TopTop

ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്യും: അമിത് ഷാ

ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്യും: അമിത് ഷാ
ബിജെപി അധികാരത്തിൽ വീണ്ടുമെത്തിയാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്യുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ഹിമാചൽ പ്രദേശിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചമ്പ, സിറംപൂർ, ബിലാസ്പൂർ എന്നിവിടങ്ങളിൽ പാർട്ടി പ്രവർത്തകരെ അഭിസോബംധന ചെയ്ത അമിത് ഷാ ഈ പ്രസ്താവന ആവർത്തിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 370 നിർദ്ദേശിക്കുന്ന വ്യവസ്ഥയനുസരിച്ചാണ്.

"കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ബാബായുടെ സുഹൃത്ത് ഒമർ അബദുള്ളാജി പറയുന്നത് ജമ്മു കശ്മീരിന് പ്രത്യേകം പ്രധാനമന്ത്രി വേണമെന്നാണ്. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ പാടുണ്ടോ? ഇവർക്കെല്ലാം കശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തി മാറ്റണം." -കാംഗ്ര ലോകസഭാ മണ്ഡലത്തിൽ വരുന്ന ചമ്പയിൽ റാലിയിൽ സംസാരിക്കവെ ഷാ പറഞ്ഞു.

ഒമർ അബ്ദുള്ളയുടെ പ്രസ്താവനയിൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ്സ് വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണെന്ന് അമിത് ഷാ പറഞ്ഞു. അധികാരത്തിൽ വന്നില്ലെങ്കില്‍ക്കൂടി കശ്മീർ രാജ്യത്തിനൊപ്പമുണ്ടെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും ഷാ കൂട്ടിച്ചേർത്തു.

കാംഗ്രയിലെ ബിജെപി സ്ഥാനാർത്ഥിയായ കിഷൻ കപൂറിന് വോട്ട് ചെയ്ത് മോദി അധികാരത്തിൽ വരുമെന്ന് ഉറപ്പാക്കിയാൽ തങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 370 നീക്കം ചെയ്യുമെന്നും ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചു.

ആർട്ടിക്കിൾ 370

ജമ്മു കശ്മീരിനെ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ വകുപ്പാണ് ആർട്ടിക്കിൾ 370. ഇതു പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിന് ബാധകമല്ല. ഇന്ത്യൻ ഭരണഘടനയുടെ 21ാം ഖണ്ഡത്തിലാണ് ഈ വകുപ്പ് പരാമർശിക്കപ്പെട്ടിട്ടുള്ളത്.

ജമ്മു കശ്മീര്‍ അതിർത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ്.

ആർട്ടിക്കിൾ 370 പ്രകാരം, പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നിവയിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും ജമ്മു കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. ഇത്തരം പ്രത്യേകാധികാരങ്ങൾ ഇന്ത്യയിലെ വേറെയും സംസ്ഥാനങ്ങൾക്കുണ്ട്. ആർട്ടിക്കിൾ 371 പ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകിയിട്ടുണ്ട്.

അതെസമയം, ഈ വകുപ്പ് നീക്കം ചെയ്യണമെങ്കിൽ കശ്മീർ അസംബ്ലിയിൽ ബിജെപിക്ക് ഭൂരിപക്ഷം ആവശ്യമാണ്. കശ്മീർ സ്റ്റേറ്റ് അസംബ്ലി നിർദ്ദേശം നൽകാത്തിടത്തോളം 370 നീക്കം ചെയ്യൽ അസാധ്യമാണ്.

Next Story

Related Stories