TopTop
Begin typing your search above and press return to search.

പരമ്പര നഷ്ടത്തിന്റെ നാണക്കേട് മറക്കാന്‍ ഒരു തകര്‍പ്പന്‍ ജയം

പരമ്പര നഷ്ടത്തിന്റെ നാണക്കേട് മറക്കാന്‍ ഒരു തകര്‍പ്പന്‍ ജയം

അഴിമുഖം പ്രതിനിധി

പരമ്പര നഷ്ടത്തിന്റെ നാണക്കേട് മറക്കുന്നൊരു വിജയം, ഇന്ത്യക്ക് ആശ്വസിക്കാം ഈ വിജയത്തില്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ എതിരാളികള്‍ നേടിയ 331 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യ നാലു വിക്കറ്റിനാണ് മറികടന്നത്. മനീഷ് പാണ്ഡെയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് ടീം ഇന്ത്യക്ക് വലിയ ആശ്വാസം പകരുന്ന വിജയം ഒരുക്കിയത്. പാണ്ഡെയെ കൂടാതെ ഒരു റണ്‍സ് അകലെ സെഞ്ച്വറി നഷ്ടമായ രോഹിത് ശര്‍മയും 78 റണ്‍സ് എടുത്ത ശിഖര്‍ ധവാനും കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നതില്‍ ഇന്ത്യയെ സഹായിച്ചു. ഇതിനൊപ്പം എടുത്തപറയേണ്ട ഇന്നിംഗ്‌സായിരുന്നു ക്യാപ്റ്റന്‍ ധോണിയുടെ 34 റണ്‍സ്.

മിച്ചല്‍ മാര്‍ഷ് എറിയാനെത്തിയ അവസാന ഒവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 13 റണ്‍സ്. തന്നെ നേരിടാന്‍ തയ്യാറായി നിന്ന ധോണിക്കെതിരെ മാര്‍ഷ് ആദ്യം എറിഞ്ഞ ബോള്‍ വൈഡ്. ആറു ബോളില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 12 റണ്‍സ്. മാര്‍ഷിന്റെ രണ്ടാമത്തെ ബോള്‍ ഓഫ് സൈഡിലേക്ക് മാറി ലോ-ഫുള്‍ടോസ് ആയി ധോണിയുടെ നേര്‍ക്ക്. ബാറ്റിന്റെ മധ്യം കൊണ്ടു ബോളിനെ സ്വീകരിച്ച ധോണി ലോംഗ് ഓഫിനു മുകളിലൂടെ ബൗണ്ടറിയിലേക്ക്. അതിര്‍ത്തിയില്‍ നിന്ന് വാര്‍ണര്‍ ചാടി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ധോണിയിലെ ഫിനിഷറിന്റെ കാലം കഴിഞ്ഞെന്നു പരിഹസിച്ചവരുടെ മുഖത്തടിക്കുന്നതുപോലെ ഒരു ഷോട്ട്. അഞ്ചു ബോളില്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യയുടെ വിജയലക്ഷ്യം കുറച്ച ആ സിക്‌സിനു പിന്നാലെ ഒരിക്കല്‍ കൂടി ഫിനിഷര്‍ ധോണി ഇന്ത്യക്ക് വിജയം കൊണ്ടുവരുമെന്ന് ആരാധാകരെല്ലാം വിശ്വസിച്ച നിമിഷം. പക്ഷെ ധോണിക്ക് പിഴച്ചു. മാര്‍ഷിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ വാര്‍ണറുടെ കൈകളില്‍ ഭദ്രമായി ഒതുങ്ങി.

ധോണിയുടെ പുറത്താകല്‍ ഇന്ത്യയുടെ വിധി വീണ്ടും മറ്റൊന്നാക്കുമോ എന്ന സംശയം ഉയര്‍ന്ന നിമിഷം. വാര്‍ണറുടെ കൈകകളില്‍ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുന്നതിനു മുമ്പായി പാണ്ഡെയെ പിച്ച് ക്രോസ് ചെയ്ത് ബാറ്റിംഗ് എന്‍ഡിലേക്ക് അയച്ചിരുന്നു ധോണി. ക്യാപ്റ്റന്റെ വിശ്വാസം മത്രമല്ല, ആരാധാകരുടെ മുഴുവന്‍ പ്രാര്‍ത്ഥനയും സാഫല്യമാക്കാന്‍ മനീഷ് പാണ്ഡെ എന്ന യുവതാരത്തിനു കഴിഞ്ഞു. വൈഡ് യോര്‍ക്കര്‍ ആയി എറിഞ്ഞ മൂന്നാമത്തെ പന്ത് തേഡ് മാനിലേക്ക് തട്ടിയിടുമ്പോള്‍ അതിനെ അതിര്‍ത്തിവര കടക്കുന്നത് തടയാന്‍ സമീപത്തൊന്നും ഒറ്റ ഓസ്‌ട്രേലിയന്‍ ഫീല്‍ഡറും ഉണ്ടായിരുന്നില്ല. നാലാമത്തെ പന്ത്, ഇന്ത്യക്ക് വേണ്ടത് രണ്ടു റണ്‍സ്. കവറിലേക്ക് കോരിയിട്ട ബോളില്‍ നിന്നു ആവശ്യമായ രണ്ടു റണ്‍സ് ഓടിയെടുത്ത് പാണ്ഡെയും ഗുര്‍കീറത്ത് സിംഗ് മാനും ആദ്യമായി പിച്ചില്‍ വിജയാഹ്ലാദം ചവിട്ടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മിച്ചല്‍ മാര്‍ഷിന്റെയും ഡേവിഡ് വാര്‍ണറുടെയും സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടി. തുടക്കം തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെത്. ആറു റണ്‍സ് ആയപ്പോഴെ ഫിഞ്ച് പുറത്തായി. ഇഷാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. സ്‌കോര്‍ 64 ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സ്മിത്ത് വീണു. ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം നടത്തിയ ജസ്പിത് ബമ്രയുടെ ആദ്യ വിക്കറ്റ്. 14 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ബെയ്‌ലിയും വീണു. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 114 ഓസീസിന്റെ നാലാം വിക്കറ്റും പോയി. എന്നാല്‍ വാര്‍ണര്‍ക്കൊപ്പം മിച്ചല്‍ മാര്‍ഷ് ചേര്‍ന്നതോടെ ഓസീസ് കുതിക്കാന്‍ തുടങ്ങി. 122 റണ്‍സ് എടുത്ത വാര്‍ണറെ ഇഷാന്ത് ശര്‍മ പുറത്താക്കിയപ്പോള്‍ 102 റണ്‍സുമായി മാര്‍ഷ് പുറത്താകാതെ നിന്നും.ഇന്ത്യക്കായി ഇഷാന്ത്, ബമ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ധവാനും രോഹിത് ശര്‍മയും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. ഇരുവരും ഓസീസ് ബൗളര്‍മാരെ തച്ചുടച്ചു മുന്നേറി. സ്‌കോര്‍ 123 ല്‍ എത്തിയപ്പോള്‍ 78 റണ്‍സ് എടുത്ത ധവാന്‍ വീണു. പകരം വന്ന കോഹ്ലി എട്ടു റണ്‍സ് എടുത്തു മടങ്ങിയപ്പോള്‍ ഇന്ത്യ പേടിച്ചു. പിന്നീടു വന്നത് പരിക്കുമൂലം കളിക്കാതിരുന്ന രഹാനെയുടെ സ്ഥാനം കിട്ടിവന്ന മനീഷ് പാണ്ഡെ. രോഹിത്-പാണ്ഡെ സഖ്യം സ്‌കോര്‍ 231 വരെ എത്തിച്ചപ്പോള്‍ രോഹിത് വീണു. പരമ്പരയിലെ തന്റെ മൂന്നാം സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെയാണ് രോഹിത് പുറത്തായത്. പക്ഷെ ജയിപ്പിക്കാനുള്ള ത്വരയോടെ പാണ്ഡെ ബാറ്റ് വീശിയതോടെ ഇന്ത്യക്ക് റണ്‍റേറ്റ് കുറയാതെ മുന്നേറി. ഒപ്പം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ മനീഷ് പാണ്ഡെ കളം നിറഞ്ഞു കളിച്ചു. ഒടുവില്‍ അര്‍ഹിച്ച സെഞ്ച്വറിയും ഇന്ത്യ കാത്തിരുന്ന വിജയവും നേടിയാണ് പാണ്ഡെ കളത്തില്‍ നിന്നും കയറിയത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories