UPDATES

ബിഹാറിന് പുറത്ത് ബിജെപിയുമായി സഖ്യമില്ലെന്ന് നിതീഷ് കുമാര്‍; ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കും

ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, ഹരിയാന, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ജെഡിയു തീരുമാനിച്ചു.

ബിഹാറിന് പുറത്ത് തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമാകില്ല എന്ന് ജനതാദള്‍ യുണൈറ്റഡ്. പാര്‍ട്ടി അ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പാറ്റ്‌നയിലെ വസതിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ഝാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, ഹരിയാന, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ജെഡിയു തീരുമാനിച്ചു.

കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പ്രതിനിധ്യം നല്‍കിയില്ല എന്ന് പറഞ്ഞ്, ഒരു മന്ത്രി സ്ഥാനം തരാം എന്ന ബിജെപിയുടെ വാഗ്ദാനം ജെഡിയു തള്ളിക്കളഞ്ഞിരുന്നു. മൂന്ന് മന്ത്രി സ്ഥാനമാണ് ജെഡിയു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപി വഴങ്ങിയിരുന്നില്ല. ഇതില്‍ അതൃപ്തിയും പ്രതിഷേധവും വ്യക്തമാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭ പുനസംഘടനയില്‍ ജെഡിയുവിന്റെ എട്ട് മന്ത്രിമാരെ ഉള്‍ക്കൊള്ളിച്ചപ്പോള്‍ ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രമാണ് മുന്നോട്ടുവച്ചിരുന്നത്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ചേരേണ്ടതില്ല എന്ന് ജെഡിയു നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബിജെപി സഖ്യം ബിഹാറില്‍ മാത്രം എന്ന സന്ദേശം ജെഡിയു നല്‍കുന്നത്.

പ്രതീകാത്മക പ്രാതിനിധ്യമല്ല, ആനുപാതിക പ്രാതിനിധ്യമാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ബിഹാറിലെ എന്‍ഡിഎ കക്ഷികളില്‍ ബിജെപി 17ഉം ജെഡിയു 16ഉം എല്‍ജെപി ആറും സീറ്റുകളാണ് നേടിയത്. അതേസമയം ബിജെപിയുമായുള്ള സഖ്യം പൂര്‍ണമായും ഒഴിവാക്കാന്‍ ജെഡിയു തയ്യാറായിട്ടില്ല. ലോക്‌സഭയില്‍ ഒറ്റയ്ക്ക് 303 സീറ്റുള്ള ബിജെപിക്ക് മേല്‍ എന്തെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജെഡിയുവിന് കഴിയുകയുമില്ല. 2020ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യത്തില്‍ മത്സരിക്കും എന്ന് തന്നെയാണ് നിതീഷ് കുമാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍