ അവര്‍ക്ക് അധിക സമയമൊന്നും വേണ്ടി വരില്ല.

ലോക് സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എന്‍ഡിഎയെ സംബന്ധിച്ച് കൂടുതല്‍ തലവേദനയുണ്ടാക്കും. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നത ശക്തമാക്കുന്നത് ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കും.  2014ല്‍ ബിഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 22ഉം ബിജെപി നേടിയിരുന്നു. ഈ നേട്ടം ആവര്‍ത്തിക്കുക അവരെ സംബന്ധിച്ച് 2019ല്‍ ബുദ്ധിമുട്ടായിരിക്കും. എല്‍ജെപിയുടെ ആറ് സീറ്റും ആര്‍എല്‍എസ്പിയുടെ മൂന്നും അടക്കം 31 സീറ്റാണ് എന്‍ഡിഎ നേടിയത്. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ച ആര്‍ എല്‍ എസ് പി കുശ്വാഹയുടെ കരാകട്ട് അടക്കം മൂന്നും ജയിച്ചു. എന്നാല്‍ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് മഹാസഖ്യത്തിന് മുന്നില്‍ ബിജെപിയും എന്‍ഡിഎയും തകര്‍ന്നടിഞ്ഞപ്പോള്‍ മത്സരിച്ച 23 സീറ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ.

ലാലുവിനെ നിതീഷ് ഫോണില്‍ വിളിച്ചതായി സ്ഥിരീകരിച്ച തേജസ്വി യാദവ്, നിതീഷിനെ ഇനി അടുപ്പിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ലാലു കഴിഞ്ഞ നാല് മാസമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇപ്പോളാണ് നിതീഷ് കുമാര്‍ വിവരമറിഞ്ഞതെന്നും തേജസ്വി ട്വീറ്റില്‍ പരിഹസിച്ചു. ബിജെപി-എന്‍ഡിഎ മന്ത്രിമാരെല്ലാം വന്നിരുന്നു. "നിതീഷ് കുമാര്‍ ആയിരിക്കും വിവരം അറിയുന്ന അവസാനത്തെ രാഷ്ട്രീയക്കാരന്‍. അദ്ദേഹത്തിന് മുന്നില്‍ നിലവില്‍ വാതില്‍ ഞ്ങ്ങള്‍ അടച്ചിരിക്കുകയാണ്. ഞങ്ങള്‍ വീണ്ടും സഖ്യത്തിന് തയ്യാറായാന്‍ അദ്ദേഹം ഞങ്ങളെ ചതിക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല" - തേജസ്വി പറഞ്ഞു. കാലിത്തീറ്റ കുംഭകോണ കേസുകളില്‍ 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നിലവില്‍ ജാമ്യത്തില്‍ പുറത്തുണ്ട്. മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആണ് ലാലുവിന് നിതീഷിന്റെ കോള്‍ വന്നത്.

അതേസമയം ജെഡിയുവും ആര്‍ജെഡിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുക തന്നെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപിയുടെ ആവശ്യമെന്ന് ജെഡിയു നേതാക്കള്‍ കരുതുന്നു. 2014ല്‍ ഇത്തരത്തില്‍ ഭിന്നിച്ച് മത്സരിച്ചപ്പോള്‍ ആകെയുള്ള 40 സീറ്റില്‍ 29ഉം എന്‍ഡിഎ നേടി. എല്ലാ വഴികളും തുറന്നിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് ശക്തിസിംഗ് കോഹില്‍ പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ സിബിഐയെ വിട്ട ബിജെപിക്ക് പിന്തുണ നല്‍കിയ നിതീഷിന്റെ വഞ്ചനയോട് പൊറുക്കാന്‍ തേജസ്വി തയ്യാറല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ശക്തിസിംഗ് കോഹിലിനേക്കാളും നന്നായി അദ്ദേഹത്തെ അറിയാമെന്നും ആയിരുന്നു തേജസ്വിയുടെ മറുപടി.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ബിജെപി വിരുദ്ധ പാര്‍ട്ടികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. നിതീഷിനെ സഖ്യത്തില്‍ കൊണ്ടുവരുന്നതിനോട് അവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ആര്‍ജെഡിയെ പിണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയുമില്ല. നിതീഷിനേക്കാള്‍ തങ്ങള്‍ക്ക് വിശ്വാസം ലാലുവിനെയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ലാലു മഹാസഖ്യത്തിന് മുന്‍കൈ എടുക്കുകയാണെങ്കില്‍ ഞങ്ങള്‍ റെഡി. അല്ലെങ്കില്‍ നിതീഷ് കാത്തിരിക്കേണ്ടി വരും എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories