Top

കരിമ്പു പാടങ്ങളിൽ തൊഴിലെടുക്കാൻ ഗർഭപാത്രം നീക്കം ചെയ്യുന്ന യുവതികൾ

കരിമ്പു പാടങ്ങളിൽ തൊഴിലെടുക്കാൻ ഗർഭപാത്രം നീക്കം ചെയ്യുന്ന യുവതികൾ
"എല്ലാ ഗ്രാമങ്ങളിലും നിങ്ങള്‍ ഗര്‍ഭപാത്രമുള്ള സ്ത്രീകളെയാണ് കാണുക. എന്നാല്‍, ഈ ഗ്രാമത്തിൽ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളാണുള്ളത്...," മാണ്ട ഉഗാലെ എന്ന യുവതി, മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത ജില്ലയായ ബീദിലെ ഒരു ഗ്രാമമായ ഹാജിപൂരിലുള്ള തന്റെ ചെറിയ വീടിനു മുന്‍പിലിരുന്ന് പറഞ്ഞു തുടങ്ങി. തങ്ങളനുഭവിച്ച വേദനയെക്കുറിച്ച് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

വനജര്‍വാഡി ഗ്രാമത്തിലെ 50 ശതമാനം സ്ത്രീകളും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നു. രണ്ടോ മൂന്നോ കുട്ടികളുണ്ടായാല്‍ അതിനുശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യാനും. ഈ ഗ്രാമത്തിലെ കൂടുതല്‍ സ്ത്രീകളും കരിമ്പ് തോട്ടങ്ങളിൽ തൊഴിലാളികളാണ്. പലരും കരിമ്പ് വിളവെടുക്കുന്ന സമയങ്ങളില്‍ പശ്ചിമ മഹാരാഷ്ട്രയിലെ കരിമ്പ് തോട്ടങ്ങളിലേക്ക് കുടിയേറി പര്‍ക്കുന്നവരാണ്. വരള്‍ച്ച കൂടുന്നതിനനുസരിച്ച് കുടിയേറുന്നവരുടെ എണ്ണവും കൂടുന്നു. കരാറുകാര്‍ ഇത്തരത്തില്‍ കുടിയേറുന്ന കൂട്ടത്തില്‍ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെയാണ് പരിഗണിക്കുയെന്ന് കരിമ്പുതോട്ട തൊഴിലാളിയായ സത്യഭാമ പറയുന്നു.
'ഈ പ്രദേശത്തെ ലക്ഷക്കണക്കിനാളുകള്‍ ഒക്ടോബര്‍, മാര്‍ച്ച് മാസങ്ങളില്‍ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് കുടിയേറ്റം നടത്തും. കരാറുകാര്‍ പുരുഷന്മാരുമായിട്ടാണ് കരാറുകള്‍ ഉണ്ടാക്കുന്നത്. ഈ ഘട്ടങ്ങളിലൊന്നും സ്ത്രീകളെ പരിഗണിക്കാറില്ല. പണിക്കിടയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം സംസാരിച്ചാല്‍ 500 രൂപ പിഴയീടാക്കുകയും ചെയ്യും.'

കരിമ്പു ‌തോട്ടത്തിലെ ജോലിക്കിടയില്‍ ആര്‍ത്തവമാകുന്നത് പണിക്ക് തടസ്സമാണ്. ഇതുമൂലം പിഴ നല്‍കേണ്ടിയും വരും. ഇതിനാല്‍തന്നെ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് ആര്‍ത്തവത്തെ ഒഴിവാക്കുന്നു. 'ഗര്‍ഭപാത്രം നീക്കംചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ക്ക് ജോലിയില്‍നിന്ന് മാറിനില്‍ക്കേണ്ടി വരികയില്ല. അതിനാല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.' ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഒന്നോ രണ്ടോ ദിവസം മാറിനില്‍ക്കണമെന്നാണ് കരാറുകാര്‍ പറഞ്ഞിട്ടുള്ളതെന്നും ഇത് പണിക്കൂലി നഷ്ടപ്പെടാന്‍ കാരണമാകുന്നുവെന്നും സത്യഭാമ പറയുന്നു.

'നിശ്ചിത കാലയളവിനുള്ളില്‍ പണികള്‍ തീര്‍ക്കണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കാറുണ്ട്. അതിനാല്‍ ഈ കാലയളവില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല' കരാറുകാരനായ ദാദ പാട്ടീല്‍ പറയുന്നു. താനടക്കമുള്ള കരാറുകാര്‍ ഒരിക്കലും സ്ത്രീകളെ ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിക്കാറില്ലെന്നും അത് അവരുടെ കുടുംബത്തിന്റെ തീരുമാനമാണെന്നും പാട്ടീൽ കൂട്ടിച്ചേര്‍ത്തു.

ഈ ഗ്രാമങ്ങളിലെ സ്ത്രീകള്‍ പറയുന്നത് പക്ഷെ മറിച്ചാണ്. 'കരാറുകാര്‍ ഞങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ മൂന്‍കൂറായി പണം നല്‍കും. ഈ തുക ഞങ്ങളുടെ പണിക്കൂലിയില്‍നിന്ന് അവര്‍ പിന്നീട് ഈടാക്കും. അച്യുത് ബോർഗാവോങ്കർ ഓഫ് തഥാപി എന്ന സംഘടന ഈ വിഷയത്തിൽ നടത്തിയ പഠനത്തില്‍ ഇങ്ങനെ പറയുന്നു: 'കരിമ്പിന്‍ തോട്ടത്തില്‍ ജോലിചെയ്യുന്ന വിഭാഗക്കാര്‍ ആര്‍ത്തവത്തെ ഒരു പ്രശ്‌നമായി കാണുന്നു. ഈ പ്രശ്‌നത്തിനുള്ള ഏക പരിഹാരം ശസ്ത്രക്രിയയാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും, മാനസിക പ്രശ്‌നങ്ങളും, ശരീരഭാരം വ്യതിയാനങ്ങളും നേരിടേണ്ടിവരുന്നു. 25 വയസ്സിന് താഴെയുള്ള സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത്.'

സത്യഭാമയുടെ ഭര്‍ത്താവ് ബഡു ഉഗാലെ ഇങ്ങനെ പറയുന്നു: 'ഒരു ദമ്പതികള്‍ക്ക് ഒരു ടണ്‍ കരിമ്പ് വെട്ടിയാല്‍ കിട്ടുന്നത് ആകെ 250 രൂപയാണ്. ഞങ്ങള്‍ ഒരു ദിവസം 3-4 ടണ്‍ കരിമ്പ് മാത്രമേ മുറിക്കുകയുള്ളൂ. ഒരു സീസണില്‍ 300 ടണ്‍ കരിമ്പ് മാത്രമാണ് മുറിക്കാന്‍ കഴിയുക. ഇതില്‍നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടുവേണം ഞങ്ങള്‍ക്ക് പിന്നീടുള്ള ഒരു വര്‍ഷം കഴിയാന്‍. ഈ അവസ്ഥയില്‍ അസുഖം വന്നാല്‍പ്പോലും അവധിയെടുക്കുവാന്‍ കഴിയുകയില്ല. ഇത്തരം സാഹചര്യത്തില്‍ ആര്‍ത്തവം ഒരു പ്രശ്നമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നാറ്.'

സ്ത്രീകള്‍ക്ക് കരാറുകാരിൽ നിന്ന് ലൈംഗിക ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് തൊഴിലാളിയായ വല്ലാഭായ് പറയുന്നു. കരിമ്പിന്‍തോട്ടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ താമസിക്കുന്നത് മില്ലുകളിലോ, അതിനോട് ചേര്‍ന്നുള്ള താല്‍കാലിക കുടിലുകളിലൊ ആണ്. ഇവിടെ സ്ത്രീകള്‍ക്ക് മലമൂത്ര വിസര്‍ജനം നടത്താനുള്ള സൗകര്യം പോലും ലഭിക്കാറില്ല. ഈ സാഹചര്യങ്ങളില്‍ ആര്‍ത്തവം വലിയൊരു പ്രശ്‌നം തന്നെയാണെന്ന് പ്രായമായ സ്ത്രീകള്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ സാധാരണ പ്രശ്‌നമായ വെള്ളപോക്കിനും, അടിവയര്‍ വേദനക്കുപോലും ഗര്‍ഭപാത്രം നീക്കംചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ഈ പ്രദേശങ്ങളിലെ സ്ത്രീകള്‍ പറയുന്നു.

വായനയ്ക്ക്

Next Story

Related Stories